ഗരത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ പക്ഷികള്‍ പാടുപെടുന്നുണ്ടത്രെ...! കേള്‍ക്കുന്ന ശബ്ദങ്ങളേക്കാള്‍ ഉച്ചത്തില്‍ പാടി നോക്കും ചിലര്‍! പരിസരം കുറച്ചൊന്ന് നിശബ്ദമാവുന്ന സമയം മാത്രം പാടുന്നവരുമുണ്ട്. പാട്ടിന്റെ ശ്രുതി മാറ്റുന്നവരുമുണ്ട്. നഗരങ്ങളില്‍ മനുഷ്യര്‍ കാരണം ഉണ്ടാവുന്ന ശബ്ദം (Anthropogenic noise)  പക്ഷികളുടെ പാട്ടുകളെ നിശബ്ദമാക്കുന്നതിനെ 'സോങ്ങ് മാസ്‌കിങ്ങ്' എന്ന് പറയുന്നു. തന്മൂലം പക്ഷികളുടെ ശബ്ദത്തിന് അവ ഉദ്ദേശിച്ച ഫലം കിട്ടാതെ പോവുന്നു; ഇണയെ ആകര്‍ഷിക്കാനോ മറ്റോ. ഈ സാഹചര്യങ്ങള്‍ അവയുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

To advertise here,

നഗരത്തിലെ പക്ഷികള്‍ പാട്ടുകളുടെയും വിളിയുടേയും ഘടന മാറ്റി ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നു. സോങ് മാസ്‌കിങ് ഒഴിവാക്കാന്‍ യൂറോപ്യന്‍ റോബിനുകള്‍ തിരഞ്ഞെടുത്ത വഴി രാത്രി മാത്രം പാടുകയാണ്...! പാട്ടുപാടൽ മാത്രമല്ല, നഗരവത്കരണം പല ജീവികളുടെയും അതിജീവനം ദുഷ്കരമാക്കുകയാണ് എന്നാൽ, സ്വസ്ഥമായും ആരോഗ്യത്തോടെയും മറ്റ് ജീവജാലങ്ങൾക്കും നഗരങ്ങളിൽ ജീവിക്കാമെന്നാണ് പുതിയ ചില പഠനങ്ങൾ കാണിക്കുന്നത്. പലതരം സമ്മര്‍ദങ്ങള്‍ മൂലം നഗരങ്ങളിലെ മനുഷ്യര്‍ അനുഭവിക്കുന്ന അസ്വസ്ഥത  മറ്റു ജീവജാലങ്ങളും അനുഭവിക്കുന്നുണ്ട്. 

ന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മതി, നഗരങ്ങളിലെ കാട് കണ്ണില്‍ പെടും. ചിലപ്പോഴത് തിരക്കേറിയ റോഡിന്റെ ഓരത്ത് കാലാകാലമായി നില്‍ക്കുന്ന ഒരൊറ്റ മരമായിരിക്കും! വലിയൊരു ആല്‍വൃക്ഷം. അതിന്റെ പടര്‍ന്ന ചില്ലകളിലും ഇലച്ചാര്‍ത്തുകളിലും പൊത്തുകളിലും വസിക്കുന്നത് പക്ഷികളും അണ്ണാറക്കണ്ണനും മാത്രമായിരിക്കില്ല; നമ്മളറിയാത്ത എത്രയോ ജീവബിന്ദുക്കള്‍ കൂടി അതിലുള്‍പ്പെടുന്നുണ്ട്.  ഒരു പച്ചപ്പനന്തത്ത തെങ്ങോലയില്‍ തൂങ്ങിയാടുന്നത് എപ്പോഴാണ് അവസാനം കണ്ടത്? ചുറ്റവട്ടത്ത് നിന്ന് കിളിയൊച്ചകളും ചിറകടികളും അപ്രത്യക്ഷമാവുന്നത് നമ്മളറിയാറില്ല. പമ്മി നടന്നിരുന്ന മൈനകള്‍, കലപിലെ ശബ്ദിച്ച് തലങ്ങും വിലങ്ങും പറന്ന പ്രാപ്പിടിയന്‍, മഞ്ഞക്കിളി, തേന്‍കിളി, തുന്നാരന്‍...

'നഗരത്തിലെന്ത് പ്രകൃതി! അതങ്ങ് കാട്ടിലും മേട്ടിലുമല്ലേ'; നമ്മള്‍ പറയും. പുതിയ പഠനങ്ങള്‍ അത്തരം ചിന്തകളെ തിരുത്തുകയാണ്. വന്യജീവിസംരക്ഷണത്തില്‍ നഗരങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജിയിലേയും ഓബണ്‍- റട്ട്‌ഗേസ് സര്‍വകലാശാലകളിലേയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനം വിശദമാക്കുന്നു. നഗരങ്ങള്‍ പക്ഷികള്‍ക്ക് എത്രമാത്രം പ്രധാനമാണ് എന്നറിയാന്‍ വിവിധ കാലങ്ങളിലെ ഇ ബേഡ് ഡാറ്റയാണ് ഗവേഷകര്‍ ഉപയോഗപ്പെടുത്തിയത്. 

കാലാവസ്ഥാമാറ്റങ്ങളെ നേരിടുന്നതിന്റെ ഭാഗമായാണ് സ്വാഭാവിക വനങ്ങള്‍ക്കു പുറമെ 'നഗരവനങ്ങള്‍' വികസിപ്പിക്കുക എന്ന ആശയം രൂപപ്പെട്ടത്. പ്രാദേശികമായ ജൈവവൈവിധ്യത്തിന്റെ തുരുത്തുകള്‍ ഇന്നും നഗരകാന്താരങ്ങളില്‍ ബാക്കിയുണ്ട്. അതിലെല്ലാം വിവിധ ജീവജാലങ്ങളും...പക്ഷികള്‍ക്കായി നഗരങ്ങള്‍ക്ക് എന്തുചെയ്യാനാവും?

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
അങ്ങാടിക്കുരുവികൾ

ബെംഗളൂരുവിനെ പിരിയാതെ അങ്ങാടിക്കുരുവികള്‍

ബെംഗളൂരു നഗരത്തിലെ അടുക്കളപ്പുറങ്ങളില്‍ ചിക്കിപ്പെറുക്കി നടന്നിരുന്ന അങ്ങാടിക്കുരുവികള്‍ അപ്രത്യക്ഷമായത് ഐ.ടി. സിറ്റിയിലെ പരിസ്ഥിതിബോധമുള്ള ആളുകളില്‍ വേവലാതിയുണ്ടാക്കി. നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഫ്‌ളാറ്റുകള്‍ക്ക് ചുറ്റുമുളള്ള ലേഔട്ടായതും വീട്ടുമുറ്റങ്ങള്‍ ടൈല്‍ വിരിച്ചതും ആളുകള്‍ ആഹാരാവശിഷ്ടങ്ങള്‍ പുറത്തിടാത്തതുമെല്ലാം അങ്ങാടിക്കുരുവികളെ സമ്മര്‍ദത്തിലാക്കി. ബെംഗളൂരു വന്‍നഗരമായി വികസിച്ചപ്പോള്‍ അങ്ങാടിക്കുരുവികള്‍ വീട്ടുമുറ്റങ്ങളും തെരുവുകളും വിട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് താമസം മാറ്റി. 2013-ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സ്റ്റഡീസ് ഗവേഷകന്‍ ഹരീഷ് ഭട്ട് നടത്തിയ സര്‍വേയില്‍, ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ 400-ല്‍ അധികം അങ്ങാടിക്കുരുവികളുള്ളതായി രേഖപ്പെടുത്തി.

തുറന്ന ഭക്ഷണശാലകളിലെ മേശപ്പുറങ്ങള്‍ വൃത്തിയാക്കുന്നതിന് മുന്‍പേ, ഉള്ള പൊട്ടും പൊടിയും കൊക്കിലാക്കാന്‍ പ്രത്യേക വിരുതാണ് അങ്ങാടിക്കുരുവികള്‍ക്ക്. 40000 ഏക്കര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിലെ പുല്‍പ്പരപ്പില്‍ ഇഷ്ടം പോലെയുള്ള കൊച്ചുപ്രാണികളുമുണ്ട്. കെംപഗൗഡയില്‍ പുതുതായി ടെര്‍മിനല്‍ 2 ആരംഭിച്ചപ്പോള്‍, തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായാണ് കെട്ടിടവും പരിസരവും ഡിസൈന്‍ ചെയ്തത്. അവിടെ ഒരുക്കിയ പൂന്തോട്ടവും വെള്ളച്ചാട്ടവും തടാകവും കേവലം കാഴ്ചയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല; ജൈവവൈവിധ്യത്തിനോടുള്ള അനുഭാവപൂര്‍ണമായ കരുതല്‍ കൂടിയുണ്ടായിരുന്നു അതില്‍.

നിലത്ത് കൂട് വെയ്ക്കുന്ന പക്ഷികളെയാണ് നഗരവല്‍ക്കരണം ഏറ്റവുമധികം ബാധിച്ചത്. നിരന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ ഇത്തരം പക്ഷികള്‍ക്ക് നിലനില്‍പ്പില്ല. എന്നാല്‍, കെട്ടിടങ്ങളിലും മരങ്ങളിലും കൂടുവെയ്ക്കുന്ന പക്ഷികള്‍ നഗരവുമായി ഇണങ്ങുന്നു. നഗരത്തിന്റെ പ്രത്യേക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിവുള്ള പക്ഷികളാണ് നഗരങ്ങളില്‍ ജീവിതം തുടരുന്നവ. ഓരോ പക്ഷിയുടേയും പ്രത്യേകമായ ആഹാരവും അവയുടെ ലഭ്യതയും ജീവിക്കാനാവശ്യമായ പ്രകൃതിയും അതിജീവനത്തിലെ പ്രധാന ഘടകങ്ങളാണ്. പച്ചക്കറിയും മാംസവും ഒരുപോലെ കഴിക്കുന്ന പക്ഷികള്‍ക്ക്, പഴങ്ങള്‍ മാത്രം കഴിക്കുന്ന പക്ഷികളേക്കാള്‍ നഗരജീവിതത്തിലേക്ക് ഇണങ്ങാനാവുന്നു. നഗരത്തിലെ പക്ഷി മടികൂടാതെ പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കും. അവയ്ക്ക് മനുഷ്യരോടുള്ള ഭയം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇവയ്ക്ക് മറ്റു പക്ഷികളോടുള്ള മത്സരമനോഭാവം കൂടും. 

കെട്ടിടങ്ങളുടെ നിര്‍മാണരീതിയില്‍ വന്ന മാറ്റവും കൃഷിയിടങ്ങളിലെ രാസവസ്തുക്കളുടെ ഉപയോഗവും ശബ്ദ-വായു മലിനീകരണവുമാണ് അങ്ങാടിക്കുരുവികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളായി പറയുന്നത്. കേരളത്തില്‍ അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനായി സാമൂഹിക വനവത്കരണവിഭാഗം, ചന്തകളിലും അങ്ങാടികളിലും കൂടുകള്‍ ഒരുക്കിയിരുന്നു. ഓട്ടോഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, അങ്ങാടികളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ എന്നിവരുടെ സഹായത്തോടെ പാണ്ടികശാലകളിലും പരിസരത്തും ചന്തകളിലും കൂടുകള്‍ ഒരുക്കുകയുണ്ടായി. ഈ കൂടുകള്‍ക്കരികില്‍ കുരുവികള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഈ കരുതല്‍ കാരണം പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ സമൃദ്ധമായി കാണപ്പെടുന്ന പക്ഷികളാണ് പാറ്റപിടിയന്‍ (ബീ ഈറ്റര്‍), മഞ്ഞക്കിളി( ഒറിയോള്‍), ഇരട്ടത്തലച്ചി( റെഡ് വെന്‍ഡഡ് ബുള്‍ബുള്‍), ചക്കിപ്പരുന്ത്( ബ്‌ളാക് കൈറ്റ്), അങ്ങാടിക്കുരുവി( ഹൗസ് സ്പാറോ ),പ്രാവ് തുടങ്ങിയവ. 

placeholder
തത്തകൾ

നഗരങ്ങള്‍ വനങ്ങളെ വിഴുങ്ങിയപ്പോള്‍, അംബരചുംബികളോടും ആള്‍ക്കൂട്ടങ്ങളോടും ശബ്ദമലിനീകരണത്തോടും ഗതാഗതത്തിനോടും പൊരുത്തപ്പെടാന്‍ പക്ഷികളടങ്ങുന്ന മറ്റുജീവികള്‍ ശീലിച്ചു. പക്ഷികള്‍ നഗരവല്‍ക്കരണത്തോട് പൊരുത്തപ്പെടുന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ (കറണ്ട് ബയോളജി) ഇപ്രകാരമാണ്: നഗരങ്ങളില്‍ കാണുന്ന പക്ഷികള്‍ക്ക് പൊതുവില്‍ ചെറിയ ശരീരമാണ്. അവയ്ക്ക് ദീര്‍ഘദൂരം പറക്കാനുള്ള കഴിവുണ്ട്. അവ എല്ലാ തരം ആഹാരവും കഴിക്കുന്നു. ഒരു തവണ കൂടുതല്‍ എണ്ണം മുട്ടയിടുന്നു. കാട്ടിലും നാട്ടിന്‍പുറത്തുമുള്ള പക്ഷികളെ അപേക്ഷിച്ച് അവയ്ക്ക് ആയുര്‍ദൈര്‍ഘ്യം കൂടി. 

കോണ്‍ക്രീറ്റ് കാടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഇന്ത്യന്‍ മഹാനഗരങ്ങള്‍; ഡല്‍ഹിയും മുംബൈയും, പരിസ്ഥിതി സന്തുലനത്തിനായി മിയാവാക്കി എന്ന കൊച്ചുവനങ്ങള്‍ സൃഷ്ടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഐക്യരാഷട്രസഭയുടെ നേതൃത്വത്തിലുള്ള  'വേള്‍ഡ് ട്രീ സിറ്റി 2022' പട്ടികയില്‍ രണ്ടാം തവണയും മുബൈ ഇടംപിടിച്ചു. ലോകമെങ്ങുമുള്ള നഗരങ്ങള്‍ നടത്തിവരുന്ന പരിസ്ഥിതി സംരക്ഷണ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്  'വേള്‍ഡ് ട്രീ സിറ്റി 2022' പട്ടിക. നഗരങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഒപ്പം പാരിസ്ഥിതിക ആഘാതങ്ങളും വര്‍ദ്ധിക്കാം. 2000- തൊട്ടുള്ള അനുമാനപ്രകാരം, 2030-ഓടെ, മുപ്പത് വര്‍ഷം കൊണ്ട്, ലോകമെങ്ങുമുള്ള നഗരഭൂമിയുടെ വ്യാപനം 1.2 മില്യണ്‍ സ്‌ക്വയര്‍ കിലോ മീറ്റർ ആയി വര്‍ധിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. നിലവിലുള്ള പച്ചപ്പുകളേയും ജലാശയങ്ങളേയും സംരക്ഷിക്കുന്നതിനൊപ്പം ജൈവവൈവിധ്യങ്ങളെ ഉള്‍ച്ചേര്‍ത്തുള്ള നഗരാസൂത്രണവും സുപ്രധാനമാണെന്ന് ചുരുക്കം.

placeholder
അഴീക്കോട് മുനക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ചിലെ മിയാവാക്കി വനം