ടോക്യോ: അസാമാന്യ ബുദ്ധിവൈഭവംകൊണ്ട് മനുഷ്യകുലത്തെ അതിശയിപ്പിച്ച ജപ്പാനിലെ ‘ജീനിയസ്’ ചിമ്പാൻസി ‘ആയി’ വിടപറഞ്ഞു. ഇംഗ്ലീഷ് അക്ഷരമാല ഹൃദിസ്ഥമായ, 100-ലേറെ ചൈനീസ് അക്ഷരങ്ങൾ തിരിച്ചറിയാൻ കഴിയുമായിരുന്ന ഈ ചിമ്പാൻസി ‘പ്രതിഭ’യെ പ്രൈമേറ്റുകളുടെ (മനുഷ്യനും കുരങ്ങുകളും ഉൾപ്പെട്ട ജീവിവർഗം) ബുദ്ധിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയിരുന്നു.

To advertise here,

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വെള്ളിയാഴ്ച 49-ാം വയസ്സിലാണ് ആയിയുടെ മരണം. ആയി എന്നാൽ, ജാപ്പനീസ് ഭാഷയിൽ ‘സ്‌നേഹം’ എന്നാണർഥം.

പ്രൈമേറ്റുകളുടെ ബോധം, പഠനശേഷി, ഓർമ്മ എന്നിവയെക്കുറിച്ച് പഠിക്കാനും അതിലൂടെ അവയുടെ ബുദ്ധിയെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും ആയി സഹായിച്ചെന്ന് ക്യോട്ടോ സർവകലാശാലയിലെ സെന്റർ ഫോർ ദി ഇവലൂണറി ഒറിജിൻസ് ഓഫ് ഹ്യൂമൻ ബിഹേവിയർ പറഞ്ഞു.

പൂജ്യം മുതൽ ഒൻപതുവരെയുള്ള അറബിക് അക്കങ്ങൾ തിരിച്ചറിയാനും 11 നിറങ്ങൾ മനസ്സിലാക്കാനും ആയിക്ക് പറ്റുമായിരുന്നെന്ന് പ്രൈമറ്റോളജിസ്റ്റായ ടെറ്റ്‌സുറോ മറ്റ്‌സുസാവ 2014-ൽ പറഞ്ഞിരുന്നു. പശ്ചിമാഫ്രിക്കയിൽനിന്ന് 1977-ലാണ് ആയി ടോക്യോ സർവകലാശാലയിലെത്തിയത്. 2000-ൽ അയുമു എന്ന ആൺകുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞും ആയിക്കുള്ളതുപോലുള്ള ചില കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത് മാതാപിതാക്കളിൽനിന്ന് കുട്ടികളിലേക്ക് അറിവ് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചു.