ശൈത്യകാലത്ത് മൊബൈല്‍ ഫോണിലെ ബാറ്ററിയില്‍ ചാര്‍ജ് അതിവേഗം തീരുമോ? നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ വേഗത്തില്‍ ഡിസ്ചാര്‍ജ് ആയേക്കാം എന്ന് മൊബൈല്‍ നിര്‍മാതാക്കളടക്കം സമ്മതിക്കുന്നു. എന്താണ് ഇതിന് കാരണം? വളരെ കുറഞ്ഞ താപനില മൊബൈല്‍ ഫോണുകളിലെ ലിഥിയം-അയോണ്‍ ബാറ്ററികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതാണ് വിഷയം.

To advertise here,

എല്ലാ ആധുനിക സ്മാര്‍ട്ട്‌ഫോണുകളും ലിഥിയം-അയോണ്‍ ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. അവ ഭാരം കുറഞ്ഞതും ഊര്‍ജം നിലനിര്‍ത്തുന്നതുമാണ് എന്നതുകൊണ്ടാണത്. കാഥോഡ് (പോസിറ്റീവ് ഇലക്ട്രോഡ്), ആനോഡ് (നെഗറ്റീവ് ഇലക്ട്രോഡ്) എന്നിവയ്ക്കിടയില്‍ ഒരു ദ്രാവക ഇലക്ട്രോലൈറ്റിലൂടെ ലിഥിയം അയോണുകള്‍ എത്ര വേഗത്തില്‍ ചലിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ പ്രകടനം. തണുക്കുമ്പോള്‍ ഇലക്ട്രോലൈറ്റ് കട്ടിയാകുന്നു. ഇതോടെ പ്രതിരോധം വര്‍ധിക്കുകയും അയോണ്‍ ചലനം ഗണ്യമായി കുറയുകയും ചെയ്യുന്നു. വൈദ്യുതി നല്‍കാന്‍ ബാറ്ററിക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അതിനാല്‍ ചാര്‍ജ് വളരെ വേഗത്തില്‍ തീര്‍ന്നുപോകുന്നു.

പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനിലയില്‍ മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ ശേഷി 70 ശതമാനം വരെ കുറയാം എന്നാണ് ദി ജേണല്‍ ഓഫ് ദി ഇലക്ട്രോകെമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

കുറഞ്ഞ താപനില ബാറ്ററിയിലെ ചാര്‍ജ് അതിവേഗം തീരുന്നതിന് കാരണമാകുമെന്ന് ആപ്പിള്‍ സ്ഥിരീകരിക്കുന്നു. ഐഫോണിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ താപനില പൂജ്യം മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണെന്നും അവര്‍ പറയുന്നു. ശൈത്യകാല താപനില മൊബൈല്‍ ഫോണുകളിലെ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിപ്പിക്കുകയും പ്രവര്‍ത്തന സമയം കുറയ്ക്കുകയും ചെയ്യുമെന്ന് സാംസങ്ങും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് കമ്പനി ഫോണ്‍ തണുത്തുറയാത്തവിധം സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

ശൈത്യകാലത്തെ നേരിയ തണുപ്പൊന്നും മൊബൈല്‍ ഫോണ്‍ ബാറ്ററികളെ സ്വാധീനിക്കില്ലെങ്കിലും ഉത്തരേന്ത്യയിലടക്കം, പ്രത്യേകിച്ച് ഡല്‍ഹി, ലഖ്‌നൗ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളില്‍ അഞ്ച് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ശൈത്യകാല താപനില മൊബൈല്‍ ഫോണ്‍ ബാറ്ററികളെ സ്വാധീനിക്കാം. പുറത്തെ തണുത്ത കാലാവസ്ഥയിലും കെട്ടിടങ്ങള്‍ക്കുള്ളിലെ ചൂടുള്ള സാഹചര്യത്തിലും മാറിമാറി സമയം ചെലവഴിക്കേണ്ടി വരുന്നത് ബാറ്ററി ഡ്രെയിനിന് കാരണമാകും.

കൊടുംതണുപ്പുള്ള സാഹചര്യങ്ങളില്‍ ബാറ്ററിയെ സംരക്ഷിക്കാന്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ഫോണ്‍ റൂം ടെമ്പറേച്ചറിലേക്ക് എത്തിക്കുന്നത് നല്ലതാണ്. നല്ല തണുപ്പുള്ള ദിവസങ്ങളില്‍ ഫോണ്‍ ശരീരത്തോട് ചേര്‍ത്ത് പോക്കറ്റില്‍ സൂക്ഷിക്കാം. താപനില നിലനിര്‍ത്താന്‍ ഇന്‍സുലേറ്റഡ് കേസ് ഉപയോഗിക്കുന്നതും നല്ലതാണ്. ലോ-പവര്‍ മോഡ് ഓണ്‍ ചെയ്യുക.