
ജീവിതകാലം മുഴുവൻ ഒരു ലാബിലെ പരീക്ഷണ ശാലയിൽ കഴിഞ്ഞ ചിമ്പാൻസി 28 വർഷങ്ങൾക്ക് ശേഷം ആകാശം കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. വാനില എന്ന് വിളിപ്പേരുള്ള ചിമ്പാൻസിയാണ് ന്യൂയോർക്കിലെ ലാബോറട്ടറി ഫോർ എക്‌സ്‌പെരിമെന്റൽ മെഡിസിൻ ആൻഡ് സർജറി ഇൻ പ്രൈമേറ്റ്‌സിൽ (എൽഇഎംഎസ്‌ഐപി) 28 വർഷത്തോളം കഴിഞ്ഞത്. ലബോറട്ടറിയിലെ അഞ്ച് അടിയുള്ള ഇടുങ്ങിയ കൂട്ടിൽ പുറം ലോകം കാണാതെയായിരുന്നു ഇത്ര നാളത്തെ വാസം.
ലാബുകളിലെ കൂടുകളിലെ സ്ഥലപരിമിതി മൂലം ഫ്‌ളോറിഡയിലെ സേവ് ദി ചിമ്പ്‌സ് സാങ്ച്വറിയിൽ വാനിലയെ എത്തിച്ചപ്പോഴുള്ള വീഡിയോ ആണ് വൈറലായത്. ഫ്‌ളോറിഡയിലെത്തിയ ശേഷമാണ് വാനില ആദ്യമായി ആകാശക്കാഴ്ച കാണുന്നത്. ആകാശകാഴ്ച മതിമറന്ന് ആസ്വദിക്കുന്ന വാനിലയുടെ ദൃശ്യങ്ങൾ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടത്. കൂടിന്റെ കതകിൽ ഇരിക്കുന്ന വാനിലയെ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ തന്റെ മുന്നിലെത്തിയ ഡ്വെെറ്റ് എന്ന ആൺചിമ്പാൻസിയെ ആലിംഗനം ചെയ്യുകയാണ് വാനില. തുടർന്ന് ആകാശത്തേക്ക് നോക്കി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം.
ഷേക്ക്, മാജിക്ക്, ജെഫ്, ഏർണസ്റ്റ തുടങ്ങിയ ആറ് ചിമ്പാൻസികൾക്കൊപ്പമാണ് ഫ്ളോറിഡയിലെ സേവ് ദി ചിമ്പ്‌സ് സാങ്ച്വറിയിൽ വാനിലയുള്ളത്. ക്വാറന്റീൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നിലവിൽ സാങ്ച്വറിയിൽ ചിമ്പാൻസികളെ താമസിപ്പിച്ചിരിക്കുന്ന പ്രദേശത്ത് സുരക്ഷിതയാണ് വാനില. സേവ് ദി ചിമ്പ്‌സിലെ പ്രൈമറ്റോളജിസ്റ്റായ ഡോ.ആൻഡ്രൂ ഹലോരൻ ആണ് വാനിലയെ പുതിയ കൂട്ടിൽ പ്രവേശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്. പുതിയ പരിസ്ഥിതിയുമായി വാനില പൊരുത്തപ്പെട്ടുവെന്ന് അധികൃതർ പ്രതികരിച്ചു. 200-ലധികം ചിമ്പാൻസികളാണ് നിലവിൽ സേവ് ദി ചിമ്പ്സ് സാങ്ച്വറിയിലുള്ളത്.
1995-ലാണ് ലാബിൽനിന്ന് വാനിലയെ കാലിഫോർണിയയിലെ വൈൽഡ്‌ലൈഫ് വേസ്റ്റേഷൻ എന്ന വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നത്. ഇതിനൊപ്പം 30 ഓളം ചിമ്പാൻസികളും വന്യജീവി സങ്കേതത്തിലെത്തി. എന്നാൽ ഇവിടെയും പുറം ലോകവുമായി ബന്ധമില്ലാതെ കൂട്ടിലടക്കപ്പെട്ട നിലയിലായിരുന്നു വാനില. പിന്നീട് 2019-ൽ എല്ലാ വന്യജീവികളെയും കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് (CDFW) രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് മാറ്റി. വൈൽഡ്‌ലൈഫ് വേസ്റ്റേഷന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം.
2015-ൽ അമേരിക്ക പാസ്സാക്കിയ ഒരു നിയമമാണ് ചിമ്പാൻസികളിൽ ദീർഘനാൾ പഠനം നടത്തിയിരുന്ന ലാബുകൾക്ക് തിരിച്ചടിയായത് . ലാബുകളിലെ പരീക്ഷണങ്ങൾക്ക് ചിമ്പാൻസികളെ ഉപയോഗിക്കരുതെന്ന് ഈ നിയമം നിഷ്കർഷിക്കുന്നു. തുടർന്ന് രാജ്യത്തെ വിവിധ ലാബോറട്ടറികളിൽ നിന്ന് ചിമ്പാൻസികൾ വിവിധ വന്യജീവി സങ്കേതങ്ങളിലെത്തി. അതിനാൽ പുതിയ ചിമ്പാൻസികളെ പാർപ്പിക്കാൻ സ്ഥലപരിമിതി ഒരു പ്രധാന വെല്ലുവിളിയായി.
Content Highlights: 28-year-old chimpanzee was caged her entire life. Watch her see the sky for first time
Published: 29 Jun 2023, 01:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented