പ്രതീകാത്മക ചിത്രം | Photo-Gettyimage
അടുത്തകാലത്തായി കാര്ബണ് ക്രെഡിറ്റിനേക്കുറിച്ച് നമ്മള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നുണ്ട്. കാര്‍ബണ്‍ ക്രെഡിറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പുതിയ നിയമം പാസ്സാക്കുന്നു, ഇന്ത്യയില്‍ കാര്‍ബണ്‍ മാര്‍ക്കറ്റ് വളരുന്നു, കേരളം കാര്‍ബണ്‍ ക്രെഡിറ്റ് വില്‍ക്കാന്‍ നീക്കം നടത്തുന്നു എന്നിങ്ങനെ പോകുന്നു ആ വാർത്തകൾ. എന്താണ് കാര്‍ബണ്‍ ക്രെഡിറ്റ്? എങ്ങനെയാണ് കാര്‍ബണ്‍ ക്രെഡിറ്റ് വിപണി പ്രവര്‍ത്തിക്കുന്നത്? ആഗോളതാപനത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ കാര്‍ബണ്‍ ക്രെഡിറ്റ് എന്ന സങ്കല്‍പത്തിന് എന്താണ് സംഭാവന ചെയ്യാനാകുക? പരിശോധിക്കാം-
കല്‍ക്കരി, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതുമൂലമുള്ള വാതക ബഹിര്‍ഗമനത്തെ പൊതുവില്‍ വിളിക്കുന്ന പേരാണ് കാര്‍ബണ്‍ എമിഷന്‍. ആഗോളതാപനം വര്‍ധിക്കുന്നതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് വലിയ പങ്കാണുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറച്ചുകൊണ്ടു വന്ന് പൂജ്യത്തില്‍ എത്തിക്കേണ്ടത് ഭൂമിയുടെ തന്നെ നിലനില്‍പ്പിന് അനിവാര്യമാണെന്ന തിരിച്ചറിവാണ് ലോകരാജ്യങ്ങളെ ശക്തമായ നടപടികള്‍ക്ക് നിര്‍ബന്ധിതരാക്കുന്നത്. 'കാര്‍ബണ്‍ ന്യൂട്രല്‍', 'നെറ്റ് സീറോ' തുടങ്ങിയ പദപ്രയോഗങ്ങള്‍ നമുക്ക് പരിചിതമായിത്തീരുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ബഹിര്‍ഗമന തോതും അതിന്റെ പ്രകൃതിയിലേക്കുള്ള സ്വാംശീകരണ തോതും തുല്യമായിരിക്കുന്ന അവസ്ഥയാണ് 'കാര്‍ബണ്‍ ന്യൂട്രല്‍' .
മനുഷ്യ ഇടപെടലുകളിലൂടെയും പ്രക്രിയകളിലൂടെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ് തുല്യമായ അളവിലുള്ള മരങ്ങളെ വെച്ചുപിടിപ്പിച്ചും മറ്റുപാധികള്‍ സ്വീകരിച്ചും സ്വാംശീകരിക്കുന്നതാണ് കാര്‍ബണ്‍ ന്യൂട്രല്‍ സാഹചര്യം. ഒരു കൃഷിമേഖല വിവിധ കൃഷിയുപാധികളിലൂടെ പുറന്തള്ളുന്ന അതേ അളവ് കാര്‍ബണ്‍ കൃഷിയിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും മണ്ണില്‍ സംഭരിക്കുമ്പോഴാണ് കാര്‍ബണ്‍ ന്യൂട്രല്‍ സാധ്യമാകുന്നത്. പുറന്തള്ളുന്നതിനെക്കാള്‍ സംഭരിക്കാന്‍ സാധിക്കുമ്പോള്‍ കാര്‍ബണ്‍ നെഗറ്റീവുമാകും.
ആഗോള താപന വർധനവ് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം ഈ ദശകത്തില്‍ 50 ശതമാനം വരെ കുറയ്‌ക്കേണ്ടതുണ്ട്. 2015 പാരീസ് ഉടമ്പടിയുടെ ഭാഗമായി രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിനുള്ള ടാര്‍ഗറ്റുകള്‍ രൂപപ്പെടുത്തുകയും അത് യാഥാര്‍ഥ്യമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുന്നുണ്ട്. 'നെറ്റ് സീറോ' എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ന് ലോകം ഉന്നം വെക്കുന്നത്. കാര്‍ബണ്‍ പൂര്‍ണമായും ഇല്ലാതാക്കല്‍ എളുപ്പമല്ലെങ്കിലും ഓരോ രാജ്യത്തിന്റെയും അന്തരീക്ഷത്തിന് താങ്ങാവുന്ന നിരക്കില്‍ ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുക എന്നതാണ് 'നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ബഹിര്‍ഗമന തോതും അതിന്റെ പ്രകൃതിയിലേക്കുള്ള സ്വാംശീകരണ തോതും തുല്യമായിരിക്കുന്ന അവസ്ഥയാണ് 'കാര്‍ബണ്‍ ന്യൂട്രല്‍'
.jpg?$p=1622592&&q=0.8)
കാര്ബണ് ക്രെഡിറ്റ് മാര്‍ക്കറ്റ്
കാര്‍ബണ്‍ ക്രെഡിറ്റ് വിനിമയം സംബന്ധിച്ച ആശയം ആദ്യം ഉയരുന്നത് 1997-ലെ ക്യോട്ടോ പ്രോട്ടോക്കോളിലാണ്. 2015-ലെ പാരീസ് ഉടമ്പടിയാണ് കാര്‍ബണ്‍ ക്രെഡിറ്റ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ നടത്തിയത്. പാരീസ് ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ -6, രാജ്യങ്ങള്‍ അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര കാര്‍ബണ്‍ വിപണികളെ ഉപയോഗപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്തു. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ കാര്‍ബണ്‍ ക്രെഡിറ്റ് വിനിമയം നടക്കുന്നു. ക്രെഡിറ്റ് സമ്പാദനവും അതിന്റെ വില്‍പനയും ഇന്ന് 'നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായും സാമ്പത്തിക മൂല്യം നേടാനുള്ള ഉപാധിയായും മാറിയിരിക്കുന്നു.
അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ വലിച്ചെടുക്കാന്‍ പ്രകൃത്യാ ചില സംവിധാനങ്ങളുണ്ട്. ഭൂമിയിലെ മരങ്ങളും സസ്യലതാദികളും സമുദ്രപ്ലവകങ്ങളും അടക്കമുള്ളവ കാര്‍ബണ്‍ വലിച്ചെടുക്കാന്‍ ശേഷിയുള്ളവയാണ്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലൂടെയും ഭൂമിയെ പച്ചപ്പണിയിക്കുന്നതിലൂടെയും കാര്‍ബണ്‍ സ്വാംശീകരണ പ്രക്രിയയെ പോഷിപ്പിച്ചുകൊണ്ട് കാര്‍ബണ്‍ പുറന്തള്ളല്‍ മൂലമുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനാകും. ഇതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പ്രക്രിയയുടെ പ്രതിഫലമായി ലഭിക്കുന്ന അംഗീകാരമാണ് കാര്‍ബണ്‍ ക്രെഡിറ്റ്.
കാര്‍ബണ്‍ പുറന്തള്ളുന്നതുമൂലം പ്രകൃതിക്കുണ്ടാകുന്ന അപകടങ്ങളെ ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അതിനുത്തരവാദികളായ വ്യക്തികള്‍ക്കും വ്യവസായശാലകള്‍ക്കും ഉത്തരവാദിത്വമുണ്ട്. അതായത്, കാര്‍ബണ്‍ ലഘൂകരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ഉത്തരവാദികളാകുന്നവര്‍ തക്കതായ വില നല്‍കണം. വ്യവസായശാലകള്‍ക്കും കമ്പനികള്‍ക്കും അവര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍ക്കു പകരമായി കാര്‍ബണ്‍ ക്രെഡിറ്റ് വില നല്‍കി വാങ്ങി കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കായുള്ള പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാം. അതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം അനിവാര്യമായ തങ്ങളുടെ വ്യവസായം തുടരാനുള്ള അവകാശം അവര്‍ നേടുന്നു എന്നും പറയാം.
ഐക്യരാഷ്ട്ര സഭയുടെ മാനദണ്ഡം അനുസരിച്ച്, അന്തരീക്ഷത്തില്‍നിന്ന് നീക്കം ചെയ്യുന്നതോ വേര്‍തിരിച്ച് ഇല്ലാതാക്കുന്നതോ ആയ ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമാണ് ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഉദാഹരണത്തിന്, ഒരു പ്രദേശമാകെ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍നിന്ന് ഇല്ലാതാക്കിയാല്‍ ഒരു കാര്‍ബണ്‍ ക്രെഡിറ്റ് ലഭിക്കും.
ഇങ്ങനെ ലഭിക്കുന്ന കാര്‍ബണ്‍ ക്രഡിറ്റ് വില്‍ക്കാനാകും. പ്രകൃതിക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തി/സ്ഥാപനങ്ങള്‍ക്കുമാത്രമല്ല, കാര്‍ബണ്‍ പുറന്തള്ളല്‍ അനിവാര്യമായ വ്യവസായ ശാലകളുടെ നടത്തിപ്പുകാര്‍ക്കും ഇങ്ങനെ കാര്‍ബണ്‍ ക്രെഡിറ്റ് നേടാനാവും. ഈ ക്രെഡിറ്റ് അവരുടെ വ്യവസായം തുടരുന്നതിനുള്ള അനുമതിയായി (Permit) കണക്കാക്കും.
.jpg?$p=5ce8cc8&&q=0.8)
ഉയര്‍ന്ന കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാക്കുന്ന ഊര്‍ജ സ്രോതസ്സുകള്‍ക്കു പകരം സോളാര്‍, കാറ്റാടിയന്ത്രം പോലുള്ള ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിച്ചും, പുതിയ സാങ്കേതിക വിദ്യകളിലൂടെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉദ്പാദനം അനുവദിക്കപ്പെട്ട പരിധിയേക്കാള്‍ കുറയ്ക്കുന്ന വ്യവസായങ്ങള്‍ക്കും കാര്‍ബണ്‍ ക്രെഡിറ്റ് (കാര്‍ബണ്‍ ഓഫ്‌സെറ്റ്) ലഭിക്കും. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം വിലകൊടുത്ത് ഈ ക്രെഡിറ്റ് വാങ്ങാം. കാര്‍ബണ്‍ ക്രെഡിറ്റ് കൈവശമുള്ള രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഈ ക്രെഡിറ്റ് വില്‍പന നടത്തി സാമ്പത്തിക ലാഭം നേടുകയും ചെയ്യാം. വനവിസ്തൃതി ഏറെയുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പന ഒരു മികച്ച സാമ്പത്തിക ഉറവിടമായി മാറാനും സാധ്യതയുണ്ട്. 2021-ഓടെ ആഗോളതലത്തില്‍ കാര്‍ബണ്‍ ക്രെഡിറ്റ് വിപണിയില്‍ 164 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2030-ഓടെ പതിനായിരം കോടി ഡോളറിന്റെ വിപണിയായി ഇത് മാറുമെന്നാണ് കണക്കുകൂട്ടുന്നത്.
കാര്‍ബണ്‍ വിപണി എങ്ങനെ പ്രവര്‍ത്തിക്കുന്നു?
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് ഉത്തരവാദികളായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് മറ്റു വ്യക്തികള്‍, സ്ഥാപനങ്ങള്‍, മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ എന്നിവയില്‍ നിന്ന് വിലകൊടുത്ത് കാര്‍ബണ്‍ ക്രെഡിറ്റ് വാങ്ങാനും കൈയ്യിലുള്ള കാര്‍ബണ്‍ ക്രെഡിറ്റ് വില്‍ക്കാനും സാധിക്കുന്ന ഒരു മാര്‍ക്കറ്റ് സംവിധാനമാണ് കാര്‍ബണ്‍ ക്രെഡിറ്റ് മാര്‍ക്കറ്റ്. ഇത് പ്രധാനമായും രണ്ട് വിധത്തിലാണ് നിലവില്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നത്.
1) സന്നദ്ധ വിപണി (Voluntary market)
മുന്‍പ് പറഞ്ഞതുപോലെ വ്യവസായശാലകള്‍ക്കും കമ്പനികള്‍ക്കും അവര്‍ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്കു പകരമായി കാര്‍ബണ്‍ ക്രെഡിറ്റ് വിലകൊടുത്ത് വാങ്ങാം. വ്യക്തികളോ പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന/വ്യക്തികളില്‍നിന്നോ ആയിരിക്കും ഇപ്രകാരം വാങ്ങുന്നത്. ഭൂമിയിലേക്ക് പുറന്തള്ളുന്ന കാര്‍ബണ് പകരമായി ഭൂമിയില്‍ എവിടെയെങ്കിലും കാര്‍ബണ്‍ സ്വാംശീകരണ പ്രക്രിയയ്ക്ക് സംഭാവന നല്‍കുകയും ആ പ്രക്രിയ നടക്കുന്നു എന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ നടക്കുന്നത്.
ഉദാഹരണമായി, ഒരു ഫാക്ടറിക്ക് അവര്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്/ഹരിതഹൃഹ വാതകങ്ങള്‍ക്ക് ആനുപാതികമായ കാര്‍ബണ്‍ ക്രെഡിറ്റ് ഒരു സന്നദ്ധ സംഘടനയില്‍നിന്നോ ഏജന്‍സിയില്‍നിന്നോ വിലകൊടുത്ത് വാങ്ങാം. ഈ വിനിമയങ്ങള്‍ക്കുള്ള ക്രെഡിറ്റ് നിശ്ചയിക്കുന്നതും അവയുടെ മൂല്യം (വില) നിശ്ചയിക്കുന്നതുമൊക്കെ പരിസ്ഥിതി-കാലാവസ്ഥാ ഗവേഷക സ്ഥാപനങ്ങളും പ്രവര്‍ത്തകരുമൊക്കെ അടങ്ങുന്ന സംവിധാനങ്ങളായിരിക്കും. പ്രത്യേകിച്ച് ഏതെങ്കിലും വിധത്തിലുള്ള നിയമനിര്‍മാണത്തിലൂടെയോ നിബന്ധനകളുടെയോ ഫലമായല്ല ഇവിടെ ക്രെഡിറ്റ് ട്രേഡ് നടക്കുന്നത്, മറിച്ച് സ്വമേധയാ ആണ്. തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം വ്യക്തമാക്കുന്നതിനോ പരിസ്ഥിതിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനോ ഒക്കെയായി കമ്പനികള്‍ ഇപ്രകാരം കാര്‍ബണ്‍ ക്രെഡിറ്റുകള്‍ക്കായി തുക നീക്കിവെക്കുന്നു. എങ്കിലും, സപ്ലേ-ഡിമാന്റ് പോലുള്ള വിപണിയുടെ സാമാന്യതത്വങ്ങളനുസരിച്ചായിരിക്കും ഇടപാടുകള്‍ നടക്കുക.
2) നിര്‍ബന്ധിത വിപണി (Compliance market)
കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്നതിന് ഓരോ രാജ്യത്തിനും ചില ടാര്‍ഗറ്റുകളുണ്ട്. നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കണക്കിലെടുത്ത് ഒരു കാര്‍ബണ്‍ ബഹിര്‍ഗമന പരിധി നിശ്ചയിച്ച്, വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് പല രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. ഇതിനനുസരിച്ച് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാന്‍ ആ രാജ്യങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാണ്. കാര്‍ബണ്‍ ക്രെഡിറ്റുകള്‍ സ്വയം സൃഷ്ടിച്ചോ മറ്റിടങ്ങളില്‍നിന്ന് വാങ്ങിയോ ആണ് കമ്പനികള്‍ ഈ വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനാനുമതി നേടുന്നത്.
പ്രധാനമായും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലാണ് നിലവില്‍ 'ക്യാപ്-ആന്‍ഡ്-ട്രേഡ്' തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ മാര്‍ക്കറ്റ് നിലവിലുള്ളത്. 2005-ല്‍ ആണ് യൂറോപ്യന്‍ യൂണിന്റെ എമിഷന്‍ ട്രേഡിങ് സിസ്റ്റം (ഈടിഎസ്) നിലവില്‍വന്നത്. ഇതനുസരിച്ച് ഊര്‍ജ്ജം, എണ്ണ, കൃഷി, മാലിന്യസംസ്‌കരണം, വ്യവസായം തുടങ്ങി വിവിധ മേഖലകള്‍ക്ക് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിധി (ക്യാപ്) നിശ്ചയിച്ചു. ഇത് ഓരോ രാജ്യങ്ങള്‍ക്കും അവരവരുടെ കാര്‍ബണ്‍ ബഹിര്‍ഗമന സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.
ഓരോ മേഖലയുടെയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് പരിശോധിച്ച്, പരിധിക്കുള്ളില്‍ നില്‍ക്കുന്നവര്‍ക്കു മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി (permit) നല്‍കുക. പരിധിയില്‍ കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നവര്‍ പെര്‍മിറ്റ് (കാര്‍ബണ്‍ ക്രെഡിറ്റ്) വിലകൊടുത്ത് വാങ്ങേണ്ടിവരും. നിശ്ചിത പരിധിയ്ക്ക് താഴെ കാര്‍ബണ്‍ ബഹിര്‍ഗമനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള കമ്പനികള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റിന് അവകാശമുണ്ടായിരിക്കും. ഇങ്ങനെ ലഭിക്കുന്ന ക്രെഡിറ്റ് മറ്റു സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാനും അവര്‍ക്ക് കഴിയും. ഇത്തരം കമ്പനികളില്‍ നിന്നോ കാര്‍ബണ്‍ ക്രെഡിറ്റ് കൈവശമുള്ള മറ്റ് ഏജന്‍സികളില്‍ നിന്ന് ക്രെഡിറ്റ് വാങ്ങിയാല്‍ മാത്രമേ പരിധിക്ക് പുറത്തുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കൂ.
ഈ സാഹചര്യത്തില്‍ കാബര്‍ണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത് സ്ഥാപനങ്ങളെ സംബന്ധിച്ച് അനിവാര്യമായി മാറും. ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക, ഉത്പാദനചെലവും കാര്‍ബണ്‍ ബഹിര്‍ഗമനതോതും കുറവുള്ള സാങ്കേതികവിദ്യകള്‍ക്കായി നിക്ഷേപം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ കമ്പനികള്‍ നടപ്പാക്കും. കമ്പനികള്‍ ഇങ്ങനെ സ്വയം നിയന്ത്രിക്കുന്നതിലൂടെ ഓരോ രാജ്യത്തിനും തങ്ങളുടെ ക്ലൈമറ്റ് ടാര്‍ഗറ്റില്‍ എത്തിച്ചേരുന്നതിന് വേണ്ടിവരുന്ന ചെലവ് പകുതിയാക്കി കുറയ്ക്കാനാകുമെന്നാണ് ലോക ബാങ്ക് വിലയിരുത്തുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളേക്കൂടാതെ ചൈന, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍ തുറക്കുകയോ അതിനായുള്ള നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ലോകമെമ്പാടുമുള്ള കാര്‍ബണ്‍ മാര്‍ക്കറ്റിന് 164 ശതമാനം വളര്‍ച്ച ഉണ്ടായതായി ചില വിപണി വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 90 ശതമാനവും യൂറോപ്യന്‍ യൂണിയന്റെ വകയാണ്. എന്നാല്‍ അമേരിക്ക ഇതുവരെ കാര്‍ബണര്‍ ക്രെഡിറ്റ് മാര്‍ക്കറ്റിലേക്ക് ഔദ്യോഗികമായി സംഭാവന നല്‍കിത്തുടങ്ങിയിട്ടില്ല. കാലിഫോര്‍ണിയയില്‍ മാത്രമാണ് ഇതിനായി നിലവില്‍ ഒരു പദ്ധതിയുള്ളത്. ദേശീയ തലത്തില്‍ കാര്‍ബണ്‍ മാര്‍ക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. അതിന് പ്രധാന കാരണം അവര്‍ കാര്‍ബണ്‍ ക്രെഡിറ്റിന്റെ ഉത്പാദകരല്ല, ഉപഭോക്താക്കളാണ് എന്നതാണ്.
ഇന്ത്യയുടെ കാര്‍ബണ്‍ വിപണി
രാജ്യത്ത് കാബണ്‍ വിപണിയുടെ പ്രവര്‍ത്തനം സംബന്ധിച്ച സുപ്രധാനമായ നിയമഭേദഗതി 2022 ഡിസംബര്‍ 12-ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസ്സാക്കി. കാര്‍ബണ്‍ ക്രഡിറ്റ് വോളണ്ടറി ട്രേഡിങ് സിസ്റ്റം എങ്ങനെയായിരിക്കണം, ആഭ്യന്തര കാര്‍ബണ്‍ വ്യാപാര പദ്ധതി എങ്ങനെ ക്രമീകരിക്കണം, കാര്‍ബര്‍ ക്രഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്‍ക്കായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഈ ഊര്‍ജ്ജ ഉപയോഗ (ഭേദഗതി) നിയമം 2022 എന്ന ഈ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. പരിശോധനകള്‍ നടത്തി കാര്‍ബണ്‍ ക്രഡിറ്റ് അനുവദിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനോ അംഗീകൃത ഏജന്‍സികള്‍ക്കോ ആയിരിക്കുമെന്നാണ് നിയമം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയമങ്ങളും ഇനി രൂപീകരിക്കപ്പെടേണ്ടതുണ്ട്.
ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളില്‍ ചൈനയും (32%), അമേരിക്കയും (12.6%) കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. അതേസമയം, ആളോഹരി കാര്‍ബണ്‍ തള്ളലില്‍ ഇന്ത്യയുടെ സ്ഥാനം 110 മാത്രമാണ്.
നിലവില്‍ ലോകത്ത് ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് 4.4 ടണ്‍ ആണ്. അത് രണ്ടു ടണ്ണിന് താഴെയാക്കാനാണ് ലോകരാഷ്ട്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുടേത് ഇപ്പോള്‍ത്തന്നെ രണ്ടു ടണ്ണിനു താഴെയാണ്. 2070-ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് പൂജ്യമാക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തിയാണ് ഇത് നടപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന് പ്രധാന കാരണം വ്യവസായമേഖലയാണ്. 44 ശതമാനമാണ് ഈ മേഖലയില്‍നിന്നുള്ള പുറന്തള്ളല്‍. 18 ശതമാനം നിര്‍മാണമേഖലയില്‍ നിന്നാണ്. കൃഷി- 14 ശതമാനം, ഗതാഗതമേഖല-13 ശതമാനം എന്നിങ്ങനെയാണ്. ഇത് വീണ്ടും കുറച്ചുകൊണ്ടുവരുകയാണ് നമ്മുടെ ലക്ഷ്യം.
വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്തി വലിയ തോതില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ നേടാനും വില്‍പന നടത്താനും സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ 2010-2022 കാലത്ത് 35.94 ദശലക്ഷം കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പന നടത്തിയെന്നാണ് കണക്ക്. ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ വിപണിയാണ് ഇന്ത്യയുടേത്. വന്‍തോതിലുള്ള നിക്ഷേപം ഈ മേഖയില്‍ ഉണ്ടാകാനിരിക്കുകയാണ്.
അതേസമയം, രാജ്യത്തിന് പുറത്തേക്കുള്ള കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പന തടയാനും ആഭ്യന്തര വിനിമയം വര്‍ധിപ്പിക്കാനുമുള്ള നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തില്‍, ദേശീയതലത്തില്‍ ഒരു കാര്‍ബണ്‍ വിപണി സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. വലിയ തോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യത്തെ മേഖലകളെ ഇതില്‍ പങ്കാളികളാക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമം ഉണ്ടായേക്കും.
വെല്ലുവിളികളും വിമര്‍ശനങ്ങളും
പുറത്തുവിടുന്ന/സ്വാംശീകരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് നിശ്ചയിക്കുന്നതിലുണ്ടാകാവുന്ന അപാകതകള്‍, ക്രെഡിറ്റുകള്‍ നേടുന്ന ഏജന്‍സികളുടെ വിശ്വാസ്യതയും ആധികാരികതയും, വിപണി ഇടപാടുകളുടെ സുതാര്യത തുടങ്ങി കാര്‍ബണ്‍ വിപണി എന്ന ആശയത്തെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. തങ്ങളുണ്ടാക്കുന്ന കാര്‍ബണ്‍ ഫൂട്പ്രിന്റുകള്‍ മായ്ക്കുന്നതിനായി കമ്പനികള്‍ കാര്‍ബണ്‍ ക്രഡിറ്റുകള്‍ വാങ്ങിയേക്കാമെങ്കിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ ഇങ്ങനെ ചെയ്യുന്നത് നിഷ്ഫലമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഭൂമിയിലുള്ള വനഭൂമിക്കുവേണ്ടി കമ്പനികള്‍ പണം മുടക്കുകയും ഏജന്‍സികള്‍ പണം വാങ്ങുകയും ചെയ്യുന്നത് പദ്ധതിയുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കും, അത് അഴിമതിക്ക് വഴിയൊരുക്കുമെന്നും ആശങ്കകളുണ്ട്.
ഇന്ത്യയില്‍ കാര്‍ബണ്‍ ട്രേഡിനായി നടത്തിയ നിയമഭേദഗതി സംബന്ധിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 2001-ലെ എനര്‍ജി കണ്‍സര്‍വേഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ 2022 ജൂലായ് 29-ന് ആണ് നിയമസഭ പാസ്സാക്കിയത്. ഊര്‍ജ്ജ കാര്യക്ഷമതയുമായി ബന്ധപ്പെട്ട ഭേദഗതികളും ആഭ്യന്തര കാര്‍ബണ്‍ വ്യാപാര പദ്ധതികള്‍ സുഗമമാക്കാനുള്ള ഭേദഗതികളും ഉള്‍പ്പെടുത്തിയതായിരുന്നു ഈ ബില്‍. 2022 ഡിസംബര്‍ 12-ന് ബില്‍ രാജ്യസഭ പാസ്സാക്കിയതോടെ ഇത് നിയമമായി. ഭേദഗതി സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ചില വിമര്‍ശനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പനയ്ക്കായി ഉപയോഗിക്കേണ്ട സംവിധാനത്തെക്കുറിച്ചും ഈ വ്യാപാരത്തിന്റെ നിയന്ത്രണാധികാരി ആര് എന്നതിനേക്കുറിച്ചും ബില്‍ വ്യക്തത നല്‍കുന്നില്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം. കൂടാതെ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനും തുടങ്ങിയ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ വരേണ്ട ഇത്തരമൊരു പദ്ധതി ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴില്‍ കൊണ്ടുവരുന്നതിനേയും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
Content Highlights: about you all need to know about carbon credit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..