ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന ഒരു ‘ആഭ്യന്തരയുദ്ധ’ത്തിന് സാക്ഷ്യംവഹിക്കുകയാണ് യുഗാണ്ടയിലെ നിബിഡവനങ്ങൾ. ഇവിടുത്തെ കിബാലെ (Kibale) നാഷണൽ പാർക്കിൽ നിന്നാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്നത്. കിബാലെയിലെ എൻഗോഗോ (Ngogo) ചിമ്പാൻസികൾക്കിടയിൽ 2015-ൽ ആരംഭിച്ച അക്രമാസക്തമായ പോരാട്ടം ഇന്നും തുടരുകയാണ്. പടിഞ്ഞാറൻ വിഭാഗം (Western Faction), മധ്യവിഭാഗം (Central Faction) എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഈ സംഘർഷം വന്യജീവിചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ‘ആഭ്യന്തരയുദ്ധം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചിമ്പാൻസികളുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും രക്തരൂക്ഷിതമായ ഈ പോരാട്ടം, ആസൂത്രിതമായ ആക്രമണങ്ങളിലേക്കും കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലേക്കും വളർന്നിരിക്കുകയാണ്.

To advertise here,

സമാധാനത്തോടെയും ഒത്തൊരുമയോടെയും കഴിഞ്ഞിരുന്ന ഒരു സമൂഹം ഇത്തരത്തിൽ വിഘടിച്ച് തമ്മിലടിക്കുന്നത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ചിമ്പാൻസി സമൂഹത്തിലുണ്ടായ ഈ പിളർപ്പും അതിനെത്തുടർന്നുണ്ടായ കൂട്ടക്കൊലയും അങ്ങേയറ്റം അപൂർവമാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ശരാശരി 500 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ് ഇത്തരം സാമൂഹിക വിഭജനങ്ങളെന്ന് 'സയൻസ്' (Science) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കിബാലെ നാഷണൽ പാർക്കിൽ 1995 മുതൽ ശേഖരിച്ച, മൂന്ന് പതിറ്റാണ്ടിലെ, വിവരങ്ങളാണ് ഈ പഠനത്തിന് ആധാരം. ഒരിക്കൽ സുഹൃത്തുക്കളായിരുന്നവർ എങ്ങനെയാണ് ശത്രുക്കളായി മാറുന്നതെന്ന ഗൗരവകരമായ ചോദ്യമാണ് ഈ സംഭവം ശാസ്ത്രലോകത്തിന് മുന്നിൽ ഉയർത്തുന്നത്.

സൗഹൃദം ശത്രുതയ്ക്ക് വഴിമാറുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിമ്പാൻസി കൂട്ടമായിട്ടാണ് എൻഗോഗോ കമ്മ്യൂണിറ്റി അറിയപ്പെട്ടിരുന്നത്. വലിപ്പം കൊണ്ടും ഐക്യം കൊണ്ടും ഏറ്റവും വലിയ സംഘം. ഒരവസരത്തിൽ ഇവരുടെ എണ്ണം 200 കടന്നിരുന്നു. വനത്തിനുള്ളിൽ ഒരു വലിയ പ്രദേശം ഇവർ അടക്കിഭരിക്കുകയും അതിരുകൾ സംരക്ഷിക്കാൻ അതീവ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. ഇവരെ ഗവേഷകർ പടിഞ്ഞാറൻ വിഭാഗം, മധ്യ വിഭാഗം എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരുന്നു. പക്ഷേ, രണ്ട് പതിറ്റാണ്ടോളം ഒരൊറ്റ സമൂഹമായി, സമാധാനപരമായാണ് ഇവർ കഴിഞ്ഞിരുന്നത്. അവർ ഒരേ പ്രദേശം പങ്കിടുകയും പരസ്പരം ഇണചേരുകയും ചെയ്തിരുന്നു. മാത്രമല്ല, ഇവർ ഗ്രൂപ്പുകൾ മാറി ഇടപഴകുന്നതും പതിവായിരുന്നു. എന്നാൽ, 2015-ഓടെ ഈ സാഹചര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഐക്യത്തിൽ കഴിഞ്ഞിരുന്ന ഇവർക്കിടയിൽ അപ്രതീക്ഷിതമായാണ് വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

ഇരുവിഭാഗങ്ങളും കണ്ടുമുട്ടിയാൽ പരസ്പരം ഇടപഴകാറാണ് പതിവ്. എന്നാൽ, മധ്യവിഭാഗത്തിന്റെ ശബ്ദം കേട്ടപ്പോൾ പടിഞ്ഞാറൻ വിഭാഗം പെട്ടെന്ന് നിശബ്ദരാവുകയും അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തതാണ് ശാസ്ത്രലോകം ആദ്യം ശ്രദ്ധിച്ചത്. മധ്യവിഭാഗം അവരെ പിന്തുടർന്ന് ആക്രമിച്ചു. പിന്നീട് ഈ വിഭാഗങ്ങൾ ഭൂമിശാസ്ത്രപരമായും സാമൂഹികമായും അകന്നു തുടങ്ങി. 2017 ആയപ്പോഴേക്കും അവർ സ്വന്തം അതിർത്തികൾ നിശ്ചയിക്കുകയും അവിടേയ്ക്ക് ശത്രുക്കൾ കടക്കാതെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു. 2018 ആയപ്പോഴേക്കും ഈ വിള്ളൽ പൂർണമായി. പഴയ കൂട്ടാളികൾ, കടുത്ത ശത്രുക്കളായി മാറി. പിന്നാലെ പുതിയ അതിർത്തികൾ സംരക്ഷിക്കാൻ കാവൽ ആരംഭിച്ച ചിമ്പാൻസികൾ വൈകാതെ തന്നെ അക്രമങ്ങളിലേക്ക് കടന്നു. ആദ്യം മുതിർന്ന ആൺചിമ്പാൻസികളെയും പിന്നീട് കുഞ്ഞുങ്ങളെയും അവർ ലക്ഷ്യംവെച്ചു. ഒരു കാലത്ത് പരസ്പരം സഹകരിച്ചിരുന്നവർ കൊല്ലാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കളായി മാറി. മേധാവിത്വത്തിനും വിഭവങ്ങൾക്കുമുള്ള പോരാട്ടം ഒന്നിക്കാനാകാത്ത വിധം ആ സമൂഹത്തെ പിളർത്തി.

പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിന് വിശദീകരണമായി ശാസ്ത്രസമൂഹം മുന്നോട്ടുവെയ്ക്കുന്നത്. 2014-ൽ ഉണ്ടായ രോഗബാധയെത്തുടർന്ന് രണ്ട് വിഭാഗങ്ങളെയും കൂട്ടിയിണക്കിയിരുന്ന പ്രധാന ചിമ്പാൻസികൾ ചത്തതാണ് ഇവർ തമ്മിലുള്ള ബന്ധം തകരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ മധ്യസ്ഥരായി നിന്നിരുന്ന മുതിർന്ന ചിമ്പാൻസികളായിരുന്നു ഇവർ. ഇവരുടെ അഭാവത്തിൽ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം ഇല്ലാതാവുകയും പരസ്പരം ശത്രുക്കളായി മാറുകയും ചെയ്തു. 2015-ൽ പുതിയൊരു നേതാവ് അധികാരത്തിൽ വന്നതും സംഘർഷം മൂർച്ഛിക്കാൻ കാരണമായി. ഈ നേതാവിന്റെ ഉദയവും നേതൃത്വത്തിലെ മാറ്റങ്ങളും ഗ്രൂപ്പിനുള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു. ഗ്രൂപ്പിന്റെ വലിപ്പം വർധിച്ചതോടെ  അംഗങ്ങൾക്കിടയിൽ കടുത്ത മത്സരം ഉടലെടുത്തു. ഭക്ഷണം ധാരാളമുണ്ടായിട്ടും ചിമ്പാൻസികളുടെ എണ്ണം വർധിച്ചതോടെ ഇണകൾക്കായും പദവിക്കും വേണ്ടി ആൺ ചിമ്പാൻസികൾക്കിടയിൽ ഉടലെടുത്ത മത്സരവും ഈ സംഘർഷത്തിന് കാരണമായെന്ന് 2026-ൽ പുറത്തിറങ്ങിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങളെപ്പോലും വെറുതേവിടാത്ത ക്രൂരത

ചിമ്പാൻസികളുടെ ആഭ്യന്തരസംഘർഷത്തിന്റെ ഏറ്റവും ഭീകരമായ വശം അതിന്റെ ആസൂത്രിത സ്വഭാവമായിരുന്നു. പടിഞ്ഞാറൻ വിഭാഗത്തിലെ ചിമ്പാൻസികൾ തങ്ങളെക്കാൾ അംഗസംഖ്യ കൂടുതലുള്ള മധ്യവിഭാഗത്തെ ആക്രമിച്ചു. എണ്ണത്തിൽ കുറവായിരുന്ന പടിഞ്ഞാറൻ വിഭാഗം മധ്യവിഭാഗത്തിന്റെ പ്രദേശങ്ങളിലേക്ക് കടന്നുകയറി, ഒറ്റപ്പെട്ട നിലയിലുള്ള ആൺചിമ്പാൻസികളെ വളഞ്ഞിട്ട് ആക്രമിച്ച് കൊലപ്പെടുത്തുന്ന തന്ത്രമാണ് സ്വീകരിച്ചത്. മൃഗീയമായ ആക്രമണത്തിനപ്പുറം സൈനിക നീക്കങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിട്ടയായ തന്ത്രങ്ങളാണ് ചിമ്പാൻസികൾ പുറത്തെടുത്തത്. ഗവേഷകരെപ്പോലും ഞെട്ടിച്ചത് ആക്രമണത്തിന്റെ തീവ്രതയാണ്. ആക്രമണങ്ങൾ അങ്ങേയറ്റം ക്രൂരമായിരുന്നു. ഇരകളെ അംഗഭംഗം വരുത്തിയും ക്രൂരമായി മർദിച്ചുമാണ് ഇവർ കൊലപ്പെടുത്തുന്നത്. മൃതപ്രായരായ ചിമ്പാൻസികളെ വിടാതെ ഉപദ്രവിക്കുന്നതും മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവും വന്യജീവി ലോകത്ത് അപൂർവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അതിർത്തികളിൽ കാവൽ നിന്ന് ശത്രുപക്ഷത്തെ ഒറ്റപ്പെട്ട അംഗങ്ങളെ കണ്ടെത്തിയശേഷം ഒളിഞ്ഞിരുന്നുള്ള ആക്രമണമാണ് ഇവർ പലപ്പോഴും സ്വീകരിച്ചത്. ഒറ്റപ്പെട്ടുപോയ ശത്രുവിനെ സംഘം ചേർന്ന് വളയുകയും രക്ഷപ്പെടാൻ പഴുതുകളില്ലാതെ ആക്രമിച്ച് വധിക്കുകയും ചെയ്യുന്നു. അതിർത്തികളിൽ കൃത്യമായി നിരീക്ഷണം നടത്തിയുള്ള ഈ ആക്രമണങ്ങൾ വെറും സംഘർഷങ്ങളല്ല, മറിച്ച് കൃത്യമായി ആസൂത്രണം ചെയ്ത സൈനിക നീക്കങ്ങൾക്ക് സമാനമാണ്. 2021 മുതൽ പടിഞ്ഞാറൻ ഗ്രൂപ്പ് ശത്രുപക്ഷത്തെ കുഞ്ഞുങ്ങളെ ലക്ഷ്യംവയ്ക്കാനും കൊന്നൊടുക്കാനും തുടങ്ങി. ശത്രുവിന്റെ ഭാവിതലമുറയെ ഇല്ലായ്മ ചെയ്യുക എന്ന ക്രൂരമായ യുദ്ധതന്ത്രത്തിന് തുല്യമാണിതെന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ചിലപ്പോൾ ഭക്ഷിക്കുകയും മറ്റു ചിലപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ക്രൂരമായ ശീലവും ഇവരിൽ കണ്ടെത്തിയിട്ടുണ്ട്.

2026 വരെയുള്ള കണക്കുകൾ പ്രകാരം പടിഞ്ഞാറൻ വിഭാഗത്തിലെ മുതിർന്ന ചിമ്പാൻസികൾ മധ്യവിഭാഗത്തിലെ ഏഴ് ആൺ ചിമ്പാൻസികളെയും 17 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു. കൂടാതെ ഇതേ കാലയളവിൽ മധ്യവിഭാഗത്തിലെ 14 മുതിർന്ന ചിമ്പാൻസികളെ കാണാതാവുകയും ചെയ്തു. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്നതിനാൽ ഇവരും ആക്രമണത്തിന് ഇരയായിരിക്കാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഈ ആഭ്യന്തരയുദ്ധം എൻഗോഗോയുടെ ഭൂപടം തന്നെ മാറ്റിമറിച്ചു. സംഘർഷങ്ങൾക്ക് പിന്നാലെ പടിഞ്ഞാറൻ വിഭാഗം തങ്ങളുടെ അംഗസംഖ്യ 108 ആയി ഉയർത്തുകയും മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അതേസമയം, മധ്യവിഭാഗത്തിന് വലിയ തോതിൽ അംഗങ്ങളെ നഷ്ടമായി. അവരാകട്ടെ, വംശനാശത്തിന്റെ വക്കിലെത്തി. പടിഞ്ഞാറൻവിഭാഗം പുതിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുകയും ചെയ്തു.

തുടരുമോ ചിമ്പാൻസി യുദ്ധം?

മറ്റ് ജീവികളിൽ ഗ്രൂപ്പുകളായി തിരിയുന്നത് സാധാരണമാണെങ്കിലും ചിമ്പാൻസികൾക്കിടയിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണെന്നാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം. സമാനമായ ഒരു സംഭവം 1970-കളിൽ ടാൻസാനിയയിലെ ഗോംബെ (Gombe) ദേശീയോദ്യാനത്തിൽ പ്രശസ്ത പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗുഡാൽ (Jane Goodall) നിരീക്ഷിച്ചിരുന്നു. അന്ന് കസേക്കേല (Kasakela) വിഭാഗത്തിൽ നിന്ന് വേർപിരിഞ്ഞ ചിമ്പാൻസികളെ പഴയ കൂട്ടാളികൾ തന്നെ കൊലപ്പെടുത്തുകയുണ്ടായി. അന്ന് അവിടുത്തെ ചിമ്പാൻസികൾക്ക് മനുഷ്യർ ഭക്ഷണം (കഴിക്കാൻ പഴങ്ങൾ) നൽകിയിരുന്നതിനാൽ, ആ വിഭജനം സ്വാഭാവികമായ ഒന്നാണോ എന്ന് ശാസ്ത്രലോകം സംശയിച്ചിരുന്നു. എൻഗോഗോയിൽ നടന്നത് ചിമ്പാൻസികൾക്കിടയിൽ രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ വലിയ വിഭജനമാണ്. ഗോംബെയ്ക്ക് ശേഷം മനുഷ്യർ നിരീക്ഷിക്കുന്ന ആദ്യത്തെ വിഭജനമാണിത്. ചിമ്പാൻസികൾക്കിടയിലുള്ള ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടമാണിതെന്ന് ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. 

എൻഗോഗോയിലെ ഈ മാറ്റം പെട്ടെന്നുണ്ടായ ഒന്നല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എൻഗോഗോയിൽ മനുഷ്യ ഇടപെടലുകൾ ഇല്ലാതെ തന്നെ ഇത്തരമൊരു 'ആഭ്യന്തരയുദ്ധം' നടന്നത്, ഇത് ചിമ്പാൻസികളുടെ സ്വാഭാവികമായ ഒരു രീതിയാണെന്ന് ഉറപ്പിക്കാൻ സഹായിക്കുന്നു. ചിമ്പാൻസികളുടെ എണ്ണം ഉയർന്നിട്ടും ഭക്ഷണസാഹചര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും എൻഗോഗോയിലെ ചിമ്പാൻസികൾ എന്തിന് യുദ്ധത്തിലേക്ക് നീങ്ങി എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. സാധാരണഗതിയിൽ വിഭവങ്ങൾ സമൃദ്ധമാകുമ്പോൾ ജീവികൾ കൂടുതൽ സഹിഷ്ണുത കാണിക്കാറുണ്ടെങ്കിലും ചിമ്പാൻസികളുടെ കാര്യത്തിൽ ഇത് വിപരീതമായാണ് സംഭവിച്ചത്. ചിമ്പാൻസികൾക്കിടയിലെ ഈ പിളർപ്പിന് പിന്നിൽ സാമൂഹിക ബന്ധങ്ങളിലുണ്ടായ തകർച്ചയാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഗ്രൂപ്പിന്റെ വലിപ്പം അമിതമായി വർധിച്ചതും പ്രജനനത്തിനുവേണ്ടിയുള്ള  മത്സരവും നേതൃമാറ്റവും ഇതിന് ആക്കംകൂട്ടി. കൂടാതെ, ഇരുവിഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന ചിമ്പാൻസികൾ രോഗം ബാധിച്ച് ചത്തതും ഗ്രൂപ്പുകൾ തമ്മിലുള്ള അകൽച്ച വർധിപ്പിച്ചു.

ഭാഷ, മതം, വംശം തുടങ്ങിയ വ്യത്യാസങ്ങളാണ് മനുഷ്യർക്കിടയിലെ യുദ്ധങ്ങൾക്ക് കാരണമെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ചിമ്പാൻസികളുടെ ഈ പെരുമാറ്റം മനുഷ്യസമൂഹത്തിനും പുതിയൊരു പാഠം പകർന്നുനൽകുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ആരോൺ സാൻഡൽ പറയുന്നു. മനുഷ്യരിലെ വംശീയ യുദ്ധങ്ങൾക്ക് സമാനമായി കേവലം ‘ഗ്രൂപ്പ് ഐഡന്റിറ്റിയുടെ’ പേരിൽ വിനാശകരമായ യുദ്ധങ്ങൾ നടക്കാമെന്ന് എൻഗോഗോയിലെ ചിമ്പാൻസികൾ തെളിയിക്കുന്നു. പരിണാമ പ്രക്രിയയിൽ വംശീയമായ ആക്രമണങ്ങൾ എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് മനസ്സിലാക്കാൻ ഈ സംഘർഷം ശാസ്ത്രലോകത്തെ സഹായിക്കുന്നു. ഈ സംഭവം വികസിക്കുന്ന സമൂഹങ്ങളിൽ ഉണ്ടായേക്കാവുന്ന പിളർപ്പുകളെക്കുറിച്ചും അതിലെ അപകടസാധ്യതകളെക്കുറിച്ചും ശാസ്ത്രലോകത്തിന് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഈ രണ്ട് വിഭാഗങ്ങൾക്കിടയിലും അനുരഞ്ജനത്തിന്റെ സൂചനകളില്ലാത്തതിനാൽ ശത്രുത ശാശ്വതമായി തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.