
സിംഹം നിരവധി ലോകസംസ്കാരങ്ങളിൽ ശക്തിയുടെയും ഓജസ്സിന്റെയും അധികാരത്തിന്റെയും പ്രഭുത്വത്തത്തിന്റെയും ചിഹ്നമായിരുന്നു. തങ്ങളുടെ കൂട്ടത്തിലുള്ളവരെയും തങ്ങൾ വസിക്കുന്ന സ്ഥലത്തിന്റെ അതിർത്തിയും രക്ഷിക്കുന്നതിൽ പ്രഗത്ഭരായ സിംഹം അതുകൊണ്ടുതന്നെ രാജചിഹ്നങ്ങളിലെ സജീവസാന്നിധ്യമാണ്. ആഫ്രിക്കയിലും ഇന്ത്യയിലെങ്ങും ഒരുകാലത്ത് ഉണ്ടായിരുന്ന സിംഹം ഇപ്പോൾ ആഫ്രിക്കയുടെ ചിലപ്രദേശങ്ങളിലും ഇന്ത്യയിലെ ഗിർ വനങ്ങളിലും മാത്രമായി ഒതുങ്ങി. മാത്രവുമല്ല അവയുടെ എണ്ണം വളരെയേറെ കുറയുകയും ചെയ്തു. ഇങ്ങനെ വംശനാശഭീഷണിയിൽ ഉള്ള ഒരു ജീവിയാണെങ്കിലും സിംഹത്തെ വളർത്തി അവയുടെ ശരീരഭാഗങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു വ്യവസായം നിലനിൽക്കുന്ന പ്രദേശമാണ് ആഫ്രിക്ക.
2016-2019 കാലത്ത് 3300 ലേറെ തടവിലിട്ടു വളർത്തിയ സിംഹങ്ങളുടെ അസ്ഥികൂടവും ശരീരഭാഗങ്ങളും വിയറ്റ്നാം, ലാവോസ്, തെക്ക് കിഴക്കേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം ദക്ഷിണാഫ്രിക്ക കയറ്റിയയച്ചു. ഇതിലെ വലിയഭാഗം കയറ്റുമതിയും നിയമപരമായ രീതിയിലായിരുന്നു.
1500 സിംഹങ്ങളുടെ ഭാഗങ്ങളാണ് ഒരു വർഷം കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത്.
ഒരിക്കൽ ആഫ്രിക്ക മുഴുവൻ തന്നെ ഉണ്ടായിരുന്ന സിംഹങ്ങളുടെ 80 ശതമാനം ഇപ്പോൾ സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കയിലാണ്. സിംഹങ്ങളുടെ വലിയ കൂട്ടങ്ങൾ ഉള്ളതിൽ അഞ്ചിൽ മൂന്നും ടാൻസാനിയയിൽ ആണ്. അവിടെ പതിനയ്യായിരത്തോളം സിംഹങ്ങൾ ഉണ്ട്. സമീപകാലത്ത് ആഫ്രിക്കയിലെ 12 രാജ്യങ്ങളിൽ നിന്നും അപ്രത്യക്ഷമായ ആഫ്രിക്കൻ സിംഹങ്ങൾ വംശനാശഭീഷണിയുള്ള പട്ടികയിൽ ആണ് പെടുത്തപ്പെട്ടിട്ടുള്ളത്.

എന്തിനാണ് സിംഹങ്ങളുടെ എല്ലുകൾ കയറ്റിയയയ്ക്കുന്നത്? സാമ്പ്രദായിക ചൈനീസ് ഔഷധങ്ങളിൽ കടുവയുടെ എല്ലുകൾ ഇട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന മരുന്നുകൾ വാതത്തിനും സന്ധിവാതത്തിനും ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനുമെല്ലാം ഉപയോഗിച്ചിരുന്നു, ഇതിനൊന്നിനും ശാസ്ത്രപിന്തുണ ഇല്ലെന്നത് മറ്റൊരു കാര്യം. 1900 കാലത്ത് ലക്ഷങ്ങളോളം ഉണ്ടായിരുന്ന കടുവയുടെ എണ്ണം ചുരുങ്ങി ഏതാനും ആയിരത്തിൽ ഒതുങ്ങിയപ്പോൾ ലോകമെങ്ങും കടുവയുടെ ശരീരഭാഗങ്ങൾക്ക് കർശനനിയന്ത്രണം വന്നപ്പോഴാണ് അവയ്ക്കുപകരം സിംഹത്തിന്റെ എല്ലുകൾ ഉപയോഗിച്ചുതുടങ്ങിയത്. ആഫ്രിക്കൻ സിംഹങ്ങൾ വംശനാശപ്പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
വന്യതയിൽ ഏതാണ്ട് 3500 സിംഹങ്ങൾ മാത്രമുള്ള ദക്ഷിണാഫ്രിക്കയിൽ കൂടുകളിൽ വളർത്തുന്ന സിംഹങ്ങളുടെ എണ്ണം ഏതാണ്ട് പതിനായിരത്തോളം വരും.

ജോഹന്നാസ്‌ബർഗിലും മറ്റുമുള്ള സഫാരി പാർക്കുകളിൽ അവയ്ക്ക് തീറ്റകൊടുക്കാനും കൂടെനിന്ന് ചിത്രങ്ങൾ എടുക്കാനും സിംഹക്കുഞ്ഞുങ്ങളെ ലാളിക്കുന്നതിനും സിംഹങ്ങളുടെ കൂടെ നടക്കുന്നതിനുമെല്ലാം ടൂറിസ്റ്റുകളോട് കാശുവാങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ മുന്നൂറോളം ഫാമുകളിൽ കർഷകരുടെ കൈവശമുള്ള ഈ സിംഹങ്ങളെ വളർത്തുന്ന പലരും സിംഹങ്ങളെ വെടിവയ്ക്കാനും അവയുടെ തല, തോൽ, പല്ലുകൾ, നഖങ്ങൾ എന്നിവ കൊണ്ടുപോകാനുമായിട്ടെല്ലാം പതിനായിരക്കണക്കിനു ഡോളറാണ് ഫീസായി ഈടാക്കുന്നത്.
നിയമപരമായി ഇങ്ങനെ വളർത്തി വിൽക്കുന്നതുകൊണ്ട് കാട്ടിലുള്ളവയെ അനധികൃതമായി പിടിക്കാതെ അവർ സുരക്ഷിതമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ നേരെ തിരിച്ചാണ് ഈ സംഗതിയെ എതിർക്കുന്നവർ പറയുന്നത്. അന്താരാഷ്ട്ര ആവശ്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് ഇതിനു നിരോധനം ഇല്ലാത്തിടത്തോളം കാലം കാട്ടിൽ നിന്നും ഇവയെ പിടിച്ചുകൊണ്ടുപോകുമെന്ന് അവർ പറയുന്നു.
2007 നുശേഷം സിംഹങ്ങളുടെ എല്ലുകയറ്റുമതി ആറുമടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
അതിനൊപ്പം തന്നെ വളർത്തുന്ന സിംഹങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി. മൃഗസ്നേഹികളിൽ നിന്നും സിംഹങ്ങളെ വളർത്തുന്നതിനോടുള്ള എതിർപ്പ് കൂടി വന്നതിനെത്തുടർന്ന് 2021 -ൽ സിംഹങ്ങളെ വളർത്തുന്ന പരിപാടി പൂർണ്ണമായി നിർത്തുമെന്ന് ദക്ഷിണാഫ്രിക്കയിലെ പരിസ്ഥിതികാര്യമന്ത്രി പ്രസ്താവിച്ചു. വലിയ ചെലവാണ് സിംഹങ്ങളെ വളർത്താൻ. വൈദ്യസഹായത്തിന്റെയും ജീവനക്കാരുടെ ശമ്പളത്തിന്റെയും വൈദ്യുതിവേലിയുടെയും ചെലവ് ഉൾപ്പെടുത്താതെ തന്നെ ഓരോന്നിനും ഏതാണ്ട് 5000 ഡോളറോളം ചെലവ് വരുന്നുണ്ട്. എന്തായാലും വളർത്തി വിൽക്കുന്നവർക്ക് ഇവയുടെ എല്ലാണ് വേണ്ടത്, അതുകൊണ്ടുതന്നെ സിംഹങ്ങളുടെ ആരോഗ്യത്തെപ്പറ്റിയൊന്നും അവർക്ക് വലിയ വേവലാതിയില്ല. ഈ കയറ്റുമതി നിയമപരമായി തുടരുന്നിടത്തോളം കാലം അതിന്റെ മറവിൽ എത്രയോ മടങ്ങ് അസ്ഥികൂടങ്ങൾ അനധികൃതമായും കയറിപ്പോകുമെന്ന് ഉറപ്പാണ്. ശരിക്കും അനധികൃതമായ കച്ചവടം തടയുന്നതിൽ ഏറ്റവും വലിയ ഭീഷണി അംഗീകാരത്തോടുകൂടി ഈ വ്യവസായം നടക്കുന്നുണ്ടെന്നതാണ്.
ദക്ഷിണാഫ്രിക്കയിൽ സിംഹങ്ങളെ വളർത്തുന്ന ഇടങ്ങളെല്ലാം ആരെയും അവിടങ്ങളിലേക്ക് അടുപ്പിക്കാത്തത്ര രഹസ്യമായാണ് പ്രവർത്തിക്കുന്നത്. മൃഗസംരക്ഷണനിയമങ്ങൾ എല്ലാം ഇവിടെ കാറ്റിൽപ്പറത്തിയാണ് പ്രവർത്തനങ്ങൾ. പലയിടത്തും നിയമം അനുശാസിക്കുന്നതിലും എത്രയോ അധികം മൃഗങ്ങളെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നു, അതും തീർത്തും അനാരോഗ്യകരമായ ചുറ്റുപാടുകളിൽ. പലവിധ രോഗങ്ങൾ ബാധിച്ച് എല്ലും തോലുമായ അവയെ എല്ലാവിധ മൃഗസംരക്ഷണനിയമങ്ങളെയും നോക്കുകുത്തിയാക്കി ലാഭം മാത്രം ലക്ഷ്യം മുന്നിൽക്കണ്ടാണ് വളർത്തുന്നത്. ചെറിയ കുഞ്ഞുങ്ങളെപ്പോലും അമ്മ സിംഹത്തിന്റെയടുത്തുനിന്നും മാറ്റിപ്പാർപ്പിക്കുന്നു.

ടാൻസാനിയയിൽ വന്യമൃഗ-മനുഷ്യസംഘർഷങ്ങൾ അനവധിയാണ്. സംരക്ഷിതമേഖലകളോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് വന്യജീവികൾ എത്തുമ്പോൾ ജീവനും സ്വത്തും നിലനിർത്താൻ അവയെ എതിർക്കാനും കൊല്ലാനും ആൾക്കാർ നിർബന്ധിതരാവുന്നു, അങ്ങനെ കിട്ടുന്ന ശരീരഭാഗങ്ങളും അന്താരാഷ്ട്രവ്യാപാരരംഗത്തേക്ക് എത്തുന്നുമുണ്ട്. വന്യജീവിസംഘർഷം നേരിടുന്ന ഇത്തരത്തിലുള്ള 77 സമൂഹങ്ങളിൽ നടത്തിയ പഠനങ്ങളിൽ 96 ശതമാനം സമൂഹവും സിംഹങ്ങളുടെ ആക്രമണങ്ങളിൽ വലഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ഇവയിൽ പകുതിയും തങ്ങളുടെ കന്നുകാലികളെ രക്ഷിക്കാൻ സിംഹങ്ങളെ തിരിച്ച് ആക്രമിക്കുകയും ചെയ്തു. മൊസാംബിക്കിൽ ആവട്ടെ അനധികൃതവേട്ടയാണ് അവിടുത്തെ സിംഹങ്ങളുടെ എണ്ണം കുറയാൻ ഉള്ള കാരണം.

ഇത്തരം വേട്ടകളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളും പ്രാദേശികനാട്ടുവൈദ്യങ്ങളിലും അന്താരാഷ്ട്രവ്യാപാരങ്ങളിലും ഉപയോഗിക്കുന്നു. സിംഹങ്ങളുടെ പാദങ്ങളും പല്ലുകളും അഭിമാന ചിഹ്നങ്ങളായും വീടുകളിൽ അന്തസ്സുകാണിക്കാനുള്ള വസ്തുക്കളായും പ്രദർശിപ്പിക്കുന്നു. 2010 മുതൽ മൊസാംബിക്കിൽ നിന്നും പിടിച്ചെടുത്ത സിംഹംഭാഗങ്ങളുടെ പകുതിയും വിയറ്റ്നാമിലേക്കും ചൈനയിലേക്കും കൊണ്ടുപോകാൻ ഇരുന്നവയാണ്. ഇതേകാലത്ത് ടാൻസാനിയയിൽ നിന്നും പിടികൂടിയ അനധികൃത കടത്തുകളിൽ 1555 സിംഹഭാഗങ്ങൾ പിടികൂടിയിരുന്നു, അവയിൽ ഭൂരിഭാഗവും സിംഹങ്ങളുടെ പാദങ്ങൾ ആയിരുന്നു.
അന്താരാഷ്ട്രസമ്മർദ്ദങ്ങളെത്തുടർന്ന് സിംഹങ്ങളെ വളർത്തുന്നതിൽ നിരോധനം ഉണ്ടായേക്കാമെന്നത് ദക്ഷിണാഫ്രിക്കയിലെ സിംഹവളർത്തൽ പരിപാടി എന്നന്നേക്കുമായി നിന്നേക്കാം എന്ന പ്രതീക്ഷ നൽകുന്നുണ്ട്. വിനോദത്തിനായി അവയെ വെടിവച്ച് തലയും മറ്റും ട്രോഫികൾ ആയി കൊണ്ടുവരുന്നതിന് അമേരിക്കൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതും ഒരു വലിയ വിജയമാണെന്നു കരുതാം. അമേരിക്കയിൽ നിന്നുവരുന്ന ട്രോഫി വേട്ടക്കാർ അരലക്ഷം ഡോളർ വരെയൊക്കെ ഫീസ് നൽകിയിരുന്നത് നിലയ്ക്കുന്നതോടെ സിംഹങ്ങളെ വളർത്തുന്നത് അമിതമായ ലഭം ലഭിക്കാത്ത ഒരു പരിപാടിയായി മാറുമെന്നും അവസാനിക്കുമെന്നും കരുതപ്പെടുന്നു.
Content Highlights: The industry, which exports lion parts, is still active in Africa, Eco Story
Published: 09 May 2023, 03:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented