റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. വാട്ടർ കൂളറുകളിലെ വെള്ളത്തിൽപ്പോലും ഇ.കോളി ബാക്ടീരിയ കണ്ടെത്തി. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുമുണ്ട്.
യാത്രക്കാർക്ക് ശൗചാലയവും ഇരിപ്പിടവും കുടിവെള്ളവും മറ്റ് അടിസ്ഥാന ആവശ്യങ്ങളുമെല്ലാം ക്രമീകരിക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്. കൊരുപ്പുകട്ട പാകിയും അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചും മുഖം മിനുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ റെയിവേ, കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജല സാംപിൾ പരിശോധനയ്ക്കയക്കുക, ക്ലോറിനേഷൻ അളവ് രേഖപ്പെടുത്തുക തുടങ്ങിയവ റെയിൽവേ ഉത്തരവാദിത്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂളർ അത്ര കൂളല്ല
ദക്ഷിണ, ദക്ഷിണ-മധ്യ, മധ്യ, കിഴക്കൻ റെയിൽവേകളിലെ വാട്ടർ കൂളർ സാംപിളുകളിൽ ഇ.കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. 2022-’23 കാലയളവിൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിലെയും 2023-’24 കാലയളവിൽ ഒൻപത് സോണുകളിലെ 56 സ്റ്റേഷനുകളിലെയും കുടിവെള്ള സാംപിളുകൾ പരിശോധിച്ചു. അന്നും ഇ.കോളി ഉൾപ്പെടെയുള്ള ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. 2019-’20 മുതൽ 2023-’24 വരെയുള്ള കാലയളവിലെ പരിശോധനകളും തുടർന്നുള്ള വിവരങ്ങളും ഉൾപ്പെടുത്തിയാണ് സി.എ.ജി. റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സി.എ.ജി. നിർദേശങ്ങൾ
* എല്ലാ റെയിൽവേസ്റ്റേഷനുകളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം
* ജലവിതരണ സംവിധാനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ നിലവിലുള്ള ഔദ്യോഗിക പ്രോട്ടക്കോളുകൾ കർശനമായി പാലിക്കണം
* റെയിൽവേ ബോർഡ് നിർദേശിച്ച അടിസ്ഥാനാവശ്യ സൗകര്യങ്ങൾ എല്ലാ സ്റ്റേഷനുകളിലും മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കണം
* സ്റ്റേഷനുകളിലെ ശൗചാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം
ആശങ്കപ്പെടാനില്ലെന്ന് അധികൃതർ
സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് 2024-ൽ ശേഖരിച്ച സാംപിളിലെ വിവരങ്ങളാണ്. എന്നാൽ, തൊട്ടടുത്ത മാസംതന്നെ വീണ്ടും പരിശോധന നടത്തി. ഇതിൽ ബാക്ടീരിയ സാന്നിധ്യം ഉണ്ടായിരുന്നില്ല. എല്ലാമാസവും ഹെൽത്ത് ഇൻസ്പെക്ടർമാർ സ്റ്റേഷനുകളിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. ബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ, ബന്ധപ്പെട്ട വിഭാഗത്തെ അടിയന്തരമായി അറിയിച്ച് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുദ്ധീകരണ നടപടികൾ സ്വീകരിക്കാറുണ്ട്. നിലവിൽ കുടിവെള്ള വിതരണത്തിൽ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് പാലക്കാട് ഡിവിഷൻ റെയിൽവേ അധികൃതർ പ്രതികരിച്ചു.
Content Highlights: A Comptroller and Auditor General (CAG) report reveals severe bacterial contamination, including E. coli, in drinking water supplies and water coolers across several Indian Railway stations, though authorities claim immediate corrective chlorination was performed.
Published: 17 Aug 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented