ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കാണികളുടെ മനംകവരുന്ന കൊലയാളി തിമിം​ഗലങ്ങൾ, അതാണ് ഓർക്കകൾ. 21-ാം നൂറ്റാണ്ടിലാണ് വ്യാപകമായി ഇവയെ പ്രദർശനത്തിനും മറ്റുമായി ഉപയോ​ഗിച്ച് തുടങ്ങിയത്. 1970-കളിൽ ലോകമെമ്പാടും വൻതോതിൽ ഈ കൊലയാളി തിമിം​ഗലങ്ങൾ വേട്ടയാടപ്പെട്ടു. പിടികൂടിയവയിൽ പലതും അങ്ങനെയാണ് പ്രദർ‍ശനങ്ങൾക്കും മറ്റുമായി കൃത്രിമ ജലാശയത്തിലെത്തുന്നത്. അതിസാമർത്ഥ്യക്കാർ കൂടിയാണ് ഈ കൊലയാളി തിമിം​ഗലങ്ങൾ. അതിനാൽ ഇവയെ പെട്ടെന്ന് തന്നെ പരിശിലീപ്പിക്കാനാകും. 

To advertise here,

തുടക്കം കിസ്കയിൽ നിന്ന്
കിസ്കയിൽ തുടങ്ങി സ്വതന്ത്രയാവാനൊരുങ്ങുന്ന ലോലിത വരെയുളള കൊലയാളി തിമിം​ഗലങ്ങൾ വാർത്തകളിൽ ഇടംപിടിച്ച് കഴിഞ്ഞു. 1979-ലാണ് കിസ്ക എന്ന ഓർക്ക തിമിം​ഗലത്തെ പിടികൂടുന്നത്. 47 വയസ്സ് പ്രായമുള്ള കിസ്ക കാനഡയിലെ മറെെൻലാൻഡ് തീംപാർക്കിൽ ഒരു ദശാബ്ദത്തിലേറെയായി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. കൂട്ടിലിടിച്ചും മറ്റും സ്വയം മുറിവേൽപ്പിക്കുന്ന കിസ്കയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വിമർശനങ്ങൾക്കിടയാക്കി. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
ലോലിത എന്ന കൊലയാളി തിമിം​ഗലം പ്രദർശത്തിനിടെ | Photo: twitter.com/peta

സ്വതന്ത്ര്യയാവുന്ന ലോലിത
57 വയസ്സ് പ്രാമുള്ള ഉടൻ മോചിപ്പിക്കാനൊരുങ്ങുന്ന ലോലിതയുടെ വാർത്തകളാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നത്. നീണ്ട 52 വർഷങ്ങൾ ഫ്ളോറ‍ിഡയിലെ സീക്വേറിയത്തിൽ പ്രദർശന വസ്തുവായി മാത്രമൊതുങ്ങിയിരുന്ന കൊലയാളി തിമിം​ഗലം കൂടിയാണ് ലോലിത. വിമർശന സ്വരങ്ങൾ ഉയർന്നതോടെയാണ് ലോലിതയ്ക്ക് മോചനം സാധ്യമാകുന്നത്. മെരുക്കി വളർത്തിയതിൽ ഏറ്റവും പ്രായം കൂടിയ ഓർക്ക തിമിം​ഗലം കൂടിയാണ് ലോലിത. മോചിപ്പിച്ചതിന് ശേഷം 24 മണിക്കൂർ നേരത്തേക്ക് ലോലിത നിരീക്ഷണത്തിലാകും. 

ഇതിനായി വാഷിങ്ടണിന്റെയും കാനഡയുടെയും ഇടയിലുള്ള ഒരു സമുദ്ര സാങ്ച്വറിയിൽ ലോലിതയെ പാർപ്പിക്കും. വർഷങ്ങളായി പാർക്കിലെ ജീവനക്കാർ നൽകുന്ന ഭക്ഷണമാണ് ലോലിത കഴിക്കുന്നത്. അതിനാൽ ഇവിടെ വെച്ച് തിമിംഗല വിദഗ്ധർ ഇരപിടിക്കാനും മറ്റും ലോലിതയ്ക്ക് പരിശീലനം നൽകും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് വരെ ഈ തിമിംഗലത്തെ നിരീക്ഷണത്തിൽ വെക്കും.

അമ്മയ്ക്കൊപ്പം ചേരുമോ?
ലോലിതയുടെ അമ്മയെന്ന് കരുതപ്പെടുന്ന 90 വയസ്സോളം പ്രായമുള്ള ഓഷ്യൻസൺ എന്ന വിളിപ്പേരുള്ള ഓർക്ക ഇപ്പോഴും കടലിൽ ഉണ്ടെന്നാണ് കരുതുന്നത്. അതിനാൽ സ്വതന്ത്ര്യയാവുന്നതോടെ ലോലിത അമ്മ തിമിംഗലത്തിനൊപ്പം ഒത്തുചേരാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. ലോലിതയുടെ മോചനത്തിനായി ശബ്ദമുയർത്തിയവരിൽ താരങ്ങളായ ജോണി ഡെപ്പ് ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. കൊലയാളി തിമിം​ഗലങ്ങളെന്നാണ് അറിയപ്പെടുന്നതെങ്കിലും ഡോൾഫിൻ വിഭാ​ഗത്തിലാണ് ഇക്കൂട്ടർ പെടുക. 

ചെറുസംഘങ്ങളായിട്ടാകും ഓർക്ക തിമിംഗലങ്ങൾ കാണപ്പെടുക. ആൺ തിമിംഗലങ്ങൾക്ക് 9,800 കിലോഗ്രാം വരെ ഭാരമുണ്ടാകും. കണ്ണാടിയിൽ നോക്കി സ്വയം തിരിച്ചറിയാവുന്ന അപൂർവം ജീവി വിഭാഗങ്ങളിലൊന്ന് കൂടിയാണിവ.  പെൺ തിമിംഗലങ്ങൾക്ക് ആൺ തിമിംഗലങ്ങളെക്കാൾ ഭാരം കുറവുമായിരിക്കും. കൊലയാളി തിമിം​ഗലങ്ങളുടെ മോചനം ദീർഘനാളുകളായി മൃ​ഗ-പരിസ്ഥിതി സ്നേഹികളുടെ ആവശ്യമാണ്. 

ചരിത്രം
നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ 1860-കളിലാണ് കൂട്ടിലടക്കപ്പെട്ട രീതിയില്‍ സമുദ്ര സസ്തനികളെ വളര്‍ത്തി തുടങ്ങിയത്. രണ്ട് ബെലൂഗ തിമിംഗലങ്ങളാണ് ആദ്യത്തെ ഇരകള്‍. ലാബ്രഡോര്‍ തീരത്ത് നിന്നും പിടികൂടിയ ഇവയെ പിന്നീട് ന്യൂയോര്‍ക്കിലെത്തിക്കുകയായിരുന്നു. സര്‍ക്കസ് കമ്പനി മുതലാളി പി.ടി ബേർണമാണ് ഇവയെ വാങ്ങിയത്. പിന്നീട് 1870-കളില്‍ യൂറോപ്പിലും അമേരിക്കയിലുമായി നിരവധി ബെലൂഗ തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ തുടങ്ങിയവ സർക്കസിനായി ഉപയോഗിക്കപ്പെട്ടു. ചുരുക്കം ചിലതു മാത്രമാണ് അധികനാള്‍ ജീവിച്ചിരുന്നത്. ജൂലൈ 1865-ല്‍ ന്യൂയോര്‍ക്കിലെത്തിയ രണ്ട്‌ ബെലൂഗ തിമിംഗലങ്ങള്‍ പ്രദര്‍ശനത്തിനിടെ ചത്തൊടുങ്ങി. 

മെരുക്കപ്പെട്ട ഡോള്‍ഫിനുകള്‍ പ്രശസ്തിയാര്‍ജിക്കുന്നത് 1930-കളിലാണ്. ബോട്ടില്‍നോസ് ഡോള്‍ഫിനുകളെ ഈ സമയം മുതലാണ് പ്രദര്‍ശനത്തിന് ഉപയോഗിച്ച് തുടങ്ങിയത്. കൂട്ടിലടക്കപ്പെട്ട സമുദ്ര സസ്തനികള്‍ ആക്രമണ സ്വഭാവവും കാഴ്ച വെയ്ക്കുന്നുണ്ട്. സമുദ്ര മലിനീകരണം, വേട്ടക്കാര്‍ തുടങ്ങിയ ഘടകങ്ങളില്‍നിന്നും ഇത്തരത്തിലുള്ള കൃത്രിമ ജലാശയങ്ങള്‍ സംരക്ഷണം നല്‍കുന്നുവെങ്കിലും സമുദ്ര സസ്തനികള്‍ക്ക് നല്‍കുന്ന വധശിക്ഷയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇന്ന് കോടിക്കണക്കിന് രൂപയുടെ ബിസിനസ്സാണ് ഇത്തരത്തിലുള്ള കൃത്രിമ ജലാശയങ്ങളിലൂടെ നടക്കുന്നത്. 1947-ലാണ് കാപ്റ്റിവിറ്റിയില്‍ ആദ്യ ബോട്ടില്‍നോസ് ഡോള്‍ഫിന്‍ ജനനം കൊള്ളുന്നത്. ഫ്‌ളോറിഡയിലെ മറൈന്‍ ലാന്‍ഡിലായിരുന്നു ഇത്. 

placeholder

വിമര്‍ശനസ്വരങ്ങള്‍
1970-കളുടെ പകുതിയോടെയാണ് ഇത്തരത്തില്‍ കൂട്ടലടക്കപ്പെട്ട രീതിയില്‍ സമുദ്ര സസ്തനികളെ വളര്‍ത്തുന്നത് ചോദ്യം ചെയ്തു തുടങ്ങിയത്. തുടര്‍ന്ന് 1972-ല്‍ മറൈന്‍ മാമ്മല്‍ പ്രൊട്ടക്ഷന്‍ ആക്ട് പിറവി കൊണ്ടു. ഓര്‍ക്കകളെ പിടികൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി വാഷിങ്ടണ്‍ മാറി. 1976-ലാണ് നിരോധനം നിലവില്‍ വരുന്നത്. എന്നാല്‍, ആഗോളതലത്തില്‍ ഇപ്പോഴും ഓര്‍ക്കകളെ പിടികൂടി കൃത്രിമ ജലാശയങ്ങള്‍ക്ക് വില്‍ക്കുന്നുണ്ട്. 1940-കളില്‍ മറൈന്‍ പാര്‍ക്കുകളില്‍ മെരുക്കപ്പെട്ട സമുദ്ര സസത്‌നികളുടെ പ്രജനനം വിജയം കണ്ടിരുന്നു. സമുദ്ര സസ്തനികളുടെ ആവാസവ്യവസ്ഥകള്‍ പുനര്‍സൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

കൂട്ടിലടക്കപ്പെട്ട സമുദ്ര സസ്തനികളുടെ സംരക്ഷണത്തിനും മറ്റുമായി നിലവില്‍ വന്ന കേസ് എഗെയ്‌നിസ്റ്റ് മറൈന്‍ മാമ്മല്‍സ് ഇന്‍ കാപ്റ്റിവിറ്റിയുടെ (CAMMIC) കണ്ടെത്തല്‍ ഇങ്ങനെ:

1) ദിനംപ്രതി 40 മുതല്‍ 100 മൈല്‍ വരെ സഞ്ചരിക്കുന്നവരാണ് ഡോള്‍ഫിനുകളും തിമിംഗലങ്ങളും. കൃത്രിമ ജലാശയത്തില്‍ ഇതിന്റെ ഒരു ശതമാനം പോലും സഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകില്ല. 

2) സമ്മര്‍ദം പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂട്ടിലടക്കപ്പെട്ട സമുദ്ര സസ്തനികള്‍ നേരിടുന്നു. 

3) ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍ ഇത്തരത്തില്‍ കൃത്രിമ ജലാശയങ്ങളിൽ എത്തിക്കുന്നതിനിടയില്‍ ചത്തൊടുങ്ങുവാന്‍ ആറ് മടങ്ങ് സാധ്യത കൂടുതലാണ്

4) മെരുക്കപ്പെട്ട ഓര്‍ക്കകകള്‍ ലോകമെമ്പാടും വന്‍തോതില്‍ ചത്തൊടുങ്ങി

5) ചൈനയിലെ ഓഷ്യന്‍ തീം പാര്‍ക്കുകളുടെ എണ്ണം 2015-ല്‍ 39 ആയിരുന്നത് 2019-ല്‍ 76-ലേക്ക് എത്തി

ചത്തൊടുങ്ങിയത്
മെരുക്കപ്പെട്ട കൊലയാളി തിമിംഗലങ്ങൾ ലോകമെമ്പാടും വൻതോതിൽ ചത്തൊടുങ്ങിയതും പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം കൂട്ടിലടക്കപ്പെട്ടതിൽ 174- ഓളം ഓർക്കകൾ ചത്തതായാണ് കണക്കുകൾ. അമേരിക്കയിലുള്ള സീവേൾഡിൽ മാത്രം 18 ഓർക്കകൾ മെരുക്കപ്പെട്ട നിലയിലുണ്ട്.  ഭീമന്മാരായ ​ഗ്രേറ്റ് വെെറ്റ് ഷാർക്കുകളെ ആഹാരമാക്കുന്ന ഒരേ ഒരു വിഭാ​ഗക്കാർ കൂടിയാണ് ഓർക്കകൾ. 

കൊലയാളി തിമിം​ഗലങ്ങൾ നീലത്തിമിം​ഗലങ്ങളെ ആക്രമിക്കുന്നതായി രേഖപ്പെടുത്തിയിട്ട് അധികമായില്ല. 14 ഓർക്കകൾ ഒത്തുചേർന്ന് നീലത്തിമിംഗലത്തെ ആക്രമിക്കുന്നതാണ് ശ്രദ്ധയിൽപെട്ടത്. പെൻ​ഗ്വിനുകൾ, സീലുകൾ, സീലുകൾ മറ്റ് തിമിം​ഗലങ്ങൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. കൂട്ടം ചേർന്നാകും ഈ കൊലയാളി തിമിം​ഗലങ്ങളുടെ ആക്രമണം. ഡോൾഫിൻ കുടുംബത്തിലെ ഭീമന്മാർ കൂടിയാണീ കൊലയാളി തിമിം​ഗലം. കറുപ്പും വെളുപ്പും കലർന്നതാണ് ശരീരം. സമൂഹ ജീവികൾ കൂടിയാണിവ.

പ്രസവം ഇങ്ങനെ
17 മാസങ്ങൾക്ക് ശേഷമാകും ഓർക്കകൾ പ്രസവിക്കുക. ഒരു സമയം ഒരു കു‍ഞ്ഞിനാകും ജനനം നൽകുക. രണ്ടു വർഷത്തോളം മാതാപിതാക്കളുടെ സംരക്ഷണത്തിലാകും ഇത്തിരി കുഞ്ഞന്മാർ കഴിയുക. ദിവസം 40 മെെലുകളോളം നീന്തുന്നവരാണ് ഇക്കൂട്ടർ. 100 മുതൽ 500 വരെ അടി ആഴത്തിലേക്ക് നീന്താനുള്ള ശേഷിയും ഇവർക്കുണ്ട്. എന്നാൽ കൂട്ടിലടയ്ക്കപ്പെട്ട കൊലയാളി തിമിം​ഗലങ്ങൾക്ക് ഇവ സാധ്യമാകണമെന്നില്ല. 23 മുതൽ 32 അടി നീളം വെയ്ക്കുവാൻ ശേഷിയുള്ള ഇവർക്ക് 50 മുതൽ 80 വർഷം വരെ ആയുസ്സുണ്ട്. 

placeholder
ബോട്ടിൽനോസ് ഡോൾഫിൻ | Photo: Gettyimage

സിനിമയിൽ
കൊലയാളി തിമിം​ഗലങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി നിരവധി സിനിമകൾ വന്നിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ ബ്ലാക്ക്ഫിഷ് എന്ന ഡോക്യുമെന്ററിയിൽ ഒർലാൻഡോ സീവേൾഡിലെ രണ്ടു പരിശീലകരെ കൊന്ന ടിലിക്കും എന്ന കൊലയാളി തിമിം​ഗലത്തിന്റെ കഥയാണ് പറയുന്നത്. 1993-ൽ പുറത്തിറങ്ങിയ 'ഫ്രീ വില്ലി'യും പറയുന്നത് ഇക്കൂട്ടരുടെ കഥയാണ്. ഗ്രേറ്റ് വൈറ്റ് സ്രാവുകളെ കഥാപാത്രങ്ങളാക്കി സ്റ്റീവൻ സ്പിൽബർഗ് അടക്കമുള്ളവർ ഒരുക്കിയ മൂന്നു ചിത്രങ്ങളുടെ പരമ്പരയായ JAWS സിനിമകൾ ലോകമെങ്ങും സൂപ്പർ ഹിറ്റായിരുന്നു.

സമൂഹജീവികളായതിനാൽ തന്നെ മറ്റ് കൂട്ടരുടെ സാന്നിധ്യമില്ലെങ്കിൽ ഇവ ഏകാന്തത അനുഭവിക്കാൻ സാധ്യതയുണ്ട്. ഐ.യു.സി.എൻ. പട്ടികപ്രകാരം നിലവിൽ ലീസ്റ്റ് കൺസേൺ വിഭാ​ഗത്തിലാണ് ഓർക്കകൾ ഉൾപ്പെടുന്നത്. ആൺ തിമിം​ഗലങ്ങൾക്ക് 10 മീറ്ററോളം നീളവും 9,800 കിലോ​ഗ്രാം ഭാരവുമുണ്ടാകും. പെൺ തിമിം​ഗലങ്ങൾക്ക് 8.5 മീറ്റർ നീളവും ആണുങ്ങളെക്കാൾ ഭാരക്കുറവുമുണ്ടാകും. ​ഗ്രീൻലൻഡ് പോലെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഓർക്കകളെ വേട്ടയാടുന്നുണ്ട്. വലിയ തിമിം​ഗലങ്ങളെ ഇരയാക്കുന്നത് കൊണ്ടാണ് കില്ലർ വെയിലുകളെന്ന പേര് വന്നത്. ലോകത്താകമാനം 50,000 കൊലയാളി തിമിം​ഗലങ്ങൾ ശേഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. മത്സ്യബന്ധനത്തിനിടെ വല കുടുങ്ങുന്നത്, ഭക്ഷ്യദൗർലഭ്യം, സമുദ്ര മലിനീകരണം, കപ്പലുകളുടെ സാന്നിധ്യം തുടങ്ങിയവയാണ് ഓർക്കകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ.