
ഭൂമിയിലെ ഏറ്റവുംവലിയ ജീവിയായ നീലത്തിമിംഗിലത്തെ ജലോപരിതലത്തിലെത്തിച്ച് ശ്വാസംമുട്ടിക്കുക, അവയുടെ വായിലേക്ക് തലകയറ്റി നാവുപിഴുതെടുത്ത് ചോരയോടെ രുചിക്കുക, സ്രാവുകളുടെ കരൾ തുരന്നെടുത്ത് മറ്റ് ഓർക്കക്കൂട്ടങ്ങൾക്ക് വിരുന്നൊരുക്കുക... കൊലയാളിത്തിമിംഗിലമെന്നറിയപ്പെടുന്ന ഓർക്കകളിൽ ഈയിടെ കണ്ടുവരുന്ന ഭയാനകമായ പെരുമാറ്റരീതികളിൽ ചിലതാണിത്.
മനുഷ്യരിലെ സീരിയൽ കില്ലർമാർവരെ തോറ്റുപോകുന്ന കടൽക്രൂരതകൾ. മത്സ്യബന്ധനബോട്ടുകളെ ആഴത്തിൽ വലിച്ചുകൊണ്ടുപോവുക, പോർപോയിസുകളെയും (കടൽപ്പന്നികളെ) സാൽമണുകളെയും പന്തുതട്ടുംപോലെ എറിഞ്ഞുകളിക്കുക... ഓർക്കകളുടെ വിനോദങ്ങളും പേടിപ്പെടുത്തുന്നതാണ്.
ഓർക്കകളുടെ തിമിംഗിലവേട്ട
2019 മാർച്ചിലാണ് ഓർക്ക-തിമിംഗില സംഘർഷത്തിന്റെ ആദ്യ കേസ് റിപ്പോർട്ടുചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്ത് ഒരു ഡസൻ ഓർക്കകൾചേർന്ന് ജീവനോടെയുള്ള തിമിംഗിലത്തിന്റെ വശങ്ങൾ കാർന്നുതിന്നാൻ തുടങ്ങി. മണിക്കൂറുകൾക്കകം അത് ചത്തു. എന്നാൽ, ഈയിടെ ഇത്തരം സംഭവങ്ങൾ കൂടി. കഴിഞ്ഞമാസങ്ങളിൽ പൈലറ്റ് തിമിംഗിലങ്ങളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് വർധിച്ചു.
ഓർക്കകളുടെ ‘സ്രാവ് ബലി’കളും (സ്രാവുകളെ കീറിമുറിച്ച് കരളെടുക്കുക) അങ്ങിങ്ങായി റിപ്പോർട്ടുചെയ്തു. സ്പെയിൻ, പോർച്ചുഗൽ തീരങ്ങളിൽ മനുഷ്യർ സഞ്ചരിക്കുന്ന ബോട്ടുകളെ കൂട്ടത്തോടെ ഇടിച്ച് മുക്കി.
Read also-ചിരിപ്പിച്ചും കളിപ്പിച്ചും കാണികളെ കെെയിലെടുക്കുന്ന കൊലയാളി തിമിംഗലങ്ങൾ
എന്തുകൊണ്ട് ക്രൂരതകൾ
ഓർക്കകൾ കൂടുതൽ ബുദ്ധിമാന്മാരാകുന്നുവെന്നതിന്റെ ലക്ഷണമാണ് ഈ സ്വഭാവമാറ്റത്തിനുപിന്നിലെന്നാണ് ചിലരുടെ വാദം. കൂടുതൽ സ്മാർട്ടാകുന്നതിന്റെ ലക്ഷണങ്ങളാണെന്നും ശാരീരികമോ ജനിതകമോ ആയ മാറ്റം അതിനുപിന്നിലില്ലെന്നും മറ്റുചിലർ. മസ്തിഷ്കവികാസത്തിന്റെയും ബുദ്ധിയുടെയും കാര്യത്തിൽ മനുഷ്യൻ കഴിഞ്ഞാൽ രണ്ടാമതാണ് ഓർക്കകൾ.
മസ്തിഷ്കത്തിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഓർക്കകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ ജോഷ് മക്കിന്നസ് പറയുന്നു. “മൃഗങ്ങളുടെ സ്വഭാവമാറ്റത്തിന് അവയുടെ സമൂഹത്തിലുണ്ടാകുന്ന മാറ്റവും ശരീരഘടനാപരമായ മാറ്റവും കാരണമാകും. പക്ഷേ, ഇതിന് ആയിരക്കണക്കിന് വർഷത്തെ പരിണാമം വേണ്ടിവരും”.
ഇത്തരം സ്വാഭാവങ്ങൾ നേരത്തേ ഉണ്ടായിരിക്കാമെന്നും മനുഷ്യരെപ്പോലെ പരിസ്ഥിതി മാറുന്നതിനനസരിച്ച് ചില പുതുമകൾ പ്രദർശിപ്പിക്കുന്നതാകാമെന്നും പറയുന്നു. കടലിൽ മനുഷ്യന്റെ സാന്നിധ്യം വർധിച്ചതും കാലാവസ്ഥാവ്യതിയാനവും നിലനിൽപ്പിനുവേണ്ടി പുതിയ സ്വഭാവങ്ങൾ പഠിച്ചെടുക്കാൻ കാരണമായിട്ടുണ്ടാകാമെന്നും കരുതുന്നു. ഇതിനുദാഹരണമാണ് അന്റാർട്ടിക്കയിലെ ഓർക്കകൾ. സാധാരണ വൈഡൽ സീലുകളെ പിടിച്ചുതിന്നുന്ന ഇവ ഐസ് ഉരുകുമ്പോൾ പുള്ളിപ്പുലി സീലുകളെ പിടിച്ചുതിന്നാനുള്ള ശേഷി ആർജിച്ചിട്ടുണ്ട്.
ഓർക്കകളുടെ സാമൂഹികപഠനം
മുതിർന്ന ഓർക്കകൾ ഈ തന്ത്രങ്ങൾ പുതിയ തലമുറകളിലേക്ക് കൈമാറുന്നുണ്ടെന്ന് ഒറിഗോൺ സ്റ്റേറ്റ് സർവകലാശാലയിലെ മറൈൻ ഇക്കോളജിസ്റ്റായ റോബർട്ട് പിറ്റ്മാൻ പറയുന്നു. അമ്മ ഓർക്കകൾ കുഞ്ഞുങ്ങളിലേക്ക് പകർന്നുനൽകുന്നു. ഭൂമിയിലെ ഏറ്റവുംവലിയ സസ്തനിയെ വേട്ടയാടുന്നതിനുള്ള വൈദഗ്ധ്യംപോലും അവർ പരസ്പരം കൈമാറുന്നു.
സമൂഹജീവികളായതിനാൽ തന്നെ മറ്റ് കൂട്ടരുടെ സാന്നിധ്യമില്ലെങ്കിൽ ഇവ ഏകാന്തത അനുഭവിക്കാൻ സാധ്യതയുണ്ട്. ഐ.യു.സി.എൻ. പട്ടികപ്രകാരം നിലവിൽ ലീസ്റ്റ് കൺസേൺ വിഭാഗത്തിലാണ് ഓർക്കകൾ ഉൾപ്പെടുന്നത്. ആൺ തിമിംഗലങ്ങൾക്ക് 10 മീറ്ററോളം നീളവും 9,800 കിലോഗ്രാം ഭാരവുമുണ്ടാകും. പെൺ തിമിംഗലങ്ങൾക്ക് 8.5 മീറ്റർ നീളവും ആണുങ്ങളെക്കാൾ ഭാരക്കുറവുമുണ്ടാകും. ഗ്രീൻലൻഡ് പോലെയുള്ള രാജ്യങ്ങളിൽ ഇപ്പോഴും ഓർക്കകളെ വേട്ടയാടുന്നുണ്ട്. വലിയ തിമിംഗലങ്ങളെ ഇരയാക്കുന്നത് കൊണ്ടാണ് കില്ലർ വെയിലുകളെന്ന പേര് വന്നത്.
Content Highlights: study shows killer whales are changing their behavior
Published: 13 Nov 2023, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented