ഇന്ത്യയിൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഴവർഗങ്ങളിലൊന്നാണ് മാമ്പഴം. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപ്പാദകരായ ഇന്ത്യയിൽ ഒരുവർഷം ഏകദേശം 24 ലക്ഷം ഹെക്ടറിലായി 200 ലക്ഷം ടണ്ണിലധികം മാമ്പഴമാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമായ ഈ മേഖല, കാലാവസ്ഥാ വ്യതിയാനം മൂലം വലിയ ഭീഷണി നേരിടുകയാണെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. 

To advertise here,

പൂക്കുന്നതിനും കായ്ക്കുന്നതിനും അനുകൂലമായ കാലാവസ്ഥ ആവശ്യമാണ്. സാധാരണയായി 24 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് മാവ് പൂവിടാൻ അനുയോജ്യം. എന്നാൽ, കാലംതെറ്റി പെയ്യുന്ന മഴയും അന്തരീക്ഷത്തിലെ അമിതമായ ഈർപ്പവും പൂപ്പൽ ബാധയ്ക്കും മറ്റു രോഗങ്ങൾക്കും കാരണമാകുന്നു. ശക്തമായ കാറ്റ് മൂലം കായ്കൾ മൂപ്പെത്തുന്നതിന് മുൻപേ കൊഴിഞ്ഞുപോകുന്നതും കർഷകർക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ട്.

അന്തരീക്ഷത്തിലെ വർധിച്ച ചൂട് വിളവ് കുറയാൻ കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. താപനിലയിൽ ഉണ്ടാകുന്ന ഒരു ഡിഗ്രി സെൽഷ്യസ് വർധനവ് പോലും വിളവിൽ 11 ശതമാനം വരെ കുറവുണ്ടാകാൻ കാരണമാകുന്നു. 2024-ൽ വടക്കേ ഇന്ത്യയിലുണ്ടായ കടുത്ത ഉഷ്ണതരംഗം മാമ്പഴങ്ങളുടെ ഗുണനിലവാരത്തെയും സ്വാദിനെയും സാരമായി ബാധിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം 'മാംഗോ സ്റ്റോൺ വീവിൽ' (mango stone weevil) പോലുള്ള കീടങ്ങളുടെ വ്യാപനം മാമ്പഴങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദശഹരി, ലാംഗ്ര, ആമ്രപാലി, ചൗസ തുടങ്ങിയ വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക അതിജീവന തന്ത്രങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.