ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് ഇനി പറയുന്നത്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് ഭാഗികമായി മറ്റൊരിടത്ത് ഞാൻ എഴുതിയിട്ടുള്ളതും ആണ്. എന്നാൽ മനുഷ്യ-വന്യജീവി സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത് ഒന്നുകൂടി പറയണം എന്ന് തോന്നുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും സർക്കാരുകൾക്ക് കീറാമുട്ടിയായി നിന്നതുമായ ഒരു സംഘർഷ ഭൂമികയിലേയ്ക്കാണ് ഞാനിത്തവണ നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്.

To advertise here,

അന്ന് സോഷ്യൽ മീഡിയയൊന്നും പ്രചുരപ്രചാരത്തിൽ ഇല്ലായിരുന്നതിനാൽ ഒരുപക്ഷേ ഇന്നത്തെ യുവതലമുറയ്ക്ക് അതേക്കുറിച്ച് കേട്ടുകേൾവി കൂടി ഉണ്ടാകില്ലെന്നുറപ്പ്. പലയിടത്തും മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ അന്നത്തെ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. പക്ഷേ, അത് കേട്ടിരിക്കുന്നവരാരും അത്തരത്തിലൊന്നിനെപ്പറ്റി കേട്ടിട്ടുപോലും ഇല്ലായിരുന്നു എന്നതാണ് എന്നെ ഇത് വീണ്ടും വീണ്ടും പറയാൻ പ്രേരിപ്പിക്കുന്നത്. അന്നത്തെ തലമുറയുടെ ക്ലാവ് പിടിച്ച ഓർമ്മകളിൽപ്പോലും അത്തരം സംഭവങ്ങൾ തിളക്കമറ്റ് കിടക്കുകയാകും. പക്ഷേ, അനുഭവസ്ഥനെന്ന നിലയിൽ എനിക്ക് അതൊരുനാളും മറക്കാനാവില്ലതാനും,

ഇപ്പോൾ ഇത് എഴുതുന്നതിന് പിന്നിൽ മറ്റ് ചില പ്രേരകശക്തി കൂടിയുണ്ട്. അതിലൊന്ന് ആ വർഷം ജൂൺ ഒന്നിന് തിരുവനന്തപുരം മലയാള മനോരമ പത്രത്തിന്റെ കാട്ടാക്കട ലേഖകനായ സജുദാസ് എനിക്ക് അയച്ചുതന്ന ഒരു വാർത്തയാണ്. നെയ്യാറിലെ ജലസംഭരണിയിൽ പുട്ടുകൽ എന്ന സ്ഥലത്ത് വച്ച് ജയിംസ് നാടാർ എന്നയാളിന്റെ മരണത്തിന് ഇടയാക്കിയ ചീങ്കണ്ണിയെ വെടിവച്ച് കൊന്ന രാജയ്യൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വർക്കല സ്റ്റേഷനിൽനിന്ന് സബ് ഇൻസ്പെക്ടറായി 2024 മേയ് 31 -ന് വിരമിച്ച വാർത്തയായിരുന്നു അത്. ഞാൻ പഴയ പോസ്റ്റുകൾ തപ്പിയപ്പോൾ അവിചാരിതമായി കിട്ടിയത്.

രണ്ടാമത്തേത് അവിടെത്തെ തന്നെ മാധ്യമം ദിനപത്രത്തിന്റെ ലേഖകനായ വിനോദ് ചിത്താണ്. അദ്ദേഹം ഏറെ മുൻപ് മാധ്യമം പത്രത്തിന്റെ വാരാദ്യപ്പതിപ്പിൽ നെയ്യാറിലെ ചീങ്കണ്ണികളെക്കുറിച്ച് എഴുതിയ ഒരു ഫീച്ചർ എനിക്ക് അയച്ചുതന്നിരുന്നു. ഒപ്പം ഒരു ചോദ്യവും. അണ്ണാ..പുറത്തുള്ള ഒരാളെന്ന നിലയ്ക്ക് എനിക്കിത്രയും എഴുതാമെങ്കിൽ വനംവകുപ്പിന് അകത്തുള്ള നിങ്ങൾക്ക് ഇതിലും നന്നായി അന്നത്തെ കഥ എഴുതിക്കൂടേ? അന്നുമുതൽ മനസ്സിൽ ഞാൻ സൂക്ഷിക്കുന്നതാണ് ഇത്തരം ഒരു വിവരണം. അപ്പോഴാണ് 2025 നവംബർ 28ലെ ദിനപത്രങ്ങളിൽ വന്യജീവി ആക്രമണങ്ങളുടെ പട്ടികയിൽ വീണ്ടും അമ്പൂരിക്കടുത്ത് നെയ്യാർ ജലസംഭരണിയിൽ മായം പുട്ടുകല്ല് ഭാഗത്ത് വെള്ളത്തിൽ നീന്തുന്ന ചീങ്കണ്ണിയെ കണ്ടതായുള്ള റിപ്പോർട്ടുകൾ വന്നത്. അതുകൊണ്ട് തന്നെ മുൻപ് എഴുതിയിടത്ത് നിന്നും ബാക്കി തുടങ്ങാമെന്ന് ആദ്യം കരുതിയെങ്കിലും വീണ്ടും ആദ്യം മുതൽ തന്നെ തുടങ്ങുന്നു. ഇടയ്ക്ക് സമകാലിക മലയാളം വാരികയിൽ ഞാനിതേക്കുറിച്ച് എഴുതുകയും അത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മനുഷ്യ-വന്യജീവി സംഘർഷം കേരളത്തിൽ എന്ന എന്റെ പുസ്തകത്തിൽ ചേർത്തിട്ടുള്ളതാണെന്നും ഓർമ്മപ്പെടുത്തുന്നു.

കഥ ചുരുൾ നിവരുമ്പോൾ കാലം കുറച്ച് പിന്നിലേയ്ക്ക് പോകണം. കൃത്യമായി പറഞ്ഞാൽ 2001 ഓഗസ്റ്റ് 16. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ അന്ന് വ്യാഴാഴ്ച ആയിരുന്നു എന്നാണ് തെളിഞ്ഞത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്ന് കേരളമെമ്പാടും ഉയർന്ന് കേൾക്കുന്ന ആനയും കാട്ടുപന്നിയും കടുവയും പുലിയും കാട്ടുപോത്തും ഉൾപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ രക്തം മരവിപ്പിക്കുന്ന കഥകൾക്ക് പ്രചുരപ്രചാരം ലഭിച്ചിട്ടില്ലാത്ത കാലം.

രാവിലെ അമ്പൂരിയിലെ ഏതോ വീട്ടിൽ നിന്നാണ് ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ച് ആ വിവരം അറിയിച്ചത്. മായം പുട്ടുകല്ലിൽ കരുമംകുളത്തിനടുത്തെ കടവിൽ ഒരാളെ ചീങ്കണ്ണി പിടിച്ചു! ജനങ്ങൾ മൊത്തത്തിൽ ഇളകിയിരിക്കുകയാണ്. ഉടനടി എന്തെങ്കിലും ചെയ്യണം. അല്ലെങ്കിൽ സാഹചര്യം കൈവിട്ടുപോകും. അതായിരുന്നു വിവരം.

നെയ്യാറിൽ ചീങ്കണ്ണി ആക്രമണം തുടർക്കഥയായിരുന്ന കാലമാണ്.

പറമ്പിക്കുളവും കബനിയും മാതിരി തന്നെ നെയ്യാർ ചീങ്കണ്ണികളുടെ (Fresh Water Mugger) സ്വാഭാവിക ആവാസ വ്യവസ്ഥകളിലൊന്നാണ്. 1958 -ലാണ് 128 ചതുരശ്ര കിലോമീറ്റർ വരുന്ന നെയ്യാർ വന്യജീവി സങ്കേതം ഒരു സംരക്ഷിത മേഖലയായി (Protected Area) പ്രഖ്യാപിക്കപ്പെടുന്നത്. തിരുവനന്തപുരത്തുനിന്ന് 33 കി.മീ. അകലെയുള്ള നെയ്യാർ ഇന്ന് ഒരു വിനോദസഞ്ചാര മേഖലയെന്ന നിലയിലും പ്രസിദ്ധമാണല്ലോ.

1977-ലാണ് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ശുദ്ധജല മുതലകളുടെ പ്രത്യുല്പാദനത്തിനായിട്ടാണ് നെയ്യാറിൽ റേഞ്ച് ഓഫീസ് പരിസരത്ത് ആദ്യമായി ഒരു ‘ബ്രീഡിങ് സെൻറർ’ (Crocodile Breeding Centre) സ്ഥാപിച്ചത്. പിന്നീട് ബ്രീഡിങ് സെൻറർ എന്ന പദപ്രയോഗം തന്നെ കാലഹരണപ്പെട്ട് ‘റീഹാബിലിറ്റേഷൻ സെൻറർ’ (Rehabilitation Centre) ആയി മാറിയെന്നത് ചരിത്രം.

അവിടെ പരിപാലിച്ചു വളർത്തിയതിൽ 30 ചീങ്കണ്ണികളെ വലിയ ആഘോഷമായാണ് 9 ചതുരശ്ര കി.മീ. വരുന്ന നെയ്യാർ റിസർവ്വോയറിലേയ്ക്ക് 1983 -ൽ തുറന്നു വിടുന്നത്. വീണ്ടും കുറേയെണ്ണത്തിനെ കൂടി പലപ്പോഴായി തുറന്ന് വിട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. അത് സത്യവുമാണ്.

പിന്നെ വ്ലാവെട്ടി എന്ന സ്ഥലത്ത് നിലവിലുള്ള മാൻപാർക്കിന് സമീപത്തായി ലോക പ്രശസ്ത മുതല സംരക്ഷകനായിരുന്ന ‘സ്റ്റീവ് ഇർവിന്റെ’ (Steve Irwin) പേരിലുള്ള സംരക്ഷണ കേന്ദ്രമായി പ്രവർത്തനം തുടങ്ങി. ആ മുതല സംരക്ഷണകേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്തതിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പേരുമാറ്റാൻ വനംവകുപ്പ് നിബന്ധിതമാകുകയായിരുന്നു. ആ സ്ഥാപനം ഇന്ന് ‘അഗസ്ത്യ ക്രൊക്കൊഡൈൽ പ്രൊട്ടക്ഷൻ സെൻറർ’ (Agasthya Crocodile Protection Centre) എന്ന പേരിലാണ് അറിയപ്പെടുന്നത്.

നല്ല ഉദ്ദേശ്യം മാത്രം മുൻ നിറുത്തി വനംവകുപ്പ് കൈക്കൊണ്ട നടപടി വലിയ ഒരു അബദ്ധമായിമാറുന്നതാണ് കാലാന്തരത്തിൽ കണ്ടത്. കൈത്തീറ്റ കൊടുത്ത് വളർത്തിയ ചീങ്കണ്ണികൾക്ക് വിശാലമായ നെയ്യാർ ജലസംഭരണിയിൽത്തന്നെ സ്വാഭാവികമായുള്ള മറ്റ് ചീങ്കണ്ണികളെപ്പോലെ മത്സ്യങ്ങളെ പിടിച്ച് ജീവിക്കാൻ കഴിയാതെയായി. തന്നെയുമല്ല വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കണ്ട മനുഷ്യരെ അവറ്റകൾക്ക് തീരെ ഭയമില്ലാതാകുകയും ചെയ്തുവെന്ന് വേണം അനുമാനിക്കാൻ. തുറന്നുവിട്ട ചീങ്കണ്ണികളിൽപ്പലതും പല ദിവസങ്ങളിലും പരിചയിച്ചതുപോലെ തീറ്റസമയത്ത് തിരികെയെത്തിയപ്പോൾ അവയെ തിരികെ ജലസംഭരണിയിലേയ്ക്ക് കമ്പിട്ട് കുത്തിയും മറ്റും തുരത്തുകയായിരുന്നുവെന്നും കേട്ടറിവുകളുണ്ട്.

1987 -ലാണ് നെയ്യാറിൽ മനുഷ്യന് നേർക്കുള്ള ചീങ്കണ്ണിയുടെ ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃഷ്ണമ്മ പിള്ള എന്ന സ്ത്രീയാണ് മരക്കുന്നം നെക്കിപ്പൽ എന്ന സ്ഥലത്തുവച്ച് ആക്രമണത്തിനിരയായത്.1995 -ൽ അവർ വീണ്ടുമൊരു ആക്രമണത്തിനുകൂടി ഇരയാവുകയുമുണ്ടായി. വനം വകുപ്പ് അവർക്ക് നഷ്ടപരിഹാരത്തിന് പുറമേ നെയ്യാറിൽത്തന്നെ സ്ഥിരജോലിയും നൽകിയിരുന്നു.

ആക്രമണങ്ങൾ ഒരു തുടർക്കഥയായി മാറുന്നത് വനം വകുപ്പ് ഞെട്ടലോടെ നോക്കി നിന്ന നാളുകളാണ് പിന്നീടുണ്ടായത്! അമ്പൂരി, പന്ത, കരുമംകുളം, കാഞ്ചി മൂട് എന്നിവിടങ്ങളിലൊക്കെ വളർത്തുമൃഗങ്ങളെ ലക്ഷ്യമിട്ടും മനുഷ്യർക്കുനേരേയും പലപ്പോഴായി ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു. അംഗഭംഗങ്ങൾ വന്നും കൈകാലുകൾ ഒടിഞ്ഞു തൂങ്ങിയും മുട്ടുകൾ തകർന്നും പോയ പലരും തലനാരിഴയ്ക്കാണ് മരണ വക്ത്രത്തിൽ നിന്നും രക്ഷപ്പെട്ടത്. പുറമേ ശാന്തവും സ്വച്ഛവുമായ നെയ്യാർ ജലസംഭരണിയുടെ പരപ്പ് ചുറ്റുപാടും വസിക്കുന്നവരിലും അല്ലാത്തവരുമായ മനുഷ്യരുടെ മനസ്സിലും ചോരയിറ്റുന്ന പല്ലുകളുടെ ബീഭത്സതയായി പടരാൻ അധികസമയം വേണ്ടി വന്നില്ല എന്നത് സത്യം.

വനം വകുപ്പ് നിരന്തരമായി നടത്തിയ ബോധവത്കരണ പരിപാടികൾക്കും കാര്യമായ പ്രയോജനങ്ങൾ നേടാനായില്ല എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടുന്ന മറ്റൊരു യാഥാർത്ഥ്യം. കാരണം ‘അഞ്ചുചങ്ങല’ (Five chain length) പ്രദേശത്തുൾപ്പടെ റിസർവോയറിന്റെ ചുറ്റിനും താമസിക്കുന്ന നൂറുകണക്കിനാൾക്കാർക്ക് ആ ജലസംഭരണിയായിരുന്നു ഏക ജലസ്രോതസ്സ്. നിയമം അനുശാസിക്കുന്ന കൈവശരേഖകൾ ഇല്ലാത്ത അവിടത്തെ താമസക്കാരുടെ വേപഥുകളും പരിദേവനങ്ങളും എമ്പാടും നൃശംസതയ്ക്ക് പാത്രീഭവിച്ചു കഴിഞ്ഞിരുന്ന ‘നെയ്യാറിലെ വെള്ളത്തിനടിയിലെ ഭീകരന്റെ’ ക്രൂരകൃത്യങ്ങളുമായി തന്ത്രപരമായി വിളക്കിച്ചേർക്കപ്പെടുകയായിരുന്നുവോ എന്ന സന്ദേഹം എനിക്കിന്നും ഇല്ലാതില്ല.

പുലർകാലങ്ങളിലും സന്ധ്യമയങ്ങുന്ന നേരങ്ങളിലുമായിരുന്നു കൂടുതൽ ചീങ്കണ്ണി ആക്രമണങ്ങളും സംഭവിച്ചിരുന്നത്. കുളിക്കാനും തുണിയലക്കാനുമായി ജലസംഭരണിയിലെ കടവുകളിൽ ഒറ്റയ്ക്ക് ഇറങ്ങുന്നവരെ ലക്ഷ്യമിട്ടായിരുന്നു അതിൽ അധികവും. എന്നിരുന്നാലും റിസർവ്വോയറിലെ ആഴമേറിയ ഭാഗങ്ങളിൽ നീന്തുമ്പോൾ പോലും ഒരാളുടെ നേരേയും ആക്രമണങ്ങളൊന്നും തന്നെ ഇന്നോളം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ഇത്തരുണത്തിൽ എടുത്ത് പറയേണ്ടതുണ്ട്. ചീങ്കണ്ണികളുടെ പ്രജനനകാലമായ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ചീങ്കണ്ണികൾ പൊതുവേ ആക്രമണകാരികളായി കാണപ്പെടുക പതിവാണ് താനും.

കൈത്തീറ്റ കൊടുത്തു വളർത്തിയ ചീങ്കണ്ണികൾ മിക്കതും തുറന്ന് വിട്ടപ്പോൾ ആളുകൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന മായം, അമ്പൂരി, കോട്ടമൺപുറം, കാഞ്ചിമൂട്, മരക്കുന്നം, കോലിയക്കോട് ഭാഗങ്ങളിലായാണ് ചേക്കേറിയിട്ടുണ്ടാവുക എന്നാണ് അനുമാനിക്കപ്പെടുന്നത്. കാരണം വനാന്തർഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചു കിടക്കുന്ന നെയ്യാർ ജലസംഭരണിയിൽ കൊമ്പൈക്കാണി, തെന്മല എന്നിവിടങ്ങളിൽ പൂർണ വളർച്ചയെത്തിയ ചീങ്കണ്ണികളെ കാണുക പതിവാണെങ്കിലും അവയൊന്നും അവിടങ്ങളിലെ താമസക്കാരായ ആദിവാസികളെ ആക്രമിച്ചതായി നാളിന്നോളം കേട്ടുകേൾവിയില്ല. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജനിച്ചുവളർന്ന അവ ജലസംഭരണിയിൽത്തന്നെ ഇരതേടാൻ പ്രാവീണ്യം സിദ്ധിച്ചവയും മനുഷ്യരെ ഭയക്കുന്നവയുമാണെന്ന് കരുതപ്പെടുന്നു.

അതേ വർഷം (2001) തന്നെ ആയിരുന്നു ചീങ്കണ്ണി ആക്രമണത്തിൽ ആദ്യ മരണം ഉണ്ടായത്. ജനുവരി മാസം രണ്ടാം തീയതി കാഞ്ചി മൂട് കടവിൽ രാവിലെ ഒറ്റയ്ക്ക് കുളിക്കാനിറങ്ങിയ രാജമ്മ എന്ന സ്ത്രീ ആദ്യം ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചീങ്കണ്ണിയുടെ കടി അവരുടെ വലത്തേ തോളിൽ ആയിരുന്നതുകൊണ്ട് ആക്രമണത്തിനിരയായ മറ്റനേകം ആളുകളെപ്പോലെ അവർക്ക് രക്ഷപ്പെടാനായില്ല. മുറിഞ്ഞ് വേർപെട്ടുപോകുന്ന കൈയ്യോ കാലോ ശരിക്കും അപകടത്തിൽ പെടുന്നവർക്ക് രക്ഷയൊരുക്കുകയായിരുന്നു എന്ന് വേണം പറയാൻ. ആദ്യമരണത്തോടെ അതുവരെ ഉണ്ടായിരുന്ന പ്രതിഷേധത്തിന്റെ പ്രകൃതം വനം വകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് നേരെയുള്ള പരസ്യമായ അസഭ്യം പറച്ചിലും ഘരാവോയും ഒക്കെ ആയി മാറുകയായിരുന്നു എന്നും പറയാതെ വയ്യ. മുൻപ് മരംമുറി ഉൾപ്പടെ പലതരം കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പക ക്കാനായി കിട്ടുന്ന ഒരവസരമായും ചീങ്കണ്ണി ആക്രമണങ്ങൾ മാറി എന്നതും സത്യമാണ്. എന്നാൽ, വനം വകുപ്പിനെ ഭർത്സിക്കുമ്പോഴും പൊലീസിനോട് സഹിഷ്ണുതാ മനോഭാവം കാണിക്കാനും ഇത്തരം പ്രശ്നക്കാർ ആദ്യമൊക്കെ ശ്രദ്ധാലുക്കളായിരുന്നു എന്നത് പറയാതിരിക്കാൻ വയ്യ. അന്ന് ആക്രമണത്തിന് ഇരയായ രാജമ്മയുടെ മൃതദേഹം നേരം ഏറെ വൈകിയിട്ടാണ് നെയ്യാറിലെ റിസർവോയറിലെ ജലോപരിതലത്തിൽ പൊന്തിയത്. അതും വനം വകുപ്പിന് എതിരേ വലിയ ആരോപണങ്ങൾക്ക് വഴിവച്ചു.

സ്ഥിതിഗതികൾ എന്തൊക്കെയായാലും ഇപ്പോൾ സ്ഥലത്ത് പോകാതിരിക്കാനാവില്ല. അത് വലിയ കൃത്യവിലോപമായി ചിത്രീകരിക്കപ്പെടും എന്നുറപ്പാണ്. പെട്ടെന്ന് തന്നെ ഹെഡ്ഡ് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന സ്റ്റാഫുകളോട് യൂണിഫോമിട്ട് തയ്യാറാകാൻ പറഞ്ഞു. ക്ളാമല സെക്ഷൻറേയും ഹെഡ്ക്വാർട്ടേഴ്സിൻറേയും ചാർജ്ജുണ്ടായിരുന്ന ഫോറസ്റ്ററും മറ്റ് സ്റ്റാഫുകളുമായി വരപ്രദ എന്ന് പേരുള്ള ബോട്ടിൽ അങ്ങോട്ടേയ്ക്ക് യാത്രതിരിച്ചു. സുരക്ഷാ പട്രോളിങ്ങിനായി ഉപയോഗിക്കുന്ന സ്പീഡ് ബോട്ടും അന്ന് ലയൺ സഫാരിയിലേയ്ക്ക് ഇറച്ചിയും മറ്റും കൊണ്ടുപോകുന്ന ചെറിയ ഡിങ്കി ബോട്ടുമുൾപ്പടെ എല്ലാം അങ്ങോട്ടേയ്ക്ക് കൊണ്ടുവരാനുള്ള നിർദ്ദേശങ്ങളും നൽകി. ഒരു ബോട്ട് ഡാമിലെ സ്റ്റേഷനിൽ നിന്നും പൊലീസിനെ കൊണ്ടുവരാനായും പോയി.

സ്ഥലത്തെത്തുമ്പോൾ സാമാന്യം നല്ല ആൾക്കൂട്ടമുണ്ട്. ഞങ്ങളെക്കണ്ടതും ഉച്ചത്തിലുള്ള മുറുമുറുപ്പുകളും അങ്ങിങ്ങ് അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ഉയർന്ന് കേൾക്കാൻ തുടങ്ങി. എതിർപ്പുകളുടെ കുന്തമുന ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഫോറസ്റ്ററെ ലക്ഷ്യംവയ്ക്കുന്നത് സർവ്വീസിൽ കയറി അധികനാളാകാത്ത എനിക്ക് തിരിച്ചറിയാനായില്ല എന്നതാണ് സത്യം. കൂടെയുണ്ടായിരുന്ന സ്റ്റാഫുകളിലൊരാളാണ് ആ കാര്യം എനിക്ക് പറഞ്ഞുതന്നത്. ആ ഫോറസ്റ്ററുടെ സർവ്വീസിൽ അധിക ഭാഗവും നെയ്യാറും പേപ്പാറയിലും കോട്ടൂരിലും ആയിട്ടാണെന്നും എന്ത് കൊണ്ടോ ആളുകൾക്ക് അദ്ദേഹവുമായി സ്വരച്ചേർച്ച തീരെയില്ലെന്നും എനിക്ക് വൈകാതെ മനസ്സിലായി. അതുകൊണ്ടുതന്നെ ഉയരുന്ന ചീത്തവിളികൾക്കിടയിൽ അന്തരീക്ഷം തണുപ്പിക്കാനായി അദ്ദേഹത്തെ ബോട്ടിൽത്തന്നെ തിരികെ നെയ്യാർ റെയിഞ്ച് ഓഫീസിലേയ്ക്ക് അയക്കുകയായിരുന്നു ആദ്യം ചെയ്തത്.

മായം കരുമം കുളത്തിനടുത്തെ പുട്ടുകല്ലിൽ മകളുടെ വീട്ടിൽ തലേന്ന് മാമോദീസ കഴിഞ്ഞ് ഇറച്ചിപ്പാത്രങ്ങളും മറ്റും കഴുകിയ അതേ കടവിൽ പിറ്റേന്ന് രാവിലെ ഒറ്റയ്ക്ക് കുളിക്കാനായിറങ്ങിയ ജെയിംസ് നാടാർ ആയിരുന്നു ഇത്തവണത്തെ നിർഭാഗ്യവാൻ!

സത്യത്തിൽ മനുഷ്യരെ ആക്രമിക്കുകയും ശേഷം വെള്ളത്തിലാണ്ട് മുങ്ങിക്കിടക്കുകയും ചെയ്യുന്ന ചീങ്കണ്ണികളെ പ്രതിരോധിക്കാൻ വനം വകുപ്പിന്റെ കൈവശം ഫലപ്രദമായ ഒന്നും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇന്നിപ്പോൾ കാടിറങ്ങുന്ന അക്രമകാരികളായ ആനകളേയോ കാട്ടുപോത്തുകളേയോ പുലികളേയോ കടുവയേയോ പോലെ നേരിട്ടോ ക്യാമറയിലൂടേയോ എളുപ്പത്തിൽ കണ്ടെത്താൻ പറ്റുന്നവയല്ല ചീങ്കണ്ണികൾ എന്ന് നമുക്ക് അറിയാമല്ലോ. തന്നെയുമല്ല ഇന്നത്തെപ്പോലെ ക്യാമറ ട്രാപ്പുകളോ എ ഐ ക്യാമറകളോ എന്തിന് മൊബൈൽ ഫോണുകൾ പോലും പ്രചാരത്തിലില്ലാത്ത ഒരു കാലഘട്ടത്തെക്കുറിച്ചാണ് ഇവിടെ പരാമർശം എന്നും ഓർക്കണം.

വനം വകുപ്പിന്റെ കൈവശം ചീങ്കണ്ണികളുടെ ആക്രമണം രൂക്ഷമായപ്പോൾ ഫിഷറീസ് ഡിപ്പാർട്ട്മെൻറിൽ നിന്ന് അവയെ കുടുക്കാനായി വാങ്ങിയ ബലമേറിയവയും ഈടുറ്റതുമായ ഇഴകളോട് കൂടിയ ഒരു വലിയ വല മാത്രമാണ് ഉണ്ടായിരുന്നത്. അത് ബോട്ടിൽ നിന്നും പുറത്തെടുത്ത് ഡിങ്കി ബോട്ടുകളിൽ കയറി ചീങ്കണ്ണി ഉണ്ടാകാമെന്ന് കരുതുന്ന ജലസംഭരണിയുടെ ഭാഗത്ത് കുറുകെ കെട്ടാനായി ഞങ്ങളുടെ അടുത്ത ശ്രമം. എന്നാൽ അപ്പോഴേയ്ക്കും കുറച്ചാളുകൾ ഞങ്ങൾക്ക് അരികിലേയ്ക്ക് ആക്രോശങ്ങളോടെ കുപിതരായെത്തി. ‘ഇങ്ങനെ വലയിട്ടാൽ ചീങ്കണ്ണിയെ പിടിക്കാമെന്ന് തനിക്ക് ഉറപ്പുണ്ടോ?’ എന്നായിരുന്നു എന്നോട് അവരുടെ ചോദ്യം. തീർത്തും ന്യായമായ ചോദ്യമാണ്. അതിന് മറുപടി പറയാൻ ഞാൻ തെല്ലൊന്നുമല്ല കഷ്ടപ്പെട്ടത്.

‘ഉറപ്പൊന്നും ഇല്ല’, ഞാൻ പറഞ്ഞു. എന്തായാലും വല വിരിച്ചാൽ ആളെ പിടിച്ച ചീങ്കണ്ണി വലയ്ക്കപ്പുറം ജലസംഭരണിയുടെ മുഖ്യഭാഗത്തേയ്ക്ക് പോകില്ലല്ലോ എന്നാണ് ഞാൻ ബാക്കി പറയാൻ കരുതിവച്ചത്.

‘പിന്നെ താനൊരു കോപ്പും ചെയ്യണ്ട’ എന്ന അവരുടെ ഉച്ചത്തിലുള്ള കർക്കശമായ പ്രതികരണവും അതിനൊപ്പം കൂടി നിന്നിരുന്ന ആൾക്കാരുടെ കൂക്കിവിളിയും കൂടിയായപ്പോൾ നിസ്സാഹയനായി സഹപ്രവർത്തകരെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാനേ എനിക്ക് ആകുമായിരുന്നുള്ളൂ. ഇതിനിടയിൽ ഒരു സംഘം ആളുകൾ എവിടെ നിന്നോ ഒരു ജീപ്പ് വാടകയ്ക്ക് വിളിച്ച് മൈക്കൊക്കെ വച്ചുകെട്ടി ‘ശരിക്കും മനുഷ്യത്വമില്ലാത്ത കാട്ടാളന്മാരായ വനം വകുപ്പുകാരെയാണ് ചീങ്കണ്ണികൾക്ക് എറിഞ്ഞ് കൊടുക്കേണ്ടതെന്നും’ മറ്റും അനൗൺസ് ചെയ്യാൻ തുടങ്ങി. തത്സമയം മറ്റാരൊക്കെയോ ചേർന്ന് സമീപത്തെ പള്ളിയിലെ കൂട്ടമണിയടിച്ചതും മനഃപൂർവ്വം സാഹചര്യം കലുഷിതമാക്കാൻ മാത്രം ഉദ്ദേശിച്ചായിരുന്നു!

എന്നിരുന്നാലും എനിക്കനുകൂലമായി നിന്നിരുന്ന ഒന്നിലധികം ഘടകങ്ങൾ അന്നുണ്ടായിരുന്നു എന്ന് ഞാനിപ്പോൾ ഓർക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്ന് സർവ്വീസിൽ ഞാൻ ഒരു പുതുമുഖമാണെന്നത് തന്നെയായിരുന്നു. അതിനാൽത്തന്നെ മുൻകാല വൈരാഗ്യമൊന്നും ആർക്കും എന്നോടില്ല എന്ന് സാരം. ‘ഡി എഫ് ഓ വരട്ടെ, സി സി എഫ് വരട്ടെ എന്നിട്ട് തീരുമാനിക്കാം അതുവരെ ഒറ്റയൊരുത്തനും ഇവിടെ നിന്ന് പോകില്ല’, എന്നൊക്കെ പലരും ചുറ്റിനും നിന്ന് അട്ടഹസിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. രണ്ടാമതായി പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കന്മാരുമായിട്ട് കുറഞ്ഞ കാലം കൊണ്ടാണെങ്കിലും എനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നുവെന്നതും നേരിട്ടല്ലെങ്കിലും എന്നെ സഹായിച്ച ഒരു കാര്യമാണ്. ക്ഷുഭിതരായി നിൽക്കുന്ന നാട്ടുകാരുടെ ഇടയിൽ അവർക്കാർക്കും ഞങ്ങളുടെ സഹായത്തിനായി പ്രത്യക്ഷത്തിൽ മുന്നോട്ട് വരാനാകുമായിരുന്നില്ലെങ്കിലും സ്പർധയുടെ തീ ആളിക്കത്തിക്കാൻ അവരാരും ശ്രമിച്ചില്ല എന്നത് എടുത്ത് പറയേണ്ടതാണ്.

(തുടരും)