ക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് (UNU-INWEH) പുറത്തുവിട്ട 'ഗ്ലോബൽ വാട്ടർ ബാങ്ക്രപ്‌സി റിപ്പോർട്ട് 2026' പ്രകാരം ലോകം മൊത്തത്തിൽ 'ജല പാപ്പരത്തം' (Water Bankruptcy) എന്ന അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജലസ്രോതസ്സുകൾക്ക് സംഭവിക്കുന്ന പരിഹരിക്കാനാകാത്ത നാശത്തെയാണ് ‘ജല പാപ്പരത്തം’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഭീതിജനകമാണ്. ഇന്ത്യയിലെ പല നഗരങ്ങളും നിലവിൽ ഈ പ്രതിസന്ധിയുടെ വക്കിലാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

To advertise here,

 ന്താണ് ജല പാപ്പരത്തം?

 ഒരു ദീർഘകാലയളവ് പരിഗണിക്കുക. ആ  കാലയളവിൽ സുസ്ഥിരമായ ലഭ്യതയെക്കാൾ ജലത്തിന്റെ ആവശ്യം കൂടുകയാണെങ്കിൽ, ഇങ്ങനെ കൂടുന്ന ആവശ്യം നിർവഹിക്കാൻ പാകത്തിൽ ഭൂഗർഭ ജലസ്രോതസ്സുകളിലും നദികളിലും ജലം റീചാർജ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ആ അവസ്ഥയാണ് 'ജല പാപ്പരത്തം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  സാധാരണയായി നാം നേരിടേണ്ടി വരുന്ന 'ജല സമ്മർദം' (Water stress), 'ജല പ്രതിസന്ധി' (Water crisis) എന്നിവയേക്കാൾ ഗുരുതരമാണ് 'ജല പാപ്പരത്തം' എന്ന അവസ്ഥ.  ജല സമ്മർദം എന്നത് പരിഹരിക്കാവുന്ന ഒന്നാണെങ്കിൽ, ജല പാപ്പരത്തം എന്നത് ജലസ്രോതസ്സുകൾക്ക് സംഭവിക്കുന്ന വീണ്ടെടുക്കാനാകാത്ത നാശത്തെയാണ് സൂചിപ്പിക്കുന്നത്.

ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണം, വനനശീകരണം, അന്തരീക്ഷ മലിനീകരണം, മണ്ണൊലിപ്പ് എന്നിവ കാരണം ജലസംഭരണികൾക്കും ജലസ്രോതസ്സുകൾക്കും അവയുടെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമാണിത്. 1990 കൾക്ക് ശേഷം ലോകമെമ്പാടുമുള്ള വലിയ തടാകങ്ങളിൽ 50 ശതമാനവും  വറ്റിപ്പോയതായും 70 ശതമാനം പ്രധാന ഭൂഗർഭ ജലസ്രോതസ്സുകളും ദുർബലാവസ്ഥയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ ജലക്ഷാമം കേവലം മഴയുടെ കുറവ് മൂലമോ, പ്രകൃതിയുടെ മാറ്റം മൂലമോ ഉണ്ടാകുന്നതല്ല; മറിച്ച് മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം സംഭവിക്കുന്നതാണ്. ഇതിനെ 'മനുഷ്യജന്യ വരൾച്ച' (Anthropogenic drought) എന്ന് വിളിക്കുന്നു. അമിത ജല ഉപയോഗം, ഭൂഗർഭജല ചൂഷണം, വനനശീകരണം, മലിനീകരണം, മണ്ണൊലിപ്പ്, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഇതിന് കാരണമാകുന്നു.

ഇന്ത്യയിലെ നഗരങ്ങളും 'ഡേ സീറോ' ഭീഷണിയും

ഇന്ത്യൻ നഗരങ്ങളായ ചെന്നൈ, ബെംഗളൂരു, ഡൽഹി എന്നിവ ഇതിനകം തന്നെ കടുത്ത ജലക്ഷാമത്തിന് സാക്ഷ്യംവഹിച്ചു കഴിഞ്ഞു. ഭൂഗർഭജലത്തിന്റെ അമിത ഉപയോഗവും ക്രമരഹിത മഴയും ജലത്തിന്റെ വർധിച്ചുവരുന്ന ആവശ്യകതയുമാണ് ഈ നഗരങ്ങളെ തളർത്തുന്നത്.

പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ടായിട്ടും ജലവിതരണം പൂർണമായും നിലയ്ക്കുന്ന 'ജലരഹിത ദിന' (Day Zero) സാഹചര്യങ്ങൾ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ വർധിച്ചുവരികയാണ്. ആഗോളതലത്തിൽ നാല് ബില്യൺ ആളുകൾ വർഷത്തിൽ ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം നേരിടുന്നുണ്ടെന്നും, ഭൂഗർഭജലം വറ്റിയമരുന്ന പ്രദേശങ്ങളിലാണ് 200 കോടി ആളുകൾ വസിക്കുന്നതെന്നും യുഎൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ

ആഗോളതലത്തിൽ ശുദ്ധജലത്തിന്റെ 70 ശതമാനത്തിലധികം ഉപയോഗിക്കുന്നത് കൃഷിയാവശ്യത്തിനാണ്. ഇന്ത്യയിലും സ്ഥിതി സമാനമാണ്. ഉപരിതല ജലത്തിന്റെയും ഭൂഗർഭജലത്തിന്റെയും പ്രധാന ഉപഭോക്താവ് കൃഷി തന്നെയാണ്. ഭൂഗർഭജലത്തെ അമിതമായി ആശ്രയിക്കുന്ന കൃഷിരീതികൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജലവിതാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവുംവലിയ ഭൂഗർഭജല ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയിൽ ഇത്തരം സ്രോതസ്സുകളുടെ ശോഷണം പലപ്പോഴും വീണ്ടെടുക്കാൻ കഴിയാത്തവിധം സങ്കീർണമാണ്. ഇത് കാർഷിക വരുമാനത്തെ ബാധിക്കുകയും ദാരിദ്ര്യത്തിനും തൊഴിൽ നഷ്ടത്തിനും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുകയും ചെയ്യുന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥയും കുടിയേറ്റവും

ജല പാപ്പരത്തം കേവലം ഒരു പാരിസ്ഥിതികപ്രശ്നം മാത്രമല്ല, അത് സാമ്പത്തികവും രാഷ്ട്രീയവുമായി ആഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ജലക്ഷാമം മൂലം കൃഷി നശിക്കുന്നത് ജനങ്ങളെ കൂട്ടമായി കുടിയേറാൻ (Distressed migration) നിർബന്ധിതരാക്കുന്നു. ദക്ഷിണേഷ്യ പോലുള്ള പ്രദേശങ്ങളിൽ ഇത് വലിയ തോതിലുള്ള സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു പ്രദേശത്തെ കൃഷിയെ ജലക്ഷാമം ബാധിക്കുമ്പോൾ അതിന്റെ ആഘാതം ആഗോള വിപണിയിലും ഭക്ഷ്യസുരക്ഷയിലും പ്രതിഫലിക്കുമെന്ന് യുഎൻ റിപ്പോർട്ടിന്റെ പ്രധാന രചയിതാവായ കാവെ മദനി വ്യക്തമാക്കുന്നു.

മലിനീകരണവും കുറയുന്ന ഗുണമേന്മയും

ജല പാപ്പരത്തം എന്നത് ജലത്തിന്റെ അളവിലുണ്ടാകുന്ന കുറവ് മാത്രമല്ല, ഗുണമേന്മയുടെ കുറവ് കൂടിയാണ്. സ്രോതസ്സുകൾ വറ്റുന്നതിനൊപ്പം നിലവിലുള്ള ജലം മലിനമാകുന്നതും വലിയ വെല്ലുവിളിയാണ്. ഡാറ്റാ സെന്ററുകൾ മുതൽ വസ്ത്രനിർമാണ ശാലകൾവരെ ജലസ്രോതസ്സുകളെ മലിനമാക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നതുമൂലം ശുദ്ധജല സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതും വലിയ ഭീഷണിയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷങ്ങളിൽ ബംഗ്ലാദേശിലെ പകുതിയോളം കിണറുകളിൽ ആർസെനിക് സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഭരണതലത്തിലെ പോരായ്മകളും അളക്കേണ്ടതിന്റെ ആവശ്യകതയും

‘അളക്കാൻ കഴിയാത്തതിനെ നിയന്ത്രിക്കാൻ കഴിയില്ല’ എന്ന ചിന്തയാണ് ജല പാപ്പരത്തം നേരിടുന്നതിലുള്ള പ്രധാന തടസ്സം. മിക്ക രാജ്യങ്ങളും തങ്ങളുടെ പക്കൽ എത്ര ജലം ഉണ്ടെന്നോ അത് എങ്ങനെയൊക്കെ ചെലവാകുന്നു എന്നോ ഉള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ല. ക്ലൗഡ് സീഡിങ് പോലുള്ള സാങ്കേതിക വിദ്യകളെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ജലത്തിന്റെ ഉപഭോഗം അളക്കാൻ കൃത്യമായ മീറ്ററുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

പരിഹാരമാർഗങ്ങളും ഘടനാപരമായ മാറ്റങ്ങളും

ടാങ്കറുകൾ വഴിയുള്ള ജലവിതരണം, കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ, നദികൾ തമ്മിൽ യോജിപ്പിക്കൽ (Inter-basin transfers) തുടങ്ങിയ ഹ്രസ്വകാല പരിഹാരങ്ങൾ ഇനി മതിയാകില്ലെന്ന് റിപ്പോർട്ട് വാദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് നിലവിൽ അടിയന്തരമായ ഘടനാപരമായ പരിഷ്കാരങ്ങളാണ് ആവശ്യം;

1. ഭൂഗർഭജല ചൂഷണത്തിന് പരിധി നിശ്ചയിക്കുക: ജലത്തിന്റെ പുനരുജ്ജീവന നിരക്കിന് അനുസൃതമായി മാത്രം വിനിയോഗം ക്രമീകരിക്കുക.

2. കൃഷിരീതികളിൽ മാറ്റം വരുത്തുക: നെല്ല്, കരിമ്പ് പോലുള്ള കൂടുതൽ ജലം ആവശ്യമായ വിളകളിൽനിന്ന് മാറി കുറഞ്ഞ ജലത്തിൽ വളരുന്ന വിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

3. തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കുക: സ്വാഭാവിക ജലസംഭരണികളായ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നത് വെള്ളപ്പൊക്കം തടയാനും ജലം ശുദ്ധീകരിക്കാനും സഹായിക്കും.

4. ഹൈഡ്രോളജിക്കൽ പരിധിക്കുള്ളിലെ വികസനം: ജലലഭ്യതയ്ക്ക് അനുസൃതമായി മാത്രം വികസന പദ്ധതികൾ ആസൂത്രണം ചെയ്യുക.

ഒരു പുതിയ തുടക്കം

പുതിയ കുഴൽക്കിണർ താഴ്ത്തിയാലോ, അയൽനാട്ടിൽനിന്ന് വെള്ളം ടാങ്കറിൽ എത്തിച്ചാലോ തീരുന്ന പ്രശ്നമല്ല ജല പാപ്പരത്തം. നാം നമ്മുടെ ജലസമ്പാദ്യത്തെ അതിന്റെ പരിധിക്കപ്പുറം ഉപയോഗിച്ച് തീർത്തുകഴിഞ്ഞു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞേ മതിയാകൂ. വെറും താൽകാലിക പരിഹാരങ്ങൾകൊണ്ട് ഈ അവസ്ഥ മറികടക്കാൻ കഴിയില്ല. കൃഷിരീതികളിലും ജലവിനിയോഗത്തിലും വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യമാണ്.

ജലത്തെ കേവലം ഒരു ഉൽപ്പന്നമായി കാണാതെ, ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന്റെ അടിസ്ഥാനമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ തലമുറയ്ക്കും വരുംതലമുറയ്ക്കുമായി ജലസ്രോതസ്സുകളെ സംരക്ഷിക്കുക എന്നത് ഇപ്പോൾ നമ്മുടെ മുന്നിലുള്ള അടിയന്തര ദൗത്യമാണ്. ഈ മാറ്റങ്ങൾ ഇന്ന് നമ്മൾ സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യ ആവർത്തിച്ചുള്ള ജലപ്രതിസന്ധികളിൽനിന്ന് 'സമ്പൂർണ ജല പാപ്പരത്തം' എന്ന അവസ്ഥയിലേക്ക് മാറുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.