സെല്‍ഫോണ്‍, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെല്ലാം ലിഥിയം അയോണ്‍ ബാറ്ററികൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, പ്രവര്‍ത്തനക്ഷമത എന്നിവയാണ് ഈ ബാറ്ററികളുടെ ജനപ്രീതി ഇതിനോടകം തന്നെ ലോകത്താകമാനം വര്‍ധിപ്പിച്ചത്. പോരാത്തതിന് പെട്രോൾ ഡീസൽ പോലുള്ള ഇന്ധനങ്ങൾക്ക് ബദലാവുന്നു എന്നതിനാൽ തന്നെ ഇവ പരിസ്ഥിതി സൗഹൃദമാണെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് പരിസ്ഥിതി സ്നേഹികൾ. എന്നാൽ പരിപൂർണ്ണമായും പരിസ്ഥിതി സൗഹൃദം തന്നെയോ ഇവ. ലിഥിയം ഖനനം പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങൾ പരിഗണിക്കുമ്പോൾ ഈ സമീപനത്തിൽ പുനരാലോചന ഉണ്ടാവേണ്ടതുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെങ്കിലും അവ അടിസ്ഥാനമാക്കിയിരിക്കുന്ന ബാറ്ററികള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്. 

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

 

ഓസ്‌ട്രേലിയയില്‍ മാത്രം 3,300 ടണ്‍ ലിഥിയം ബാറ്ററി മാലിന്യമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്

ലിഥിയം അയോൺ ബാറ്ററികളുടെ പുനഃചംക്രമണം

ലെഡ് ആസിഡ് ബാറ്ററി പോലുള്ളവ പുനഃചംക്രമണം (recycle) ചെയ്യാന്‍ എളുപ്പമായിരുന്നെങ്കില്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ കഥ മറ്റൊന്നായിരുന്നു. സൂക്ഷിച്ച് വേര്‍പ്പെടുത്തിയാല്‍ പോലും ലിഥിയം അയോണ്‍ ബാറ്ററികളിലെ പല വസ്തുക്കളും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവായിരുന്നില്ല. ലിഥിയം ഖനനം ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ പുനഃചംക്രമണത്തിന് ധാരാളം പണം വിനിയോഗിക്കേണ്ടതായും വന്നു. ആഗോളതലത്തില്‍ തന്നെ ലിഥിയം ബാറ്ററികളുടെ അഞ്ച് ശതമാനം മാത്രമാണ് പുനഃചംക്രമണത്തിന് വിധേയമാക്കുന്നത്. ബാക്കിയുള്ളവ പാഴ്വസ്തുക്കളായി തുടരുന്നു. ഓസ്‌ട്രേലിയയില്‍ മാത്രം 3,300 ടണ്‍ ലിഥിയം ബാറ്ററി മാലിന്യമാണ് പ്രതിവര്‍ഷമുണ്ടാകുന്നതെന്ന് കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസർച്ച് (സിഎസ്‌ഐആര്‍ഒ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ ഇത്രയേറെ അളവില്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുവെങ്കില്‍ ആഗോളതലത്തിലെ കണക്കുകള്‍ എത്ര ഭീകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ലിഥിയം അയോണ്‍ ബാറ്ററികളുടെ പുനഃചംക്രമണത്തിനായി ആധുനികരീതിയിലുള്ളതും കുറച്ചുകൂടി മെച്ചപ്പെട്ടതുമായ മാർഗങ്ങൾക്കുള്ള ശ്രമത്തിലാണ് ​ഗവേഷകർ.

placeholder
ചിലിയിലെ വലിയ സാള്‍ട്ട് ഫ്‌ളാറ്റുകളിലൊന്നായ സലാര്‍ ഡേ അറ്റകാമ | Photo: Wiki/By Francesco Mocellin - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=16388421

അത്ര നിസാരമല്ല ലിഥിയം ഖനനം

ലിഥിയം ബാറ്ററിക്കായുള്ള പലവിധ ലോഹങ്ങള്‍ ഖനനം ചെയ്യണമെങ്കില്‍ ധാരാളം ജലം  ആവശ്യമാണ്. ഒരു ടണ്‍ ലിഥിയം ഖനനം ചെയ്യുന്നതിനായി 22.73 ലക്ഷം ലിറ്റര്‍ ജലമാണ് പ്രയോജനപ്പെടുത്തേണ്ടി വരിക. ലിഥിയം കുഴിച്ചെടുക്കുന്നതിനായുള്ള ഡ്രില്ലിങ് ഘട്ടത്തിലടക്കം വെളളം ധാരാളമായി ആവശ്യം വരുന്നു.  ചിലിയിലെ അറ്റാക്കാമ സാള്‍ട്ട് ഫ്ളാറ്റുകളില്‍ (ജലാശയങ്ങള്‍ വറ്റിവരണ്ടുണ്ടാകുന്ന ഭൂപ്രദേശങ്ങളാണ് സാള്‍ട്ട് ഫ്ളാറ്റുകൾ. ഉപ്പോ മറ്റ് ധാതുക്കളുടെയോ സാന്നിധ്യവും ഈ പ്രദേശത്തുണ്ടാകും. സസ്യങ്ങള്‍ക്കോ മൃഗങ്ങള്‍ക്കോ ഈ പ്രദേശങ്ങളില്‍ അതിജീവനം സാധ്യമാകണമെന്നില്ല) ലിഥിയം ഖനനം പരിസ്ഥിതിക്ക് വരുത്തിയ ദോഷം ചെറുതല്ല. പ്രദേശത്തെ പ്രതിദിന താപനില, വരള്‍ച്ചാ സംഭവങ്ങള്‍ എന്നിവയില്‍ വന്‍വര്‍ധനവ് ഇതുമൂലം രേഖപ്പെടുത്തി. ഖനനം നടക്കുന്ന മേഖലയിലെ ജലസ്രോതസ്സുകളെ ബാധിക്കുന്നത് വരള്‍ച്ചാ സംഭവങ്ങളിലേക്ക് വഴിവെയ്ക്കുന്നു. ലിഥിയം അയോണ്‍ ബാറ്ററി മൂലമുണ്ടാകുന്ന കാലാവസ്ഥാ പ്രത്യാഘാതങ്ങളുടെ 40 ശതമാനവും ഖനനം നടക്കുന്ന സമയത്താണ് പ്രതിഫലിക്കുന്നതെന്ന് 2019-ല്‍ നടത്തിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വൻതോതിലുള്ള കാർബൺ ബഹിർ​​ഗമനവും ഖനനത്തിലൂടെ നടക്കുന്നു

നഷ്ടമായ മത്സ്യസമ്പത്ത്

നിക്കല്‍, കൊബാള്‍ട്ട് പോലുള്ളവയാല്‍ നിര്‍മിതമായ കാതോഡാണ് ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ശോഷണം മാത്രമല്ല, ആഗോളതാപനം പോലുള്ളവ ഇതിന്റെ ഉപയോഗം മൂലമുണ്ടാകുന്ന പരിണിത ഫലങ്ങളാണ്. 2016-ല്‍ ഗ്വാങ്ജോ റോങ്ഡാ ലിഥിയം ഖനി(Ganzizhou Rongda Lithium mine)യില്‍ നടന്ന മാരകമായ കെമിക്കല്‍ ലീക്ക് മൂലം പ്രദേശത്ത് വലിയ പരിസ്ഥിതി ആഘാതങ്ങളാണുണ്ടായത്. കന്നുകാലികളും ലിക്വി നദിയിലെ മത്സ്യങ്ങളടക്കം ചത്തൊടുങ്ങി. നദിയിലൂടെ ചത്തൊടുങ്ങിയ മീനുകള്‍ ഒഴുകുന്ന കാഴ്ച നിരവധി പ്രതിഷേധങ്ങളിലേക്കും വഴിവെച്ചു. ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഈ ഖനിയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവം കൂടിയായിരുന്നു ഇത്. 

placeholder
ആൻഡിസ് മലനിരകൾ | Photo: Wiki/By Jorge Morales Piderit - Own work, Public Domain, https://commons.wikimedia.org/w/index.php?curid=3454029

പാഠമാണ് ആന്‍ഡിസ് മലനിരകള്‍

അര്‍ജന്റീനിയ, ചിലി, ബൊളീവിയ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആന്‍ഡിസ് മേഖലയില്‍ ലിഥിയം ഖനനത്തില്‍ കുതിപ്പാണ് ഇതിനോടകം രേഖപ്പെടുത്തിയത്. ഈ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പങ്കിടുന്ന മേഖല ലിഥിയം ട്രയാങ്കിള്‍ (lithium triangle) എന്നാണ് അറിയപ്പെടുന്നത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ലിഥിയത്തിന്റെ ഏറിയ പങ്കും ലിഥിയം ട്രയാങ്കിളിലാണ് കാണപ്പെടുക. ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചു വരുന്ന ജനപ്രീതിയാണ് വന്‍തോതില്‍ ഖനനം നടക്കാനുള്ള പ്രധാന കാരണം. ഇതുമൂലം ആന്‍ഡിസ് മലനിരകളിലെ തണ്ണീര്‍ത്തടങ്ങള്‍, ഫ്ളമിംഗോ അടക്കമുള്ള പക്ഷികളുടെ ആവാസവ്യവസ്ഥ മുതലായവ ഭീഷണി നേരിടുകയാണ്. ലിഥിയം അയോണ്‍ ബാറ്ററികളില്‍ മാത്രം ഉപയോഗിക്കാവുന്ന പോളിടെട്രാഫ്‌ളൂറോഈഥലെയ്ന്റെ (polytetrafluoroethylene) ഉത്പാദനം ഓസോണ്‍ പാളിയിലുണ്ടാവുന്ന വിള്ളലിന് പ്രധാന കാരണം കൂടിയാണ്. 2030-ഓടെ ലിഥിയത്തിന്റെ ആവശ്യകത പ്രതിവര്‍ഷം 2.4 മില്ല്യണ്‍ മെട്രിക് ടണ്ണായി ഉയരുമെന്നാണ് പ്രവചനം. അര്‍ജന്റീനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മാത്രം ലിഥിയം ഖനനത്തിന് ലൈസന്‍സുള്ള ധാരാളം പ്രൊജക്ടുകളാണ് നിലവിലുളളത്. ഇന്ത്യയില്‍ ജമ്മു ആന്‍ഡ് കാശ്മീരില്‍ അടുത്തിടെ ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. 

2021-ല്‍ ആഗോള ലിഥിയം ഉത്പാദനം ആദ്യമായി ഒരുലക്ഷം ടണ്‍ എന്ന റെക്കോഡ് ഉയരം രേഖപ്പെടുത്തി.
placeholder
കശ്മീരിലെ റിയാസി ജില്ലയില്‍ ഒരു ഗ്രാമീണന്‍ ലിഥിയം കല്ലുകള്‍ കാണിക്കുന്നു | Photo: PTI

ജമ്മു കശ്മീരിലെ ലിഥിയം ശേഖരം

5.9 മില്ല്യണ്‍ ടണ്‍ വരുന്ന ലിഥിയം ശേഖരമാണ് ജമ്മു കാശ്മീരില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ 5.9 ദശലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയതായി
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് പ്രഖ്യാപിച്ചത്.  നിലവില്‍ ലിഥിയം ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഏറിയ പങ്കും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ജമ്മുവിലെ ലിഥിയം ശേഖരം കണ്ടെത്തിയത് നിര്‍ണായകമായി വിലയിരുത്തപ്പെടുന്നു. ജമ്മുവിലെ ലിഥിയം ശേഖരത്തിന്റെ പശ്ചാത്തലത്തില്‍ ലിഥിയം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് സാധ്യതയുണ്ട്. അതേസമയം കശ്മീരിലെ ലിഥിയം ഖനനം ജൈവവൈവിധ്യപരമായി പ്രാധാന്യം അര്‍ഹിക്കുന്ന ഹിമാലയന്‍ മേഖലയുടെ നാശത്തിന് തന്നെ കാരണമായേക്കാമെന്ന ആശങ്ക അപ്പോഴും ബാക്കിയാണ്. നിരവധി ജലാശയങ്ങളുടെ ജലസ്രോതസ്സ് കൂടിയായ ഹിമാലയന്‍ പ്രദേശത്തിന്റെ നാശം നദികള്‍ മലിനപ്പെടുന്നതിലേക്ക് അടക്കം നയിക്കും. .

ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ ചൈന

ലിഥിയം ബാറ്ററിയുടെ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ ചൈനയാണ്. ബാറ്ററികളുടെ പുനഃചംക്രമണത്തിലും വളരെ മുന്നില്‍ തന്നെയാണ് ചൈനയുടെ സ്ഥാനം. ഇന്ത്യയിലെ ലിഥിയം അയോണ്‍ ബാറ്ററി മേഖല വളര്‍ച്ചയുടെ പാതയിലാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലെ സ്വിചാനിലെ ലിഥിയം ഖനികളില്‍ നിന്ന് വന്‍തോതില്‍ മലിനീകരണമുണ്ടാകുന്നതായി കണ്ടെത്തി. 2016, 2017 വര്‍ഷങ്ങളിലും വായുമലിനീകരണം, ആവാസവ്യവസ്ഥ നാശം തുടങ്ങിയവ പഠനങ്ങളിലും മറ്റുമായി കണ്ടെത്തി. ലിഥിയം ഖനനം മൂലം യേചുണിലെ പ്രാദേശിക നദിയില്‍ ഉയര്‍ന്ന അളവിലുള്ള താലിയം കണ്ടെത്തുന്നത് നവംബര്‍ 2022-നാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരിലടക്കം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള പദാര്‍ത്ഥം കൂടിയാണ് താലിയം.

ഫ്യൂച്ചര്‍ഹൈടെക്ബാറ്ററീസാണ് ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാതാക്കള്‍ 

ലിഥിയം അയോൺ ബാറ്ററിക്ക് പകരമെന്ത്

ഓര്‍ഗാനിക് പദാര്‍ത്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബാറ്ററിയെന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങള്‍ ആദ്യം നടത്തുന്നത് ടെക്സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയിലെ കെമിക്കല്‍ എന്‍ജിനയറിങ് വിഭാഗം പ്രൊഫസറായ ജോഡി ലുട്ട്കെന്‍ഹോസാണ്. രാസപരമായോ ജൈവപരമായോ തകര്‍ക്കപ്പെടാവുന്ന (degradable) ബാറ്ററിയായിരുന്നു ജോഡിയുടെ ലക്ഷ്യം. ഇന്ന് ഉപയോഗിക്കുന്ന പല ബാറ്ററികളും പുനചംക്രമണത്തിന് വിധേയമാകുന്നില്ലെന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തിയിരുന്നു. അങ്ങനെയാണ് 2000-ത്തിന്റെ തുടക്കത്തില്‍ ഓര്‍ഗാനിക് റാഡിക്കല്‍ ബാറ്ററി (ഒആര്‍ബി) പിറവി കൊള്ളുന്നത്. ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളുടെ സഹായത്താലാണ് ഈ ബാറ്ററി പ്രവര്‍ത്തിക്കുന്നത്. ഇത്തരം ബാറ്ററിയുടെ നിര്‍മാണഘട്ടങ്ങളിലും വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നു. ഇത് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് വിപണിയില്‍ വന്‍തുകയാണ് നല്‍കേണ്ടി വരിക. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ഊര്‍ജം പ്രദാനം ചെയ്യാന്‍ ഇത്തരം ബാറ്ററികള്‍ക്ക് സാധിക്കുകയും ചെയ്യും. സോളിഡ് സ്റ്റേറ്റ് ലിഥിയം ബാറ്ററിയും മറ്റൊരു പ്രധാന ആശയമാണ്. കുറഞ്ഞ ചെലവ്, കൂടുതല്‍ ശക്തി, വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്ന് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇത്തരം ബാറ്ററിക്കുണ്ട്. 

placeholder
ജോഡി ലുട്ട്കെന്‍ഹോസ് | Photo: twitter.com/JodieLutkenhaus
വിപണിയില്‍ പിടിമുറുക്കിയ ലിഥിയം അയോണ്‍ ബാറ്ററികളോട് പൊരുതാന്‍ ഓര്‍ഗാനിക് ബാറ്ററിക്ക് കഴിയുമോയെന്ന ആശങ്ക നിലനിന്നിരുന്നു. 

ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം കുതിപ്പ്, വർധിക്കുന്ന അപകടങ്ങൾ

അടുത്തകാലത്ത് ലോകത്തിന്റെ വിവിധയിടങ്ങളിലായി ഇലക്ട്രിക് വാഹനങ്ങളിൽ വ്യാപകമായ തീപിടിത്തം പോലുള്ളവ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2010 മുതല്‍ 2023 വരെ ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളിലെ 393 എണ്ണം വരുന്നവയിലാണ് തീപിടുത്തം പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓസ്‌ട്രേലിയയിലെ ഇവി ഫയര്‍സേഫ് നടത്തിയ സർവേകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വാഹനരം​ഗത്ത് ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിച്ച്‌ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വിവിധ വാഹന നിർമാതാക്കൾ ഒരുങ്ങുന്നത്. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങളുടെ നിര്‍മാണം 2035-ഓടെ പൂര്‍ണമായും നിര്‍ത്തുമെന്ന് പ്രഖ്യാപനം പ്രമുഖ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് നടത്തുന്നത് ഈ വര്‍ഷമാണ്. 2033-ഓടെ സമാനമായ മാറ്റമാണ് ഔഡിയും ലക്ഷ്യമിടുന്നത്. 2040-ഓടെ വില്‍പ്പനയ്ക്ക് വെയ്ക്കുന്ന വാഹനങ്ങളുടെ മൂന്നില്‍ രണ്ടും ഇലക്ട്രിക് അടിസ്ഥാനമാക്കിയുളളവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ടണ്‍ ലിഥിയം 100 ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ 2030-ഓടെ ഇലക്ട്രിക്ക് വാഹന വില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ലക്ഷ്യം വെയ്ക്കുന്നത്. ലിഥിയം ശേഖരങ്ങളുടെ കുറവ് ഈ ലക്ഷ്യത്തിന് മാര്‍ഗതടസമാണ്. ലോകത്താകെ 98 മില്ല്യണ്‍ ടണ്‍ വരുന്ന ലിഥിയം ശേഖരം മാത്രമാണ് ശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രിക് കാര്‍ വാഹന നിര്‍മാതാക്കളില്‍ ചിലര്‍ അവരുടെ തന്നെ ബാറ്ററി പുനരുപയോഗ വിധേയമാക്കുന്നുണ്ട്. നിസാന്‍ ലീഫ് കാറുകളിലെ ബാറ്ററികള്‍ സമാനമായ രീതിയില്‍ പുനരുപയോഗിച്ചിരുന്നു. ഇതെല്ലാം ഭാവിയിൽ ലിഥിയം അയൺ ബാറ്ററി ഉത്പാദനത്തിൽ കുതിപ്പ് രേഖപ്പെടുത്തുമെന്ന മാത്രമല്ല, പരിസ്ഥിതി പ്രശ്നങ്ങളടക്കമുണ്ടാകുമെന്ന മുന്നറിയിപ്പാണ്  മനുഷ്യരാശിക്ക് നൽകുന്നത്. 

placeholder
Representational Image | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഇലക്ട്രിക് കാറുകളിലെ തീപിടിത്തം

കൃത്യമായ രീതിയില്‍ നിര്‍മിച്ചെടുത്തില്ലെങ്കില്‍ ഇലക്ട്രിക് കാറുകളിലെയോ ഇലക്ട്രോണിക് ഉപകരണങ്ങളിലെയോ ലിഥിയം അയോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുവാനുള്ള സാധ്യതയുണ്ട്. ബാറ്ററിക്ക് കേട് വന്നാലും ഇത്തരം അപകടങ്ങള്‍ സംഭവിക്കാം. ബാറ്ററിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന സോഫ്റ്റ്‌വെയറിലെ അപാകതകളും ഇത്തരം ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഉയര്‍ന്ന താപനിലയില്‍ ഇലക്ട്രിക് കാറുകളിലെ ലിഥിയം അയോണ്‍ ബാറ്ററിയെ ഓര്‍ഗാനിക് ലിക്വിഡ് ഇലക്ട്രോലൈറ്റ് തീപിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മറ്റ് വാഹനങ്ങളുമായുള്ള കൂട്ടിയിടി കെമിക്കല്‍ ലീക്കേജിനും കാരണമാകും. ഇലക്ട്രിക് വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തത്തിന്റെ കാരണം പലപ്പോഴും കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

ലിഥിയം ബാറ്ററി മാലിന്യം പലപ്പോഴും പരിഹരിക്കാനാവാത്ത വിഷയമാണെങ്കിലും യു.കെയിലെ ഫാരഡേ ഇന്‍സ്റ്റിറ്റ്യൂട്ടഷനിലെ അബോട്ടിന്റെ സംഘം അള്‍ട്രാസോണിക് പ്രോബ് (ഇലക്ട്രിക് സ്പന്ദനങ്ങളില്‍ നിന്നുണ്ടാവുന്ന വൈദ്യുത ഊര്‍ജത്തെ യാന്ത്രിക ഊര്‍ജമാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം) ഉപയോഗിച്ചുളള പുനഃചംക്രമണ മാതൃക മുന്നോട്ട് വെക്കുന്നുണ്ട്. ഇത്തരം അള്‍ട്രാസോണിക് റീസൈക്ലിങ് രീതി പരമ്പരാഗത രീതിയായ ഹൈഡ്രോമെറ്റാലര്‍ജിയെക്കാള്‍ (ധാതുക്കളില്‍ നിന്ന് ലോഹം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ) 100 മടങ്ങ് അധികം ഫലപ്രദമാണ്‌. അതായത് ലിഥിയം അയോണ്‍ ബാറ്ററിയിലെ അധികം വരുന്ന ഘടകങ്ങളും പുനരുപയോഗത്തിന് വിനിയോഗിക്കാമെന്ന് ചുരുക്കം.  ലിഥിയം അയോണ്‍ ബാറ്ററികളുടെ പുനരുപയോഗം സംബന്ധമായ വിഷയങ്ങള്‍ക്ക് രൂപീകൃതമായ റിലീഫ് പ്രൊജ്ക്ട് പോലുള്ള പദ്ധതികളുമുണ്ട്.

ലിഥിയം ബാറ്ററികളുടെ ഭാവി

ഓരോ വര്‍ഷവും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററിയുടെ ആവശ്യകത വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇനിയും ലിഥിയം വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുമെന്നത് തീർച്ചയാണ്. എല്ലാ രാജ്യങ്ങളും പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് മെല്ലെ അടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ലിഥിയം ബാറ്ററികളുടെ ഭാവി ശോഭനം തന്നെയാണ്. ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഈ രംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡി പോലുള്ളവയും സര്‍ക്കാരുകള്‍ നല്‍കുന്നു. അതേസമയം ലിഥിയം ഖനനമടക്കമുള്ളവ പരിസ്ഥിതിക്ക് ദോഷകരമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ വർഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലിഥിയം അയോണ്‍ ബാറ്ററിയുടെ ഖനനം, നിര്‍മാണം അടക്കമുള്ള ഘട്ടങ്ങള്‍ പരിസ്ഥിതിക്ക് പ്രതികൂലം തന്നെയെന്ന സൂചന വിവിധ പഠനങ്ങളും നല്‍കുന്നു.
സൂചന.