2023 ഏപ്രില്‍ 1. പ്രൊജക്ട് ടൈഗർ എന്ന ബൃഹത്ത് പദ്ധതി നിലവില്‍ വന്നിട്ട് 50 വർഷം തികഞ്ഞ ദിവസം. 1973-ല്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 1,411 കടുവകള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍, 2018-ലെ കണക്കുകള്‍ പ്രകാരം മാര്‍ജാര കുടുംബത്തില്‍പ്പെട്ട ഇക്കൂട്ടരുടെ എണ്ണം 2,967 എന്നതിലേക്കെത്തി. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 3,167. പ്രൊജക്ട് ടൈഗർ എന്ന പദ്ധതി വിജകരയമായതിന്റെ തെളിവ് കൂടിയാണ് രാജ്യത്ത് ഏറി വരുന്ന കടുവകളുടെ എണ്ണം. ഏറ്റവുമൊടുവിലെ കടുവകളുടെ എണ്ണം പുറത്തു വന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. 2022-ല്‍ രാജ്യത്താകെയുള്ള കടുവകളുടെ 3,167 ആണെന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്. കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചത്.

To advertise here,

പ്രൊജക്ട് ടൈഗര്‍ തുടങ്ങുന്നു
ഏപ്രില്‍ 1 1973-ലാണ് പ്രൊജക്ട് ടൈഗർ പദ്ധതി പിറവികൊള്ളുന്നത്. അസം, ബീഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ഒന്‍പത് കടുവ സങ്കേതങ്ങളിലായിട്ടാണ് ആദ്യം പദ്ധതി അവതരിപ്പിച്ചത്.  അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1973-ല്‍ ഒന്‍പത് കടുവ സങ്കേതങ്ങളെന്നത് ഇന്ന് വളര്‍ന്ന് 53 സംരക്ഷിത മേഖലകള്‍ എന്നതിലേക്ക് എത്തുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാനം രാജ്യത്ത് 40,000 കടുവകളുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയ കാര്യങ്ങൾ  എണ്ണം കുറയലിലേക്ക് നയിച്ചു. പ്രൊജക്ട് ടൈഗറെന്ന പദ്ധതി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ രാജ്യത്ത് നിന്നും ഇക്കൂട്ടര്‍ തുടച്ചുനീക്കപ്പെട്ടേക്കാമെന്നായിരുന്നു വിദഗ്ധരുടെ നി​ഗമനം.

പദ്ധതിക്ക് പിന്നില്‍
20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ കാര്യമായ കുറവുകളുണ്ടായി. ഇതാണ് 1972-ല്‍ കടുവകളുടെ അംഗസംഖ്യാ നിര്‍ണയത്തിലേക്ക് നയിച്ചത്. രാജ്യത്ത് കടുവകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി ടൈഗര്‍ ടാസ്‌ക് ഫോഴ്‌സ് എന്നൊരു സംഘവും രൂപീകരിച്ചിട്ടുണ്ട്. ഇതേ ടാസ്‌ക് ഫോഴ്‌സ് തന്നെയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി രൂപീകൃതമായതിന് പിന്നിലെ പ്രധാന കാരണം. 

സമാന പദ്ധതികള്‍
കടുവകളുടെ സംരക്ഷണത്തിന് നിലവില്‍ വന്ന പ്രൊജക്ട് ടൈഗറിന് സമാനമായ ധാരാളം പദ്ധതികളുണ്ട്. ഹിമപ്പുലികളുടെ സംരക്ഷണത്തിനായി വന്ന പ്രൊജക്ട് സ്‌നോലെപ്പേഡ് ഇത്തരത്തിലൊന്നാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 23-നാണ് അന്താരാഷ്ട്ര ഹിമപ്പുലി ദിനം ആചരിക്കുന്നത്. പ്രൊജക്ട് എലിഫന്റ് നിലവില്‍ വരുന്നത് 1992-ലാണ്. കാണ്ടാമൃഗങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍  വന്ന ഇന്ത്യന്‍ റൈനോ വിഷന്‍ 2020 ആണ് മറ്റൊരു പദ്ധതി. കാശ്മീര്‍ താഴ്‌വരകളില്‍ കാണപ്പെടുന്ന ഹംഗുളുകള്‍ക്കായി പ്രൊജക്ട് ഹംഗുള്‍ നിലവില്‍ വരുന്നത് 1970-ലാണ്.

19-ാം നൂറ്റാണ്ടിലെ സ്ഥിതി
19-ാം നൂറ്റാണ്ടിന്റെ അവസാനം 40,000 കടുവകളാണ് രാജ്യത്തുണ്ടായിരുന്നത്. പിന്നീട് ജനസംഖ്യ ഉയര്‍ന്നതോടെ ഭൂരിഭാഗം പ്രദേശത്തും മനുഷ്യര്‍ താമസം തുടങ്ങി. നിലവില്‍ കടുവകളുടെ സംരക്ഷണത്തിനായി കടുവ സങ്കേതങ്ങളുണ്ടെങ്കിലും സ്ഥിതി വിഭിന്നമാണ്. ഓരോ കടുവ സങ്കേതങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്ന കടുവകളുടെ എണ്ണത്തിന് പരിമിതികളുണ്ട്. അതിര്‍ത്തി കേന്ദ്രീകൃതമായ വന്യജീവികള്‍ കൂടിയാണ് കടുവകള്‍. അതിര്‍ത്തി പ്രദേശത്തിന്റെ അഭാവം കടുവ കാടിറങ്ങുന്നതിലേക്ക് നയിക്കും. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

കാടിറക്കവും രാജ്യത്തെ സ്ഥിതിയും
ഇരകളെയും മറ്റും തേടി കാടിറങ്ങുന്ന കടുവകൾ ഇന്ന് വാര്‍ത്തകളില്‍ ധാരാളമായി ഇടം പിടിക്കാറുണ്ട്. കടുവ സങ്കേതങ്ങളില്‍ പോലും പ്രദേശത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലും അധികം കടുവകളുണ്ട്. കോര്‍ബറ്റ്, കാന്‍ഹ, പീഞ്ച്, ബാന്ധവ്ഗഢ്, തടോബ അന്ധരി, രന്തംഭോര്‍ തുടങ്ങിയ കടുവ സങ്കേതങ്ങളുടെ സ്ഥിതി ഇതാണ്. അതേസമയം, കൂടുതല്‍ കടുവകളെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള കടുവ സങ്കേതങ്ങള്‍ രാജ്യത്തുണ്ട്.  ഇവ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍.ടി.സി.എ.) അധികൃതര്‍ പറയുന്നത്. 

placeholder
Photo: ANI 

നിലവിലെ അവസ്ഥ
കടുവകളെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുളള മൂന്ന് ലക്ഷം സ്‌ക്വയര്‍ കിലോമീറ്ററില്‍ 90,000 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്ത്  മാത്രമാണ് നിലവില്‍ കടുവകളുള്ളത്. ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, നാഗാലന്‍ഡ്, മിസോറം, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 1,000 മുതല്‍ 1,500 വരെ കടുവകളെ ഉള്‍ക്കൊള്ളാവുന്ന വനപ്രദേശമുണ്ട്. കടുവകള്‍ വംശമറ്റു പോയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കടുവകളെ നല്‍കണമെന്ന നിര്‍ദേശം വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ ഇതൊരു നല്ല മാര്‍ഗമല്ലെന്നും അശാസ്ത്രീയവുമാണെന്നാണ് ഈ രംഗത്തെ വിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്. 

കടുവകളുടെ സാന്നിധ്യം
രാജ്യത്തെ കടുവകളുടെ 70 ശതമാനത്തിന്റെയും വാസസ്ഥലം സംരക്ഷിത മേഖലകളിലാണ്. രാജ്യത്തെ സംരക്ഷിത മേഖലകളുടെ ശരാശരി വിസ്തീര്‍ണം 230 സ്‌ക്വയര്‍ കിലോ മീറ്ററാണ്. ഈ ചെറിയൊരു പ്രദേശത്ത് കടുവകളെ സംരക്ഷിക്കുകയെന്നത് അസാധ്യമാണ്. അതിര്‍ത്തി കേന്ദ്രീകൃതമായ വന്യജീവികളാണ് കടുവകള്‍ എന്നതിനാലാണ് ഇത്. ദീര്‍ഘനാളത്തേക്കുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്യജീവി ഇടനാഴികളൊരു പോംവഴിയായി നിര്‍ദേശിക്കപ്പെടുന്നുണ്ട്. എന്നാല്‍, സ്വകാര്യ ഉടമസ്ഥതയിലോ ഗവണ്‍മെന്റ് സംരക്ഷണം ഇല്ലാത്തതോ ആയ മേഖലകളില്‍ ഇടനാഴികള്‍ സ്ഥാപിക്കുന്നത് ആശങ്കയ്ക്കിടയാക്കും. ഭൂവിനിയോഗം പോലെയുള്ളവയെ ആശ്രയിച്ചായിരിക്കും ഇതിന് ഫലം ലഭിക്കുക.

ഇന്ത്യയിലെ സ്ഥിതി
നിലവിലുള്ള കടുവ സങ്കേതങ്ങളില്‍ വേലികള്‍ സ്ഥാപിക്കുവാന്‍ പൂര്‍ണമായും കഴിഞ്ഞെന്ന് വരില്ല. ഇതാണ് കടുവ മൂലമുളള മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ മൂലകാരണം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ലോകത്താകമാനമുള്ള കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നാണ് പ്രൊജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്സ് അലയന്‍സ് (ഐ.ബി.സി.എ.) എന്നൊരു പദ്ധതിക്കും കേന്ദ്രം ഇക്കൊല്ലം രൂപം നല്‍കി. 

ഐബിസിഎ
ലോകത്താകമാനം കണ്ടുവരുന്ന ഏഴ് വന്യജീവികളുടെ സംരക്ഷണമാണ് ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്സ് അലയന്‍സ് ലക്ഷ്യം വെയ്ക്കുന്നത്. ഇത് പ്രകാരം മാര്‍ജാര കുടുംബത്തില്‍പെടുന്ന കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ജാഗ്വര്‍, ചീറ്റ തുടങ്ങിയവയ്ക്ക് സംരക്ഷണം ലഭിക്കും. നാഷണല്‍ ടൈഗര്‍ കണ്‍ര്‍വേഷന്‍ അതോറിറ്റി (എന്‍.ടി.സി.എ.) റിപ്പോര്‍ട്ട് പ്രകാരം കടുവയെന്നത് 'അംബ്രല്ല' സ്പീഷിസാണ്. മറ്റ് വന്യജീവികള്‍ (ഇരകള്‍ പോലെയുള്ളവയുടെ) അംഗസംഖ്യ നിയന്ത്രിക്കുന്നത് കടുവകളാണ്. 

എണ്ണമെടുക്കല്‍ ഇങ്ങനെ
1973-ല്‍ കടുവകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗ്ലാസും ബട്ടര്‍ പേപ്പറുകളും ഉപയോഗിച്ചായിരുന്നു ആദ്യം അംഗസംഖ്യ നിര്‍ണയം നടത്തിയിരുന്നത്. ഓരോ കടുവകള്‍ക്കും പാദങ്ങളുടെ പാടുകള്‍ വ്യത്യസ്തമായിരിക്കും. ഈ പഗ്മാര്‍ക്കുകള്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് അവ ഭാവിയിലേക്കായി കാത്തുസൂക്ഷിക്കും. എന്നാല്‍, ഈ രീതിക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. നില്‍ക്കുമ്പോഴോ ഇരിക്കുമ്പോഴാ ഒക്കെ കാല്‍പ്പാദങ്ങളില്‍ മാറ്റമുണ്ടാകും. പിന്നീട് ശാസ്ത്രീയമായ മറ്റൊരു രീതിയിലേക്ക് ഈ സമ്പ്രദായം കാലക്രമേണ മാറി.

placeholder
കടുവ കുഞ്ഞ് | Photo: AFP

പുതിയ രീതികള്‍
സാമ്പിളുകളെ അടിസ്ഥാനമാക്കിയാണ് പുതിയ എണ്ണമെടുക്കല്‍ രീതി. കുറച്ച് കടുവകളെ പിടികൂടി അതിന് ദോഷം വരാത്ത രീതിയിലൊരു അടയാളം നല്‍കുകയാണ് ആദ്യപടി. പിന്നീട് ഇവയെ വനത്തിലേക്ക് തിരികെ വിടുകയും ചെയ്യും. പിന്നീട് കുറച്ചധികം കടുവകളെ പിടികൂടുമ്പോള്‍ അവയില്‍ എത്രയെണ്ണത്തിന് ഇത്തരത്തില്‍ അടയാളങ്ങളുണ്ടെന്ന് തിട്ടപ്പെടുത്തും. എണ്ണം കുറവാണെങ്കില്‍ കൂടുതല്‍ കടുവകളില്‍ ഇത്തരത്തിലുള്ള അടയാളങ്ങള്‍ കാണാം. എന്നാല്‍ അംഗസംഖ്യ അധികമാണെങ്കില്‍ അടയാളങ്ങളുളള കടുവകളെ കണ്ടെത്തുക എളുപ്പമല്ല.

ക്യാമറക്കെണികള്‍
കടുവകളുടെ എണ്ണമെടുക്കാന്‍ നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് ക്യാമറക്കെണികള്‍. കടുവ സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും മറ്റും ക്യാമറ സ്ഥാപിച്ചാണ് ഈ രീതി നടപ്പാക്കുക. കടുവകളുടെ ദേഹത്തുള്ള വരകളിലൂടെയാണ് ഓരോ കടുവകളെയും തിരിച്ചറിയുന്നത്. വന്യജീവികള്‍ കടന്നുപോകുന്ന പാതകള്‍, നദീതടങ്ങള്‍ തുടങ്ങിയിടങ്ങളിലാണ് ക്യാമറക്കെണികളുടെ ഏറിയ പങ്കും സ്ഥാപിക്കുകയെന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. കടുവകളുടെ ദേഹത്തിന്റെ ഇരുവശവും രേഖപ്പെടുത്തുന്നതിനായി രണ്ടു ക്യാമറകളാകും ഒരുമിച്ച് സ്ഥാപിക്കുക.

പ്രൊജക്ട് ടൈഗര്‍-നിലവില്‍
ആദ്യം 18,278 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന ഒന്‍പതോളം കടുവ സങ്കേതങ്ങളിലാണ് പദ്ധതി അവതരിപ്പിച്ചത്. നിലവില്‍ 52 കടുവ സങ്കേതങ്ങള്‍ ഉള്‍പ്പെടുന്ന 75,000 സ്‌ക്വയര്‍ കിലോ മീറ്റര്‍ വരുന്ന പ്രദേശത്തേക്ക് പദ്ധതി വ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.7 ശതമാനം വര്‍ധനവാണ് ഉണ്ടായിരുക്കുന്നത്. നിലവില്‍ വന്യജീവി സംരക്ഷണ നിയമവും ഇവയ്ക്ക് സംരക്ഷണത്തിന്റെ തണലേകുന്നുണ്ട്. 

ബന്ദിപ്പുരിന്റെ സവിശേഷത
1973-ല്‍ പ്രൊജക്ട് ടൈഗര്‍ നിലവില്‍ വരുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഒന്‍പത് കടുവ സങ്കേതങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടകയിലെ ബന്ദിപ്പുര്‍. നിലവില്‍ 912.04 സ്‌ക്വയര്‍ കിലോ മീറ്റര്‍ വിസ്തീര്‍ണമുണ്ട് ബന്ദിപ്പുരിന്. കടുവകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള ഇടം കൂടിയാണിത്. ബന്ദിപ്പുര്‍, നാഗര്‍ഹോളെ, മുതുമല, വയനാട് എന്നീവിടങ്ങളിലായി 724 കടുവകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ ബന്ദിപ്പുര്‍ കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന പ്രദേശം പണ്ടൊരു സംരക്ഷിത മേഖലയായിരുന്നു. വേണുഗോപാല്‍ വന്യജീവി പാര്‍ക്ക് എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത്. പ്രൊജക്ട് ടൈഗര്‍ പ്രാബല്യത്തിൽ വരുമ്പോള്‍ ബന്ദിപ്പുരില്‍ 12 കടുവകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ദേശീയോദ്യാനം ഉപയോഗപ്പെടുത്തുന്ന 173 കടുവകളാണുള്ളത്.

കടുവ (പന്തേര ടൈഗ്രിസ്) മാര്‍ജ്ജാര കുടുംബത്തിലെ ഇന്ന് ജിവിച്ചിരിക്കുന്നതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ്  കടുവകള്‍. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കടുവക്ക് 200 കിലോ ഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോ ഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വമല്ല. ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്ത് മാത്രമെ ഇണയോടൊപ്പം ജീവിക്കാറുള്ളു. മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ മൂന്നോ നാലോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105-110 ദിവസമാണ് ഗര്‍ഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂര്‍ത്തിയാവുന്നത് മൂന്നു വര്‍ഷംകൊണ്ടാണ്. 12 വർഷമാണ്‌ ആയുര്‍ദെെർ​ഘ്യം. ഐ.യു.സി.എന്‍. പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണിവ.

വിജയമായി എന്നതിൽ തർക്കമില്ല

പ്രൊജക്ട് ടെെ​ഗർ ഒരു വിജയ പദ്ധതിയാണെന്നതിൽ തർക്കമില്ലെന്ന് പറയുന്നു പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠൻ. എന്നാൽ, കടുവകളുടെ എണ്ണം കൃത്യമാണോ എന്നതിൽ സംശയങ്ങൾ ശേഷിക്കുന്നുണ്ട്. ശാസ്ത്രീയമായ മാർ​ഗങ്ങളിലൂടെ തന്നെയാണോ അം​ഗസംഖ്യ നിർണയം നടത്തിയത് എന്നത് വളരെ പ്രധാനമാണ്. അതിർത്തി കേന്ദ്രീകൃമായ വന്യജീവികളാണ് കടുവകൾ. കടുവകളുടെ എണ്ണം കൂടുമ്പോൾ കാടിന്റെ വലിപ്പം അതിനനുസരിച്ച് കൂടുന്നുണ്ടോ? ഇതൊക്കെ അഭിസംബോധന ചെയ്യപ്പെടേണ്ട ചോദ്യങ്ങളാണ്. കടുവകൾക്ക് ശരാശരി 2 സ്ക്വയർ കിലോ മീറ്റർ പ്രദേശം വേണമെന്നാണ് കണക്ക്. പൊതുവെ സാമൂഹ്യ ജീവികളല്ല കടുവകൾ. കടുവകളുടെ ഫുഡ്സെെക്കളിന് ചേർന്ന ആവാസവ്യവസ്ഥ നിലവിലുണ്ടോ, ഇല്ലെങ്കിൽ വീണ്ടുമത് മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമാകില്ലേ തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയാണ്.  വന്യജീവികളുമായി ബന്ധപ്പെട്ട് ധാരാളം സംരക്ഷണപ്രവർത്തനങ്ങൾ ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി നടപ്പാക്കുന്നുണ്ട്.