കോയമ്പത്തൂർ: കോയമ്പത്തൂർ നഗരപരിസരത്തെ തടാകംവാലി എന്ന ഗ്രാമം ആശ്വാസത്തിലാണ്. ഒരിക്കൽ വിളകൾ നശിപ്പിച്ച് വില്ലനായിരുന്ന ചിന്നത്തമ്പി എന്ന ആന വീണ്ടുമെത്തുന്നു. ഇത്തവണ ഗ്രാമത്തിന്റെ കാവലാളായാണെന്നുമാത്രം. കാട്ടാനശല്യത്തിൽനിന്ന്‌ തടാകംവാലിയെ കാക്കാനാണ് കൊമ്പന്റെ വരവ്.

To advertise here,

കോയമ്പത്തൂർ നഗരപരിസരത്തെ പെരിയനായ്ക്കൻ പാളയം, തടാകംവാലി, വരപ്പാളയം മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞമാസം രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. ഇതോടെയാണ് തമിഴ്നാട്ടിലെ പ്രധാന കുങ്കിയായ ചിന്നത്തമ്പിയെ രംഗത്തിറക്കിയത്.

ചിന്നത്തമ്പിയും തടാകംവാലിയുമായി മൂന്നുദശാബ്ദത്തെ ബന്ധമുണ്ട്. ഒരിക്കൽ ചിന്നത്തമ്പി ഇവിടത്തുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. ആളുകളെ ഉപദ്രവിക്കില്ല. എന്നാൽ, പതിയെപ്പതിയെ ചിന്നത്തമ്പി വിളകൾ നശിപ്പിക്കാൻതുടങ്ങി. അതോടെ കൊമ്പനെ പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചു.

2019 ജനുവരി 26-ന് ചിന്നത്തമ്പിയെ മയക്കുവെടിവെച്ച് പിടിച്ചു. ആനമല ടൈഗർ റിസർവിന്റെ ഭാഗമായ ടോപ്പ്സ്ലിപ്പിൽ തുറന്നുവിട്ടെങ്കിലും കിലോമീറ്ററുകളോളം നടന്ന് ഉടുമൽപ്പേട്ടയിലെ ഗ്രാമങ്ങളിലേക്ക് ചിന്നത്തമ്പി വീണ്ടുമെത്തി. വീണ്ടും മയക്കുവെടിവെച്ച് ആനമല ക്യാമ്പിലെത്തിച്ച് കുങ്കിയാക്കി. പ്രധാന കുങ്കി ആനമല കലീം വിരമിച്ചതോടെ ചിന്നത്തമ്പിക്ക് ഒന്നാംകുങ്കിയെന്ന പട്ടവും നൽകി.

ജന്മനാട്ടിൽ ചിന്നത്തമ്പിയെയുംകൊണ്ട് എത്താനായതിന്റെ സന്തോഷത്തിലാണ് പാപ്പാൻ മുരുകൻ. ‘‘അന്ന് ചിന്നത്തമ്പിയെ പിടികൂടുമ്പോൾ ഒരു പിടിയാനയും കുട്ടിയാനയും കൂടെയുണ്ടായിരുന്നു. ആ കുട്ടിയാനയാണ് ഇപ്പോൾ വലുതായി തടാകംവാലിയിലെ പ്രശ്നക്കാരനായി മാറിയിരിക്കുന്നത്. മകനെ പിടികൂടാനാണ് അപ്പൻ എത്തിയിരിക്കുന്നത്’’-മുരുകൻ ചിരിച്ചു.

കാട്ടാനകളിറങ്ങുന്ന സന്ധ്യാസമയത്താണ് ചിന്നത്തമ്പിയുടെ പട്രോളിങ്. വനമേഖലയോട് ചേർന്നിരിക്കുന്ന പ്രദേശങ്ങളിൽ ചിന്നത്തന്പി കറങ്ങും. കുങ്കിയുടെ സാന്നിധ്യംകാരണം സ്ഥിരംശല്യക്കാരെല്ലാം നാടുവിട്ടിരിക്കുകയാണ്. .

കുങ്കിയാക്കിയിട്ട് ആറുവർഷമായെങ്കിലും ചിന്നത്തമ്പിക്ക് സ്വന്തം ഗ്രാമം തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന്‌ വന്യജീവി ഫോട്ടോഗ്രാഫർ എബ്രഹാം ആന്റണി രാജ് പറയുന്നു. ആനശല്യത്തിന് പരിഹാരമാകുന്നതുവരെ ചിന്നത്തമ്പിയുടെ സേവനം പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്ന് കോയമ്പത്തൂർ ഡി.എഫ്.ഒ. എൻ. ജയരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.