ഉദ്യോഗസ്ഥരും വിദഗ്ധരും പ്രസക്തമായ കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്തിയാല്, അത് നടപ്പാക്കാന് പറ്റിയ മുഖ്യമന്ത്രി ഇപ്പോള് നമുക്കുണ്ടെന്നാണ് എന്റെ വിശ്വാസം

ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് മെമ്പറും, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള സംഘർഷത്തെക്കുറിച്ചു പഠിക്കാൻ കേരള ഹൈക്കോടതി രൂപീകരിച്ച വിദഗ്ധസമിതിയിൽ അംഗവുമായ ഡോ.പി.എസ്.ഈസ, കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നു. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായിരുന്നു ഡോ. പിഎസ്. ഈസ.
പത്തുവർഷത്തിനിടെ ഏഴാം തവണയാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന വകുപ്പ് പരിസ്ഥിതിലോല പ്രദേശം (ഇക്കളോജിക്കലി സെൻസിറ്റീവ് ഏരിയ, ഇഎസ്എ) സംബന്ധിച്ച കരട് പുനർവിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇത്തവണ പൊതുസമൂഹത്തിൽ ഇത്രയധികം ഭയപ്പാടുണ്ടാവാൻ കാരണം?
എനിക്ക് തോന്നുന്നത് ഈ വിഷയത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആരൊക്കെയോ ഭയങ്കരമായ തെറ്റിദ്ധാരണകൾ പരത്തിയിട്ടുണ്ട് എന്നാണ്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവ് വളരെ ഭംഗിയായി ഇത് പറയുകയുണ്ടായി-ക്വാറികൾ പാടില്ല, ചെമ്പട്ടികയിൽ പെട്ട ഫാക്ടറികൾ പാടില്ല, നമുക്ക് പൊതുവേ ഇഷ്ടപ്പെടാത്ത ചില സംഗതികളൊന്നും പാടില്ല എന്നൊക്കെ. പിന്നീട് 'അങ്ങനെ ഒരു വികസനത്തിനും സമ്മതിക്കില്ല' എന്നും അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ നമ്മൾ അനാവശ്യമായ ഭയം ഉണ്ടാക്കുകയാണ്. ഇതിന്റെ ഇടയ്ക്ക് നിക്ഷിപ്ത താൽപര്യങ്ങളും കടന്നുകൂടുന്നുണ്ടോ എന്ന് സംശയമുണ്ട്. ശരിക്കും ഇതിൽ ഭീതിജനകമായ കാര്യവുമില്ല.
കിടപ്പാടത്തിനും കൃഷിക്കുമുള്ള ഭീഷണി
അങ്ങനെ ഒരു സംഭവവുമില്ല. താമസിക്കുന്ന സ്ഥലത്തുനിന്ന് ഒരു ഭാരതീയ പൗരനെ ഇറക്കിവിടാൻ പറ്റുമോ? വീടിനും കൃഷിക്കും ഒരു പ്രശ്നവുമില്ല. ചിലപ്പോൾ കൃഷിരീതികൾ ഓർഗാനിക് ആകുന്നത് നല്ലതാണ് എന്ന നിർദ്ദേശം മാത്രമേയുള്ളൂ. നോക്കുക, നമ്മൾ എത്ര നാളായി 'ഓർഗാനിക്' എന്ന് പറയുന്നു, എന്നിട്ട് നമ്മൾ എല്ലാവരും ജൈവകൃഷിക്കാരായോ? അതൊക്കെ നല്ലതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ മാത്രമാണ്. ഈ കരടുമായി മുന്നോട്ടു വരുന്നവരൊക്കെ മനുഷ്യരല്ലേ, പറയുന്ന പോലെ മനുഷ്യവിരുദ്ധമായ നയം അവർ കൊണ്ടുവരുമോ? അതുകൊണ്ടാണ് ഞാൻ സംശയിക്കുന്നത്, മറ്റ് താൽപര്യങ്ങൾ ഇതിലേക്ക് കടന്നുകൂടിയിട്ടുണ്ടോ എന്ന്.
ഇഎസ്എ പരിധി ചുരുക്കാനുള്ള സംസ്ഥാന സർക്കാർ ആവശ്യം
ഇഎസ്എ വിജ്ഞാപനത്തിലെ 131 വില്ലേജുകൾ 98 ആയും വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8590.90 ആയും ചുരുക്കാനും കൃഷിമേഖലകളും തോട്ടങ്ങളും ഒഴിവാക്കാനും സർക്കാർ ആവശ്യപ്പെടുമെന്ന് കേൾക്കുന്നു. ഇത് ഒട്ടും ശരിയല്ല. നമ്മൾ ഇഎസ്എ എന്ന് പറയുന്നത് കാടുകളെ മാത്രം ഉദ്ദേശിച്ചല്ല. മലയിടിച്ചിൽ/ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളും ഇഎസ്എ തന്നെയാണ്. അവിടെ താമസിക്കുകയോ വലിയ പ്രോജക്ടുകൾ കൊണ്ടുവരികയോ ചെയ്യരുത് എന്ന് പറയുമ്പോൾ ഉടനെ എതിർപ്പാണ്. 20,000 സ്‌ക്വയർ മീറ്ററിൽ (2.15 ലക്ഷം ചതുരശ്ര അടി) കൂടുതലുള്ള കെട്ടിടങ്ങൾ പാടില്ല എന്നാണ് കരടിൽ പറയുന്നത്. അത്രയും വലിയ കെട്ടിടം ഏതു സാധാരണക്കാരാണ് വെക്കുക? അതുപോലെയാണ് ക്വാറിയും ഖനനവും പാടില്ലെന്നതും. വില്ലേജുകളുടെ എണ്ണവും ഇഎസ്എ പരിധിയും കുറച്ചതിന്റെ പിന്നിൽ തീർച്ചയായും രാഷ്ട്രീയസമ്മർദം തന്നെയാണ്.
ഭരണനേതൃത്വം ചെയ്യേണ്ടത്
ഞാൻ പണ്ടേ പറയുന്ന കാര്യമുണ്ട്-നേതാക്കളാണ് അണികളെ നയിക്കേണ്ടത്. ഇവിടെ അണികൾ നേതൃത്വത്തെ നയിക്കുകയാണ്. ആളുകളുടെ മനസ്സ് നോക്കിയല്ല, അവരുടെ നന്മ എന്താണ് എന്ന് നോക്കിയാണ് നയിക്കേണ്ടത്. പണ്ട് കെ. കരുണാകരനെപ്പോലുള്ള നേതാവിന് ഏതാണ്, എന്താണ് നല്ലത് എന്ന് അറിയാമായിരുന്നു, അത് ജനങ്ങളോട് പോയി പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുമായിരുന്നു. തൃശ്ശൂർ റെയിൽവേലൈൻ വീതി കൂട്ടുമ്പോഴും പൂങ്കുന്നത്ത് പാലം വരുമ്പോഴുമൊക്കെ അത് കണ്ടതാണ്. അങ്ങനെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമം മുഖ്യമന്ത്രി വി.ഡി സതീശന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. പ്രകൃതിസ്നേഹം പ്രകടിപ്പിക്കുന്ന പല പ്രസ്താവനകളും നടത്തിയിട്ടുള്ള പരിസ്ഥിതിയിൽ താൽപ്പര്യമുള്ള മുഖ്യമന്ത്രിയെ മറ്റുള്ളവരും കൂടി ഒന്ന് സഹായിക്കണം. ഇത് ആത്യന്തികമായി മനുഷ്യർക്ക് നന്മ വരുന്ന കാര്യമാണ്. ഏതാനും പേരുടെ താൽപര്യങ്ങൾക്കനുസരിച്ച് അത് മാറ്റരുത്.
ഇഎസ്എയുടെ ശാസ്ത്രീയ അടിത്തറയും ജനങ്ങളുമായുള്ള ആശയവിനിമയവും
ഇഎസ്എ ആയി വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്, മൂന്ന് കമ്മിറ്റികളൊക്കെ വന്നിട്ടുള്ളതല്ലേ. ടൗൺ ഏരിയകൾ ഇതിൽ പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ആദ്യം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴും കുറെ ടൗൺ ഏരിയകൾ പെടുത്തിയിരുന്നു, ജനവാസം കൂടുതലുള്ള അത്തരം സ്ഥലങ്ങൾ പെടുത്തുന്നതിൽ വലിയ യോജിപ്പില്ല. പക്ഷേ, ഏലത്തോട്ടങ്ങൾ പെടുത്തിയതിൽ എന്താണ് പ്രശ്നം? 'വിഷം തളിക്കരുത്' എന്നല്ലേ ആകെ പറയാൻ പോകുന്നത്? അത് എപ്പോഴും നമ്മൾ പറയുന്നതു തന്നെയല്ലേ? തേയിലത്തോട്ടങ്ങൾക്കും റബ്ബറിനും ഒരു പ്രശ്നവും വരില്ല. പാവപ്പെട്ട കർഷകന്റെ പേര് പറഞ്ഞ് നടക്കുന്നതൊക്കെ വലിയ വലിയ തോട്ടങ്ങളുടെ കാര്യങ്ങളാണ്. കർഷകർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. അവർക്ക് അവരുടെതായ രീതികളിൽ കൃഷി ചെയ്യാം, വീടുകൾ വെക്കാം, അത്യാവശ്യം റോഡുകൾ ഉണ്ടാക്കാം. ഇത് ജനങ്ങളെ വെറുതെ ഭയപ്പെടുത്തുകയാണ്.
ഇഎസ്എ പ്രദേശങ്ങൾ ചുരുക്കിയാൽ
ജൈവവൈവിധ്യം മാത്രമല്ല, മനുഷ്യരുടെ നിലനിൽപ്പിന് ഉതകുന്ന ചില സേവനങ്ങൾ പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്. ആ സേവനം ഉറപ്പാക്കുന്നതിന് ഈ സംരക്ഷണം അനിവാര്യമാണ്. ഒരു സംരക്ഷണ മാർഗവും ജനങ്ങളുടെ സഹകരണമില്ലാതെ വിജയിക്കില്ല. ഓരോരുത്തരായോ വെവ്വേറെ ഗ്രൂപ്പുകളായോ കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. മാധ്യമങ്ങളിൽ പോലും ഇതു സംബന്ധിച്ച വ്യക്തമായ ചിത്രം വരാത്തതിന്റെ പ്രശ്നങ്ങളുണ്ട്.
ഇഎസ്എയുടെ പരിധി എന്തുകൊണ്ട് ചുരുക്കണം എന്ന ചോദ്യമുണ്ട്. ഇഎസ്എ നടപ്പായാൽ അവരുടെ ജീവിതത്തിന് പ്രശ്നമാണെന്ന് പറയുമ്പോൾ ഈ ഒഴിവാക്കുന്ന ആയിരം ചതുരശ്ര കിലോമീറ്ററിനുള്ളിൽ മാത്രമേ പ്രശ്നമുള്ളോ, ബാക്കിയുള്ളവർക്കും ഇത് ബാധകമല്ലേ? അവരും മനുഷ്യരല്ലേ? നമുക്ക് കാട് തെളിച്ചുള്ള വികസനമേ പറ്റൂ, എല്ലാവരും അണക്കെട്ടുകൾ പൊളിക്കുന്ന കാലത്ത് നമ്മൾ വീണ്ടും അത് വേണം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്, കഷ്ടം.
കേരളത്തിൽ ആക്ടിവിസം കുറച്ചു കൂടുതലാണ്. മറ്റെവിടെയും ഇത്ര വലിയ പ്രശ്നം വന്നിട്ടില്ല. ജനത്തെ പേടിപ്പിച്ച് പ്രകൃതിയോട് തന്നെ ദേഷ്യം വളർത്തുകയാണ് ഇവിടെ ചെയ്യുന്നത്. പണ്ട് മഴ വന്നാൽ ഓടിച്ചാടി മുറ്റത്തിറങ്ങി കളിക്കുന്ന നമ്മൾ ഇപ്പോൾ മഴയെ പേടിക്കുന്ന അവസ്ഥയായി. പരിസ്ഥിതിലോല പ്രദേശങ്ങൾ അവഗണിച്ചതിന്റെ പരിണിത ഫലമാണിത്. ചോദിച്ചാൽ 'അത് ഞങ്ങളാണോ ചെയ്തത്' എന്നു പറയും. നമ്മൾ എല്ലാവരും കൂടിയാണ് ചെയ്തത്. തൃശ്ശൂരിൽ ഭീകരമായി മഴ പെയ്താൽ വെള്ളം പൊങ്ങുന്നത്, അവിടങ്ങളൊക്കെ പാടങ്ങളായിരുന്നതുകൊണ്ടാണ്. ആ പാടങ്ങൾ നികത്തിയാണ് പണികളൊക്കെ നടത്തിയത്. കുളങ്ങൾ നികത്തി, വയൽ നികത്തി, തോടുകൾ നികത്തി റോഡാക്കി, വെള്ളം ഇറങ്ങാൻ പറ്റാത്ത രീതിയിൽ. ഇതൊന്നും തടയാൻ നമ്മളൊന്നും ചെയ്യില്ല. പക്ഷേ, നമ്മൾ പറയും, ഈ നിയമങ്ങളാണ് പ്രശ്നം എന്ന്. നിയമങ്ങൾ പലതും നമുക്ക് വേണ്ടി തന്നെ ഉണ്ടാക്കുന്നതാണ്; വേറെ താൽപര്യങ്ങളൊക്കെ വരുന്നത് വേറെ കാര്യം.
കേരളം സുപ്രീം കോടതിയോട് പറയേണ്ടത്
എന്തിനാണ് നമ്മൾ ഇഎസ്എ വിജ്ഞാപനത്തെ എതിർക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഗവൺമെന്റ് ഓഫ് ഇന്ത്യയോ സുപ്രീം കോടതിയോ 'എന്തുകൊണ്ട് എതിർക്കുന്നു' എന്ന് ചോദിച്ചാൽ, കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രത, ഭൂമിയുടെ ലഭ്യതക്കുറവ്, ഏലത്തോട്ടത്തിലടക്കമുള്ള ദീർഘകാല മനുഷ്യസാന്നിധ്യം എന്നിവയാണ് പറയാനുള്ളത്. അതിനെന്താണ് പ്രശ്നം? ഇത് വന്നാൽ മനുഷ്യരെ ഓടിച്ചുകളയുമോ? എല്ലാ രാഷ്ട്രീയക്കാരും പറയും, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പറ്റില്ല എന്ന്. എന്ത് പ്രത്യേക സാഹചര്യം? ജനവാസം കൂടുതലാണ് എന്നതുകൊണ്ട് തന്നെ, ഇത്രയധികം ജനങ്ങളെ ബാധിക്കുന്ന കാര്യമെന്ന നിലയിൽ ഇഎസ്എയുടെ പ്രാധാന്യം കൂടുകയല്ലേ വേണ്ടത്, കൂടുതൽ കർക്കശ നടപടികളല്ലേ ശരിക്കും വേണ്ടത്?
ഈ വിഷയവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോകുമ്പോൾ കാണുന്നത് തെറ്റിദ്ധാരണ പരത്തുന്ന കുറേ ആളുകൾ ചർച്ചയെ അടക്കിഭരിക്കാൻ നോക്കുന്നതാണ്. വന്യജീവി സംഘർഷവും പട്ടയം കിട്ടാത്തതും ക്രിമിനൽ കേസുകളും കോടതി വ്യവഹാരങ്ങളും ഒക്കെ ഇഎസ്എയുമായി കൂട്ടിക്കെട്ടുന്നു. അപ്പോൾ യഥാർത്ഥ പ്രശ്നം പരിസ്ഥിതിലോല പ്രദേശമാണോ, അതോ ഇതുവരെയുള്ള എല്ലാ പ്രശ്നങ്ങളും സമാഹരിച്ചതാണോ എന്ന് വ്യക്തമല്ലാതാകുന്നു.
മനുഷ്യനും വന്യജീവികളും തമ്മിലെ സംഘർഷം
ഇപ്പോൾ ഈ പ്രശ്നം വളരെ രൂക്ഷമായിട്ടുണ്ട്. കൃഷിയിടങ്ങളിൽ മയിലും കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങനും പതിവാകുന്ന സാഹചര്യം. ഇവയെയൊക്കെ പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂളിൽ ആക്കിയത് ആരെന്ന് ഇപ്പോഴും പിടിയില്ല. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ വേറെ ഏതെങ്കിലും അതോറിറ്റിയോ പറഞ്ഞതാണോ എന്ന് ആർക്കും അറിയില്ല. മരപ്പട്ടി എന്തിനാണ് ഷെഡ്യൂൾ വണ്ണിൽ വന്നത് എന്നും എനിക്ക് മനസ്സിലായിട്ടില്ല. 1992ൽ അന്നത്തെ വനംസെക്രട്ടറി രാമചന്ദ്രൻ നായർ വിളിച്ച യോഗത്തിൽ, കാട്ടുപന്നിയെ നിയന്ത്രിക്കാൻ നിർദ്ദേശം ഞാൻ വെച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രദേശത്ത് എവിടെ, എത്ര കാട്ടുപന്നികളുണ്ട് എന്ന് മനസ്സിലാക്കിയ ശേഷം അതിനെ നിയന്ത്രിക്കുക, കൊല്ലുക. അതു ചെയ്യാം എന്നു പറഞ്ഞിരുന്നു. അക്കാലത്ത് 'വെർമിൻ' (ക്ഷുദ്രജീവി) വകുപ്പുണ്ടായിരുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഈ വകുപ്പ് പ്രകാരം ഒരു നിശ്ചിതപ്രദേശത്തെ ഏതു വന്യജീവിയെയും നിശ്ചിത കാലത്തേക്ക് വെർമിൻ ആയി പ്രഖ്യാപിച്ച് വേട്ട അനുവദിക്കാം. അത്യാവശ്യ നിയന്ത്രണം കുറഞ്ഞതുകൊണ്ടാണ് ഇന്ന് അവയുടെ എണ്ണം കൂടി നിൽക്കുന്നത്. ചില കാര്യങ്ങളിൽ ബലം പിടിക്കേണ്ട ആവശ്യമില്ല.
ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന കാര്യം പറഞ്ഞല്ലോ. ഇഎസ്എ വിഷയത്തിൽ അടിത്തട്ടിൽ അതുണ്ടായില്ലേ?
കർണാടകയിൽ ഗാഡ്ഗിൽ കമ്മിറ്റി നേരിട്ട് ജനങ്ങളുമായി സംവദിച്ചിരുന്നു; കേരളത്തിൽ അത്രത്തോളം കൺസൾട്ടേഷൻ ഉണ്ടായില്ല. പക്ഷേ അതുകൊണ്ട് റിപ്പോർട്ട് മുഴുവൻ തെറ്റാണെന്ന് പറയാൻ പറ്റില്ല. എനിക്കോർമ്മയുള്ളത് രാമനിലയത്തിൽ യോഗം നടന്നതാണ്, വേറെ ഒന്നും നടന്നതായി കേട്ടിട്ടില്ല. ഗാഡ്ഗിൽ കഴിഞ്ഞ് കസ്തൂരിരംഗൻ വന്നു, പിന്നീട് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി വന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ജനം മുഴുവൻ പ്രകൃതിസംരക്ഷണ വിരുദ്ധരായി. ഈ പ്രശ്നത്തിലെ പ്രധാനകക്ഷികളായ ജനത്തിന് പങ്കാളിത്തം ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശ്നം വരില്ലായിരുന്നു. ജനങ്ങളെ ഭയപ്പെടുത്തുന്നതിൽ ചില നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉണ്ടാകും. പലതരത്തിലുള്ള മാഫിയകളും മറ്റും. രാഷ്ട്രീയനേതൃത്വമാകട്ടെ, നാട്ടുകാരോട് 'ഇതാണ് ഞാൻ മനസ്സിലാക്കിയത്, നമുക്ക് ചർച്ച ചെയ്യാം' എന്ന് പറയുന്നതിന് പകരം, എതിർത്താൽ വോട്ട് നഷ്ടമാകുമെന്ന കരുതലോടെയാണ് ഇടപെടുന്നത്.
ഈ കരടിൽ പറയുന്നത് പണ്ട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണല്ലോ. ഇതിലുണ്ടെന്ന് പറയുന്ന പ്രശ്നങ്ങൾ ഏതെങ്കിലും വിദഗ്ദ്ധ സമിതിയെ വെച്ച് പരിശോധിച്ചിട്ടുണ്ടോ? ഇല്ല. കുറഞ്ഞ പക്ഷം, അതിവേഗ വിലയിരുത്തൽ നടത്തിക്കൂടെ? അത് നടത്താമായിരുന്നല്ലോ. അത് എന്തുകൊണ്ടാണ് മാറി വന്ന സർക്കാരുകൾ ചെയ്യാത്തത് എന്ന ചോദ്യവും ഉയരുന്നു.
വയനാട് ബഫർ സോൺ-തെറ്റിദ്ധാരണയുടെ കേസ് സ്റ്റഡി
പണ്ട് വയനാട് ടൈഗർ റിസർവിന് ബഫർസോൺ വരാൻ പോകുന്നു എന്ന് പറഞ്ഞ് വലിയ പ്രശ്നം ഉണ്ടായപ്പോൾ, മുൻസിപ്പൽ ചെയർമാൻ, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെയൊക്കെ വിളിച്ച് വനംവകുപ്പ് ചർച്ച നടത്തി. വിദഗ്ധനായി ഞാനും പങ്കെടുത്തിരുന്നു. അവർ പറഞ്ഞ ആശങ്കകൾ വിചിത്രമായിരുന്നു-ബഫർ സോൺ വന്നാൽ വീടിന് പച്ച പെയിന്റ് അടിക്കണം, കൃഷിയോ ഭൂമി വിൽപ്പനയോ പാടില്ല, പുതിയ വീട് വെയ്ക്കാൻ പാടില്ല, രാത്രി ലൈറ്റ് ഇടാൻ പാടില്ല, റോഡിലൂടെ നടക്കാൻ പോലും പാടില്ല എന്നൊക്കെ. ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ 'എല്ലാവരും അങ്ങനെ പറഞ്ഞു' എന്നായിരുന്നു മറുപടി. ഇത്തരം തെറ്റിദ്ധാരണകൾ മനുഷ്യമനസ്സിൽ നേരത്തെ തന്നെ കുത്തിവെച്ചിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് യഥാർത്ഥ വെല്ലുവിളി. സോൺ വന്നാൽ കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി വികസനത്തിനുള്ള ധനസഹായം വരുമെന്ന് അവരോട് പറഞ്ഞപ്പോൾ അതെങ്ങനെ കൊണ്ടുവരാമെന്നായി അടുത്ത ചോദ്യം! കാര്യമറിയാതെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്.
മുന്നോട്ടുള്ള വഴി
എതിർപ്പുകളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള 60 ദിവസ കാലയളവ് അവസാനിക്കാൻ ദിവസങ്ങളേയുള്ളൂ. ഓരോ തവണയും 'ഇത് പാടില്ല, അത് പാടില്ല' എന്ന് പറഞ്ഞുകൊണ്ടിരിക്കാതെ, സാമാന്യബുദ്ധിക്ക് നിരക്കുന്ന രീതിയിൽ ജനങ്ങളോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. അതാരും ചെയ്യുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. വൈകിക്കുന്നത് കൊണ്ട് ഗുണമില്ല. പണ്ട് നാഷണൽ പാർക്കുകൾക്ക് ചുറ്റും പരിസ്ഥിതി ലോലമേഖല നിശ്ചയിച്ചത് നടപ്പാക്കാതിരുന്നവർക്ക് സുപ്രീം കോടതി ഒറ്റയടിക്ക് 10 കിലോമീറ്റർ ആക്കി നിശ്ചയിച്ചത് നമുക്കറിയാവുന്നതാണ്. കുറച്ചുനാളത്തേക്ക് നമ്മൾ പെട്ടുപോയി.
ഇത് നടപ്പാക്കാതിരുന്നാൽ കേന്ദ്ര ഫണ്ടിംഗിനെ ബാധിക്കാനും സാധ്യതയുണ്ട്. പണ്ട് സൈലന്റ്വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച് അണക്കെട്ട് പദ്ധതി ഉപേക്ഷിച്ചപ്പോൾ ഇന്ദിരാഗാന്ധിക്കും കേരളത്തിനും അന്താരാഷ്ട്രതലത്തിൽ കിട്ടിയ മൈലേജ് പോലെ, കൺസർവേഷന് വലിയ പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് നമുക്കും വലിയ യശസ്സ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ബലംപിടിച്ചു നിന്നാൽ അത് നഷ്ടമാകും. ഉദ്യോഗസ്ഥരും വിദഗ്ധരും പ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ, അത് നടപ്പാക്കാൻ പറ്റിയ മുഖ്യമന്ത്രി ഇപ്പോൾ നമുക്കുണ്ടെന്നാണ് എന്റെ വിശ്വാസം.
Content Highlights: Misconceptions about ESA causing displacement of residents or halting farming are entirely false., State government efforts to reduce ESA villages and area under political pressure are unscientific., Leadership must transparently communicate scientific facts to the public rather than fueling unfounded panic., Protecting ecological zones is essential for mitigating natural disasters like landslides and floods.
Published: 22 Sept 2026, 03:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented