
43 ലക്ഷം ഹെക്ടര്‍. ഏതെങ്കിലും രാജ്യങ്ങളുടെ വിസ്തീര്‍ണാണ് പറയുന്നതെന്ന് കരുതിയാല്‍ തെറ്റി. ഇന്‍ഡൊനീഷ്യയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വെട്ടിത്തെളിക്കാന്‍ പോകുന്ന വനത്തിന്റെ വിസ്തൃതിയാണിത്. നെല്ലുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങളും ജൈവ ഇന്ധനമായ ബയോ എഥനോള്‍ തയ്യാറാക്കാൻ ആവശ്യമായ കരിമ്പും കൃഷി ചെയ്യാനാണ് ഇത്രയും അധികം കാടുവെട്ടുന്നത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ലോകത്ത് നിലവില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വനനശീകരണമാണ് ഇന്‍ഡൊനീഷ്യയില്‍ നടക്കാന്‍ പോകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മഴക്കാടുകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്‍ഡൊനീഷ്യ. അത്യപൂര്‍വമായ സസ്യജാലങ്ങളും വന്യജീവികളും കൊണ്ട് സമ്പന്നമാണ് ഇന്‍ഡൊനീഷ്യന്‍ മഴക്കാടുകള്‍. ഒറാങ്ങൂട്ടാനുകളും ആനകളും വലിയ കാട്ടുപൂക്കളുമെല്ലാമാണ് ഇന്‍ഡൊനീഷ്യന്‍ മഴക്കാടുകളുടെ മറ്റൊരു ആകര്‍ഷണീയത. ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടവിസ്റ്റുകളും രംഗത്തെത്തിക്കഴിഞ്ഞു. എങ്കിലും തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം.
ജോക്കോ വിഡോഡോ കണ്ട സ്വപ്നം
ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹങ്ങളില്‍ ഒന്നാണ് ഇന്‍ഡൊനീഷ്യ. ഇന്ത്യാസമുദ്രത്തിനും ശാന്തസമുദ്രത്തിനും ഇടയില്‍ 4800 കിലോമീറ്റര്‍ നീളത്തില്‍ ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ 17,000ല്‍പ്പരം ദ്വീപുകള്‍ നിറഞ്ഞ രാജ്യം. കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ഇന്‍ഡൊനീഷ്യന്‍ ഭരണകൂടം. വലിയ ഭക്ഷ്യവിളത്തോട്ടങ്ങളുണ്ടാക്കി രാജ്യത്തെ ഭക്ഷ്യഭദ്രമാക്കുക എന്ന ആശയത്തിന് തുടക്കമിട്ടത് ഇന്‍ഡൊനീഷ്യയുടെ ബരാക്ക് ഒബാമ എന്നറിയപ്പെട്ടിരുന്ന മുന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പ്രബാവോ സുബിയെന്തോയാണ് ബയോ എഥനോള്‍ ഉത്പാദിപ്പിക്കാനുള്ള വിളകളും വിപുലമായി കൃഷി ചെയ്യാന്‍ തീരുമാനമെടുത്തത്. കരിമ്പ് ചോളം എന്നിവയില്‍ നിന്നാണ് ബയോ എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. നാലഞ്ച് വര്‍ഷം കൊണ്ട് ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സൂബിയെന്തോയുടെ ലക്ഷ്യം. ഇതിനുവേണ്ടിയാണ് രാജ്യത്തിന് വന്‍കിട കാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള സ്ഥലം കണ്ടെത്താനാണ് വലിയ അളവില്‍ മഴക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ പോകുന്നത്.

വന്‍കിട കൃഷിയിടങ്ങള്‍, കരിമ്പുപാടങ്ങള്‍
വലിയ കൃഷിയിടങ്ങള്‍ ധാരാളമായി ഉള്ളതിനാല്‍ തന്നെ ബയോ എഥനോള്‍ നിര്‍മാണത്തിന് വലിയ സാധ്യകള്‍ കല്‍പ്പിക്കുന്ന രാജ്യമാണ് ഇന്‍ഡൊനീഷ്യ. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ബയോ എഥനോള്‍ നിർമിക്കാനാവശ്യമായ അഴവിലുള്ള കരിമ്പ്, ചോളം കൃഷികള്‍ രാജ്യത്തില്ലായിരിന്നു. 2007ല്‍ ഇന്‍ഡൊനീഷ്യ ബയോ എഥനോള്‍ ചേര്‍ത്തുള്ള ഇന്ധനം രാജ്യത്തവതരിപ്പിച്ചെങ്കിലും വലിയ രീതിയിലുള്ള ഉത്പാദനം ഇല്ലാത്തതിനാല്‍ പദ്ധതി നിന്നുപോയി. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങളില്‍ വന്‍കിട കൃഷിയിടങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. ഇതിനായാണ് പപുവ, കലിമന്റന്‍ ദ്വീപുകളിലെ 43 ലക്ഷം ഹെക്ടര്‍ (1 കോടിയിലേറെ ഏക്കര്‍ ) മഴക്കാടുകള്‍ വെട്ടിനിരത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പപുവ ദ്വീപില്‍ മാത്രം 30 ലക്ഷം ഹെക്ടര്‍ വനമേഖലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്റഗ്രേറ്റഡ് ഫുഡ് ആന്‍ഡ് എനര്‍ജി എസ്റ്റേറ്റ് എന്നാണ് ഈ പദ്ധതിയുടെ പേര്.

ഈ പദ്ധതിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തിക്കഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന അത്യപൂര്‍വ മൃഗങ്ങളും ഇവിടെ മാത്രം കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന സസ്യസമ്പത്തുമുള്ള ട്രാന്‍സ് ഫ്‌ളൈ എക്കോറീജിയണിന്റെ ഭാഗമാണ് ഈ പ്രദേശമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം നിരവധി ഗോത്രജനതയുടെയും വാസസ്ഥലമാണ് ഈ പ്രദേശം. വനത്തോട് ഇണങ്ങി ജീവിപ്പിക്കുന്ന ഇവരെ പദ്ധതിക്കായി ഇവിടെ നിന്ന് മാറ്റേണ്ടി വരുമെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഇത്ര വലിയ അളവിലുള്ള വനനശീകരണം വലിയരീതിയിലുള്ള മണ്ണൊലിപ്പിനും കാലാവസ്ഥ പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണമാവുമെന്നാണ് വിമര്‍ശനം. എന്നാല്‍ ഇതിന് പരിഹാരമായി 56 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പുതിയ മരത്തൈകള്‍ നട്ടു പിടിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വനനശീകരണത്തെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥതിക ആഘാതങ്ങള്‍ കുറയ്ക്കാനാവശ്യമായ മറ്റു നടപടികളും കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ സ്വാഭാവിക വനം നശിപ്പിച്ചിട്ട് വേറെ നട്ടുപിടിപ്പിക്കുന്നത് കൊണ്ട് ആഘാതം കുറയ്ക്കാനാവില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം ഇവിടുത്തെ വന്യമൃഗസമ്പത്ത് ഇല്ലാതാവുന്നതും ഗോത്രമനുഷ്യരുടെ സ്വാഭാവിക ജീവിതം നശിപ്പിക്കപ്പെടുന്നതും പുനഃസൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
എന്താണ് ജൈവ ഇന്ധനം?
ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കാര്‍ബണ്‍ ഡൈഓക്‌സൈഡ് നിര്‍ഗമനം വര്‍ധിപ്പിക്കുന്നു. ഇത്തരം ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനവാണ് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാവുന്നതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. പെട്രോളിനും ഡീസലിനും പകരം കാര്‍ബണ്‍ നിര്‍ഗമനം കുറവുള്ള ജൈവ ഇന്ധനങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഈ സാഹചര്യത്തിലാണ് ഉണ്ടാവുന്നത്. ജൈവവസ്തുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനമാണ് ബയോ ഫ്യൂവല്‍ അഥവാ ജൈവ ഇന്ധനം. സസ്യങ്ങളില്‍ നിന്നോ എണ്ണക്കുരുക്കളില്‍ നിന്നോ ജൈവ മാലിന്യങ്ങളില്‍ നിന്നോ ഇത്തരം ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇവ വീണ്ടും ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നതും ജൈവ ഇന്ധനങ്ങളെ സ്വീകാര്യമാക്കുന്നു. ബയോ എഥനോള്‍, ബയോ ഡീസല്‍, ബയോ ഗ്യാസ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജൈവ ഇന്ധനങ്ങള്‍. കരിമ്പ്, ബീറ്റ്‌റൂട്ട്, വിവിധയിനം പഴങ്ങള്‍, അരി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പുളിപ്പിക്കല്‍ (Fermentation) വഴി ബയോ എഥനോള്‍ ഉത്പാദിപ്പിക്കാം.
ജൈവസ്രോതസ്സുകളില്‍ നിന്നു ലഭിക്കുന്ന ജൈവ എഥനോള്‍ പ്രകൃതി സൗഹൃദമായ ഒരു പദാര്‍ഥമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനും ആഗോളതാപനം തടയാനും ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന ബയോ എഥനോള്‍ നിര്‍മാണത്തിനായി ഇത്ര വലിയ അളവില്‍ വനം വെട്ടിത്തെളിക്കുന്നതിനെ പരിസ്ഥിതിവാദികള്‍ എതിര്‍ക്കുന്നു. അതോടൊപ്പം എഥനോള്‍ നിര്‍മാണത്തിനായി വന്‍ തോതില്‍ ധാന്യങ്ങള്‍ ഉപയോഗിക്കുന്നതും കരിമ്പുകൃഷിക്കുള്‍പ്പടെ ഭൂഉപയോഗത്തില്‍ മാറ്റംവരുത്തിയതും വികസ്വര രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുടെ ഭക്ഷ്യലഭ്യത അപകടത്തിലാക്കിയതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വലിയരീതിയില്‍ ജലം വലിച്ചെടുക്കുന്ന വിളയാണ് കരിമ്പ്. ഇത് വ്യാപകമായി കൃഷി ചെയ്യുന്നത് ജലലഭ്യതയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഗുരുതരമായിരിക്കും.

ഇന്‍ഡൊനീഷ്യയും വനശീകരണവും
ലോകത്തിലേറ്റവും ജൈവവൈവിധ്യം നിറഞ്ഞ വനങ്ങളുള്ള നാടായിരുന്നു ഇന്‍ഡൊനീഷ്യ. ഒരു കാലത്ത് മൊത്തം ഭൂവിസ്തൃതിയുടെ 84 ശതമാനവും വനമായിരുന്നു. 1970കള്‍ക്ക് ശേഷം വലിയ രീതിയില്‍ കാടുകള്‍ വെട്ടിത്തെളിക്കപ്പെട്ടു. സര്‍ക്കാര്‍ നേതൃത്വത്തിലും നിയമവിരുദ്ധവുമായെല്ലാം ലക്ഷക്കണക്കിന് ഹെക്ടര്‍ വനങ്ങളാണ് ഇല്ലാതായത്. ഇന്ന് രാജ്യത്ത് നടക്കുന്ന മൊത്തം മരംവെട്ടലിന്റെ 80 ശതമാനവും നിയമവിരുദ്ധമായാണ് നടക്കുന്നത്. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ കണക്കുപ്രകാരം ഏതാണ്ട് ഏഴരക്കോടിയോളം ഹെക്ടര്‍ വനമാണ് (ജര്‍മനിയുടെ ആകെ വിസ്തീര്‍ണത്തിന്റെ ഇരട്ടിയോളം) പാമോയില്‍, റബ്ബര്‍, പേപ്പര്‍ ഉത്പാദനത്തിനും ഖനനങ്ങള്‍ക്കും മറ്റുമായി ഇന്‍ഡൊനീഷ്യയില്‍ വെട്ടിത്തെളിച്ചും തീയിട്ടും നശിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുള്‍പ്പടെയുള്ള സംഘടനകളുടെ ഇടപെടലുകളെ തുടര്‍ന്ന് രാജ്യം വനനശീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ വനനശീകരണത്തിന്റെ അളവ് വളരെ കുറഞ്ഞതായുള്ള കണക്കുകളും ഇന്‍ഡൊനീഷ്യ പുറത്തുവിട്ടിരുന്നു. ഈ നിലപാടുകളില്‍ നിന്നെല്ലാമുള്ള തിരിച്ചുനടത്തമാണ് പുതിയ ബയോ എഥനോള്‍ പദ്ധതിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വലിയിരുത്തുന്നു. പദ്ധതി സ്വാഭാവികമായ വികസന പ്രവര്‍ത്തനം മാത്രമാണെന്നും പരിസ്ഥിതി നാശം കുറയ്ക്കാനുള്ള മുന്‍കരുതലുകളെടുക്കുമെന്നും ഇപ്പോഴുള്ള വിവാദങ്ങള്‍ പാശ്ചാത്യ എന്‍.ജി.ഒകള്‍ പടച്ചുവിടുന്നതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്.
വലിയ ഭൂവിസ്തൃതി ഉള്ളതതിനാല്‍ തന്ന ബയോ എഥനോള്‍ നിർമാണമാണ് ഇന്‍ഡൊനീഷ്യയുടെ ഭാവിയെന്ന് ഭരണാധികാരികള്‍ വിശ്വസിക്കുന്നു. ഭാവിയുടെ ഊര്‍ജമെന്ന് വിശ്വസിക്കപ്പെടുന്ന ബയോ എഥനോള്‍ നിർമാണത്തില്‍ മുന്‍പിലെത്താനായാല്‍ അത് രാജ്യത്തിന്റെ തലവര മാറ്റുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. ഇതിനെ തുടര്‍ന്നാണ് രാജ്യത്തെ രണ്ട് ദ്വീപുകളില്‍ 43 ലക്ഷം വനം വെട്ടിത്തെളിച്ച് കരിമ്പും നെല്ലും കൃഷി ചെയ്യാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
Content Highlights: world's largest deforestation project in Indonesia
Published: 10 Apr 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented