സമാന മാതൃകകൾ ലോകത്തിന്റെ പലഭാഗങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്

തിരുവനന്തപുരം: കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നത് തടയാൻ വനാതിർത്തിയിലെ പ്ലാവുകളിലെ ഇടിച്ചക്ക പറിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. ചക്ക പഴുക്കുമ്പോൾ മണം പിടിച്ചാണ് ആനക്കൂട്ടങ്ങൾ വനാതിർത്തിയിലേക്ക് എത്തുന്നതെന്നും ചക്ക തീരുന്നതോടെ ഇവ നാട്ടിലേക്ക് ഇറങ്ങുകയാണ് പതിവെന്നും വനംവകുപ്പ് വിലയിരുത്തൽ. എന്നാൽ, ആനകൾ നാട്ടിലിറങ്ങുന്നതിന്റെ ഒരു കാരണം മാത്രമാണിത്.
പദ്ധതി ഇങ്ങനെ
ശേഖരിക്കുന്ന ഇടിച്ചക്ക കൃഷിവകുപ്പിന് കൈമാറി ചിപ്‌സ്, അച്ചാർ, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയാക്കിമാറ്റാനുള്ള സാധ്യതയാണ് കൃഷിവകുപ്പ് വിലയിരുത്തുന്നത്. സംസ്‌കരണ യൂണിറ്റുകളെ കണ്ടെത്തുന്ന ചുമതല കൃഷി വകുപ്പിനാണ്. തമിഴ്‌നാട്ടിലെ സംസ്‌കരണ യൂണിറ്റുകൾക്കും ഇടിച്ചക്ക നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. പദ്ധതിയുടെ മുന്നൊരുക്കങ്ങൾക്കായി വനം, കൃഷി വകുപ്പുകളിലെ മന്ത്രിമാരുടെ രണ്ട് യോഗങ്ങൾ നടന്നു.
ലോകത്ത് സമാനമാതൃകകൾ
ഭക്ഷ്യസ്രോതസ്സ് നിയന്ത്രിച്ച് മനുഷ്യ- വന്യമൃഗസംഘർഷം കുറയ്ക്കുന്ന രീതി ലോകത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. കരടികളെ ആകർഷിക്കുന്നത് തടയാൻ വടക്കേ അമേരിക്കയിൽ പഴങ്ങൾ നേരത്തേ നീക്കുന്ന രീതി നിലവിലുണ്ട്.
കെനിയയിലും ടാൻസാനിയയിലും തേനീച്ചക്കൂടുകൾ ഉപയോഗിച്ചുള്ള 'ബീഹൈവ് ഫെൻസ്' മാതൃകയിലൂടെ ആനകളെ കൃഷിയിടങ്ങളിൽനിന്ന് അകറ്റിനിർത്തുന്ന പദ്ധതികളുണ്ട്. ശ്രീലങ്കയിലും അസമിലും വൈദ്യുതവേലി, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം ആനകൾ ഇഷ്ടപ്പെടാത്ത വിളകൾ ബഫർ സോണിൽ കൃഷിചെയ്യുന്ന രീതിയും പരീക്ഷിച്ചിട്ടുണ്ട്.
വെല്ലുവിളികൾ ഏറെ
വിസ്തൃതമായ വനാതിർത്തിയിലെ മുഴുവൻ പ്ലാവുകളും കൃത്യസമയത്ത് കണ്ടെത്തി ചക്ക ശേഖരിക്കാൻ വലിയ തോതിലുള്ള സൗകര്യങ്ങൾ വേണ്ടിവരും. ജലലഭ്യത, മറ്റ് വിളകൾ, ആവാസവ്യവസ്ഥാശോഷണം തുടങ്ങിയ മറ്റ് കാരണങ്ങളാൽ ആനകൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത പൂർണമായി ഒഴിവാകില്ല. പദ്ധതി സാന്പത്തികമായി വിജയിപ്പിക്കാനും പ്രയാസങ്ങളേറെ.
Content Highlights: The Forest Department, in collaboration with the Agriculture Department, is implementing a project to harvest raw jackfruits from trees along forest borders to prevent wild elephants from entering residential areas attracted by the smell of ripe fruit.
Published: 17 Aug 2026, 08:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented