ഇരിട്ടി: ആറളം ഫാം നിവാസികളുടെ പേടിസ്വപ്നമായ മോഴയാന ആറളത്തുനിന്ന് മുത്തങ്ങയിലേക്ക് എത്തുന്നത് സംഭവബഹുലമായ നാളുകൾക്കിടയിലൂടെയാണ്. വനംവകുപ്പിന്റെ കണക്കിൽതന്നെ ഒമ്പത് പേരുടെ കൊലയാളിയാണ് മോഴ. 2008 മുതൽ ആറളത്ത് ഭീഷണിയാകുന്ന ആനക്കൂട്ടത്തിലെ ഏറ്റവും വലിയവൻ. കണ്ണൂർ മഖ്ന-1 എന്ന പേരുതന്നെ അതിന്റെ ആകാരത്തിനും സ്വഭാവത്തിനും ചേർന്ന നിലയിലായിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരി 23-ന് ബ്ലോക്ക് 13-ൽ വെള്ളി-ലീല ദമ്പതിമാരെ കൊലപ്പെടുത്തിയതോടെയാണ് മോഴയുടെ ശനിദശയും തുടങ്ങുന്നത്. തുടർന്ന് ആറുമാസത്തിനിടയിൽ അതേ ബ്ലോക്കിലെ അനീഷിനെ വീട്ടുമുറ്റത്ത് അടിച്ച് കൊലപ്പെടുത്തിയതോടെ ആന വനംവകുപ്പിന്റെയും കണ്ണിലെ കരടായി. ജൂലായ് 25-നാണ് മോഴയെ മയക്കുവെടിവെച്ച് പിടിച്ച് ആറളത്തുനിന്ന് മാറ്റാൻ ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഉത്തരവിറക്കുന്നത്. പിറ്റേദിവസംമുതൽ മയക്കുവെടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
അന്നുമുതൽ മുങ്ങിയും പൊങ്ങിയും കഴിഞ്ഞ മോഴ വനംവകുപ്പിന് ഉത്തരം കിട്ടാത സമസ്യമായി മാറി. ഓണത്തിന് മുൻപ് നടപ്പാക്കാനിരുന്ന ദൗത്യം ഇതോടെ രണ്ടുമാസത്തോളം എടുത്തു. തന്നെ നോട്ടമിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയതുപോലെ ഉൾവനത്തിലേക്ക് വലിഞ്ഞ മോഴ ഫാമിൽ വല്ലപ്പോഴുമുള്ള സന്ദർശകനായി മാറി. കഴിഞ്ഞദിവസമാണ് കല്ലേരിക്കൊമ്പനും സുന്ദരി എന്ന പിടിയാനയ്ക്കുമൊപ്പം ആറളം പുരധിവാസ മേഖലയിലേക്ക് തിരികെ കയറിയത്. ഇതോടെ ദൗത്യം ദ്രുതഗതിയിലാക്കി. മുത്തങ്ങയിൽനിന്ന് മൂന്ന് കുങ്കിയാനകളെയും ആറളത്ത് എത്തിച്ചു.
സാധാരണ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന മോഴ രണ്ടുദിവസമായി കൂട്ടാളികളുടെ സുരക്ഷയിലായിരുന്നു. ബുധനാഴ്ച ദൗത്യം നടക്കാതെ പോയതും കൂട്ടാളികളുടെ സാന്നിധ്യം കൊണ്ടായിരുന്നു. വ്യാഴാഴ്ച പുരധിവാസമേഖലയിലെ ഓടച്ചാലിൽ നിരീക്ഷണസംഘം മോഴയെ കണ്ടെത്തുമ്പോൾ ആറു കൊമ്പനാനകൾ ഒപ്പം ഉണ്ടായിരുന്നു. ദൗത്യം രണ്ടാംദിനവും അസാധ്യമാകുമെന്ന് തോന്നിയ ഘട്ടം.
മോഴയുടെയും കൂട്ടാളികളുടെയും സഞ്ചാരപാതയിൽ നാലുഭാഗത്തുമായി നിലയുറപ്പിച്ച ദൗത്യസംഘം കൂട്ടാളികളെ ഒന്നൊന്നായി അകറ്റിയശേഷം മോഴയെ ഒറ്റയ്ക്ക് കിട്ടിയതോടെ ദൗത്യം നടപ്പാക്കുകയായിരുന്നു. ഒന്നിലധികം തവണ മയക്കുവെടിയേറ്റിട്ടും ശൗര്യം ശമിക്കാത്ത മോഴയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് വരുതിയിലാക്കിയത്.
ദൗത്യം ഭംഗിയാക്കി വിക്രമും ഭരതും ഉണ്ണികൃഷ്ണനും
ഇരിട്ടി: മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിൽ ഹീറോ ആയത് ഒരുകാലത്ത് കാടിനെ വിറപ്പിച്ച കൊമ്പന്മാർ. മുത്തങ്ങ ആന പരിശീലനകേന്ദ്രത്തിൽ പരിശീലനംനേടിയ വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നീ കുങ്കികളാണ് ഓപ്പറേഷൻ കണ്ണൂർ മഖ്ന-1ൽ നിറഞ്ഞുനിന്നത്.
ആക്രമണകാരികളായ ഇവയെ മയക്കുവെടിവെച്ച് പിടികൂടി നീണ്ട പരിശീലനത്തിനുശേഷമാണ് വനംവകുപ്പിന്റെ ലക്ഷണമൊത്ത കുങ്കി ആനകളായി മാറുന്നത്. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്ത ഇവ വനംവകുപ്പിന്റെ ഏറ്റവും വിശ്വസ്തരായ കുങ്കി ആനകളാണ്. അതുകൊണ്ടുതന്നെയാണ് മോഴയെ തളയ്ക്കാൻ വനംവകുപ്പ് ഇവരെ ആറളത്ത് എത്തിച്ചത്.
വയനാട്ടിൽ മനുഷ്യർക്കും കൃഷിക്കും ഭീഷണിയായിരുന്ന ആനയായിരുന്നു വിക്രം. 2018-ൽ ഒരു ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് പിടികൂടാൻ തീരുമാനിച്ചു. കൊലയ്ക്ക് ശേഷം കർണാടക വനത്തിലേക്ക് കടന്ന വിക്രമിനെ ഒമ്പത് മാസത്തിനുശേഷം 2019-ലാണ് പിടിച്ചത്. തുടർന്ന് പരിശീലനം നൽകി കുങ്കിയാനയാക്കി മാറ്റുകയായിരുന്നു.
2023-ൽ പാലക്കാട് ധോണി മേഖലയിൽ പ്രശ്നക്കാരനായ പി.ടി.-7 എന്ന കാട്ടാനയെ പിടികൂടിയ ദൗത്യത്തിലും വിക്രം പങ്കാളിയായിരുന്നു. 2026 ഏപ്രിലിൽ വയനാട്ടിലെ മൊട്ടുക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലും വിക്രം പങ്കെടുത്തു.
വയനാട്ടിലെ കല്ലൂർ മേഖലയിൽ നിരന്തരം കൃഷിയിടങ്ങളിലിറങ്ങി പ്രശ്നമുണ്ടാക്കിയിരുന്ന ആനയായിരുന്നു ഭരത്. 2016 നവംബർ 22-ന് കർഷകനെ ആക്രമിച്ചതിനെത്തുടർന്ന് മയക്കുവെടി നൽകി പിടികൂടുകയായിരുന്നു. തുടർന്ന് ദീർഘകാലം ആനക്കൊട്ടിലിൽ പാർപ്പിച്ച് പരിശീലനത്തിലൂടെ കുങ്കിയാനയാക്കി മാറ്റി. പ്രശ്നക്കാരായ കാട്ടാനകളെ നിയന്ത്രിക്കുന്ന വിവിധ ദൗത്യങ്ങളിൽ ഭരത് പങ്കാളിയായി. 2023ൽ പി.ടി.-7നെ പിടികൂടാനുള്ള ദൗത്യത്തിലും വിക്രമിനൊപ്പം ഭരതും നിർണായക സാന്നിധ്യമായിരുന്നു.
മുത്തങ്ങയുടെ ആന പരിശീലനകേന്ദ്രത്തിൽനിന്നാണ് ഉണ്ണികൃഷ്ണനെയും ആറളത്തേക്ക് എത്തിച്ചത്. മൂന്ന് കുങ്കി ആനകളിൽ പ്രായംകൊണ്ട് ചെറുപ്പം ഉണ്ണികൃഷ്ണനാണ്.
2026 സെപ്റ്റംബർ അവസാനത്തോടെ വിക്രത്തിനും ഭരതിനും പിന്നാലെ മൂന്നാമത്തെ കുങ്കിയായാണ് ഉണ്ണികൃഷ്ണൻ വളയംചാലിലെത്തിയത്. 2025-ൽ വയനാട്ടിലെ പൂളക്കുന്ന് മേഖലയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിൽ ഉണ്ണികൃഷ്ണനും വിക്രമും പങ്കെടുത്തിരുന്നു.
Content Highlights: Kannur Makhna-1, responsible for multiple deaths since 2008, was successfully captured in Aralam., The operation involved separating the rogue elephant from its herd of six companions., Trained kumki elephants Vikram, Bharath, and Unnikrishnan from Muthanga played a crucial role in the mission.
Published: 02 Oct 2026, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented