
റഷ്യയിലെ കംചത്ക ഉപദ്വീപ് ( Kamchatka Peninsula) അറിയപ്പെടുന്നതുതന്നെ 'ഉഷ്ണജലധാരകളുടെ ' (The Valley Of Geysers) പേരിലാണ്. ലോകത്തെ ഉഷ്ണജലധാരകളുടെ അഥവാ ചൂടുനീരുറവകളുടെ സാന്ദ്രത കണക്കിലെടുത്താല്‍ കംചത്ക ഉപദ്വീപിന് അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണിന് (Yellowstone) പിന്നില്‍ രണ്ടാം സ്ഥാനമാണുള്ളത്. അഗ്നിപര്‍വതങ്ങളോട് അനുബന്ധമായാണ് ഉഷ്ണജലധാരകള്‍ കാണപ്പെടുന്നത്. സജീവ അഗ്നിപര്‍വതങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി അഗ്നിപര്‍വതങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ത്തന്നെ കംചത്ക പ്രദേശത്തെ ഭൂമിയുടെ ഉള്ളറയിലെ ജലപ്രവാഹത്തിന് ഉഷ്ണമേറുകയെന്നത് സ്വാഭാവികം. ലോകത്തില്‍ ഏറ്റവുമധികം ചൂടുനീരുറവകളുള്ളത് യെല്ലോസ്‌റ്റോണിലാണ്. എന്നാൽ കംചത്കയിൽ യെല്ലോസ്റ്റോണിലേതുപോലെ റോഡുകളില്ല. ഈ പ്രദേശത്തേക്കുള്ള ഏക ഗതാഗതമാര്‍ഗം ഹെലികോപ്ടറാണ്. അതിനാൽ തന്നെ യെല്ലോസ്റ്റോൺ പോലെ ടൂറിസ്റ്റുകൾ ആഘോഷിക്കുന്ന ഇടമല്ല കംചത്ക. പക്ഷേ, മരണത്തിന്റെ താഴ്വരയെന്ന വിളിപ്പേര് ഈ ഉഷ്ണജലധാരകളുടെ താഴ്‌വരയെ വേറിട്ടതാക്കുന്നു.
എന്താണ് ഉഷ്ണജലധാരകള്‍ അഥവാ ചൂടുനീരുറവകള്‍ (Geysers)

By R. Robinson - Downloaded from National Park Service
http://www.nps.gov/archive/yell/slidefile/history/1946_1999/
thermalfeatures/Images/11017.jpg, Public Domain,
https://commons.wikimedia.org/w/index.php?curid=5693228
ഭൂമിയുടെ ഉള്ളറകളിലെ ചുട്ടുപഴുത്ത ശിലാപടലങ്ങളുമായോ അവിടെയുള്ള അത്യുന്നതോഷ്മാവ് വഹിക്കുന്ന നീരാവിയുമായോ സമ്പര്‍ക്കത്തില്‍ വരുന്ന ഭൂഗര്‍ഭജലമാണ് ഉഷ്ണജലധാരയായി ഭൂവൽക്കത്തിനു പുറത്തേയ്ക്ക് പ്രവഹിക്കുന്നത് (Geyser). തുടര്‍ച്ചയായോ നിശ്ചിതസമയം ഇടവിട്ടോ ഉഷ്ണജലവും ചുടുബാഷ്പവും ഭൂവല്‍ക്കത്തിലെ വിടവുകളിലൂടെ മേലോട്ട് ചീറിപ്പൊങ്ങുന്നു. ലോകത്താകമാനം ആയിരക്കണക്കിന് ഉഷ്ണജലധാരകളുണ്ട്. ലോകത്താകമാനമുള്ള ഉഷ്ണജലധാരകളുടെ പകുതിയോളം യെല്ലോസ്‌റ്റോണിലാണുള്ളത്. യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ഓള്‍ഡ് ഫെയ്ത്ഫുള്‍ എന്ന ഉഷ്ണജലധാര പ്രശസ്തമാണ്. ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായ ഉഷ്ണജലധാരകളില്‍ ഏറ്റവും വലിപ്പമേറിയതും ഓള്‍ഡ് ഫെയ്ത്ഫുള്ളാണ്. 91 മിനിറ്റ് ഇടവിട്ടാണ് ഇവിടന്ന് ഉഷ്ണജലം ചീറിയൊഴുകുന്നത്. ഭാരതത്തില്‍ ജമ്മു കശ്മിര്‍, പഞ്ചാബ്, ബിഹാര്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ചൂടുനീരുറവകള്‍ ഉണ്ട്.
നിഗൂഢതകളുണര്‍ത്തുന്ന 'ഉഷ്ണജലധാരകളുടെ താഴ്‌വര' - Valley Of The Geysers
1914 ലാണ് സോവിയറ്റ് ജിയോളജിസ്റ്റായ തത്യാന ഉസ്റ്റിനോവ വാലി ഓഫ് ഗീസേഴ്സ് കണ്ടെത്തിയത്. ആദ്യം കണ്ണില്‍പ്പെട്ട ഉഷ്ണജലപ്രവാഹത്തിന് പെര്‍വെനെറ്റ്സ് (Pervenets) അഥവാ കടിഞ്ഞൂല്‍ശിശു എന്നാണ് തത്യാന പേരുനല്‍കിയത്. അന്ന് രാജ്യം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്ന സമയമായതിനാലും സാമ്പത്തികസഹായത്തിനുള്ള ലഭ്യതക്കുറവ് നേരിട്ടതിനാലും തത്യാനയ്ക്ക് പര്യവേക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല. 1970 കളിലും 80കളിലും ശീതയുദ്ധത്തിന്റെ അവസാനഘട്ടത്തിലും ഈ ഭൂപ്രദേശത്തിന്റെ വിനോദസഞ്ചാരസാധ്യതകള്‍ സോവിയറ്റ് ഭരണകൂടം തേടി. എന്നാല്‍, കംചത്ക തീര്‍ത്തുമൊരു സൈനികമേഖലയായി തുടര്‍ന്നു. സോവിയറ്റ് പസിഫിക് നാവികസേനയുടേയും ദീര്‍ഘദൂര ന്യൂക്ലിയര്‍ ബോംബര്‍ വിമാനങ്ങളുടേയും താവളമായിരുന്നു കംചത്ക. 1990 വരെ ഒരു പാശ്ചാത്യദേശക്കാരനും കംചത്കയിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല.
1,250 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കംചത്ക ഉപദ്വീപിന്റെ നിഗൂഢമായ പ്രത്യേകത സജീവമായ അഗ്‌നിപര്‍വതങ്ങളാണ്. അഗ്‌നിപര്‍വതങ്ങള്‍ക്ക് കീര്‍ത്തികേട്ട ഹവായിയിലെ (യു.എസ്) അഗ്‌നിപര്‍വതങ്ങളേക്കാള്‍ വ്യത്യസ്തമാണ് കംചത്കയിലേത്. ഹവായിയില്‍ ഭൗമാന്തര്‍ഭാഗത്തെ പാറകള്‍ക്ക് ഉറപ്പ് കുറവായതിനാല്‍ അഗ്‌നിപര്‍വതപ്രവാഹങ്ങള്‍ താരതമ്യേന സുഗമമാണ്. എന്നാല്‍ കംചത്കയിലെ അഗ്‌നിപര്‍വതങ്ങളുടെ സ്ഥിതി മറിച്ചാണ്, ഇവയുടെ വിസ്ഫോടനങ്ങള്‍ ശക്തിയേറിയവയാണ്.
ക്രൊണോട്സ്‌കി നേച്ചര്‍ പാര്‍ക്കിലാണ് (Kronotsky Nature Park) ഉഷ്ണജലധാരകളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്. 11,421 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ അഗ്‌നിപര്‍വതങ്ങളുള്ളതിനാൽ തന്നെ ഈ പരിസ്ഥിതിലോല മേഖലയിലേക്ക് ശാസ്ത്രജ്ഞര്‍ക്കാണ് പ്രധാനമായും പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഈ താഴ്‌വരയുടെ അടിത്തട്ടില്‍ പാറകള്‍ ഉരുകിത്തിളച്ചുകൊണ്ടിരിക്കുകയാണ്. ഈ താപം ഭൂഗര്‍ ഭജലോഷ്മാവ് വര്‍ധിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുള്ളത് 25 വലിയ ഉഷ്ണജലധാരകളും 175 ഓളും ചെറുചുടുനീരുറവകളുമാണ്. ഏതാണ്ട് കൃത്യമായ ഇടവേളകളില്‍ ചായക്കെറ്റിലുകളുടെ മൂടി ഉയര്‍ന്നുപൊങ്ങുന്ന പോലെ ഭൂമിയുടെ പുറത്തേക്ക് ആവി വമിക്കുകയോ അല്ലെങ്കില്‍ ഉഷ്ണജലധാരകള്‍ മുകളിലേക്കുയരുകയോ ചെയ്യും. നീരുറവകള്‍ പുറത്തേയ്ക്ക് വമിക്കുന്ന ഭൂമിയിലെ വിടവുകള്‍ക്ക് സമീപം വിവിധ വര്‍ണങ്ങളിലുള്ള അപൂര്‍വമായ പായലുകള്‍ വളരാറുണ്ട്. ഈ മേഖലയിലെ ഇത്തരത്തില്‍ വര്‍ണാഭമായ ഒരു ഭാഗമാണ് സ്റ്റെയിന്‍ഡ് ഗ്ലാസ് (Stained Glass). ഇവിടെ ഇടയ്ക്ക് സര്‍ഫറിന്റെ ഗന്ധമുണ്ടാകാറുണ്ട്. ചെറുചൂടു ജലപ്രവാഹമുള്ള ഗീസര്‍നയ നദി (Geiyzsernaya River) ഈ ഭാഗത്തുകൂടി ഒഴുകുന്നു.
'മരണത്തിന്റെ താഴ്‌വര' (The Valley of Death)
കിഖ്പിനിച്ച് (Kikhpinych) എന്ന കോണാകൃതിയിലുള്ള അഗ്നിപര്‍വതത്തിന്റെ (stratovolcano) സാന്നിധ്യമാണ് മരണത്തിന്റെ താഴ്‌വരയെ ആ പേരിന് അര്‍ഹമാക്കുന്നത്. ഭൂമിയില്‍ നിന്ന് വെറും അര കിലോമീറ്റര്‍ ആഴത്തില്‍ ഉളവാക്കുന്ന 250 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവാണ് ഈ ഭാഗത്തെ ചൂടുനീരുറവകള്‍ക്ക് പിന്നില്‍. മാത്രമല്ല കിഖ്പിനിച്ചിന്റെ അടിത്തറയില്‍ നിന്ന് പുറത്തേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം വമിക്കുന്നുണ്ട്. അതിനാൽ ഈ ഭാഗത്തെത്തുന്ന ജീവികള്‍ ഇതുമായി സമ്പർക്കത്തിലാകുന്നപക്ഷം ശ്വാസംമുട്ടലുണ്ടാകുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വാലി ഓഫ് ഡെത്തിലൂടെ സുരക്ഷിതമായി നടന്നുനീങ്ങാം, പക്ഷേ, ഒരിക്കലും ഇവിടെ ഒരു ചെറുമയക്കത്തിന് ഒരുങ്ങരുത്. അത് മരണത്തിലേക്ക് നയിച്ചേക്കാം.
40,000 കൊല്ലം മുമ്പ് ഒരു അഗ്നിപര്‍വതകോണ്‍ (volcanic cone) തകര്‍ന്നടിഞ്ഞാണ് വാലി ഓഫ് ഗീസേഴ്‌സ് അഥവാ ഉഷ്ണജലധാരകളുടെ താഴ്‌വര രൂപം കൊണ്ടതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കാലക്രമേണ ഭൂവല്‍ക്കത്തില്‍ വിടവുകള്‍ രൂപപ്പെടുകയും ഉള്ളിലെ താപവും മര്‍ദവും പുറത്തേക്ക് നിര്‍ഗമിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രദേശത്ത് പ്രധാനമായും രണ്ട് ഭൗമാന്തര്‍ താപോര്‍ജമേഖലകളാണുള്ളത്. ചെറുതും വലുതുമായ ചൂടുനീരുറവകള്‍ ഇവിടെ കാണപ്പെടുന്നു. ഏറ്റവും വലിയ ഉഷ്ണജലധാരയായ വെലിക്കനില്‍നിന്ന് (Velikan) മുപ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം കുതിക്കാറുണ്ട്.
വിവിധ തരത്തിലുള്ള പാറകളും സസ്യങ്ങളും താഴ്വരയില്‍ കണ്ടുവരുന്നു. തവിട്ട് കരടികളുള്‍പ്പെടെ (Brown Bears) വിവിധ ജീവജാലങ്ങളും പ്രദേശത്തുണ്ട്. ഗീസര്‍നയ നദിയിലിറങ്ങി മീന്‍പിടിക്കുന്ന കരടികള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. പ്രധാനമായും ഓര്‍ക്കിഡുകളാണ് ഈ ഭാഗത്ത് പൂവിടുന്നത്.
താഴ്‌വരയെ ശിഥിലമാക്കിയ വന്‍ദുരന്തങ്ങള്‍
ചൂടുനീരുറവകളുടെ താഴ്‌വരയെ രണ്ട് പ്രകൃതിദുരന്തങ്ങളാണ് പിടിച്ചുലച്ചത്. 1981 ലെ എല്‍സ ചുഴലിക്കാറ്റും (Typhoon Elsa) 2007 ലെ ചെളിപ്രവാഹവും (mudflow). എല്‍സ ചുഴലിക്കാറ്റ് ഗീസര്‍നയയിലെ ജലപ്രവാഹത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ത്തി. മൂന്ന് മീറ്ററിലേറെ വ്യാസത്തില്‍ കരകവിഞ്ഞൊഴുകിയ നദി രണ്ട് ഉഷ്ണജലധാരകളുടെ നാശത്തിനിടയാക്കി.

2007 ജൂണ്‍ മൂന്നിന് താഴ്‌വരയുടെ മൂന്നില്‍ രണ്ട് ഭാഗത്തുകൂടി കനത്ത ചെളിപ്രവാഹമുണ്ടായി. തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആദ്യം കണ്ടെത്തിയ പെര്‍വെനെറ്റ്സ് ഉള്‍പ്പെടെ ഒട്ടേറെ ചൂടുനീരുറവകള്‍ അപ്രത്യക്ഷമായി. ചെളിപ്രവാഹത്തേത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ ഗീസര്‍നയയിലെ ജലപ്രവാഹത്തെ തടസ്സപ്പെടുത്തി. 300 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുള്ള ഒരു അണക്കെട്ടാണ് ഈ അവശിഷ്ടങ്ങള്‍ നദിയ്ക്ക് കുറുകെ ഉയര്‍ത്തിയത്. തുടര്‍ന്ന് നീലനിറമുള്ള പാലന്‍സ്‌കോയി തടാകം (Lake Palanskoye) രൂപപ്പെട്ടു. പിന്നീട് നദിയ്ക്ക് കുറുകെയുള്ള അവശിഷ്ടങ്ങള്‍ നീങ്ങിയതനുസരിച്ച് തടാകത്തിന്റെ വലിപ്പത്തില്‍ കുറവുവന്നു. പ്രകൃതിദുരന്തങ്ങള്‍ പിടിച്ചുലച്ചെങ്കിലും ഈ പ്രദേശം ഇപ്പോഴും റഷ്യയുടെ സംരക്ഷിത മേഖലയാണ്, ശാസ്ത്രകുതുകികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ലോകത്തിലെ വിവിധയിടങ്ങളില്‍ ഒന്ന് കൂടിയാണിത്.
Content Highlights: Valley of the Geysers
Published: 20 May 2024, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented