തിരുവനന്തപുരം: ജനിച്ച നാൾമുതൽ പോരാട്ടം തുടങ്ങിയ മൃഗശാലയിലെ സിംഹക്കുഞ്ഞുങ്ങൾക്കിനി ആശ്വാസത്തിന്റെ നാളുകൾ. സിംഹക്കുട്ടികളായ സിംബയെയും സൂരിയെയും പുതിയ കൂടുകളിലേക്കു മാറ്റി. ജനുവരി 21-ൽ മൃഗശാലയിലെ നൈല-ലിയോ എന്നീ സിംഹങ്ങൾക്ക് ജനിച്ച കുഞ്ഞുങ്ങളാണ് സിംബയും സൂരിയും. പത്തുദിവസത്തോളം സിംഹക്കുട്ടികൾ കണ്ണുതുറന്നിരുന്നില്ല. നൈലയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തതും വെല്ലുവിളിയായി. പാൽകുടിക്കാൻ കഴിയാത്തതിനാൽ കുഞ്ഞുങ്ങളുടെ ഭാരവും കുറഞ്ഞു. കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ മൃഗശാലാ ആശുപത്രിയിലേക്കു മാറ്റി. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരുടെ ചികിത്സയിൽ ഇരുവരും സുഖംപ്രാപിച്ചു. മുലപ്പാലിനു പകരം ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ എന്ന പാൽപ്പൊടിയാണ് സിംഹക്കുട്ടികൾക്ക് നൽകിയിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററിൽനിന്നു മാറ്റി. ദിവസം ആറുമണിക്കൂർ ഇടവേളയിൽ പാൽ നൽകി. സിംഹക്കുട്ടികൾ കണ്ണുകൾ തുറന്നതോടെ മൃഗശാലയിലെ ആരോഗ്യദൗത്യസംഘം ഇവരുടെ അച്ഛനമ്മമാരായി.

To advertise here,

ആദ്യദിവസം 1.850 കിലോഗ്രാമായിരുന്നു ആൺകുഞ്ഞിന്റെ ഭാരം, പെൺകുഞ്ഞിന് 1.650 കിലോഗ്രാം. ഒരുമാസം പ്രായമായതോടെ ഭാരംകൂടി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടെങ്കിലും പെൺകുഞ്ഞിന് രക്തത്തിലെ പഞ്ചസാര കുറഞ്ഞ് വീണ്ടും സ്ഥിതി വഷളായി. ശേഷം മൂന്നുമാസത്തോളം മൃഗശാലാ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള നഴ്‌സറിയിലെ വിദഗ്ധ പരിചരണം. പരിശ്രമങ്ങൾക്കൊടുവിൽ പൂർണ ആരോഗ്യവന്മാരായ കുഞ്ഞുങ്ങളെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്കു മാറ്റി.

മൃഗശാലാധികൃതരുടെ പരിപാലനത്തിലുള്ള സിംബയുടെയും സൂരിയുടെയും വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. മന്ത്രി ഒ.ജെ.ജനീഷ് ഇവരെ കാണാനെത്തിയ ചിത്രവും ശ്രദ്ധനേടി.

ഇതേരീതിയിൽ ആരോഗ്യം തുടരുകയാണെങ്കിൽ ഓണക്കാലത്ത് സിംബയെയും സൂരിയെയും പൊതുജനങ്ങൾക്ക് കാണാനായി തുറന്നുനൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൃഗശാലാ സൂപ്രണ്ട് ടി.വി.അനിൽകുമാർ പറഞ്ഞു.