
ഇലക്ട്രിക് വാഹനങ്ങള്‍ക്കടക്കം കരുത്ത് പകരുന്ന ലിഥിയം-അയോണ്‍ ബാറ്ററികളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ നിര്‍ണായക മുന്നേറ്റം. വലിയ അപകടമുണ്ടാക്കുന്ന തരത്തില്‍ ബാറ്ററി തകരുന്നത് തടയുന്ന നൂതന താപ-പ്രതികരണ ഇലക്ട്രോലൈറ്റ് സംവിധാനം ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഗവേഷകര്‍ വികസിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയടക്കം ലിഥിയം-അയോണ്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതില്‍ വലിയ മാറ്റംകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ അഡ്വാന്‍സ്ഡ് ഫങ്ഷണല്‍ മെറ്റീരിയല്‍സ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പരമ്പരാഗത ലിഥിയം-അയോണ്‍ ബാറ്ററികള്‍ സുരക്ഷയ്ക്കായി പോളിമര്‍ സെപ്പറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. ഏകദേശം 160 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഉരുകുകയോ ചുരുങ്ങുകയോ ചെയ്ത് ബാറ്ററി പ്രവര്‍ത്തനം നിര്‍ത്തുന്ന തരത്തിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ബാറ്ററിയുടെ ആന്തരിക താപനില ഈ പരിധി എളുപ്പത്തില്‍ മറികടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സെപ്പറേറ്ററുകള്‍ പലപ്പോഴും എല്ലാ സാഹചര്യങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. അത് അപകടകരമായ തെര്‍മല്‍ റണ്‍വേയ്ക്ക് കാരണമാകുകയും തീപിടുത്തത്തിനോ സ്‌ഫോടനത്തിനോ ഇടയാക്കുകയോ ചെയ്‌തേക്കാം.
ശിവ് നാടാര്‍ ടീമിന്റെ പുതിയ കണ്ടെത്തല്‍ അപകടം ഒഴിവാക്കാന്‍ രസതന്ത്രത്തെയാണ് പ്രയോജനപ്പെടുത്തുന്നത്. അവരുടെ ഇലക്ട്രോലൈറ്റ് വിനൈലിന്‍ കാര്‍ബണേറ്റും 2,5-ഡൈമെഥൈല്‍ഫ്യൂറാന്‍ സംയോജിപ്പിച്ച് ഡീല്‍സ്-ആല്‍ഡര്‍ ക്ലിക്ക് റിയാക്ഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാറ്ററിയുടെ താപനില 100 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുമ്പോള്‍ ഡീല്‍സ്-ആല്‍ഡര്‍ പ്രതിപ്രവര്‍ത്തനം ആരംഭിക്കുന്നു. ഇത് പോളിമെറിക് വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത് ഒരേസമയം ലിഥിയം-അയണ്‍ ചലനം തടയുകയും സെപ്പറേറ്ററിന്റെ സൂക്ഷ്മ സുഷിരങ്ങള്‍ അടക്കുകയും ചെയ്യുന്നു. അങ്ങനെ ബാറ്ററി അപകടകരമായ താപനിലയില്‍ എത്തുന്നതിന് മുമ്പ് അതിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍ത്തിവെക്കുന്നു.
പലപ്പോഴും 160 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പരാജയപ്പെടുന്ന പരമ്പരാഗത പോളിമര്‍ സെപ്പറേറ്ററുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സംവിധാനം 100 -120 ഡിഗ്രി സെല്‍ഷ്യസില്‍തന്നെ ലിഥിയം-അയോണ്‍ കൈമാറ്റം നിര്‍ത്തുന്നു. ഇത് തീപിടിത്തത്തിനോ സ്‌ഫോടനത്തിനോ ഉള്ള അപകടസാധ്യത ഗണ്യമായി കുറയ്ക്കും. ബാറ്ററികളുടെ സുരക്ഷയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ് കണ്ടെത്തലെന്ന് ഗവേഷകരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടുചെയ്തു. ഈ സാങ്കേതികവിദ്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെയുള്ള വിവിധതരം ആപ്ലിക്കേഷനുകള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം നല്‍കുകയും ജീവനും സ്വത്തിനും സരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാറ്ററി രംഗത്തെ ഗവേഷണത്തില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് കണ്ടെത്തലെന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: critical discovery by indian researchers lithum ion battery safety will be enhanced
Published: 20 Jun 2025, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented