കൊലയാളി തിമിംഗിലങ്ങളെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍ സ്രാവ്, ഡോള്‍ഫിന്‍ പോലുള്ളവയെ വേട്ടയാടി തിന്നാറുണ്ട്. പലപ്പോഴും കൂട്ടത്തോടെയാകും വേട്ടയാടൽ. എന്നാല്‍ ഒറ്റയ്‌ക്കൊരു ഓര്‍ക്ക ഇതാദ്യമായി സ്രാവിനെ വേട്ടയാടിയ വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയിലെ മോസ്സല്‍ ബേ തീരപ്രദേശത്താണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെ വേട്ടയാടി തിന്നാന്‍ കൊലയാളി തിമിംഗിലത്തിന് വേണ്ടിവന്നത് രണ്ട് മിനിറ്റ് സമയം മാത്രമാണെന്ന സംഭവം നേരിട്ട് കണ്ട് ഗവേഷകർ അവകാശപ്പെടുന്നത്. സ്റ്റാര്‍ബോര്‍ഡ് എന്ന വിളിപ്പേരുള്ള ഓര്‍ക്കയാണ് സ്രാവിനെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ​കൊന്നുതിന്നത്.

To advertise here,

ദക്ഷിണാഫ്രിക്കയില്‍ സ്രാവുകളെ വേട്ടയാടി കൊല്ലുന്ന ഓര്‍ക്കകളില്‍ മുന്‍പന്തിക്കാരനാണ് സ്റ്റാര്‍ബോര്‍ഡ്. 2017-ലാണ് ദക്ഷിണാഫ്രിക്കന്‍ സമുദ്രപ്രദേശത്ത് രണ്ട് ഓര്‍ക്കകള്‍ വന്‍തോതില്‍ സ്രാവുകളെ വേട്ടയാടുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. ഇതിലൊന്നാണ് സ്റ്റാര്‍ബോര്‍ഡെന്ന ആണ്‍ ഓര്‍ക്ക. സ്രാവിന്റെ കരളാണ് ഈ ഓര്‍ക്ക പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2023 ജൂണ്‍ 18-ന് നടന്ന രണ്ട് മിനിറ്റ് നീളം വരുന്ന വേട്ടയാടല്‍ ഓര്‍ക്കകളുടെ സ്വഭാവ രീതികളെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നത് കൂടിയാണെന്നും കരുതപ്പെടുന്നു. ഒറ്റയ്ക്ക് വേട്ടയാടാന്‍ കെല്‍പ്പുളളവരാണെങ്കിലും കൂട്ടമായിട്ടാണ് പലപ്പോഴും ഇവ വേട്ടയാടുകയെന്ന് വിദഗ്ധര്‍ പറയുന്നു. വൈകുന്നേരം 3.02 മണിയോടെ സമുദ്രോപരിതലത്തില്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വന്നു. സ്രാവിന്റെ ഇടത്തേ വശത്തുള്ള ചിറകില്‍ പിടിമുറുക്കുകയായിരുന്നു പിന്നാലെയെത്തിയ കൊലയാളി തിമിംഗിലം. പിന്നീട് അതിനെ കടിച്ച് കുടയുകയും ചെയ്തു. ഏതാനും സമയത്തിനകം  ഈ ഓര്‍ക്കയുടെ വായില്‍ ചോരപറ്റിയ സ്രാവിന്റെ കരളും ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാൽ എങ്ങനെയാണ് ഭീമന്‍ സ്രാവുകളുടെ കരള്‍ ഓര്‍ക്ക കടിച്ചെടുക്കുന്നതെന്നത് ഇപ്പോഴും വ്യക്തമല്ല.

placeholder
​ഗ്രേറ്റ് വെെറ്റ് ഷാർക്ക് | Photo: Wiki/ By Terry Goss, CC BY 2.5, https://commons.wikimedia.org/w/index.php?curid=1561215

2.5 മീറ്റര്‍ നീളവും 100 കിലോ ഭാരവുമുള്ള പ്രായം കുറഞ്ഞ ഗ്രേറ്റ് വൈറ്റ് സ്രാവിനെയാണ് ഓര്‍ക്ക ഒറ്റയ്ക്ക് വേട്ടയാടിയത്. 6.5 മീറ്റര്‍ നീളവും 2.5 ടണ്‍ വരെ ഭാരമാണ് പ്രായപൂര്‍ത്തിയായ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകള്‍ക്കുള്ളത്.  കാര്യം ഇതൊക്കെയാണെങ്കിലും വലിപ്പം കൂടിയ ഇരകളെ വേട്ടയാടാന്‍ ഓര്‍ക്കകള്‍ക്ക് സംഘത്തിലെ മറ്റുള്ളവരുടെ സഹായം ഉറപ്പായും വേണ്ടിവരുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. 

സാധാരണയായി ഈ പ്രദേശത്ത് സ്രാവുകളെ വേട്ടയാടുമ്പോള്‍ ഓര്‍ക്കകളുടെ രണ്ട് മുതല്‍ ആറെണ്ണം ഒന്നിച്ചാണ് വേട്ടയാടുക. ഒന്നിലധികം ഓര്‍ക്കകള്‍ ഉള്ളപ്പോഴും രണ്ട് മണിക്കൂറോളം സമയം ഇതിനായി വേണ്ടി വരും. ഓര്‍ക്കകളുടെ വേട്ടയാടല്‍ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ വിവിധ സ്രാവിനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയാണെന്ന ആശങ്കയാണ് ഗവേഷകരടക്കം പങ്കുവെയ്ക്കുന്നത്. സംഭവത്തെ പറ്റിയുള്ള വിശദമായ പഠനറിപ്പോര്‍ട്ട് ആഫ്രിക്കന്‍ ജേണല്‍ ഓഫ് മറൈന്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.