
നിപ രോഗം ഓരോ തവണ റിപ്പോര്‍ട്ടു ചെയ്യുമ്പോഴും ആരോഗ്യരംഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു, നിപയെ വരുതിക്കുള്ളിലാക്കുന്നു എന്നതില്‍ കവിഞ്ഞ് എന്തു കൊണ്ട് നിപ കേരളത്തില്‍ എന്നത് സംബന്ധിച്ച് പഠനങ്ങളോ നിര്‍ണയമോ നടത്തുന്നില്ല നാം. ആ പഠനം നടത്തുന്നതിന്റെ ആവശ്യകതയെകുറിച്ച് സംസാരിക്കുകയാണ് വനം വകുപ്പ് ചീഫ് വെറ്ററിനെറി ഓഫീസറായ ഡോ. അരുണ്‍ സക്കറിയ. 2023ന് മൂമ്പ് മൂന്ന് തവണ കേരളത്തില്‍ നിപ വന്നപ്പോഴും വവ്വാല്‍ കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പാരിസ്ഥിതിക സംഘത്തിലുണ്ടായിരുന്നു ഡോ. അരുണ്‍ സക്കറിയ. നമ്മുടെ നാട്ടില്‍ ഇല്ലാതായ കശുമാവിന്‍ തോട്ടങ്ങള്‍, വീടുകളോട് ചേര്‍ന്നുള്ള റമ്പൂട്ടാന്റെ കടന്നു വരവ്, ചെറുകാടുകളുടെയും വൻമരങ്ങളുടെയും നാശം എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള ചില സംശയങ്ങള്‍ കൂടി പങ്കുവെക്കുകയാണ് അദ്ദേഹം.
നിപ രോഗബാധ കഴിഞ്ഞ കുറെ വർഷങ്ങളിലായി കേരളത്തിൽ ആവർത്തിക്കുകയാണ്. കാലാവസ്ഥാ മാറ്റമാണോ, അതോ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റമാണോ എന്താണ് നിപ പോലുള്ള zoonotic disease കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങള്‍?
ഇതൊരു സുവോനോട്ടിക് ഡിസീസ് മാത്രമല്ല എമര്‍ജിങ് ഡിസീസ് കൂടിയാണ്. ഒരു പാത്തോജന്‍(രോഗാണു) വഴിയുണ്ടാകുന്ന രോഗം ഒരു പ്രദേശത്ത് ആദ്യമായി കണ്ടെത്തുന്നതിനെയാണ് എമര്‍ജിങ് ഡിസീസ് എന്ന് പറയുന്നത്. വവ്വാലില്‍ പരിണമിച്ചുണ്ടായ ഒരു വൈറസ് ആണ് നിപ. ഒരു രോഗാണു ഹോസ്റ്റുമായി ചേര്‍ന്ന് ആ ഹോസ്റ്റിലൂടെ യോജിച്ചു ജീവിക്കുന്നതാണ് പാത്തോജന്‍ കോ എവലൂഷന്‍.. ആ രോഗാണു ഹോസ്റ്റിനെ നശിപ്പിക്കില്ല. അതിന് അസുഖം വരുത്താതെ അതിനുള്ളില്‍ പെറ്റ് പെരുകുന്നു. ഈ രോഗാണു ഒരു ഹോസ്റ്റിനെ വിട്ട് മറ്റൊരു ഹോസ്റ്റിലേക്ക് കയറുന്നതിന് പല കാരണങ്ങളുണ്ടാവാം. രോഗാണുവും അത് ജീവിക്കുന്ന ജീവിയും അതിന്റെ പരിസ്ഥിതിയും ചേര്‍ന്നുണ്ടാകുന്ന പരിണാമപരമായ വ്യവസ്ഥിതിയാണ് നിഷ്- niche .അതിനകത്തേക്ക് മനുഷ്യര്‍ കടന്നു ചെല്ലുന്നതോടെയാണ് രോഗാണു സാംക്രമികമാകുന്നത്.. കെസനൂര്‍ ഫോറസ്റ്റ് ഡിസീസ് മനുഷ്യനിലേക്ക് എത്തുന്നത് ഒരു റിസർവോയർ ഹോസ്റ്റില്‍ നിന്നാണ്. അത് കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്ക് പാരിസ്ഥിതിക ആഘാതങ്ങളുടെ ഭാഗമായാണെത്തിയത്. 1955ല്‍ ഷിമോഗയിലെ കൈസനൂര്‍ എന്ന ഗ്രാമത്തിലാണ് ഇതാദ്യമായി പൊട്ടി പുറപ്പെടുന്നത്. അവിടെ കാടുവെട്ടിയതാണ് രോഗാണുവിനെ ആ സ്പീഷീസിൽ നിന്ന് മറ്റൊരു സ്പീഷിസിലെത്തിച്ചത്. ഇതിനെ സ്പീഷീസ് ജമ്പ് എന്ന പറയും. ഈ സ്പീഷീസ് ജംപ് നിപയുടെ കേസിലും നടന്നു.
അപ്പോള്‍ നമ്മള്‍ കാട്ടിലേക്ക് കടന്നു കയറിയതിന്റ ഭാഗമായാണോ വവ്വാലില്‍ നിന്നുള്ള നിപയുടെ സ്പീഷീസ് ജമ്പ് ഉണ്ടാക്കിയത്?
നിപയുടെ കേസില്‍ നമ്മള്‍ അങ്ങോട്ട് കയറി ചെന്നതു കൊണ്ടോ വവ്വാല്‍ ഇങ്ങോട്ട് വന്നതു കൊണ്ടോ സംഭവിച്ചതാണെന്ന് പറയാനാവില്ല. വവ്വാല്‍ നമുക്കിടയില്‍ തന്നെ ഉണ്ടായിരുന്നു. ഒരുപാട് ഊഹങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഒന്നും കോണ്‍ക്രീറ്റ് എവിഡന്‍സ് അല്ല. മനുഷ്യവാസം ഉള്ള പ്രദേശങ്ങളില്‍ തന്നെയുള്ള ചെറുകാടുകള്‍ വന്‍മരങ്ങള്‍ എന്നിവ നശിച്ചതിന്റെ ഭാഗമായി സംഭവിച്ചതാവാം ഈ ചാട്ടം. വവ്വാലുകളുടെ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്നത് കൊണ്ടും സംഭവിച്ചതാവാം. പഠനം നടത്തി തെളിയിക്കപ്പെടേണ്ടതാണ് ഇവയെല്ലാം.
നിപ വൈറസ് Pteropus എന്ന പഴം തീനി വവ്വാലുകളാണല്ലോ കൊണ്ടു വരുന്നത്. ഇവ കാടിനേക്കാള്‍ കൂടുതല്‍ നാട്ടിലാണുള്ളത്. പ്രത്യേകിച്ച് പഴമരങ്ങള്‍ നട്ടു വളര്‍ത്തുന്ന പ്രദേശങ്ങളില്‍. ഇവ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. വിത്ത് പരത്തുന്നു, പരാഗണം നടത്തുന്നു. ക്ഷുദ്ര ജീവികളുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കുന്നു. അങ്ങനെ പല പാരിസ്ഥിതിക ഗുണങ്ങൾ വവ്വാലിനെക്കൊണ്ടുണ്ട്. മലബാർ പ്രദേശത്ത് കശുമാവിന്റെ സീസണ്‍ സമയത്ത് ഇവ കശുമാങ്ങ കഴിച്ച് ടണ്‍ കണക്കിന് കശുവണ്ടിയാണ് താഴെ ഇട്ടിരുന്നത്. ഇത് മനുഷ്യര്‍ക്കു ഗുണം ചെയ്തിരുന്നു. കശുമാവിന്‍ കൃഷിയൊക്കെ ഇപ്പോ നശിച്ചു പോയി. കശുമാവിന്‍ തോട്ടങ്ങള്‍ ഉണ്ടായിരുന്നതിന്റെ പരിസര പ്രദേശങ്ങളിലാണ് ഇപ്പോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നത്.

ഇതു പറഞ്ഞപ്പോൾ ഒരു കാര്യം ചേർത്ത് പറയേണ്ടതുണ്ടെന്ന തോന്നുന്നു.. ഞങ്ങളുടെ നാട്ടില്‍ 200 ലധികം വര്‍ഷം പഴക്കമുള്ള നൂനൂല്‍(ഇലിപ്പ) മരമുണ്ടായിരുന്നു. അതിലെ ചെറിയ പഴങ്ങളും പൂവും തിന്നുന്ന ആയിരക്കണക്കിന് വവ്വാലുകളാണ് ആ മരത്തിലുണ്ടായിരുന്നത്. ആ മരം ഏതാനും വർഷം മുമ്പ് വെട്ടി. പക്ഷെ ആ വവ്വാലുകള്‍ എങ്ങോട്ടേക്ക് പോയി എന്നതൊരു ചോദ്യമാണ്. അങ്ങനെ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുമ്പോള്‍ ഇവ നിപ വാഹകരാവാനുള്ള സാധ്യതയുണ്ടെന്നല്ലേ ഈ പറഞ്ഞതിനര്‍ഥം?
ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടാവുന്നുണ്ട്. പരിസ്ഥിതിയില്‍ മാറ്റമുണ്ടാവുന്നുണ്ട് അങ്ങനെ ജീവി സ്ട്രസ് അനുഭവിക്കുന്നുണ്ട്. നിപ വൈറസ് ഇവയുടെ ശരീരത്തില്‍ ഉണ്ട്. പക്ഷെ ആവാസസ്ഥലം നഷ്ടപ്പെട്ട് സ്ട്രസ് അനുഭവിക്കുമ്പോള്‍ ഇവയുടെ ശരീരത്തില്‍ വൈറസ് ലോഡ് കൂടും. ഇങ്ങനെ വൈറസ് ലോഡ് കൂടിയവ കഴിക്കുന്ന പഴത്തിലോ ഒഴിക്കുന്ന മൂത്രത്തിലോ ഈ വൈറസ് ധാരാളമായുണ്ടാവും. വവ്വാലിന്റെ ഉള്ളില്‍ തന്നെ സംഭവിക്കുന്ന ആ മാറ്റങ്ങളെ കുറിച്ച് പഠനം നടത്തിയാലേ അസന്നിഗ്ധമായി നമുക്ക് പറയാനാവൂ.
നിപ വൈറസാവട്ടെ കൊറോണ വൈറസാവട്ടെ ഇത്തരത്തിലുള്ള മാരകമായ വൈറസുകളുടെയെല്ലാം വാഹകര്‍ വവ്വാലാണല്ലോ. എന്താണ് വവ്വാലിനെ ഈ തീവ്ര വൈറസുകളുടെ വാഹകരാക്കാന്‍ മറ്റ് ജന്തുക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്?
നിപ വൈറസ് , സിക്ക വൈറസ്, കൊറോണ വൈറസ് എന്നിവയെല്ലാം വവ്വാലിലുണ്ട്. 1998ലെ നിപ മലേഷ്യയില്‍ വവ്വാലില്‍ നിന്ന് പന്നി വഴിയാണ് മനുഷ്യരിലേക്കെത്തിയതെന്നാണ് അനുമാനം. 1976ലെ എബോള വൈറസ്, 2002 ലെ സാര്‍സ് വൈറസ്, 2012ല്‍ യുഎഇയില്‍ പൊട്ടിപ്പുറപ്പെട്ട മെര്‍സ് വൈറസ്(ഒട്ടകത്തിലൂടെ മനുഷ്യരിലെത്തിയ വൈറസ്), കോവിഡ് വൈറസ് എന്നിവയുടെയെല്ലാം ഉറവിടം വവ്വാലാണ്. എന്ത് കൊണ്ട് വവ്വാല്‍ എന്നത് ഒരു ചോദ്യം തന്നെയാണ്. അതു ഞാന്‍ വിശദീകരിക്കാം.
ഓരോ രോഗാണുവിന്റെയും ഹോസ്റ്റ് ചത്താല്‍ ആ രോഗാണുവും ചാവും. ഹോസ്റ്റ് അതിജീവിക്കുക എന്നതാണ് രോഗാണുവിനെ സംബന്ധിച്ചും ഗുണകരം. ആ അതിജീവനത്തിന് ഏറ്റവും അനുയോജ്യമായ ജീവിയാണ് വവ്വാല്‍. വവ്വാലിന് തരക്കേടില്ലാത്ത ആയുര്‍ദൈര്‍ഘ്യം ഉണ്ട്. ചെറിയ ജീവികള്‍ക്ക് പൊതുവേ ആയുര്‍ദൈര്‍ഘ്യം കുറവാണ്. എന്നാല്‍ വവ്വാലുകളുടെ ശരീരവലിപ്പ-ആയുര്‍ദൈര്‍ഘ്യ അനുപാതം കൂടുതലാണ്.. രണ്ടാമത്തെ കാര്യം അന്റാര്‍ട്ടിക്കയിലൊഴികെ ലോകത്തെല്ലായിടത്തും ഏറ്റവും കൂടുതലുള്ള ജീവി കൂടിയാണ് വവ്വാല്‍. കരണ്ടു തീനി വര്‍ഗ്ഗം കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രണ്ടാമത്തെ സസ്തനി ക്രമമാണ് വവ്വാലുകള്‍. ഇവ എല്ലായിടത്തുമുണ്ടെന്ന് മാത്രമല്ല കൂട്ടമായാണ് ജീവിക്കുന്നത്. മൂന്നാമത്തേതും പ്രധാനപ്പട്ടതുമായ കാര്യം വവ്വാലിന്റെ സെല്ലുലാർ റിസപ്‌റ്റേര്‍സ് ആണ്. ഏത് രോഗാണു നമ്മെ ബാധിക്കണമെങ്കിലും നമ്മുടെ കോശങ്ങളിൽ റിസപ്റ്റേർസ് (സ്വീകരണി) വേണം. ഈ റിസപ്റ്ററുണ്ടെങ്കിലേ വൈറസിന് കോശത്തിനകത്ത് ജീവിക്കാന്‍ പറ്റൂ. വവ്വാലിന് ഒരു വിധം വൈറസുളെയെല്ലാം ആകര്‍ഷിക്കാനുള്ള സ്വീകരണികൾ അതിന്റെ കോശങ്ങളിലുണ്ട്. എലിയുള്‍പ്പെടെയുള്ള കരണ്ടുതീനി വിഭാഗങ്ങളേക്കാള്‍ കൂടുതല്‍ വൈറസ്സുകള്‍ വവ്വാലുകളില്‍ കണ്ടു വരുന്നു. ചുരുക്കി പറഞ്ഞാല്‍ സ്പീഷിസുകളുടെ എണ്ണം, ആയുസ്സ് , ഉയര്‍ന്ന എണ്ണത്തിലുള്ള റിസപ്റ്ററുകള്‍, ഉയര്‍ന്ന മെറ്റബോളിക് ആക്ടിവിറ്റി എന്നിവ വവ്വാലുകളെ ആര്‍എന്‍എ വൈറസ്സിന് ജീവിക്കാനനുകൂലമാകുന്ന ഹോസ്റ്റാക്കുന്നു.

1998ല്‍ മലേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട നിപയുടെ കാരണമായി പൊതുവെ പറയപ്പെടുന്നത് എല്‍നിനോ കാരണം വവ്വാലുകളുടെ ആവാസ സ്ഥലങ്ങള്‍ക്ക് നാശം വരികയും അങ്ങനെ സ്ട്രസ് അനുഭവിച്ച് ഇവയുടെ ശരീരത്തിലെയും വിസര്‍ജ്ജ്യത്തിലെയും വൈറസ് ലോഡുകള്‍ കൂടി അത് പന്നികളിലൂടെ മനുഷ്യരിലെത്തി എന്നല്ലേ....കേരളത്തില്‍ ഈ തരത്തിലുള്ള ആവാസ നാശമാണോ കാരണം?
ശാസ്ത്രം പറയുന്നത് തെളിവ് നിരത്തിയാവണം. ഈ പറഞ്ഞ എല്‍നിനോ ആഘാതത്തിന് സാഹചര്യത്തെളിവുകളേ ഉള്ളൂ. പന്നിഫാമില്‍ വവ്വാല്‍ കടിച്ച പഴം എത്തിയത് ആക്‌സിഡന്റ് ആണ്. എല്‍നിനോ എഫക്ട് ഇതിനുള്ളിലെ വൈറല്‍ ലോഡ് കൂട്ടുന്നതിനാണ് കാരണമായത്. പഴം അവിടെ എത്തിയത് ആ കാരണം കൊണ്ടാണെന്ന് പറയാനാവില്ല. ഇന്‌സിഡന്റല്‍ ചാന്‍സ് കാരണമുള്ള സ്പില്‍ ഓവർ ആണത്.
ഇത്തരം അന്വേഷണത്തിന്റെ ഭാഗമായി നമ്മള്‍ ആദ്യം ചെയ്യുന്നത് മോഡല്‍സ് ഉണ്ടാക്കലാണ്. ബംഗ്ലാദേശില്‍ കള്ളുകുടത്തില്‍ നിന്നാണ് നിപ പരന്നത്. കള്ള് കുടിക്കാന്‍ വരുന്ന വവ്വാല്‍ അതു കുടിക്കുകയും അതിനുള്ളില്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നു. കള്ള് വൈറസിന് അനുയോജ്യമായ ഇടമാണ്. അതിനകത്ത് വൈറസ് നില്‍ക്കും. അങ്ങനെയാണ് ബംഗ്ലാദേശില്‍ നിപ ഔട്ട് ബ്രേക്ക് ഉണ്ടാകുന്നത്. വവ്വാലിന്റെ മൂത്രത്തി നാണ് ഏറ്റവും കൂടുതല്‍ വൈറല്‍ ലോഡുള്ളത്. ബംഗ്ലാദേശ് മോഡലില്‍ ആവാസവ്യവസ്ഥ നാശമില്ല. അതുകൊണ്ട് എല്ലാ നിപ ഔട്ട്ബ്രേക്കും ആവാസ വ്യവസ്ഥ നാശം കൊണ്ടാണെന്ന് നമുക്ക് പറയാനാവില്ല.
മലേഷ്യയിലുണ്ടായതില്‍ വവ്വാലിനും മനുഷ്യനും ഇടയില്‍ പന്നി ഉണ്ട്, കോവിഡില്‍ ഈനാംപേച്ചിയുണ്ടെന്ന് പറയുന്നു ഉറപ്പില്ല.. എന്നാല്‍ ബംഗ്ലാദേശില്‍ ഇടയിലൊരു ജീവി ഇല്ല. നേരിട്ട് കള്ളില്‍ കൂടിയാണ് വന്നത്. കേരളത്തിലെ കേസില്‍ ഇന്റര്‍മീഡിയറ്റ് സാധ്യത എത്രത്തോളമാണ്?
നമുക്ക് രോഗം വന്നു അതിനെ പിടിച്ചു കെട്ടി എന്നല്ലാതെ ഏത് വഴിക്ക് വന്നു . പിടിപെട്ട സ്ഥലം, ഇതൊന്നും അറിയില്ല. ആദ്യ കേസ് മാത്രമേ നമ്മുടെ പക്കലുള്ളൂ. നാല് പ്രാവശ്യം നിപ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആദ്യം പിടിപെട്ടവരെല്ലാം മരിച്ചു പോയി. അവരെന്ത് പഴം കഴിച്ചു എങ്ങനെ അവരിലേക്ക് വൈറസെത്തി അറിവില്ല. അതിനാല്‍ പിടിപെട്ട സ്‌പോട്ട് കണ്ടെത്താന്‍ പറ്റുന്നില്ല.
നിപ വരുന്നു ചികിത്സിക്കുന്നു, പിടിച്ചു കെട്ടുന്നു എന്നതിനപ്പുറത്തേക്ക് നിപ വരുന്ന വഴി തിരിച്ചറിഞ്ഞ് അതിനെ തടയുക എന്ന തരത്തിലുള്ള വലിയ ഗവേഷണങ്ങളിലേക്ക് കൂടി നമ്മള്‍ കടക്കേണ്ടതില്ലേ?
തീര്‍ച്ചയായും. ഒരുപാട് പാമ്പുകളെ നമ്മള്‍ മനുഷ്യവാസ പ്രദേശങ്ങളില്‍ നിന്ന് പിടിക്കുന്നുണ്ട്. പിടിക്കുന്നതില്‍ കൂടുതലും മൂര്‍ഖനും അണലിയുമാണ്. എങ്ങനെയാണ് ഇത്രയധികം നമ്മുടെ നാട്ടിലുള്ളത്. മൂര്‍ഖനും അണലിയും കൃഷിയുമായി ബന്ധപ്പെട്ട് പരിണമിച്ച് ജീവിക്കുന്ന പാമ്പുകളാണ് എന്നതാണ് ഇതിനുള്ള കാരണം. കൃഷിയിടത്തിലെത്തുന്ന എലികളെ തിന്നാണ് ഇവ ജീവിക്കുന്നത്. അന്ന് അവയ്ക്ക് ജീവിക്കാന്‍ ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന ചെറിയ കുറ്റിക്കാടുകളുണ്ട്. ഇന്ന് അത്തരം ചെറു കാടെുകളെവിടെ. മതിലുകെട്ടി നിലം മൊത്തം ഇന്റര്‍ലോക്ക് ചെയ്ത് ജീവിക്കുകയാണ്. അവയുടെ സഞ്ചാര പാതയെവിടെ. വവ്വാല്‍ അര്‍ബന്‍ എക്കോളജിയുടെ ഭാഗമാണ്. അത്തരത്തില്‍ നമ്മുടെ പരിസ്ഥിതി ബോധത്തിലും അറിവിലുമെല്ലാം നമ്മള്‍ മാറ്റങ്ങളുണ്ടാക്കേണ്ടതുണ്ട്.

2018ൽ ഉണ്ടായ നിപയ്ക്ക് ജാനകിക്കാടുമായുള്ള ബന്ധം അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ഔട്ട് ബ്രേക്കും അവിടെ നിന്ന് അധികം അകലെയല്ല. ജാനകിക്കാടിന്റെ പരിസരപ്രദേശങ്ങളില്‍ നിപ ആവര്‍ത്തിച്ച് വരാനുള്ള കാരണമെന്താണ്...നിപയുടെ ഉറവിടം തേടിയുള്ള പഠനം സംഘങ്ങളിലെല്ലാം താങ്കൾ ഉണ്ടായിരുന്നല്ലോ...വവ്വാലിന്റെ സ്രവമെടുത്ത ആ പഠനത്തിന്റെ ഫലമെന്തായിരുന്നു?
ജാനകിക്കാട് നിപയുടെ ഹോട്ട് സ്‌പോട്ടാണ്. രണ്ട് ഔട്ട്‌ബ്രേക്കും അതിന്റെ പരിസരത്താണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ നടന്ന കേസിന് അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ പോലും ദൂരമില്ല. എന്‍ഐവിയാണ് അന്ന് ലാബ് റിസേര്‍ച്ച് ചെയ്തത്. പഠനം നടത്തിയ വവ്വാല്‍ കൂട്ടങ്ങള്‍ നല്ല രീതിയില്‍ വൈറസ് വാഹകരായിരുന്നു. ജാനകിക്കാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുമ്പ് നിപ ബാധിച്ച് കുട്ടി മരിച്ച കേസിൽ അതിന്റെ പ്രദേശങ്ങളില്‍ വവ്വാലുകളെ പരിശോധിച്ചപ്പോഴും നിപ വൈറസുകള്‍ അവയില്‍ സ്ഥിരീകരിച്ചിരുന്നു.
ഡിസീസ് എക്കോളജി എന്നത് നമ്മുടെ നാട്ടില്‍ പഠിക്കുന്നില്ല. വണ്‍ ഹെല്‍ത്ത് കണ്‍സെപ്റ്റ് ഉണ്ടെന്നല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ല. വൈല്‍ഡ് ലൈഫ് ഡിസീസ് സര്‍വൈലന്‍സ് എന്നൊന്നുണ്ടെങ്കിലും അത് കാര്യക്ഷമമായി നടക്കുന്നില്ല.നിങ്ങള്‍ വരൂ വവ്വാലുകളെ കുറിച്ച് പഠിക്കൂ എന്ന് പറയും. അപ്പോഴാണ് നമ്മള്‍ മലേഷ്യ, ബംഗ്ലാദേശ് അടക്കമുള്ള മാതൃകകള്‍ മുന്നോട്ടുവെക്കുന്നത്. അവിടെയുള്ള വവ്വാലുകള്‍ ഏതൊക്കെ തരമെന്ന് കണ്ടെത്താന്‍ ശ്രമിക്കും. എന്നിട്ടവയെ മാപ് ചെയ്യും. എവിടെയാണ് ഇന്‍ഡക്‌സ് കേസ് വന്നതെന്ന് നോക്കും എന്നിട്ട് എന്താണ് കോണ്‍ടാക്ട്. സ്ഥലമാണോ അതോ പഴമാണോ എന്ന് പഠിക്കാന്‍ ശ്രമിക്കും. എന്നിട്ട് എന്‍ഐഎ വിളിച്ച് സാമ്പിള്‍ ചെയ്യും ഇതാണ് ചെയ്തു കൊണ്ടിരുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ജാനകിക്കാടിനോട് ചേര്‍ന്ന് കാട്ടു പന്നികള്‍ ചാവുന്നുണ്ട് എന്നറിയുന്നു. ഇത് നമ്മൾ ഗൗരവമായി കാണേണ്ടതുണ്ട്. ഞാന്‍ കാണുന്ന സാധ്യത വവ്വാലുകളില്‍ നിന്നുള്ള വൈറസ് കാട്ടു പന്നികളിലേക്ക് സ്പില്‍ ഓവര്‍ ചെയ്തിട്ടുണ്ടെന്നതാണ്. അതായത് മലേഷ്യന്‍ മോഡലിനുള്ള സാധ്യതയുണ്ട്. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധയേല്‍ക്കുന്ന പന്നികള്‍ ഒന്നര കിലോമീറ്റര്‍ അപ്പുറത്തേക്ക് പോയി ആയിരിക്കും ചാവുന്നത്.. അപ്പോള്‍ വൈറസ് പ്രോപ്പഗേറ്റ് ചെയ്യുന്നു. അങ്ങനെ നായയും പൂച്ചയും അഫക്റ്റഡ് ആയി സംഭവിച്ചതുമാവാം. ഇതെല്ലാം അനുമാനങ്ങളാണ്. തെളിയിക്കപ്പെടേണ്ടതുണ്ട്.
നമ്മുടെ നാടിനോട് ചേര്‍ന്ന് ജീവിക്കുന്ന വവ്വാലുകളില്‍ ചിലതില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്നത് ഒരു യാഥാര്‍ഥ്യമായിരിക്കെ നമുക്ക് മുന്നില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്..?
നമുക്ക് കാടൊരുപാടുണ്ട്. കാടതിര്‍ത്തികളിലാണ് വവ്വാല്‍ കൂട്ടങ്ങള്‍ താവളമിടുന്നത്. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ കശുമാവിന്‍ തോപ്പുകളുടെ നാശം ഒരു ഘടകമാണെന്ന തോന്നലെനിക്കുണ്ട്. റമ്പൂട്ടാനടക്കമുള്ള പഴത്തോട്ടങ്ങള്‍ കൂടി. ഇത് വവ്വാലുകളെ ആകര്‍ഷിക്കും. വൈറസ് സ്പില്‍ ഓവര്‍ ഉണ്ടാവണമെങ്കില്‍ കോണ്‍ടാക്ട് ഉണ്ടാവണം. ആ കോണ്‍ടാക്ട് സാധ്യത പക്ഷെ നമ്മള്‍ കണ്ടെത്തിയേ തീരൂ. 2018ലെയും നിലവിലെയും രണ്ട് ഇന്‍ഡെക്‌സ് കേസുകളും ഉണ്ടായതിന്റെ പരിസരങ്ങളിലെ വവ്വാല്‍ കൂട്ടം ഇന്‍ഫെക്റ്റഡ് ആണ്. പക്ഷെ മനുഷ്യരിലേക്ക് ആ വൈറസ് പരന്നത് എങ്ങനെയെന്നതാണ് നാം കണ്ടെത്തേണ്ടത്.
ഹോസ്റ്റ്, പാത്തോജന്‍, പരിസ്ഥിതി എന്നിവ ചേര്‍ത്ത് ഒരു തൃകോണം വരച്ചാണ് നമ്മള്‍ പരിശോധിക്കുന്നത്. ഇതിനെ ഗോള്‍ഡന്‍ ട്രയാങ്കിളെന്നാണ് പറയുക. ആദ്യം രോഗം ബാധിച്ചയാൾ താമസിച്ചതിനടുത്ത് വവ്വാല്‍ കൂട്ടമുണ്ടോ എന്ന് നോക്കണം. അവിടെ വലിയ മരം വെട്ടുന്നതുപോലുള്ള പാരിസ്ഥികനാശമുണ്ടായിട്ടുണ്ടോ എന്ന് നോക്കണം. അതവിടെ പോയി അന്വേഷിച്ചാലേ മനസ്സിലാവൂ എന്നാലെ നമുക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം ഇതില്‍ ഉണ്ടാവൂ..
വവ്വാലുകളുടെ മാപ്പിങ് നടത്തണം. ഓരോ പോപ്പുലേഷന്റെ സൈസ് കണ്ടെത്തണം. നിലീന നേരത്തെ നാട്ടിലെ ഒരു മരം വെട്ടിയ കാര്യം പറഞ്ഞല്ലോ. ആ മരത്തിലുണ്ടായിരുന്നവയൊക്കെ എങ്ങോട്ട് പോയി, അവിടത്തെ എക്കോളജി എന്താണ്. എത്രമാത്രം ഇവ ഇന്‍ഫെക്റ്റഡാണെന്ന സര്‍വ്വെയും നടത്തണം .രക്ത മൂത്ര സാമ്പിളെടുത്ത് എപ്പിഡമോളജിക് ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യണം. വൈറസിനെ സീക്വൻസ് ചെയ്യണം. എന്നിട്ട് മ്യൂട്ടേഷന്‍ സംഭവിച്ചോ എന്ന് നോക്കണം. മൂന്നാമത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കണം ഇതു മൂന്നും ചേർത്ത് പഠിച്ചാലേ ഇതിനൊരു പരിഹാരം കണ്ടെത്താനാകൂ..ആവാസ വ്യവസ്ഥാ നാശം, വൈറസ്സിന് മ്യൂട്ടേഷന്‍ സംഭവിക്കുന്നു, സ്പില്‍ ഓവര്‍ ചെയ്യാനുള്ള സാധ്യത ഈ മൂന്നിലേതാണെന്നതാണ് ചോദ്യം.
നിപയോടുള്ള നമ്മുടെ സമീപനം ആരോഗ്യ മേഖലയിൽ മാത്രം ഒതുങ്ങുന്നു. വണ്‍ഹെൽത്ത് അപ്രോച്ച് എന്ന് പറയുന്നുണ്ടെങ്കിലും ഇത് തുടരെതുടരെ ഉണ്ടാകാനുള്ള കാരണങ്ങളിലേക്ക് നയിക്കുന്ന പാരിസ്ഥിതിക കാരണങ്ങൾ, ജന്തുരോഗം എന്നിവയെകുറിച്ചൊന്നു കാര്യമായ തുടര്‍ പഠനങ്ങൾ സംഭവ ശേഷം ഉണ്ടാകുന്നില്ല എന്നത് പ്രശ്‌നമല്ലേ?
പഠനം നടത്താതെ ഇതിന്റെ ഡിസീസ് ഡയനാമിക്‌സ്, സ്പില്‍ ഓവര്‍ പോയിന്റ് എന്നിവയൊന്നും നമുക്ക് കണ്ടെത്താന്‍ സാധിക്കില്ല. മാത്രവുമല്ല, വൈല്‍ഡ് ലൈഫ് ഡിസീസ് എപ്പിഡമോളജി മേഖലയിലും നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഇവിടെ ഒരു ട്രിക്കിളിങ് പോയിന്റുണ്ട്. ഔട്ട് ബ്രേക്ക് മാനേജ് ചെയ്യുന്നതിനപ്പുറത്തേക്ക് നാം കടക്കേണ്ടതുണ്ട്. പേവിഷബാധയുടെ കാര്യം നോക്കുകയാണെങ്കില്‍
നിങ്ങള്‍ എത്ര വാക്‌സിനേറ്റ് ചെയ്തിട്ടും കാര്യമില്ല. പുതിയ നായകൾ ജനിച്ചു കൊണ്ടിരിക്കുന്നു. കാട്ടിനുള്ളിലെ വൈറസ് എങ്ങിനെ നാട്ടിലെ നായ്ക്കളിലേക്കെത്തുന്നു എന്ന് പഠിക്കേണ്ടതുണ്ട്. അതിന്റെ മെക്കാനിസം intermediate host, amplifying host എന്നിവ കണ്ടെത്തണം. എന്നാലേ ഇതിനൊക്കെ പരിഹാരമാവൂ. സര്‍വെ നടത്തണം, സര്‍വൈലന്‍സ് നടത്തണം അതിന് കഴിവുള്ള ആളുകളെ ഉപയോഗിച്ച് അത് ചെയ്യണം.
Content Highlights: Nipah Outbreak, ecological importance,Interview,Arun Zacharia, cashew,mahua fruit,nileena atholi
Published: 16 Sept 2023, 04:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented