തെന്മല: പത്തനാപുരം പിറവന്തൂർ വാലുതുണ്ട് മേഖലയിൽ ശനിയാഴ്ച വനംവകുപ്പിന്റെ കെണിയിലായ പുലിയെ അച്ചൻകോവിൽ വനത്തിൽ തുറന്നുവിട്ടതിൽ പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് നാട്ടുകാർ പ്രതിഷേധമറിയിച്ചത്. അച്ചൻകോവിൽ കാനയാർ വനം റെയ്ഞ്ചിന്റെ കീഴിലെ വാഴപ്പെരിയാർ ഭാഗത്താണ് കഴിഞ്ഞദിവസം പുലിയെ തുറന്നുവിട്ടത്.

To advertise here,

കൂട്ടിലായ പുലിയെ അമ്പനാട് ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കുകയും അവിടെനിന്ന് ഞായറാഴ്ച പുലർച്ചെ അച്ചൻകോവിൽ റോഡിലൂടെ കാനയാർ ഭാഗത്തേക്കെത്തിക്കുകയായിരുന്നു. പുലിയെ തുറന്നുവിട്ടശേഷം ഇരുമ്പ് കൂടുമായിവന്ന വാഹനം റോഡിലെ ചെളിയിൽ താഴ്ന്നു. ഇതുയർത്താൻ ട്രാക്ടറിനായി ഉദ്യോഗസ്ഥർ അച്ചൻകോവിലിൽ വന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഇതോടെ നാട്ടുകാർ സംഘടിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞു.

ഇത്തരത്തിൽ പിടികൂടുന്ന വന്യമൃഗങ്ങളെ അച്ചൻകോവിൽഭാഗത്ത് ഇനി തുറന്നുവിടില്ലെന്നും ചൊവ്വാഴ്ച റെയ്ഞ്ച് ഓഫീസിൽവെച്ച് സർവകക്ഷിയോഗം ചേരാമെന്നുമുള്ള ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

ആശങ്ക വേണ്ടെന്ന് വനംവകുപ്പ്

അച്ചൻകോവിൽ, കല്ലാർ റെയ്ഞ്ചുകൾ പിന്നിട്ട് ജനവാസമില്ലാത്ത കാനയാർ റെയ്ഞ്ചിലെ ഉൾവനത്തിലാണ് പുലിയെ ഇറക്കിവിട്ടതെന്ന് വനംവകുപ്പ് വിശദീകരിച്ചു.

അച്ചൻകോവിലിൽനിന്ന് 26 കിലോമീറ്റർ കൂപ്പു റോഡിലൂടെ സഞ്ചരിച്ച് വാഴപ്പെരിയാർ ഉൾവനത്തിലാണ് പുലിയെ വിട്ടതെന്ന് പത്തനാപുരം വനം റെയ്ഞ്ച് ഓഫീസർ എ. ഷൈജു പറഞ്ഞു.

പുലിയെ 'മണ്ഡലം മാറ്റി'യെന്ന് ആക്ഷേപം

ഒരു അസംബ്ലിമണ്ഡലത്തിലെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ അവിടെയുള്ള പുലിയെ പിടിച്ച് തൊട്ടടുത്ത മണ്ഡലത്തിൽ ഇറക്കിവിടുകയെന്ന വിചിത്രമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായിരിക്കുന്നതെന്ന ആരോപണവുമായി സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ.

ഉത്തരവാദിത്വത്തിൽനിന്ന് തലയൂരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ നാട്ടുകാർക്കും ആദിവാസി സമൂഹത്തിനും പ്രതിഷേധമുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ജനത്തെ വിഡ്ഢികളാക്കുന്ന ഇത്തരം തട്ടിക്കൂട്ട് നടപടികൾ ഇനി അനുവദിക്കാനാകില്ല. ഉൾവനത്തിൽ വിടേണ്ട മൃഗങ്ങളെ വഴിമധ്യേ തള്ളിയ വനപാലകർക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജയമോഹൻ ആവശ്യപ്പെട്ടു.