
ദക്ഷിണേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും കടുവ സങ്കേതങ്ങളില്‍ ഏതാണ്ട് 18 വര്‍ഷത്തോളം സീനിയര്‍ നാച്ചറലിസ്റ്റായി പ്രവർത്തിച്ചു പരിചയമുള്ളയാളാണ് ഡേവിഡ് രാജു. ഡ്രാഗണ്‍ ഫ്ളൈസ് ഓഫ് കേരള, A photographic field guide to wild life of central india, Wild life of south india തുടങ്ങിയ പുസ്തകങ്ങളുടെ സഹ ഗ്രന്ഥകര്‍ത്താവായ ഡേവിഡ് 12 ഇനം തവളകളെ പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തിയ പഠനസംഘത്തിൽ അംഗമായിരുന്നു. 2014ലെ നാച്ചറലിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 14 വർഷത്തിലധികം മധ്യപ്രദേശിലെ കടുവാ സാന്നിധ്യമുള്ള കാടുകളിൽ പ്രവർത്തിച്ച് പരിചയമുള്ള ഡേവിഡ് രാജു തന്റെ കടുവാ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു
മധ്യപ്രദേശിലെ കന്‍ഹാ ദേശീയോദ്യാനത്തില്‍ ഏതാണ്ട് 15 വര്‍ഷത്തോളം നാച്ചറലിസ്റ്റായി ജോലി ചെയ്ത ഒരാളാണ് താങ്കള്‍. ജീവിതത്തില്‍ അത്രയധികം തവണ കടുവയെ കണ്ടൊരാള്‍. കേരളത്തിലെയും മറ്റിടങ്ങളിലെയും കടുവകളുടെ ജീവിതരീതിയും വേട്ടയാടല്‍ രീതിയുമെല്ലാം സമാനമാണോ? അതോ ഭൂപ്രദേശത്തിനനുസരിച്ച് ഇത് മാറുമോ.? വയനാട്ടില്‍ പുല്ലരിയാന്‍ വന്ന യുവാവിനെ കടുവ കൊന്നത് അറിഞ്ഞു കാണുമല്ലോ?
Also Read
കടുവകളെല്ലാം ഭക്ഷിക്കുന്നത് ഏതാണ്ട് ഒരേ രീതിയിലാണ്. ആക്രമിക്കപ്പെട്ട ജീവിയുടെ ജഡം കണ്ടാൽ തന്നെ അത് കടുവയാണോ പുലിയാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ പറ്റും. ഒരു പശുവിനെ പുലിയോ കടുവയോ പിടിച്ചാല്‍ അതിനെ ആദ്യം ശ്വാസംമുട്ടിച്ചാണ് കൊല്ലുന്നത്. കഴുത്തിൽ അമര്‍ത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചാണ് കൊല്ലുക. ചെറിയ ജീവികളാണെങ്കില്‍ കഴുത്തിന് കടിച്ചാല്‍ തന്നെ ചത്തുപോവും. വലിയ മൃഗങ്ങളെ തൊണ്ടയ്ക്ക് പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലും. പിടിച്ചു കഴിഞ്ഞ ശേഷം പുലിയാണെങ്കിൽ വയര്‍ പിച്ചിക്കീറും. എന്നാല്‍ കടുവ ഇരയെ പിടിച്ചാല്‍ തുടഭാഗത്തു നിന്നാണ് ഭക്ഷിച്ചു തുടങ്ങുന്നത്. വയനാട്ടിലും പിടിച്ചയാളുടെ കാലാണ് ഭക്ഷിച്ചത്. തുടയ്ക്ക് മുകളിൽ (rump) നിന്ന് കഴിച്ചു തുടങ്ങല്‍ കടുവകളുടെ സ്വഭാവ സവിശേഷതയാണ്. അത് ഒരുപാട് വര്‍ഷം നിരീക്ഷിച്ച് മനസ്സിലാക്കിയെടുത്തതാണ്. പക്ഷേ, പുലി അങ്ങനെയല്ല അവ വയറിന്റെ ഭാഗത്ത് നിന്ന് പിച്ചിപ്പറിച്ചാണ് കഴിക്കുക. ഇരയെ പിടിച്ചാല്‍ പൊതുവെ കൊമ്പും വലിയ എല്ലും തലയും മാത്രമേ കടുവയും പുലിയുമെല്ലാം ബാക്കിവെക്കൂ.. ചെറിയ എല്ലുകളൊക്കെ കടിച്ചു ചവച്ച് അകത്താക്കും.
പൊതുവെ നടന്നുവരുന്ന മനുഷ്യനെ കണ്ടാല്‍ പേടിച്ചു പോകുന്ന ജീവിയാണ് കടുവ. കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുക പോലുമില്ല. 99 ശതമാനം കടുവകളും നമ്മെ കണ്ടാല്‍ പേടിച്ചോടും. വയനാട്ടില്‍ ഒരുപക്ഷേ, സംഭവിച്ചത് കുനിഞ്ഞിരുന്ന് പുല്ലരിയുന്നത് കണ്ടപ്പോള്‍ വല്ല പന്നിയുമാണെന്ന് തെറ്റിദ്ധരിച്ചതാവാം. പക്ഷെ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ വിടില്ല. ഒരു തവണ മനുഷ്യനെ കൊന്ന് തിന്നുകഴിഞ്ഞാല്‍ പിന്നെ മനുഷ്യനാണ് ഏറ്റവും ബലഹീനരായ ഇരയെന്ന് ഇവ മനസ്സിലാക്കും. വയനാട്ടില്‍ ആളെ കൊന്ന കടുവയെ ഇതുവരെ കണ്ടെത്തിയിട്ടു പോലുമില്ല. പ്രായം കുറഞ്ഞ കടുവകളാണെങ്കില്‍ അവയെ മയക്കുവെടിവെച്ച് മറ്റു കാടുകളിലേക്ക് മാറ്റുന്നതാണ് ഉചിതം. പക്ഷേ, വേണ്ടത് പഠനമാണ്. ഒരു കടുവ ഒന്നില്‍ കൂടുതല്‍ തവണ ആളുകളെ ആക്രമിച്ചാല്‍ പിന്നെ കൊല്ലുകയെന്നതാണ് ഏറ്റവും പ്രായോഗികമായ മാർഗ്ഗം. മാത്രവുമല്ല മനുഷ്യ-മൃഗ സംഘര്‍ഷങ്ങളില്‍ കാടിനകത്തെ മൃഗത്തെ കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. പകരം കാടിനു പുറത്ത് വന്നതിനെ കുറിച്ചാണ്. അത്തരം ഘട്ടത്തില്‍ മനുഷ്യന്റെ ഭാഗത്ത് നിന്ന് മാത്രമേ നമുക്ക് സംസാരിക്കാനാവൂ.. ആയിരക്കണക്കിനേറെ കടുവകളുടെ പടമെടുത്തിട്ടുണ്ട്. അതിലേറെ കണ്ടിട്ടുമുണ്ട്. പരിസ്ഥിതിവാദികള്‍ എന്നെ വിമർശിക്കുമായിരിക്കും. പക്ഷെ എന്റെ ഈ വിഷയത്തിലെ നിലപാടിതാണ്.
ഒരു ടെറിട്ടോറിയല്‍ മൃഗമാണല്ലോ കടുവ. പക്ഷേ, വയനാട്ടിൽ കടുവകളുടെ എണ്ണം വളരെ കൂടുതലാണ്. 80ലേറെ കടുവകളാണ് വയനാട്ടിലുള്ളത്. വയനാട്ടിലെ കടുവകളുടെ അസാധാരണ സാന്ദ്രതയ്ക്ക് കാരണമെന്താവാം.. പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുവെ പറയും പോലെ കാട് കയ്യേറ്റവും പരിസ്ഥിതി നാശവുമൊക്കെയാണോ കാരണം..
അതല്ലാം വരട്ടുവാദങ്ങളാണ്. പലരും പഠിച്ചല്ല പറയുന്നത്. ഏതാനും തവണ കാടു കയറി കുറച്ചു കടുവകളെ കാണുമ്പോഴേ വൈകാരികമായി ഇത്തരം വിഷയങ്ങള്‍ സംസാരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരും. എല്ലായിടത്തെയും കടുവകളുടെ ടെറിട്ടറി ഒരുപോലെയാണെന്നൊക്കെ പറയാറുണ്ടെങ്കിലും അങ്ങനെയല്ല. മധ്യപ്രദേശില്‍ പെണ്‍കടുവയ്ക്ക് 15 ചതുരശ്ര കിലോമീറ്റർ ടെറിട്ടറിയുണ്ടാവുമ്പോള്‍ ആണ്‍ കടുവയ്ക്ക് 50 മുതല്‍ 100 ചതുരശ്ര കിമി വരെ ഉണ്ടാവാറുണ്ട്. പക്ഷേ, വയനാട്ടില്‍ രണ്ടോ മൂന്നോ ചതുരശ്ര കിലോമീറ്ററിനകത്ത് ഒരു കടുവയുണ്ട്. ഈ കാര്യത്തില്‍ വ്യക്തതയുള്ള പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ടെറിട്ടറിയും ഹോം റേഞ്ചും തമ്മിലുള്ള വ്യത്യാസം പലര്‍ക്കുമറിയില്ല. ഉദാഹരണത്തിന് നമ്മുടെ വീടെന്നത് നമ്മുടെ ടെറിട്ടറിയാണ്. അവിടേയ്ക്ക് ഒരു അപരിചിതനെ നമ്മള്‍ കയറ്റില്ല. കർശനമായി സംരക്ഷിക്കപ്പെട്ട മേഖല ആണത്. അതുപോലെയാണ് കടുവയ്ക്ക് ടെറിട്ടറി. എന്നാല്‍ അത് ഭക്ഷണം തേടി പലയിടങ്ങളില്‍ പോവും. അത് അവയുടെ ഹോം റേഞ്ചാണ്.
ലോകത്തിലെ തന്നെ ഏറ്റവും കടുവസാന്ദ്രതയുള്ള സ്ഥലം വയനാടാണ്. 80 എണ്ണമുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. 80 എണ്ണമാണെങ്കില്‍ തന്നെ അഞ്ച് ചതുരശ്ര കിലോമീറ്ററിനകത്ത് ഒരു കടുവ വരും. അപ്പോള്‍ തന്നെ ലോകത്തിലെ തന്നെ റെക്കോഡ് സാന്ദ്രതയില്‍ കടുവകളുള്ളതാവണം വയനാട്..
Read also- നാല് കൊല്ലം, 200 കടുവകൾ; 50 വർഷത്തിനു ശേഷം പ്രൊജക്ട് ടൈഗർ നൽകുന്ന ശുഭസൂചനകൾ
കാട് കയ്യേറ്റവും പരിസ്ഥിതിനാശവും സഞ്ചാരപാത നഷ്ടപ്പെടലുമെല്ലാം ഇതിന്റെ കാരണമായി പലരും പറയുന്നുണ്ടെങ്കിലും ഞാനിതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടമാണ് കൊച്ചി. ഒന്നും രണ്ടും ഏക്കര്‍ സ്ഥലമുള്ളവര്‍ വരെ കാശുമുടക്കി കോടിക്കണക്കിന് രൂപയ്ക്ക് കൊച്ചിയില്‍ ഫ്ളാറ്റും വാങ്ങി താമസിക്കുന്നുണ്ട്. സൗകര്യവും വിഭവങ്ങളുടെ ലഭ്യതയും ആളുകള്‍ക്ക് താമസിക്കാന്‍ നല്ല സ്ഥലവുമായതുകൊണ്ടാണത്. ഇതുപോലെ തന്നെയാണ് കടുവയുടെ കാര്യവും.
കാട്ടില്‍ കടുവയ്ക്ക് ജീവിക്കാന്‍ രണ്ട് മൂന്ന് കാര്യങ്ങളാണ് വേണ്ടത്. ഒന്ന് ആണ്‍ കടുവയാണെങ്കിൽ പെണ്‍ കടുവ വേണം. ഒരാണ്‍ കടുവയ്ക്ക് രണ്ട്, മൂന്ന് പെണ്‍കടുവകൾ കാണും. ഒരു കടുവയ്ക്ക് പ്രതിവര്‍ഷം തിന്നാന്‍ അമ്പതോ അറുപതോ മാനുകളോ മറ്റ് ജീവികളോ വേണം. ഇരകളുടെ സംഖ്യ കൂടിനില്‍ക്കുന്നിടത്തേ കടുവയ്ക്ക് ആരോഗ്യകരമായ ജീവിതവും പ്രജനനനും മുന്നോട്ടു കൊണ്ടുപോകാനാവൂ. നൂറല്ല, 500 എണ്ണമുണ്ടെങ്കിലേ അവയ്ക്ക് അതില്‍ നിന്ന് പ്രതിവര്‍ഷം 60 എണ്ണത്തിനെയെങ്കിലും പിടിക്കാന്‍ പറ്റൂ. ഇരകളുടെ എണ്ണം പ്രധാനമാണ്. വെള്ളം വേണം, അത്യാവശ്യം ജീവിക്കാന്‍ പറ്റിയ നല്ല കാടും വേണം. കടുവയെ സംബന്ധിച്ച് ഇതെല്ലാം ഒത്തിണങ്ങിയ ഇടമാണ് വയനാട്. കാടുമുണ്ട് ഇഷ്ടം പോലെ മാനുമുണ്ട്. കടുവയെയും മാനിനെയും രണ്ടിനെയും വേട്ടയാടലും നമ്മുടെ കാട്ടിലില്ല. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും കടുവ സാന്ദ്രതയുള്ള സ്ഥലമായി വയനാട് മാറി. വയനാട്ടിലെ കാപ്പിത്തോട്ടങ്ങളെന്നത് കാടിനു സമാനമായ വിഭവങ്ങള്‍ കടുവയ്ക്ക് നല്‍കുന്ന മേഖലയാണ്. വര്‍ഷം മുഴുവന്‍ പച്ചയിലകളുള്ള കാപ്പിത്തോട്ടത്തിനകത്ത് സാമ്പാര്‍ അഥവാ മ്ലാവും പന്നി പോലുള്ള ജീവികളുമുണ്ടാവും. അതിനെയൊക്കെ പിടിക്കാനായി കടുവകള്‍ കാപ്പിത്തോട്ടങ്ങളിലേക്കിറങ്ങും. എസ്‌റ്റേറ്റുകളെല്ലാം ഇപ്പോള്‍ കടുവകള്‍ക്ക് പറ്റിയ സ്ഥലമാണ്. വയനാട്ടില്‍ കടുവ ഇല്ലാത്ത സ്ഥലമില്ല. വൈത്തിരിയില്‍ വരെ കടുവയുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്ന സ്ഥലം വയനാടാണെന്നത് നമ്മൾ ആക്സപ്റ്റ് ചെയ്യേണ്ടതുണ്ട്.
54 കടുവ സങ്കേതങ്ങളുണ്ട് ഇന്ത്യയില്‍. വയനാട് കടുവ സംരക്ഷണ കേന്ദ്രമോ കടുവ സങ്കേതമോ അല്ലെന്ന് ഓര്‍ക്കണം. കടുവസങ്കേതമായ പറമ്പിക്കുളത്തേക്കാളും കൂടുതൽ കടുവകൾ വയനാട്ടിലുണ്ട്.. രൺത്തമ്പോർ, കന്‍ഹാ, തുടങ്ങിയ കടുവ സങ്കേതങ്ങളെല്ലാം ഇലപൊഴിയും കാടുകളാണ്. മാനുകള്‍ ഏറ്റേവും കൂടുതല്‍ കാണുന്നത് നിത്യഹരിത വനങ്ങളിലല്ല. പകരം ഇലകൊഴിയും കാടുകളിലാണ്. അതിനാലാണ് പെരിയാറില്‍ കടുവകളുടെ എണ്ണം കുറവുള്ളതും കടുവസങ്കേതമല്ലാതിരുന്നിട്ടും വയനാട്ടില്‍ ഇവയുടെ എണ്ണം കൂടുതലുള്ളതും.
Read also- ആരെയും പേടിക്കാത്ത ശക്തന്‍! കരയിലും വെള്ളത്തിലും കരുത്ത് ഒരേപോലെ; അറിയാം കടുവയെ
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കണക്കെടുപ്പ് പ്രകാരം കേരളത്തില്‍ 2018ല്‍ 190 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് 2022ല്‍ 213 എണ്ണമായി വര്‍ധിച്ചു. എന്നാല്‍ വയനാട്ടിലും കേരളത്തിലും കടുവകളുടെ എണ്ണം കുറഞ്ഞെന്നാണ് വനംവകുപ്പ് നടത്തിയ സെന്‍സസ് പറയുന്നത്. 2018ല്‍ 120 എണ്ണം ഉണ്ടായിരുന്ന സ്ഥാനത്ത് 2022ല്‍ 84 എണ്ണമായി ചുരുങ്ങി എന്നാണ് കണക്ക്. ഇതിലേതാണ് യാഥാര്‍ഥ്യം. കടുവകളുടെ എണ്ണം കുറയുകയാണോ കൂടുകയാണോ ഉണ്ടായത്.
ഇതില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്. 2018ല്‍ 312കാമറാ ട്രാപ്പ് വെച്ച് 1380 കടുവ ചിത്രങ്ങളാണ് ലഭിച്ചത്. 2022ല്‍ 281 കാമറാ ട്രാപ്പ് മാത്രമാണ് വെച്ചത്. കാമറാ ട്രാപ്പുകളുടെ എണ്ണം കുറഞ്ഞു. 2018ല്‍ 11390 മണിക്കൂറിന്റെ ഫൂട്ടേജ് ഉണ്ടായിരുന്നത് 2022ല്‍ 9655 മണിക്കൂറായി കുറഞ്ഞു. 2000 മണിക്കൂറാണ് കുറഞ്ഞത്. അത് എണ്ണത്തില്‍ പ്രതഫലിച്ചിട്ടുണ്ടാവാമെന്നാണ് എന്റെ അനുമാനം. അല്ലാതെ കടുവകളുടെ എണ്ണം കുറഞ്ഞതാണെന്ന കരുതുന്നില്ല.
കടുവകള്‍ പുറത്തിങ്ങുന്നതിനുള്ള കാരണങ്ങള്‍ പലതാണ് കേള്‍ക്കുന്നത്. ഒന്ന് ടെറിട്ടോറിയല്‍ ഇഷ്യു ആണ്, കാട് കയ്യേറ്റവും കാട് മുറിഞ്ഞു പോകുന്നതുമാണ് മറ്റൊരു കാരണമായി പറയുന്നത്. വയസ്സായി പരിക്ക് പറ്റുന്ന കടുവകള്‍ എളുപ്പം ഇര എന്ന നിലയില്‍ മനുഷ്യനെ വേട്ടയാടുന്നു എന്ന വായനകളും കാണുന്നു. ഇതിനെല്ലാറ്റിനും പുറമെ നവംബര്‍ ഡിസംബര്‍ മാസങ്ങൾ കടുവകളുടെ ഇണചേരല്‍ കാലമാണെന്നും അങ്ങിനെയിറങ്ങുന്ന ആണ്‍ കടുവകളെ മറ്റ് ആണ്‍കടുവകൾ ആക്രമിക്കുകയും അങ്ങനെ പരിക്കേല്‍ക്കുന്നവയും കാടുവിട്ടിറങ്ങുന്നു എന്നും, അതാണ് ഈ മാസങ്ങളില്‍ കടുവയുടെ ആക്രമണം കൂടാന്‍ കാരണമെന്നും പറയുന്നു.....
കടുവകള്‍ ഇണചേരുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ മാത്രമല്ല. വര്‍ഷമുടനീളം പല സമയങ്ങളില്‍ ഇവയുടെ ഇണചേരല്‍ ഞാന്‍ കണ്ടിട്ടുണ്ട്. പ്രത്യേക സമയത്ത് ഇണചേരുന്നു എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഒരു ടെറിട്ടറിയിലെ പ്രധാന ആൺകടുവയുടെ കീഴിൽ ഒന്നോ രണ്ടോ പെണ്‍കടുവ കാണും. അവറ്റകളുമായി വേറെയൊരു ആണ്‍കടുവ ഇണചേരാന്‍ ഈ കടുവ സമ്മതിക്കില്ല. തങ്ങളുടെ ടെറിട്ടറിയിലേക്ക് വരുമ്പോള്‍ തന്നെ അടിച്ചോടിക്കും. അപൂര്‍വമായി മാത്രമേ പരസ്പരം ആക്രമിക്കുന്ന ഘട്ടത്തിലേക്ക് കടക്കൂ.. ബാക്കി പറഞ്ഞ രണ്ട് മൂന്ന് നിരീക്ഷണങ്ങള്‍ ശരിയാണ്.. ഈ പറഞ്ഞതിനെല്ലാറ്റിനും പുറമെ നമ്മൾ അധികം ചര്‍ച്ച ചെയ്യാത്ത ചില ഘടകങ്ങള്‍ കൂടിയുണ്ട്.
ഒന്ന് മുതല്‍ രണ്ട് വയസ്സുവരെയുള്ള കടുവക്കുഞ്ഞുങ്ങള്‍ അമ്മയുടെ കൂടെയായിരിക്കും. അങ്ങനെയുള്ളവയെ സബ് അഡൾട്‌സ് എന്നാണ് പറയുക. രണ്ട് വയസ്സു കഴിഞ്ഞാല്‍ അമ്മ ഇവയെ തുരത്തിയോടിക്കും. കടുവകളെല്ലാം ഏകാന്ത മൃഗങ്ങളായതിനാല്‍ തന്നെ രണ്ട് വയസ്സ് കഴിഞ്ഞ് അമ്മയില്‍ നിന്നകലുന്ന കടുവക്കുട്ടികള്‍ ടെറിട്ടറിയില്ലാതെ അലഞ്ഞ് തിരിയും. ഇങ്ങനെ നടക്കുന്നവയെ ട്രാന്‍സിയന്റ്‌സ് അഥവാ ഫ്‌ലോട്ടേര്‍സ് എന്നാണ് പറയുക. അതായത് ഇവയ്ക്ക് കൃത്യമായ ടെറിട്ടറിയുണ്ടാവില്ല. പകരം അച്ഛന്റെയോ അമ്മയുടയോ ടെറിട്ടറിക്ക് പുറത്ത് ഗ്രാമപ്രദേശത്തിനടുത്തോ മറ്റോ ആവും ഇവ ജീവിക്കുന്നത്. ഇങ്ങനെയുള്ള കടുവകളാണ് പലപ്പോഴും വെളിയില്‍ വരുന്നത്.
അങ്ങനെയല്ലാതെ തീര്‍ത്തും പ്രായമായി, അവശരായ കടുവകളും പുറത്തു വരുന്നുണ്ട്. ട്രാന്‍സിയന്റ് കടുവകള്‍ വലുതായി ശക്തരായി പ്രായം ചെന്ന കടുവകളെ ഓടിക്കുമ്പോഴും കടുവകൾ കാട്ടില്‍ നിന്ന് പുറത്ത് കടക്കും. ഇങ്ങനെ പുറന്തള്ളപ്പെടുന്നതിനെയും ട്രാന്‍സിയന്റ്‌സെന്നും ഫ്ളോട്ടേഴ്‌സ് എന്നും പറയും. ഇവക്കൊന്നും കൃത്യമായ ടെറിട്ടറി ഉണ്ടാവില്ല. മനുഷ്യ-കടുവ സംഘര്‍ഷമുണ്ടാക്കുന്ന 99 ശതമാനവും ഇങ്ങനെ പുറത്ത് വരുന്ന കടുവകളാണ്
ഇന്ത്യയില്‍ കടുവകളുടെ എണ്ണം അസാധാരണമായി കുറഞ്ഞ സാഹചര്യത്തിലാണല്ലോ ദേശീയാടിസ്ഥാനത്തില്‍ കടുവ സംരക്ഷിത മൃഗമാകുന്നതും അവയ്ക്ക് സംരക്ഷിത ഇടങ്ങളുണ്ടാവുന്നതും. പക്ഷേ, സംരക്ഷിച്ച് കാട്ടില്‍ കൊള്ളുന്നതില്‍ കൂടുതല്‍ എണ്ണം പെരുകിയാല്‍ എങ്ങനെ നേരിടും? എന്താണ് പരിഹാരം?
കൃത്യമായ ടൈഗര്‍ റിസര്‍വിനടുത്തുള്ള കടുവകളെ നിരീക്ഷിക്കണം. പ്രായം കുറഞ്ഞ ട്രാന്‍സിയന്റ്‌സിനെയും ഫ്ളോട്ടേഴ്സിനെയും മയക്കുവെടി വെച്ച് പിടിച്ച് അവയെ മറ്റേതെങ്കിലും കാട്ടില്‍ കൊണ്ട് തള്ളുക എന്നതാണ് ഒരു വഴി. ഇന്ത്യയിൽ 54 കടുവാ സങ്കേതങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. അതിൽ പത്തിൽ കൂടുതൽ എണ്ണത്തിൽ രണ്ടിൽ താഴെ കടുവകളേ ഉള്ളൂ. ഇവിടെ നിന്ന് പിടിക്കുന്ന കടുവകളെ മയക്കുവെടിവെച്ച് എയർ ലിഫ്റ്റ് ചെയ്ത് എത്തിക്കാവുന്നതേ ഉള്ളൂ.. ആഫ്രിക്കയിലെ ചീറ്റകളെ നമുക്ക് കുനോയിലെത്തിക്കാമെങ്കിൽ ഇവിടെയുള്ളതിനെ ഇന്ത്യയിലെ വിവിധയിടങ്ങളിലെത്തിക്കാമല്ലോ.
പ്രായമായ, പതിനഞ്ച് വയസ്സിലധികമുള്ള കടുവകളൊക്കെ കാട്ടില്‍ നിന്ന് പുറത്ത് കടന്നാല്‍ അതിനെയൊക്കെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. കടുവയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കിലും അതാണ് ശരി. മയക്കുവെടി വെക്കാനുള്ള പദ്ധതിച്ചെലവ് വലുതാണ്. അതൊഴിവാക്കാം. മാത്രവുമല്ല കൂട്ടിലെ അവയുടെ ഏകാന്തവാസവും ദയനീയമാണ്. രാജാവിനെപ്പോലെ കാട്ടില്‍ വാഴുന്ന ഒരു ജീവിയല്ലെ അത്. ജീവി സംരക്ഷണത്തെയെല്ലാം നമ്മള്‍ വൈകാരികമായാണ് സമീപിക്കുന്നത്. യുക്തിപരമായല്ല. കാടുകളില്‍ പൊതുവെ കടുവകളുടെ ആയുസ്സ് 12മുതല്‍ 15 വയസ്സുവരെയാണ്. ചില കടുവകള്‍ 18 വരെ ജീവിച്ചിട്ടുണ്ട്. പ്രായമായതിനെ മയക്കുവെടിവെച്ച് സംരക്ഷിക്കുന്നതൊക്കെ വലിയ ചടങ്ങാണ്. ഫ്ളോട്ട് ചെയ്യുന്ന സബ് അഡള്‍ട്ട്‌സിനെ മയക്കുവെടിവെച്ച സംരക്ഷിച്ച് പകരം പ്രായമായി മനുഷ്യനെ പിടിക്കാനിറങ്ങുന്നവയെ കൊല്ലുന്നത് തന്നെയാണ് നല്ലത്. വയനാട്ടില്‍ ഇപ്പോൾ തന്നെ ഏഴ് കടുവകളെയാണ് പിടിച്ച് കൂട്ടിലിട്ടിട്ടുള്ളത്. അവയെക്കൊണ്ട് നമുക്കൊരു പ്രയോജനവുമില്ല. കർണാടകയിലെ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക് പോലെ ഒരു സഫാരി പാര്‍ക്കുണ്ടാക്കി ഇവയെ പാര്‍പ്പിക്കാവുന്നതാണ്. വനംവകുപ്പുകാര്‍ പിടിച്ചെടുത്ത ഭൂമിയൊക്കെ കാണുമല്ലോ അവിടെ കൊണ്ടുചെന്നുവിട്ടിട്ട് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്ന വരുമാനമാര്‍ഗമാക്കാം.
കോഴിക്കോട്ട് അത്തരത്തില്‍ സഫാരി പാര്‍ക്ക് വരുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ബന്നാര്‍ഘട്ടയിലൊക്കെ വേലിക്കടിവശം മണ്ണ് മാന്തി ഇവറ്റകള്‍ പുറത്ത് കടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ചുറ്റിലുമുള്ള മനുഷ്യര്‍ക്ക് വലിയ ഭീഷണിയാവില്ലേ.?
കേരളത്തിലെ മൃഗശാലകളിലൊന്നും ഇനി കടുവയെ വേണ്ട. ആവശ്യത്തിന് കടുവകള്‍ അവിടെയെല്ലാമുണ്ട്. മാത്രവുമല്ല ഇവയെ പോറ്റാനുള്ള ചെലവും വലുതാണ്. അങ്ങനെ വരുമ്പോള്‍ സഫാരി പാര്‍ക്കുകള്‍ ഒരു പരിഹാരമാര്‍ഗമാണ്. മണ്ണ് മാന്തി പുറത്തുകടക്കാനെല്ലാമുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു വേലിക്കു പകരം രണ്ട് വേലി വെക്കണം. പ്രതിരോധിക്കുക എന്നത് അവയുടെ സ്വഭാവമാണ്. നിരീക്ഷണമാണ് നമ്മള്‍ ചെയ്യേണ്ടത്. നാട്ടുകാര്‍ക്ക് ഭീഷണിയാവുന്ന കടുവകളെ പാര്‍പ്പിക്കാനൊരിടം, അതില്‍ നിന്ന് വരുമാനം, തൊഴില്‍ എന്നിവയെല്ലാം സൃഷ്ടിക്കപ്പെടും.
മധ്യപ്രദേശില്‍ 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണല്ലോ. കേരളത്തിലെ പോലെ മറ്റ് സംസ്ഥാനങ്ങളിലും കടുവകൾ കാടിറങ്ങി മനുഷ്യനെ കൊല്ലുന്നത് ഇത്രത്തോളമുണ്ടോ.? മധ്യപ്രദേശിലെ കാടുകളിലുണ്ടായിരുന്ന വ്യക്തിയാണല്ലോ താങ്കള്‍. അവിടുത്തുകാര്‍ ഈ മനുഷ്യ-മൃഗ സംഘര്‍ഷത്തെ എങ്ങനെയാണ് നേരിടുന്നതും പരിഹരിക്കുന്നതും.
മഹാരാഷ്ട്രയിലെ തടോബ എന്നുള്ള സ്ഥലത്ത് ഒരു വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിരുന്നു. ഏഴ് മണി കഴിഞ്ഞാല്‍ അവിടത്തെ ഗ്രാമീണര്‍ പൊതുവെ പുറത്തിറങ്ങില്ല. പറമ്പില്‍ക്കൂടെയും റോഡില്‍ക്കൂടെയും അവിടെ കടുവ നടക്കും. മാസം ഒന്നോ രണ്ടോ പേരെയെങ്കിലും അവിടെ കടുവ കൊല്ലുന്നുമുണ്ട്. പക്ഷെ എന്താണ് വ്യത്യാസമെന്ന് വെച്ചാല്‍ അവിടെ നഷ്ടപരിഹാരം അത്യാവശ്യം നന്നായി നല്‍കുന്നുണ്ട്. നഷ്ടപരിഹാരത്തേക്കാളുപരി കടുവ അവരുടെ വരുമാനവും ജീവിതമാര്‍ഗവും കൂടിയാണ് എന്നുള്ളതാണ്. ഇവരെല്ലാം കടുവ ടൂറിസത്തില്‍ നിന്നുള്ള ഗുണമനുഭവിക്കുന്നവരാണ്. ആരെങ്കിലും കാട്ടില്‍ ജോലി ചെയ്യുന്നുണ്ടാവും, ഇവരുടെ ജിപ്‌സി വണ്ടയിയാവും കടുവയെ കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി ഓടുന്നത്, ഇവരില്‍ പലരും കാട്ടില്‍ ഗൈഡാവും. കടുവയെക്കൊണ്ട് അവര്‍ക്ക് ഗുണമേയുള്ളൂ. കാപ്പിത്തോട്ടത്തില്‍ പുല്ലരിയാന്‍ വരുന്നവരെയൊക്കെയാണ് നമ്മുടെ നാട്ടില്‍ കടുവ പിടിക്കുന്നത്. കടുവ അവര്‍ക്കാര്‍ക്കും വരുമാനമാര്‍ഗമല്ല. നമുക്ക് ആ ജീവിയെക്കൊണ്ട് ഒരു ഉപകാരവുമില്ലെങ്കില്‍ കണ്‍സര്‍വേഷന്‍ അവിടെ തീര്‍ന്നു.
15 വര്‍ഷത്തിലെ വനവാസത്തിൽ കടുവയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടോ.?
ഒരിക്കല്‍ കടുവക്കുഞ്ഞുങ്ങളെ ആണ്‍ കടുവ കൊല്ലുന്നത് കണ്ടത് വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇണചേരാനായി പെണ്‍കടുവയെ കിട്ടണമെങ്കില്‍ കുഞ്ഞുങ്ങളില്ലാതാവണം. അതിനു വേണ്ടിയാണ് ആ കടുവ കുഞ്ഞുങ്ങളെ കൊന്നത്. പെണ്‍കടുവ തന്നാലാവുംവിധം പൊരുതിനോക്കി. പക്ഷേ, അത്രയും വലിയ കടുവയുമായി പിടിച്ചു നിൽക്കാനായില്ല. ഒരിക്കൽ ജീപ്പില്‍ പോവുമ്പോള്‍ കടുവ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. മോക്ക് ചാര്‍ജ്ജ് ആണ് അല്ലാതെ ആക്രമിക്കാനുള്ള ഉദ്ദേശമല്ല. മോക്ക് ചാര്‍ജ്ജിലെ അപായ സൂചന മനസ്സിലാക്കി നമ്മൾ സ്ഥലം വിട്ടോളണം.. ഒന്നും ചെയ്യാതെ മിണ്ടാതെ വണ്ടിയില്‍ കുനിഞ്ഞിരിക്കുക. കടുവയുടെ വിപരീത രീതിയില്‍ വണ്ടിയുമായി പോവുക എന്നതേ ഓപ്ഷനുള്ളൂ..
വയനാട്ടിലെ കാടുകളിലൊക്കെ ധാരാളം കടുവകളുണ്ടല്ലോ. സമീപ പ്രദേശങ്ങളിൽ മനുഷ്യരും തിങ്ങിനിറഞ്ഞാണ് താമസിക്കുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്.?
പതുങ്ങിയിരുന്ന് ചാടിപ്പിടിക്കുന്ന രീതിയാണ് കടുവയ്ക്ക്. കടുവകളുടെ സാന്നിധ്യമുള്ള കാടിനു സമീപം ജീവിക്കുന്നവർ രാത്രിയിലിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ടോർച്ച് കയ്യിൽ കരുതാം. കടുവയോ പുലിയോ പരിസരത്തുണ്ടെങ്കിൽ മറ്റ് മൃഗങ്ങൾ അപായശബ്ദം പുറപ്പെടുവിക്കും. കുരങ്ങും മാനുമൊക്കെ സാധാരണ ഇവയെ കാണുമ്പോൾ പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്. അത് ഏത് ശബ്ദമാണെന്ന് പഠിച്ചിരിക്കുന്നത് നല്ലതാണ്. കാട്ടിൽ പോകുന്നവർക്ക് ആ ശബ്ദം അറിയുന്നുണ്ടാവും. നേരത്തെ പറഞ്ഞതുപോലെ ഇരുകാലികളെ ഇവയ്ക്ക് ഭയമാണ്. ഇവയ്ക്കു മുമ്പില്‍ ഇരുന്ന് ഇവയുടെ ഇരയാണെന്ന തോന്നലുണ്ടാക്കുന്നതെങ്കിലും ഒഴിവാക്കാം. ഒറ്റയ്ക്ക് നടക്കുമ്പോൾ നീളമുള്ള വടി കരുതാം. നേരിട്ടു കണ്ടാൽ മരത്തിനിട്ടടിച്ചോ തറയിലടിച്ചോ ശബ്ദമുണ്ടാക്കി പേടിപ്പിക്കാൻ ശ്രമിക്കാം.
എസ്‌റ്റേറ്റിലുള്ളവർക്കെല്ലാം ബോധവത്കരണം നല്‍കണം. വാച്ചര്‍മാര്‍ക്ക് ആ ക്ലാസ്സുകൾ നൽകാം. വയനാട്ടിലെ 99 ശതമാനം എസ്റ്റേറ്റുകളിലും കടുവകളുണ്ടാവും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പുല്ല് ചെത്താനൊന്നും ഒറ്റയ്ക്ക് കാട്ടില്‍ പോയിരിക്കരുത്. കുനിഞ്ഞിരിക്കുമ്പോൾ കടുവ അവയുടെ ഇരയാണെന്ന കരുതും. നിശബ്ദമായ മേഖലയാണെങ്കില്‍ പകല്‍ സമയത്തും കടുവ നടക്കും. ഓരോ കടുവയ്ക്കും ഓരോ സ്വഭാവമാണ്. ചിലത് രാത്രി ഉറങ്ങും ചിലത് പകലുറങ്ങും. രാവിലെയും രാത്രിയും ഇവയ്ക്ക് നന്നായി കണ്ണ് കാണും. പക്ഷേ, അതിരാവിലെയും വൈകുന്നേരവുമാണ് ഇവറ്റകള്‍ ഏറ്റവും ആക്ടീവായ സമയമെന്ന് കേള്‍ക്കാറുണ്ട്.
Content Highlights: Interview David raju tiger human encounters, nileena atholi, environment, Wayanad, tiger attack
Published: 13 Dec 2023, 10:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented