എല്ലാ കുട്ടികളേയും പോലെ കാട്ടിലെ കഥകളും വിസ്മയങ്ങളും കുട്ടിക്കാലത്തേ ഏറെ ഇഷ്ടമായിരുന്നു ജെയ്ൻ ഗുഡാളെന്ന ബ്രീട്ടീഷ് പെണ്‍കുട്ടിക്ക്. ഒന്നിനും വാശി പിടിച്ചിരുന്നില്ലെങ്കിലും കഥകള്‍ കേള്‍ക്കാതെ ഒരുപോള കണ്ണടയ്ക്കാത്ത കുട്ടിക്കാലം ആസ്വദിച്ചവള്‍.

To advertise here,

മകളുടെ കഥ കേള്‍ക്കാനുള്ള താല്‍പര്യം ഗുഡാളിന്റെ രക്ഷിതാക്കളേയും ഏറെ സന്തോഷിപ്പിച്ചു. അവരവള്‍ക്ക് ടാര്‍സന്റേയും ഡോ. ഡൂലിറ്റിലിന്റേയും വിസ്മയകഥകള്‍ പറഞ്ഞുകൊടുത്ത് സാങ്കല്‍പ്പിക ലോകത്തിന്റേയും കാടിന്റെ വന്യതയുടേയും വാതില്‍ തുറന്നുകൊടുത്തു. ഓരോ പിറന്നാള്‍ വരുമ്പോഴും അവളുടെ ഇഷ്ടകഥാപാത്രങ്ങളുടെ കളിപ്പാട്ടം സമ്മാനിച്ച് മകളെ ആ രക്ഷിതാക്കള്‍ സന്തോഷിപ്പിച്ചു. അങ്ങനെയൊരു സമ്മാനമായിരുന്നു പിതാവ് മോറിസ് ഗുഡാള്‍ സമ്മാനിച്ച ചിമ്പാന്‍സി കളിപ്പാട്ടം.

ആ കളിപ്പാട്ടം പക്ഷെ ജെയിന്‍ ഗുഡാളിന്റെ ജീവിതം മാറ്റി. ജീവിതം ചിമ്പാന്‍സികള്‍ക്കായി മാറ്റിവെച്ചു. പിന്നീടവര്‍ ലോക പ്രശസ്ത ചിമ്പാന്‍സി ഗവേഷകയായി. കഴിഞ്ഞ ദിവസം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് യുഎസില്‍ അന്തരിച്ച ചിമ്പാന്‍സി ഗവേഷക ഗുഡാളിന്റെ ജീവിതം അത്ഭുതവും വിസ്മയവും ഒരുപോലെ നിറഞ്ഞതായിരുന്നു. മനുഷ്യര്‍ മാത്രമല്ല സഹജീവികളും ഈ ഭൂമിയുടെ അവകാശികളാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കായി ജീവിതം മാറ്റിവെച്ച് വിപ്ലവം സൃഷ്ടിച്ച വനിത.

  • ജീവിതം മാറ്റിയ ജൂബിലി ചിമ്പാന്‍സി

കഥകള്‍കേട്ടും വായിച്ചും അത്ഭുതലോകത്തെത്തിയ ജെയ്ൻ ഗുഡാളിന്റെ ഏറ്റവും നിര്‍ണായകമായ ദിവസമായിരുന്നു ആ ചിമ്പാന്‍സി കളിപ്പാട്ടം ലഭിച്ച ദിവസം. മൃഗങ്ങളോടും കാടുകളോടും അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന മകള്‍ക്ക് ബിസിനസുകാരനായ പിതാവ് നല്‍കിയ ചിമ്പാന്‍സി പാവയെ ജെയ്ൻ ഗുഡാള്‍ ജൂബിലി എന്ന പേരു വിളിച്ചു. ഊണും ഉറക്കവും ജൂബിലിക്കൊപ്പമായി.

സാധാരണ ടെഡിബെയറിന് പകരമായി കിട്ടിയ സ്റ്റഫ്ഡ് ചിമ്പാന്‍സിയായിരുന്നു അത്. കളിപ്പാട്ടം കുഞ്ഞിനെ പേടിപ്പിക്കുമെന്നും ദു:സ്വപ്‌നം കാണുമെന്നും പറഞ്ഞ് ജൂബിലിയുമായുള്ള കൂട്ടിനെ അമ്മ മാര്‍ഗരറ്റും സൃഹൃത്തുക്കളും പലതവണ വിലക്കിയെങ്കിലും അതൊന്നും വകവെക്കാതെ അന്നുമുതല്‍ ജെയിനിന്റെ സന്തത സഹചാരിയായിരുന്നു ആ കുഞ്ഞു ചിമ്പാന്‍സി. ജൂബിലി അങ്ങനെ മരണം വരെ ജെയിനിന്റെ കൂടെക്കൂടുകയും ചെയ്തു. ജൂബിലിയാണ് പിന്നീട് ജെയിനിനെ ചിമ്പാന്‍സികളുടെ ലോകത്തെത്തിച്ചത്.

ഇരുപതാമത്തെ വയസ്സിലാണ് ജെയിന്‍ ചിമ്പാന്‍സികളെ തേടി കെനിയയിലേക്ക് സഞ്ചരിക്കുന്നത്. നരവംശ ശാസ്ത്രജ്ഞനായ ലൂയിസ് ലീക്കുമായുള്ള ചങ്ങാത്തം വഴിത്തിരിവാകുകയും ചെയ്തു. ലൂയീസ് ലീക്കാണ് ജെയ്നിനെ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനുമായി ആഫ്രിക്കയിലെ ഗോംബെയിലേക്ക് അയക്കുന്നത്. അവിടെ നിന്നാണ് വെറും ശാസ്ത്രീയ പഠനത്തിനപ്പുറം ചിമ്പാന്‍സികളുടെ സ്വഭാവത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും മനുഷ്യരുമായുള്ള സാമ്യതയെ കുറിച്ചുമെല്ലാം അവര്‍ പഠനം നടത്താന്‍ തുടങ്ങിയത്.

ജോലി ചെയ്യാനും ഉപകരണങ്ങള്‍ ഉപയോഗിക്കാനുമൊക്കെ മനുഷ്യര്‍ക്കേ കഴിയൂവെന്നും ചിമ്പാന്‍സികള്‍ സസ്യബുക്കുകളാണെന്നുമുള്ള ധാരണകളെ പൊളിച്ചെഴുതുന്നതായിരുന്നു ഗുഡാളിന്റെ പഠനം. ഗോംബെ സ്ട്രീം ചിമ്പാന്‍സി റിസേര്‍വില്‍(ഗോംബെ സ്ട്രീം നാഷണല്‍ പാര്‍ക്ക്) ഏറെ നാള്‍ ചിലവഴിച്ചുള്ള ഗുഡാളിന്റെ ഗവേഷണം ചിമ്പാന്‍സികളുടെ ജീവിതങ്ങളിലേക്ക് പുതിയ വാതില്‍ തുറക്കുന്ന ഇടപെടല്‍ കൂടിയായി മാറുകയും ചെയ്തു.

 

  • ചിമ്പാന്‍സികള്‍ക്ക് പേര് നല്‍കി പഠനം

1966-കളിലാണ് ടാന്‍സാനിയയില്‍ ചിമ്പാന്‍സികളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ജെയ്ൻ എത്തുന്നത്. വെറുതെ നിരീക്ഷിക്കുന്നതിനപ്പുറം വളരെ പെട്ടെന്ന് അവരുടെ സൃഹൃത്താവാന്‍ കഴിഞ്ഞു. വെറും മൃഗങ്ങളെന്ന പരിഗണന നല്‍കുന്നതിന് പകരം കൂടെപിറപ്പിനെ പോലെ, സ്വന്തം കുട്ടികളെ പോലെ ഇടപെടാന്‍ തുടങ്ങി. അവരെ പേര് വിളിച്ച് പരിപാലിച്ചു. അവയെ ഊട്ടിയും ഉറക്കിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും അവരിലൊരാളായി മാറി. ജെയ്നിന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും തന്റെ വഴി തന്റെ തീരുമാനമെന്ന രീതിയിലായിരുന്നു മുമ്പോട്ട് പോക്ക്. അത് വലിയ വഴിത്തിരിവാകുകയും ചെയ്തു. ചി

മ്പാന്‍സികളെ കൂട്ടിലടക്കുന്നതിനെതിരേയും വേട്ടായുന്നതിനേതിരേയും ശബ്ദമുയര്‍ത്തി. മനുഷ്യരെ പോലെ തന്നെ സാമൂഹിക ജീവിതം നയിക്കുന്നവരാണ് ചിമ്പാന്‍സികളെന്നും മനുഷ്യന്റെ അതേ വികാരവും വിചാരവുമുള്ളവരാണ് ചിമ്പാന്‍സികളെന്നും പല പഠനങ്ങളുടേയും അടിസ്ഥനത്തില്‍ അവര്‍ ലോകത്തോട് വിളിച്ച് പറഞ്ഞു.

1966-ലാണ് എഥോളജിയില്‍ ഗവേഷണത്തിനായി ജെയ്ൻ കാംബ്രിഡ്ജില്‍ എത്തുന്നത്. ബിരുദമില്ലാത്ത ജെയ്നിനെ കാംബ്രിഡ്ജില്‍ ഗവേഷണത്തിന് അയക്കുന്നതിലും ലൂയിസ് ലീക്ക് തന്നെയായിരുന്നു മുന്‍കൈയെടുത്തിരുന്നത്. അങ്ങനെ കാംബ്രിഡ്ജിന്റെ ചരിത്രത്തില്‍ തന്നെ ബിരുദമില്ലാതെ ഗവേഷകയാകുന്ന വനിതയായി ജെയ്ൻ ഗുഡാള്‍ മാറി.  പത്താമത്തെ വയസ്സിലാണ് ജെയ്ൻ ആദ്യ പുസ്തകം വാങ്ങുന്നത്. എഡ്ജര്‍ റൈസ് ബറോസ്, ടാര്‍സന്‍ ഓഫ് ദ ഏപ്‌സ് തുടങ്ങിയ പുസ്തകങ്ങളാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് പിന്നീടവര്‍ പല തവണ പറഞ്ഞിട്ടുണ്ട്. ഈ പുസ്തങ്ങളില്‍ നിന്നാണ് ആഫ്രിക്കയിലേക്ക് സഞ്ചരിക്കാനുള്ള ചവിട്ടുപടി ആയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മൃഗങ്ങളെ ലബോറട്ടറികളില്‍ പഠനവസ്തു ആക്കുന്നതിനെതിരേയും കൂട്ടിലടക്കുന്നതിനെതിരേയും നിരന്തരം ശബ്ദമുയര്‍ത്തി. ലോകം മുഴുവന്‍ യാത്ര ചെയ്തു. അത്  മരണം വരെ തുടരുകയും ചെയ്തുവെന്നാണ് ജെയ്നിനെ വ്യത്യസ്തയാക്കിയത്. പ്രായാധിക്യത്തിന്റെ അവശതയിലും വര്‍ഷത്തില്‍ 300 ദിവസം വരെയെങ്കിലും അവര്‍ തന്റെ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കുമായി യാത്ര ചെയ്തിരുന്നു. അങ്ങനെയൊരു യാത്രയ്ക്കിടയിലായിരുന്നു അന്ത്യവും.

  • ചിമ്പാന്‍സികളുടെ സംരക്ഷണത്തിന് ജെയ്ൻ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 

മരണം വരെ മൃഗങ്ങള്‍ക്കായി ജീവിതം ഒഴിഞ്ഞുവെക്കുമെന്ന പ്രതിജ്ഞയെടുക്കുകയായിരുന്നു ജെയ്ൻ ഗുഡാള്‍. ഇതിനായി 1977-ല്‍ ജെയ്ൻ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്തു. പ്രദേശിക ജനങ്ങളുടെ സഹകരണത്തോടെ ചിമ്പാന്‍സികളും ആള്‍കുരങ്ങുകളും ഉള്‍പ്പെടെയുള്ളവയുടെ സംരക്ഷണത്തിനായി വലിയ വേദിയുണ്ടാക്കുക എന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. സ്വാഭാവിക പരിസ്ഥിതിയില്‍ ഇവ എങ്ങനെ ജീവിക്കുന്നുവെന്നും മനുഷ്യരുമായി എത്രമാത്രം സാമ്യതയുണ്ടെന്നും ഇവയ്‌ക്കെതിരേയുള്ള മനുഷ്യ ഇടപെടലിനേയും കുറിച്ച് സ്ഥാപനം ലോകത്തമാകമാനം ശബ്ദമുയര്‍ത്തി. അവര്‍ക്കായി നിയമസഹായങ്ങളൊരുക്കി. ഇന്ന് 25 രാജ്യങ്ങളിലാണ് ജെയ്ൻ ഗുഡാള്‍ ഇൻസ്റ്റിറ്റ്യൂട്ടിന്‌ ഓഫീസുകളുള്ളത്.

ടാന്‍സാനിയയിലെ  പഠനത്തിന്റെ ആദ്യകാലത്താണ് ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംബന്ധിച്ചുള്ള ചിന്ത ഗുഡാളിന്റെ മനസ്സിലേക്കെത്തുന്നത്. കാടുകളുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ അക്കാലത്ത് വലിയ രീതിയിലായിരുന്നു വീടുകള്‍ വെക്കാനും മറ്റും പ്രാദേശിക ജനങ്ങള്‍ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നത്. ഇത് ചിമ്പാന്‍സികളുടെ സ്വഭാവികജീവിതത്തിന് തിരിച്ചടിയാവുന്നുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. മരം വെട്ടുന്നതില്‍നിന്ന് ജനങ്ങളെ ഒറ്റയടിക്ക് വിലക്കുന്നതിന് പകരം അവര്‍ക്ക് പകരം സംവിധാനം ഒരുക്കി അവരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഗുഡാളിന്റെ സംരക്ഷണ പ്രവര്‍ത്തനം വിജയം കാണുകയും ചെയ്തു. ഈ തിരിച്ചറിവാണ് പിന്നീട് ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചത്.

ചിമ്പാന്‍സി സംരക്ഷണത്തിന് പ്രാദേശിക ജനങ്ങളെ പങ്കാളികളാക്കി. അത് വഴി അവര്‍ക്ക് വരുമാനം കണ്ടെത്താനുള്ള വഴിയൊരുക്കി. മരങ്ങള്‍ വെട്ടി വിറ്റുള്ള വരുമാന മാര്‍ഗത്തിന് പകരം മറ്റ് ജോലിസാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നിട്ടതോടെ ചിമ്പാന്‍സി സംരക്ഷണത്തില്‍ പ്രാദേശിക ജനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. മരങ്ങള്‍ വെട്ടുന്നത് നിന്നതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ജലസ്രോതസ്സുകള്‍ സജീവമായി. ഇത് മത്സ്യബന്ധനത്തിലൂടെയും മറ്റും പ്രാദേശിക ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള വഴിയൊരുക്കി.

ചിമ്പാന്‍സികള്‍ മറ്റ് മനുഷ്യക്കുരങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ദേശീയോദ്യാനങ്ങളെ കൂടുതല്‍ സജീവമാക്കുക, ഇവയുടെ അനധികൃത കടത്തുകള്‍ക്കെതിരേ നിയമസഹായങ്ങള്‍ നല്‍കുക, വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനായി ജനങ്ങള്‍ക്കിടയില്‍ പൊതു അവബോധം സംഘടിപ്പിക്കുക എന്നതെല്ലാം ഇന്ന് ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവർത്തനങ്ങളാണ്‌. ദക്ഷിണാഫിക്കയില്‍ ചിമ്പ് ഏഥന്‍ സാങ്ച്വറി എന്ന പേരില്‍ ഗുഡാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയോദ്യാനവുമുണ്ട്.

 

  • കാട്ടുതീ തകര്‍ത്ത ലോസ്ആഞ്ചലീസിലെ മരംനടല്‍ ചടങ്ങിനെത്തുന്നതനിടെ മരണം

ഗുഡാളിന്റെ മരണവും ഒരു വാക്ക്പാലിക്കലായിരുന്നു. ലോസ്ആഞ്ചലീസില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ കാട്ടുതീയില്‍ ചാമ്പലായിപ്പോയ മരങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വലിയ കാമ്പയിനില്‍ ബുധനാഴ്ച നടക്കാനിരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ  വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം അടങ്ങുന്നവരുടെ നേതൃത്വത്തില്‍ 5000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാന അതിഥിയായിരുന്നു ഗുഡാള്‍. പക്ഷെ, അതിന് മുമ്പെ അവര്‍ക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു.

മരണത്തെ തുടര്‍ന്ന് ഗുഡാളിന്റെ പേരില്‍തന്നെ ആദ്യമരം നട്ടാണ് അവര്‍ ആ പരിസ്ഥിതി സ്‌നേഹിയോട് നീതി പുലര്‍ത്തിയത്. ആയിരത്തോളം വിദ്യാര്‍ഥികളാണ് പരിപാടിക്കെത്തിയിരുന്നത്. ഗുഡാളിന്റെ നഷ്ടം അവര്‍ക്കിടയില്‍ വലിയ നിശബ്ദതയുണ്ടാക്കി. ഇത്രയും വലിയൊരു ഉദ്യമത്തില്‍ ആദ്യമരം അവരുടെ പേരില്‍ തന്നെ വെച്ചുപിടിപ്പിക്കുക. ഒരു ജീവിതം മുഴുവന്‍ പ്രകൃതിക്കും മൃഗങ്ങള്‍ക്കുമായി മാറ്റി വെച്ച ഒരു വ്യക്തിക്ക് തങ്ങള്‍ക്ക് കൊടുക്കാനാവുന്ന ഏറ്റവും വലിയ ആദരവ് അതാണെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഷവ്‌ന മറീനോ വ്യക്തമാക്കി.

 

 

ചിമ്പാന്‍സികളെ കുറിച്ചുള്ള ഗുഡാളിന്റെ കണ്ടെത്തലുകളെ വലിയ പരിഹാസത്തോടെയാണ്‌ ആദ്യഘട്ടത്തില്‍ മറ്റ് പല ഗവേഷകരും വരവേറ്റത്. ചിമ്പാന്‍സികള്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും സാമൂഹിക ജീവിതം ഉറപ്പാക്കുന്നതിന് പോരാട്ടം നടത്തുന്നതും തെളിവുകള്‍ സഹിതം ഗുഡാള്‍ പുറത്തുവിട്ടു. 1963 -ല്‍ നാഷണല്‍ ജോഗ്രഫിക്കിലെ ഡോക്യുമെന്ററിയില്‍ ഗുഡാള്‍ പ്രത്യക്ഷപ്പെട്ടതോടെ അത് ദശലക്ഷക്കണക്കിന് ആളുകളെയാണ് സ്വാധീനിച്ചത്. ഫ്‌ളിന്റ് എന്ന പേരിലുള്ള ഒരു ചിമ്പാന്‍സി കുഞ്ഞിന് മുന്നില്‍  കൈനീട്ടുന്ന ഗുഡാളിന്റെ പ്രതീകാത്മക ചിത്രം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു.

1960-ലാണ്‌ മനുഷ്യനെ പോലെ ചിമ്പാന്‍സികളും അതിജീവനത്തിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തിയത്. ഡേവിഡ് ഗ്രേബിയേര്‍ഡ് എന്ന് പേരുള്ള ചിമ്പാന്‍സി ചുള്ളിക്കമ്പുകള്‍ കൊണ്ട് ഒരു ഉപകരണം ഉണ്ടാക്കുന്നതും അത് ഉപയോഗിച്ച് ചിതല്‍പ്പുറ്റില്‍നിന്ന് ചിതലുകളെ പിടിക്കുന്നതും അവര്‍ കണ്ടെത്തി. ഇതിന് മുന്‍പ്, മനുഷ്യര്‍ മാത്രമാണ് ഉപകരണങ്ങള്‍ നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നതെന്ന്‌ വിശ്വസിക്കപ്പെട്ടിരുന്നു. ആ വിശ്വാസത്തെയാണ് അവര്‍ മാറ്റിമറിച്ചത്.

ചിമ്പാന്‍സികള്‍ക്ക് ഓരോന്നിനും അതിന്റേതായ വ്യക്തിത്വമുണ്ടെന്നും ആനന്ദം, സന്തോഷം, ദുഃഖം, ഭയം തുടങ്ങിയ മനുഷ്യവികാരങ്ങള്‍ അവയും പങ്കുവെക്കുന്നുണ്ടെന്നും അവര്‍ കണ്ടെത്തി. അമ്മമാരും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം, സഹോദരങ്ങള്‍ക്കിടയിലെ മത്സരം, ആണാധിപത്യം എന്നിവ അവര്‍ രേഖപ്പെടുത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മനുഷ്യര്‍ക്കും മൃഗലോകത്തിനും ഇടയില്‍ വ്യക്തമായ ഒരു അതിര്‍വരമ്പില്ലെന്ന് അവര്‍ കണ്ടെത്തുകകൂടി ചെയ്താണ് ജെയ്ൻ ഗുഡാൾ വിടവാങ്ങിയത്.