
തൊടുപുഴ (ഇടുക്കി): ജനവാസ മേഖലയിലേക്കിറങ്ങാൻ ഭാവിക്കുന്ന ആനകളെ ഷോക്കടിപ്പിക്കാതെതന്നെ സൗരവേലിക്ക് തിരിച്ചോടിക്കാനാകുമോ. പറ്റുമെന്നാണ് ഇടുക്കി-എറണാകുളം ജില്ലകളുടെ അതിർത്തിയായ മുള്ളരിങ്ങാട് സ്ഥാപിച്ച സൗരവേലി പറയുന്നത്. വെറുതെ പറയുന്നതല്ല. ആനകൾ തൊട്ടടുത്തെത്തിയാൽ അവയെ സ്വയം തിരിച്ചറിഞ്ഞ് ഓടിക്കാനുള്ള നിർമിതബുദ്ധി സാങ്കേതികവിദ്യ അടങ്ങിയതാണ് വനംവകുപ്പ് പുതുതായി പരീക്ഷിക്കുന്ന ഈ വേലി.
വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനം പൂർണ അർഥത്തിലാണ് മുള്ളരിങ്ങാട് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സി.എസ്.ആർ. ധന സഹായത്തോടെയാണ് നിർമാണം. കാട്ടാനശല്യം ഏറ്റവുമധികമുള്ള മുള്ളരിങ്ങാട് സ്‌കൂൾമുതലുള്ള 450 മീറ്റർ ഭാഗത്താണ് നിർമാണം. 40 ലക്ഷം രൂപയാണ് ചെലവ്.
എ.ഐ. സ്മാർട്ട് എലിഫെൻസ്
മൂന്നുഘട്ട സുരക്ഷാസംവിധാനമാണ് എ.ഐ. സ്മാർട്ട് എലിഫെൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ സൗരവേലിയിൽ ഉപയോഗിച്ചിരിക്കുന്നത്. ആനകളോ മറ്റ് മൃഗങ്ങളോ ഇതിന് 100 മീറ്റർ അകലെവന്നാൽ ക്യാമറ ഉപയോഗിച്ച് ഏത് മൃഗമാണെന്ന് തിരിച്ചറിയും. ആനയാണെങ്കിൽ അത് തിരിച്ചറിഞ്ഞ് ചിത്രം പകർത്തി ആർ.ആർ.ടി., റെയ്ഞ്ച് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് ജാഗ്രതാ നിർദേശവും നൽകും.
വേലിക്ക് കൂടുതൽ അടുത്തേക്ക് ആന വരികയാണെങ്കിൽ ഭയപ്പെടുത്തി ഓടിക്കുന്നതിന് വലിയശബ്‌ദത്തിൽ അലാറം മുഴക്കും. ഇതോടൊപ്പം വേലിയിലെ വെളിച്ച സംവിധാനവും പ്രവർത്തിക്കും. ഇത് കണ്ട് അങ്കലാപ്പിലായി ആന തിരികെപോകും. ഇതിനുമപ്പുറം കടന്നെത്തി വേലി മറിക്കാൻ ശ്രമിച്ചാൽ അതും നടക്കില്ല. കാരണം 13 അടി ഉയരമുള്ള സ്പ്രിങ്ങിൽ പ്രവർത്തിക്കുന്ന ബെൽറ്റ് ആന കുത്തിയാൽ കമ്പനമുണ്ടായി ആനയെ പിന്നോട്ടടിക്കും.
മരമോ മറ്റും എറിഞ്ഞാലും സമാനഅവസ്ഥയാണ്. ഇതോടൊപ്പം ആനയുടെ ജീവന് പ്രശ്നമില്ലാതെ വൈദ്യുതാഘാതമേൽപ്പിക്കുന്ന വേലിയുമുണ്ടെന്ന് പദ്ധതി നടപ്പാക്കുന്ന വൈറ്റ് എലഫന്റ് ടെക്നോളജി സ്റ്റേറ്റ് പ്രോജക്ട് മാനേജർ പി.എഫ്. അബൂബക്കർ പറഞ്ഞു. ഇതിന് പ്രത്യേക കൺട്രോൾ റൂമുണ്ട്. സൗരോർജമാണ് ഉപയോഗിക്കുക.
പരീക്ഷണാടിസ്ഥാനത്തിൽ വയനാട് ഇരുളം ചേനക്കൊല്ലി മേഖലയിലാണ് ഈപദ്ധതി ആദ്യമായി നടപ്പാക്കിയത്. ഇത് വിജയമായിരുന്നു.
വ്യാപിപ്പിക്കാൻ ആലോചന
കാട്ടാനശല്യം കൂടുതലുള്ള മേഖലകളിലേക്ക് ഇത്തരം സൗരോർജവേലി വ്യാപിപ്പിക്കാൻ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. വലിയചെലവാണ് തടസ്സം. സി.എസ്.ആർ. ധനം നൽകി സഹായിക്കാൻ താത്പര്യമുള്ള കമ്പനികളുമായി വനംവകുപ്പ് ഇത് സംബന്ധിച്ച് ചർച്ചനടത്തും.
Content Highlights: AI-powered smart solar fence installed in Mullarinkadu, Idukki to deter wild elephants., Uses camera-based detection, loud alarms, flashing lights, and safe shock mechanisms., Built with CSR funds from Cochin Shipyard Limited at a cost of 450 meters for 40 lakh rupees., First successfully tested in Wayanad and planned for expansion across high-conflict areas.
Published: 06 Oct 2026, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented