ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ 1,720 മെഗാവാട്ട് ശേഷിയുള്ള കമല ജലവൈദ്യുത പദ്ധതിക്കായി 3,278 ഹെക്ടർ വനഭൂമി ഏറ്റെടുക്കാൻ നീക്കം. ഇതോടെ ഈ മേഖലയിൽ സ്ഥിതിചെയ്യുന്ന 23.4 ലക്ഷത്തോളം മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) അരുണാചൽ പ്രദേശ് സർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്കായി കംലെ, ക്രാ ദാദി, കുറുങ് കുമേ എന്നീ ജില്ലകളിലെ വനഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് എൻഎച്ച്പിസി സമർപ്പിച്ച നിർദേശം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വനം ഉപദേശക സമിതി പരിശോധിച്ചുവരികയാണ്.

To advertise here,

മുറിച്ചുമാറ്റാൻ ലക്ഷ്യമിടുന്ന 23,40,213 മരങ്ങളിൽ 15.08 ലക്ഷത്തോളം മരങ്ങൾ ഹപോളി ഫോറസ്റ്റ് ഡിവിഷനിലും 8.31 ലക്ഷത്തോളം മരങ്ങൾ ക്രാ ദാദിയിലുമാണ് സ്ഥിതിചെയ്യുന്നത്. ഏറ്റെടുക്കുന്ന വനഭൂമിയിൽ 439 ഹെക്ടർ അതിസാന്ദ്രമായ വനവും 1,119 ഹെക്ടർ മിതമായ സാന്ദ്രതയുള്ള വനവുമാണ്. സർവേയിൽ 69 വിവിധ സസ്യകുടുംബങ്ങളിൽപ്പെട്ട 155-ലധികം അപൂർവ സസ്യയിനങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

പദ്ധതി പ്രദേശം ദേശീയ ഉദ്യാനങ്ങളുടെയോ വന്യജീവി സങ്കേതങ്ങളുടെയോ ആനത്താരകളുടെയോ പരിധിയിൽ നേരിട്ട് വരുന്നതല്ലെങ്കിലും നിർമാണം വന്യജീവികളുടെ വാസസ്ഥലങ്ങളെ ബാധിക്കുമെന്നും പുഴയുടെ ഇരുതീരങ്ങൾക്കിടയിലുള്ള ജീവികളുടെ സഞ്ചാരം തടസ്സപ്പെടുത്തുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഷില്ലോങ് റീജിയണൽ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക വന്യജീവി സംരക്ഷണ-ജൈവവൈവിധ്യ പദ്ധതി നടപ്പിലാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കൻ മേഖലയിൽനിന്ന് അകലെ മധ്യപ്രദേശിലെ 7,018 ഹെക്ടർ സ്ഥലത്താണ് വെട്ടിനിരത്തുന്ന മരങ്ങൾക്ക് പകരമായി ‘നഷ്ടപരിഹാര വനവൽക്കരണം’ നിർദേശിച്ചിരിക്കുന്നത്. 26,069.50 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജലവൈദ്യുത പദ്ധതി പ്രാദേശിക വൈദ്യുത ഉൽപ്പാദനമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കൂടാതെ, ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും പദ്ധതി സഹായകമാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.