ഇരിട്ടി: ആറളം ഫാമിനെയും പുനരധിവാസമേഖലയെയും വർഷങ്ങളോളം ഭീതിയിൽ നിർത്തിയ മോഴയാന (കണ്ണൂർ മഖ്‌ന-1) അഴിക്കൂട്ടിൽ. മോഴയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് മോഴയെ മയക്കുവെടി വെച്ചത്. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് രണ്ടുതവണകൂടി മയക്കുവെടി നൽകിയാണ് വനംവകുപ്പ് സംഘം മോഴയെ വരുതിയിലാക്കിയത്.
പൂർണമായും മയങ്ങാതെനിന്ന മോഴയെ അധികമരുന്ന് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് മയക്കിയെടുത്തത്. വനം വെറ്ററിനറി സർജൻ ഡോ.ഗോകുലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി നടപ്പാക്കിയത്. മയക്കുവെടിക്ക് പിന്നാലെ 10 കിലോമീറ്റർ അകലെ വളയംചാലിൽ ഒരുക്കിനിർത്തിയ രണ്ട് കുങ്കിയാനകളെ സംഭവസ്ഥലത്ത് എത്തിച്ചു. മണിക്കൂറുകളോളം മയങ്ങാതിരുന്ന മോഴയുടെ അടുത്തേക്ക് ആദ്യം കുങ്കിയാനകളെ എത്തിച്ചില്ല. കുങ്കിയാനകളായ വിക്രമിനെയും ഉണ്ണികൃഷ്ണനെയും പിന്നാലെ ഭരതനെയും സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നോടെ കുങ്കിയാനകളെ മോഴയുടെ അടുത്തേക്ക് എത്തിച്ച് താങ്ങിനിർത്തി. പുനരധിവാസമേഖലയിലെ 13-ാം ബ്ലോക്ക് പ്രധാന റോഡിൽനിന്ന് 300 മീറ്ററോളം മാറി ചീങ്ങാക്കാടുകൾ ഇടതൂർന്ന് വളർന്ന സ്ഥലത്തുവെച്ചാണ് ആനയെ വരുതിയിലാക്കിയത്. ഇവിടങ്ങളിലേക്ക് ദൗത്യസംഘങ്ങളെയും അത്യാവശ്യമുള്ള പോലീസ് സംഘത്തിനും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. ഒരുഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ ജനപ്രതിനിധികൾക്കും റവന്യൂസംഘത്തിനും അനുമതി നിഷേധിച്ചു. മാധ്യമപ്രവർത്തകരെ സംഭവസ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ തടഞ്ഞു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന ആറ് കൊമ്പനെയും 13-ാം ബ്ലോക്കിലെ ഓടച്ചാൽഭാഗത്ത് നിരീക്ഷണസംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൊമ്പനാനകളെ മോഴയിൽനിന്ന് അകറ്റിയശേഷമാണ് മയക്കുവെടിക്കുള്ള സാഹചര്യമൊരുക്കിയത്.
മണ്ണുമാന്തിയന്ത്രമെത്തിച്ച് ഇവിടേക്ക് പുതിയ റോഡ് നിർമിച്ചു. കനത്ത മഴപെയ്തത് നടപടികൾ ദുഷ്കരമാക്കി. യന്ത്രത്തിന്റെ സഹായത്തോടെയാണ് ആനയെ കയറ്റാനുള്ള ലോറി പുതിയ റോഡിലെത്തിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ മോഴയെ ലോറിയിൽ കയറി. കണ്ണൂർ ഡി.എഫ്.ഒ. കെ.സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റെയ്ഞ്ചർ ടി.നിഥിൻരാജ്, കണ്ണവം റെയ്ഞ്ചർ സുധീർ നരോത്ത്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്.
Content Highlights: The rogue elephant (Kannur Makhna-1) terrorizing Aralam Farm was successfully tranquilized., Led by forest veterinary surgeon Dr. Gokul, the operation involved multiple tranquilizer doses., Kumki elephants Vikram, Unnikrishnan, and Bharathan assisted in maneuvering the animal into a lorry., Heavy rain and dense brush made the mission difficult, requiring a newly constructed road for the transport vehicle.
Published: 02 Oct 2026, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented