വനങ്ങളെ കുറിച്ചും വന്യപ്രകൃതിയെപ്പറ്റിയുമൊക്കെ ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുക ഇടതൂർന്ന മരങ്ങളും ആനയും കടുവയും പക്ഷികളുമൊക്കെയാണ്. എന്നാൽ, ഇവയെ പോലെ പ്രത്യക്ഷത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കാത്തതും, അതേസമയം ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റ് ഒട്ടേറെ വിഭാഗങ്ങൾ ജീവലോകത്തുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ഫംഗസുകൾ അഥവാ കുമിളുകൾ.
ഒരർഥത്തിൽ നമ്മുടെയെല്ലാം ജീവിതം പരോക്ഷമായി കുമിളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജന്തുക്കൾ ഉരുത്തിരിയുന്നതിനും എത്രയോ മുൻപ് ഭൂമിയിൽ പരിണമിച്ചുവരികയും കൂട്ടവംശനാശനാളുകളെ അതിജീവിച്ച് ഇന്നും ഭൂമിയിലെ തീർത്തും വ്യത്യസ്തങ്ങളായ ആവാസവ്യവസ്ഥകളിൽ വളരുകയും ചെയ്യുന്ന വർഗമാണ് ഫംഗസുകൾ. അവയിൽ, നമുക്ക് ഏറ്റവും പരിചിതം കൂൺ (മഷ്‌റൂം) ഇനങ്ങളാണ്. വിഷക്കൂണുകളുണ്ട്, ഭക്ഷ്യയോഗ്യമായ കൂണുകളുണ്ട്, മതിഭ്രമമുണ്ടാക്കുന്നവയുണ്ട്. വിവിധ നിറങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന കൂണുകൾ മണ്ണിനടിയിലെ വ്യത്യസ്തങ്ങളായ കുമിൾ ശൃംഖലകളുടെ പ്രത്യുത്പാദനഭാഗങ്ങളാണ്.
ഫംഗസുകളുടെ വൈവിധ്യവും പ്രത്യേകതകളും പഠിക്കുന്ന പ്രകൃതിനിരീക്ഷകനാണ്, കോട്ടയം ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജനും ടോക്‌സിക്കോളജിസ്റ്റുമായ ഡോ. ജിനു മുരളീധരൻ. മഷ്റൂം കൂട്ടായ്മകളുടെ ഭാഗമായി ഫംഗൽസർവ്വേകളില്‍ പങ്കെടുക്കാറുള്ള ഡോ. ജിനു മുരളീധരൻ നമുക്കത്ര പരിചയമില്ലാത്ത ഫംഗസുകളെ പഠിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചും, കുമിളുകളെപ്പറ്റിയും വിനയൻ രാഘവനോട് സംസാരിക്കുന്നു.
പരിസ്ഥിതിയോട് ഇണങ്ങിയ ജീവിതരീതിയാണല്ലോ താങ്കൾ പിന്തുടരുന്നത്, അതിനെക്കുറിച്ച് പറയാമോ?
പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുകയും അതിലെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് ഞാൻ. ഓരോ യാത്രകളിലും പരിസ്ഥിതിയിലെ മെഡിസിനൽ ഗുണങ്ങളുള്ള വർഗങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കാറുണ്ട്. ചെറുപ്പം തൊട്ട് തന്നെ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ജീവിതത്തോട് താത്പര്യമുണ്ടായിരുന്നു. ഒപ്പം, അതിന്റെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മഹത്തായ അറിവുകളുടെ സ്രോതസ്സാണ് പ്രകൃതി. ആ കാഴ്ചപ്പാട് എന്റെ പ്രഫഷണൽ ജീവിതത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഫംഗസ് അഭിനിവേശം എങ്ങനെയാണ് ഉണ്ടായത്?
ഒരു ഫോറൻസിക് സർജനും ടോക്‌സിക്കോളജിസ്റ്റും എന്ന നിലയിൽ ജോലിയുടെ ഭാഗമായി ഫംഗസ്സുകളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോഴൊക്കെ, മെഡിക്കൽ ടെക്സ്റ്റ്ബുക്കുകളിൽ വളരെ ചുരുങ്ങിയ രീതിയിൽ മാത്രമാണ് അവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് എന്ന് മനസ്സിലായി. ഫംഗസുകളുടെ ലോകത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഈ മേഖലയിലുള്ളവരോട് ബന്ധവുമില്ലായിരുന്നു. എന്നാലും, വിഷയത്തോടുള്ള കൗതുകവും ജിജ്ഞാസയും കാരണം വാശിയോടെ കേരളത്തിലെ ഫംഗസുകളെക്കുറിച്ചുള്ള പഠനങ്ങൾ കണ്ടെത്തി വായിക്കുകയും പരമാവധി അറിവുകൾ നേടാൻ ശ്രമിക്കുകയും ചെയ്തു. പുതിയ ഫംഗസ്സുകളെ കണ്ടെത്തുന്നതിനേക്കാളും, ഇതിനകം റെക്കോർഡ് ചെയ്തിട്ടുള്ളവയെ മനസ്സിലാക്കാനാണ് കാട്ടിലിറങ്ങി പര്യവേഷണങ്ങൾ നടത്തിയത്. അതിന് മുൻപേ തന്നെ പക്ഷികളെക്കുറിച്ച് പഠിക്കാനും ഫോട്ടോ എടുക്കാനും കാടുകളിൽ സഞ്ചരിച്ചിരുന്നു. പക്ഷേ, ഫംഗസുകളുടെ ലോകം എന്നെ കൂടുതൽ ആകർഷിച്ചു. കാരണം, അവ പ്രകൃതിയിൽ ആരും അറിയാതെ ജീവിക്കുകയും, അതേസമയം പരിസ്ഥിതിയിലെ മറ്റുജീവജാലങ്ങളെ (സസ്യങ്ങൾ) പരസ്പരം ആശയവിനിമയം ചെയ്യാൻ സാധ്യമാക്കുന്ന വലിയൊരു ഇക്കോളജിക്കൽ ലിങ്ക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നവയാണ്. മഹത്തായ ഫിലോസഫി ആണ് ഫംഗസുകൾ മുന്നോട്ട് വെക്കുന്നത്. ഫംഗസുകളുടെ പ്രവർത്തനങ്ങൾ പ്രകൃതിയിൽ വളരെയധികം അനിവാര്യമാണ്. ന്യൂട്രിയന്റ് റിസൈക്ലിങ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്. അതായത്, ജീവജാലങ്ങളുടെ മരണശേഷം അവയുടെ ശരീരത്തിലെ രാസസംയുക്തങ്ങളെ സസ്യങ്ങൾക്കും മറ്റും ആഗിരണം ചെയ്യാൻ കഴിയും വിധം വിഘടിപ്പിക്കുന്ന പ്രക്രിയ. കൂടാതെ സസ്യങ്ങളുടെ വേരുകൾക്ക് ഇടയിൽ ഒരു മൈസീലിയൽ നെറ്റ്‌വര്‍ക്കിങ് (ഫംഗസ് നാരുകൾ കൊണ്ടുള്ള ശൃംഖല) ഉണ്ടാക്കുകയും അതിൽ സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ആഗിരണം ചെയ്ത് നിർമ്മിച്ച കാർബൺ സംയുക്തങ്ങൾ ശേഖരിച്ച് വെക്കുകയും ചെയ്യുന്നു. അതുവഴി ഹരിതഗൃഹവാതകങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

തുടങ്ങിയത് ഒറ്റക്കാണെങ്കിലും പിന്നീട് സമാന താത്പര്യമുള്ളവരെ കണ്ടെത്തുകയും കൂട്ടായ്മകളുടെ ഭാഗം ആകുകയും ചെയ്തല്ലോ. എങ്ങനെയായിരുന്നു ആ നെറ്റ്‌വര്‍ക്ക് പടുത്തുയർത്തിയത്?
2013 മുതലുള്ള യാത്രയിൽ ആദ്യത്തെ ആറു വർഷം ഒറ്റയ്ക്കാണ് മുന്നോട്ടുപോയത്. ആ സമയത്തൊക്കെ ഫോട്ടോഗ്രാഫി മെറ്റീരിയൽ എന്ന രീതിയിലാണ് ഫംഗസ്സുകളെ കണ്ടത്. പിന്നീട് 'മഷ്റൂംസഭ' പോലുള്ള കൂട്ടായ്മകളുടെ ഭാഗമായതിന് ശേഷമാണ് കൂൺ വളർത്തുന്നവരെയും ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവരെയും കൂടുതൽ പരിചയപ്പെടുന്നത്. ആ നെറ്റ്‌വര്‍ക്കിങ്, ഫംഗൽ ലോകത്തെക്കുറിച്ചുള്ള എന്റെ പഠനങ്ങളെ ഒരുപാട് സഹായിച്ചു. വേറിട്ട കാഴ്ചപ്പാടുകളിലൂടെ ഫംഗസുകളെ മനസ്സിലാക്കാൻ പറ്റി. ചില കൂണുകൾ ഭക്ഷ്യയോഗ്യവും മറ്റു ചിലത് വിഷവുമാണെന്ന് മാത്രമുള്ള അറിവായിരുന്നു മുൻപുണ്ടായിരുന്നത്. ഫംഗസുകളെ വിവിധ രീതിയിൽ എക്‌സ്‌പ്ലോർ ചെയ്യുന്ന ആൾക്കാർ കൂട്ടായ്മകളിൽ ഉണ്ട്. ഫംഗസുകൾ ഉപയോഗിച്ച് ലെതർ, ബിൽഡിംഗ് ബ്ലോക്ക്‌സ്, ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങൾ, പോഷണങ്ങൾ ഒക്കെ ഉണ്ടാക്കുന്ന ആൾക്കാരെ പരിചയപ്പെടാൻ കഴിഞ്ഞു. അങ്ങനെ വിവിധ താത്പര്യമുള്ളവരോട് ഇടപഴകിയപ്പോൾ ഫംഗസ്‌ലോകത്തെ സാമാന്യവത്കരിച്ച് കാണുന്നതിന് പകരം, അതിനുള്ളിലെ വ്യത്യസ്ത ഗുണങ്ങളുള്ളവയെ തരംതിരിച്ച് മനസ്സിലാക്കാൻ പഠിച്ചു.

ഒട്ടേറെ മാക്രോ ഫംഗൽസർവേകളിൽ പങ്കെടുക്കാറുണ്ടല്ലോ. ആ അനുഭവങ്ങളെ കുറിച്ച് പറയാമോ.
ഫംഗൽസർവേ എന്ന ആശയം കുറെക്കാലം മുൻപേ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും പ്രാവർത്തികമാകുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലാണ്. ഇടുക്കി ദേവികുളത്തൊക്കെ വർക്ക് ചെയ്ത സമയത്ത് വർക്കിന്റെ ഭാഗമായി ഒരുപാട് മെഡിക്കൽക്യാമ്പുകളിൽ പോയിരുന്നു. ഒഴിവുദിവസങ്ങളിൽ ഇരവികുളം പോലുള്ള വനങ്ങളിൽ ഫംഗസുകളെ തേടി സഞ്ചരിച്ചു. ഒട്ടേറെ തരം കൂണുകളെ അവിടെ കാണാൻ സാധിച്ചു. നഗരവത്കരണം കാരണം ആവാസവ്യവസ്ഥ നശിച്ച് അതിൽ പലതും നാടുകളിൽ നിന്ന് അന്യംനിന്ന് പോയവയാണ്. അതിന് ശേഷമാണ് ഫംഗൽ സർവേകൾക്ക് മുൻകയ്യെടുക്കുന്നത്. ആ സമയത്ത് എനിക്ക് അധികം കോൺടാക്ട്‌സ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരുപാട് യുവഗവേഷകരും വൈൽഡ് ലൈഫ് പഠിക്കുന്നവരും ഒക്കെ സർവ്വേകളിൽ പങ്കെടുക്കാൻ താത്പര്യപ്പെട്ട് വരുന്നുണ്ട്. അത് നല്ലൊരു മാറ്റമാണ്. സർവ്വേ ചെയ്യുമ്പോൾ മനസ്സിലായ കാര്യം, ഓരോ ഇക്കോസിസ്റ്റത്തിലും വ്യത്യസ്ത തരം കൂണുകളെയാണ് കാണാൻ കഴിയുക എന്നതാണ്. പുൽമേടുകൾ, പുഴയോരങ്ങൾ, ഉൾക്കാടുകൾ ഇവയിലൊക്കെ അതാതിടങ്ങളിലെ പ്രത്യേക കൂണുകളെ കാണാൻ കഴിയും. അതുപോലെതന്നെ ഒരു സ്ഥലത്ത് മഴക്കാലത്ത് കാണുന്ന കൂണുകൾ ആയിരിക്കില്ല വേനൽക്കാലത്ത് കാണുന്നത്. ചിലവ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമേ കൂണുകളായി മണ്ണിനു മുകളിൽ പ്രത്യക്ഷപ്പെടൂ എന്നാൽ മറ്റു ചിലത് വർഷങ്ങളോളം നിലനിൽക്കും. രണ്ടാമത്തെ തരം കൂണുകളെ നിരീക്ഷിക്കൽ എളുപ്പമാണ്.
ബ്ലാക്വെല്ലോമൈസിസ് എന്ന കുമിൾ സ്‌പോറുകൾ പുറപ്പെടുവിക്കുന്നു
ഫംഗസ്സുകളുടെ എന്തൊക്കെ പ്രത്യേകതകളാണ് കൂടുതൽ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്?
നമ്മൾ ഒരു സ്ഥലത്തെ ജീവലോകത്തെ വിശദീകരിക്കുമ്പോൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന രണ്ട് പദങ്ങളാണ് ഫ്‌ളോറയും ഫോണയും. ഫോണ എന്നാൽ ആ സ്ഥലത്തെ ജന്തുക്കളെയും ഫ്‌ളോറ എന്നാൽ സസ്യങ്ങളെയുമാണ് അർത്ഥമാക്കുന്നത്. എന്നാൽ, അവയുടെ കൂടെ എടുത്തുപറയേണ്ടതാണ് 'ഫംഗ' അഥവാ കുമിൾവൈവിധ്യവും. ഇപ്പോൾ ഒരു സ്ഥലത്തെ ജൈവവൈവിധ്യത്തെ അടയാളപ്പെടുത്തുമ്പോൾ നിരീക്ഷകർ ഫംഗയും ഉൾപ്പെടുത്താറുണ്ട്. കുമിൾ വൈവിധ്യം പരിസ്ഥിതിയിലെ അടിസ്ഥാനഘടകമാണ്. നമ്മൾ കൂണുകൾ അന്വേഷിച്ച് കാട്ടിൽ പോയാൽ എപ്പോഴും അവയെ കാണണമെന്നില്ല. അതിനർത്ഥം അവിടെ കുമിളുകൾ ഇല്ല എന്നല്ല. മണ്ണിനടിയിൽ പല നെറ്റ്‌വര്‍ക്കുകളായി പിരിയുന്ന ഫംഗൽ നാരുകളായി അവ എപ്പോഴും ഉണ്ടാകും. ഒരു കോശത്തിന്റെ കനം മാത്രമുള്ള നാരുകളാണ് അവയുടേത്. അവ സസ്യങ്ങളുടെ വേരുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അവയുടെ നാരുകളിൽ വെള്ളവും, സസ്യങ്ങളിൽ നിന്നുള്ള പോഷണങ്ങളും ശേഖരിച്ചുവെച്ച് ആവശ്യമുള്ളപ്പോൾ നെറ്റ്‌വര്‍ക്കിലെ സസ്യങ്ങളുടെ വേരുകളിലേക്ക് എത്തിച്ച് നൽകുകയും ചെയ്യുന്നു. അതോടൊപ്പം കുമിളുകൾ, സസ്യങ്ങൾക്ക് പരസ്പരവും മറ്റു സൂക്ഷ്മജീവികളുമായും രാസസന്ദേശങ്ങളിലൂടെ ആശയവിനിമയം ചെയ്യാനുള്ള മാധ്യമമായും പ്രവർത്തിക്കുന്നു. സസ്യവേരുകൾക്ക് എത്തിച്ചേരാൻ പറ്റാത്ത ആഴങ്ങളിലും വിസ്തൃതിയിലും വ്യാപിച്ചുകിടക്കുന്നവരാണ് കുമിളുകൾ. അതുകൊണ്ട് തന്നെ സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയാത്ത പല പോഷകങ്ങളും കുമിളുകൾ ശേഖരിച്ച് സസ്യങ്ങൾക്ക് നൽകുന്നു. തിരിച്ച് സസ്യങ്ങൾ അവ ഉത്പാദിപ്പിച്ച കാർബൊഹൈഡ്രേറ്റ്‌സ് കുമിളുകൾക്ക് നൽകുന്നു. അത്തരത്തിലുള്ള ഒരു കൈമാറ്റം ആണ് ഈ രണ്ട് വിഭാഗം ജീവജാലങ്ങൾക്കിടയിൽ നടക്കുന്നത്.
ഇക്കാലത്ത് നമ്മൾ പ്രാധാന്യത്തോടെ ചർച്ചചെയ്യേണ്ട വിഷയമാണ് 'സുസ്ഥിരത' എന്നത്. ജീവിതകാലത്ത് നാമോരോരുത്തരും വിവിധ പ്രവർത്തനങ്ങളിലൂടെ എത്രത്തോളം കാർബൺ വ്യാപനം നടത്തുന്നു, അതുവഴി പ്രകൃതിയിൽ എത്ര കാർബൺ ബാധ്യത (കാർബൺ ഫൂട്ട്പ്രിന്റ്) സൃഷ്ടിക്കുന്നു എന്നത് വലിയ പ്രാധാന്യമുള്ള ചിന്തയാണ്. ഭൂമിയിൽ ഏറ്റവും ബോധവും യുക്തിയുമുള്ള ജീവി എന്ന് സ്വയം വിശേഷിപ്പിക്കുകയും, എന്നാൽ ഈ കാര്യത്തിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതിരുക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതം അർത്ഥശൂന്യമാണ്. ഈ പശ്ചാത്തലത്തിൽ സുസ്ഥിരത നിലനിർന്നുന്നതിൽ കുമിളുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്.

മാജിക് മഷ്റൂമിലെ രാസസംയുക്തങ്ങളിൽ നിന്ന് വിഷാദരോഗത്തിനും മറ്റുമുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിന്റെ സാധ്യത എന്താണ്? അതിനോടനുബന്ധിച്ച ഒരു കോടതി വിധി കുറച്ച് മുൻപ് ഉണ്ടായിരുന്നല്ലോ. ഒരു ഡോക്ടർ എന്ന നിലയിൽ എന്താണഭിപ്രായം? മാജിക് മഷ്റൂമിന്റെ ഉപയോഗം നിലവിൽ നിരോധിതമാണോ?
മാജിക് മഷ്റൂമിലെ സിലോസൈബിൻ എന്ന പദാർത്ഥം നിലവിൽ നിരോധിതമാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് ഈ സംയുക്തം വിഷാദം, ഒ.സി.ഡി തുടങ്ങിയ അസുഖങ്ങൾക്കെതിരെ മരുന്നായി വികസിപ്പിക്കാമെന്നതിന്റെ പഠനങ്ങൾ വരുന്നുണ്ട്. ഈ അസുഖങ്ങൾക്കെതിരെ ഒരുപാട് കാലത്തേക്ക് നീണ്ട് നിൽക്കുന്ന ഫലം തരുന്നുണ്ട് എന്നും ചില പഠനങ്ങൾ പറയുന്നു. ഇന്ത്യയിൽ അങ്ങനെയുള്ള പഠനങ്ങൾ നടന്നിട്ടില്ല. ഹൈക്കോടതിയുടെ വിധിയിൽ അതിനെ നിയമവിധേയമാക്കിയിട്ടില്ല. പക്ഷേ പലരും നിയമവിധേയമാക്കിയെന്ന് തെറ്റിധരിച്ചിട്ടുണ്ട്. എത്രത്തോളം സിലോസൈബിന്റെ അളവാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിനനുസരിച്ച് കേസെടുക്കണം എന്നാണ് കോടതി പറഞ്ഞത്. തീർച്ചയായും മാജിക് മഷ്റൂമിലെ സംയുക്തങ്ങളുടെ മെഡിസിനൽ ഗുണങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തണം എന്നതാണ് എന്റെ അഭിപ്രായം.
എല്ലാത്തരം ഫംഗസുകളും ഇത്തരത്തിൽ പലതരം സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടല്ലോ. ആ സംയുക്തങ്ങളെ ഫംഗസുകൾ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത്? അവയും ഭാവിയിൽ മരുന്ന് ഗവേഷണത്തിനുള്ള സാധ്യതയല്ലേ?
ഫംഗസുകൾ ഈ സംയുക്തങ്ങൾ എന്തിനുണ്ടാക്കുന്നു എന്നത് നല്ല ചോദ്യമാണ്. നമുക്ക് രോഗങ്ങൾ വരുന്നതുപോലെ ഫംഗസുകൾക്കും രോഗബാധ ഉണ്ടാകാറുണ്ട്. അവ ആ രോഗാണുക്കളോട് പൊരുതാനായി കുറെയധികം സംയുക്തങ്ങൾ നിർമ്മിക്കും. അവയിൽ ചിലത് മനുഷ്യരുടെ രോഗവിമുക്തിക്കും പ്രതിരോധത്തിനും സഹായകമാകാം. ഗ്‌ളൂട്ടൻസ്, ടെർപീൻസ്, ടെർപിനോയിഡ്‌സ്, ഫ്‌ലേവെനോയ്ഡ്സ്, പലതരം ആന്റിഓക്‌സിഡന്റ്‌സ് ഒക്കെ ഫംഗസ്സുകളിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. പല പഠനങ്ങളും പുറംരാജ്യങ്ങളിലാണ് നടക്കുന്നത്. അതേപോലെ ഇവിടെയും ഗവേഷണം നടന്നാൽ മാത്രമേ, ഇവിടത്തെ ഫംഗസുകളിൽ എന്തൊക്കെ സംയുക്തങ്ങൾ ഉണ്ടെന്നും അവയെ എങ്ങനെയൊക്കെ മെഡിസിനൽ ആയി ഉപയോഗിക്കാമെന്നും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഭക്ഷ്യയോഗ്യമായ കൂണുകളും അതേപോലെത്തന്നെ വിഷക്കൂണുകളും ഉണ്ടല്ലോ. വിഷമുള്ളവ കഴിച്ച് മരിക്കുന്നവരെ കുറിച്ചുള്ള വാർത്തകളും കാണാറുണ്ട്. എങ്ങനെയാണ് ഭക്ഷ്യയോഗ്യമായവയെ തിരിച്ചറിയുക. എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത്?
ചിപ്പിക്കൂണുകളുടെ വൈൽഡ് വകഭേദങ്ങളായ ഗ്രെ ഓയിസ്റ്റർ, വൈറ്റ് ഓയിസ്റ്റർ, പിങ്ക് ഓയിസ്റ്റർ, പിന്നെ ചിതൽപ്പുറ്റുകളിൽ കാണുന്ന ടെർമെറ്റമൈസിസ്, ഓറികുലേരിയ, അമാനിറ്റയുടെ ചില വകഭേദങ്ങൾ, മാക്രോസൈബ്, കാലോസൈബ് ഇവയൊക്കെയാണ് ഭക്ഷ്യയോഗ്യമായവ. പക്ഷേ, ഭക്ഷ്യയോഗ്യമായവയെ കണ്ടെത്താനായിട്ട് ഒരിക്കലും എളുപ്പവഴിയില്ല. നിരന്തരമായ നിരീക്ഷണങ്ങളിലൂടെ മാത്രമേ അവയെ തിരിച്ചറിയാൻ കഴിയൂ. കാരണം ഭക്ഷ്യയോഗ്യമായവയോട് സാദൃശ്യമുള്ള നിരവധി വിഷക്കൂണുകളുണ്ട്. ഇത്തരത്തിൽ തെറ്റിധാരണയോടെ അവ കഴിച്ച് മരണപ്പെടുന്ന കേസുകൾ കണ്ടുവരുന്നുണ്ട്. അതുകൊണ്ട് സ്വഭാവികമായി വളരുന്ന കൂൺ കഴിക്കുന്നതിനു മുൻപ് വ്യക്തമായി അവയെ കുറിച്ച് ധാരണയുള്ള ആളുമായി ചോദിച്ച് മനസ്സിലാക്കുക. പരീക്ഷണം പോലെ എടുത്ത് കഴിക്കരുത്. പല കൂണുകളിലും മരണകാരണമാകുന്ന വിഷസംയുക്തങ്ങൾ ഉണ്ട്. വൃക്ക, കരൾ എന്നീ അവയവങ്ങളെ തകരാറിലാക്കും. ചിലപ്പോൾ ആദ്യം ചെറിയ വയറുവേദന മാത്രമേ ഉണ്ടാകുള്ളൂ. ഒരാഴ്ച കഴിയുമ്പോളായിരിക്കും കരൾ പൂർണ്ണമായും തകരാറിലായി മരണകാരണമാകുന്നത്. കൂൺ വിഷബാധ പലതരത്തിൽ ശരീരത്തിൽ പ്രത്യക്ഷപ്പെടാം. അലർജി, ശ്വാസതടസ്സം, വയറുവേദനയിൽ തുടങ്ങി പിന്നെ കരൾ തകരാറിലേക്ക് എത്തുന്ന അവസ്ഥ അങ്ങനെ പല തരത്തിൽ ആവാമത്. മസ്‌ക്കാരിൻ, ഗൈറോമെട്രിൻ തുടങ്ങി വിവിധ സംയുക്തങ്ങൾ കൂണുകളിൽ ഉണ്ട്. ഇവയൊക്കെ ഓരോന്നും ഓരോ ശരീരവ്യവസ്ഥകളെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. അപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യം, ജാഗ്രതയോടെ വ്യക്തമായി ഉറപ്പുവരുത്തിയ ശേഷം മാത്രം സ്വഭാവികമായി വളരുന്ന കൂണുകൾ ഭക്ഷിക്കുക എന്നതാണ്.

കോർഡിസെപ്‌സുകൾ ഷഡ്പദങ്ങളെ ബാധിക്കുന്ന സോമ്പി ഫംഗസ്സുകൾ ആണല്ലോ. അവയെ കേരളത്തിലെ കാടുകളിൽ കാണാറുണ്ടോ?
കാണാറുണ്ട്. കാരണം കേരളത്തിലെ നമ്മുടെ കാടുകളിൽ ഇൻസെക്ടസ് വൈവിധ്യവും പോപ്പുലേഷനും വളരെ കൂടുതലാണ്. ഇത്തരത്തിൽ പോപ്പുലേഷൻ വർധിക്കുമ്പോൾ ഏതൊരു ജീവിവർഗ്ഗത്തിനും രണ്ട് ഭീഷണികളാണ് നേരിടേണ്ടിവരിക. ഒന്ന് ഭക്ഷണദൗർബല്യം. പിന്നെ അണു ബാധ കാരണമുള്ള അസുഖങ്ങൾ. നമ്മുടെ കാടുകളിൽ അതുകൊണ്ട് ഇൻസെക്റ്റസിനെ ബാധിക്കുന്ന കുമിളുകളായ കോർഡിസെപ്‌സ് ധാരാളമായി കാണാറുണ്ട്. ഓരോ സ്പീഷീസ് ഇൻസെക്ടിനേയും ബാധിക്കുന്ന ഓരോ തരം കോർഡിസെപ്‌സുകളുണ്ട്. ഒഫിയോകോർഡിസെപ്‌സ്, സിക്കാഡയിൽ വളരുന്നവ, ശലഭങ്ങളുടെ ലാർവയിൽ വളരുന്നവ അങ്ങനെ പല തരം കോർഡിസെപ്‌സുകളെ കാണാറുണ്ട്.
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വിഘടിപ്പിക്കാൻ കഴിവുള്ള ഫംഗസുകളെക്കുറിച്ചുള്ള പഠനങ്ങൾ കാണാറുണ്ട്. ഫംഗസുകൾ ജീവശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും തിരുത്തുകയാണോ?
ഫംഗസുകൾ കഴിവുറ്റ കെമിക്കൽ എഞ്ചിനീയർസ് ആണ്. ഏത് പദാർത്ഥത്തിലാണോ വളരുന്നത് അതിലെ രാസബന്ധനങ്ങളെ പൊട്ടിക്കാനുള്ള രസാഗ്‌നികൾ ഫംഗസുകൾ പുറപ്പെടുവിക്കും. കടലിലെയും കരയിലെയും പ്ലാസ്റ്റിക്കുകൾ വിഘടിപ്പിക്കുന്നവ, റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളിൽ വളരുന്നവ അങ്ങനെ പല വിധത്തിലുള്ള ഫംഗസുകൾ റോക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. റേഡിയോആക്റ്റീവ് പദാർത്ഥങ്ങളിൽ വളരുന്നവ റേഡിയേഷനെയാണ് ഊർജസ്രോതസ്സായി ഉപയോഗിക്കുന്നത്. മുന്നിൽ വന്നുപെടുന്നവയെ ഭക്ഷ്യയോഗ്യമാക്കുക എന്നതാണ് അവരുടെ രീതി. അതിന് പറ്റിയില്ലെങ്കിൽ മറ്റു പദാർത്ഥങ്ങളെ തേടും. സത്യത്തിൽ ഫംഗസുകളെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ പരിമിതമാണ്. ജൈവരസതന്ത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ നിരന്തരം തിരുത്തിക്കുറിക്കുന്ന ജീവവിഭാഗമാണവ. ഏതാനും വർഷം മുൻപ് തവളയുടെ തൊലിപ്പുറത്ത് വളരുന്ന ഒരു കൂൺ വിഭാഗത്തെ കണ്ടെത്തിയിരുന്നു. മരങ്ങളിൽ കണ്ടുവന്നിരുന്ന ഒരു കൂൺ ആണത്. അതുകൊണ്ട് ആദ്യം എല്ലാവരും കരുതിയത് അത് തവളയുടെ മേലെ വീണ് ഒട്ടിപ്പോയതായിരിക്കും എന്നാണ്. പിന്നീട് വീണ്ടും അത്തരത്തിലുള്ള കൂൺ വഹിച്ച് നടക്കുന്ന തവളകളെ കണ്ടെത്തിയപ്പോഴാണ് അത് തവളകളുടെ ശരീരത്തിൽ വളരുന്നതാണ് എന്ന് മനസ്സിലാക്കിയത്.
Content Highlights: dr jinu muraleedharan interview on mushrooms and fungus
Published: 02 Sept 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented