ചരിത്രാതീതകാലത്ത്, ന്യൂസിലാന്‍ഡിന് സ്വന്തമായി ഒരു അപൂര്‍വ പക്ഷി ഉണ്ടായിരുന്നു. ദേഹം നിറയെ നീലപ്പച്ച തൂവലുകള്‍. ചുവന്ന് തിളക്കമാര്‍ന്ന കാലുകളും കൊക്കും. കാഴ്ചയ്ക്ക് ഒരു ഫുട്‌ബോള്‍ പോലെ...  ഉരുണ്ട് മിനുത്ത്! താകഹെ പക്ഷികള്‍ റെയില്‍' വിഭാഗത്തില്‍ പെടുന്നവയാണെങ്കിലും ഇവയ്ക്ക് പറക്കാനുള്ള കഴിവില്ല. പക്ഷെ പേടിച്ചാല്‍ താകഹെ പന്തയക്കുതിരയെപ്പോലെ ഓടും. ആദ്യകാലത്ത് ശത്രുക്കളായി സസ്തനികള്‍ ഒന്നും ഇല്ലാതിരുന്നതിനാലാവണം താകഹെകള്‍ പറക്കാത്ത പക്ഷികളായതെന്ന് ശാസ്ത്രം അനുമാനിക്കുന്നു. മനുഷ്യര്‍ കൊണ്ടുവന്ന പൂച്ച, പട്ടി, നായ, ഫെററ്റ്, സ്‌റ്റോട്ട് തുടങ്ങിയ മൃഗങ്ങള്‍ പെരുകിയതോടെ താകഹെകള്‍ക്ക് രക്ഷയില്ലാതായി. അവ പതിയെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. 1898-ല്‍ താകഹെകള്‍ക്ക് വംശനാശം വന്നതായി ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. 

To advertise here,
placeholder
Photo: https://commons.wikimedia.org/wiki/File:Male_takahe_walking_on_grass.jpg

താകഹെയുടെ തിരോധാനവും ഡോ. ജ്യോഫ്രി ഓര്‍ബെല്ലും 

ന്യൂസിലാന്‍ഡിലെ ഡനീഡന്‍ ഒടാഗോ മ്യൂസിയത്തിന്റെ നാലാം നില വംശനാശം വന്ന ജീവികളുടെ ഒരു ശവക്കല്ലറയാണെന്ന് പറയാം. ഭൂമിയില്‍നിന്നും എന്നെന്നേക്കുമായി ഇല്ലാതായിപ്പോയവയുടെ പ്രദര്‍ശനശാല! സങ്കടമുണര്‍ത്തുന്ന ആ ഫോസില്‍ ശേഖരത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു താകഹെ പക്ഷിയുടെ ഫോസില്‍. 1898-ല്‍ ആണ് താകഹെ ഫോസില്‍ മ്യൂസിയത്തിലെത്തുന്നത്. ശേഷം അന്‍പത് വര്‍ഷത്തോളം കാലം, ജീവനോടെയോ അല്ലാതെയോ ഒരു താകഹെ പക്ഷി പോലും മനുഷ്യന് മുന്നിലെത്തിയില്ല! 

placeholder
ഡോ. ജ്യോഫ്രി ഓര്‍ബെല്‍(ഇടത്ത്) | Photo: https://blog.doc.govt.nz/2016/11/20/a-tribute-to-the-takahe/

താകഹെയുടെ തിരോധാനം ലോകം അംഗീകരിച്ചെങ്കിലും അമെച്വര്‍ നാച്ച്യുറലിസ്റ്റ് ഡോ.ജ്യോഫ്രി ഓര്‍ബെല്‍ അതത്ര വിശ്വാസത്തിലെടുത്തില്ല! 1948-ലെ നവംബറില്‍, അദ്ദേഹം ന്യൂസിലാന്‍ഡിലെ മര്‍ക്കിസണ്‍ മലനിരകളിലേക്ക് ഒരു പഠനയാത്ര നടത്തി. മലനിരകള്‍ക്കിടയില്‍ മറഞ്ഞുകിടന്നിരുന്ന ഒരു നിഗൂഢ താഴ്‌വരയിലേക്കാണ് ഡോ. ജ്യോഫ്രി ഓര്‍ബെല്‍ എത്തിച്ചേര്‍ന്നത്. അപ്രതീക്ഷിതമായ ഒരു കാഴ്ച ഡോ. ജ്യോഫ്രി ഓര്‍ബെലിനെ കാത്തുനിന്നു. നീളന്‍ പുല്‍ത്തണ്ടുകളുടെ അടിക്കാട്ടില്‍ ഒരു താകഹെ! ചുവന്ന കാലുകളില്‍ തിളങ്ങുന്ന ഒരു നീലപ്പന്ത്! ഗവേഷകന്‍ എത്തിയ ഭൂവിഭാഗം ഒരു നൂറ്റാണ്ടായി മണ്‍മറഞ്ഞുവെന്ന് കരുതിയ താകഹെ പക്ഷികളുടെ ഒരു രഹസ്യ കോളനിയായിരുന്നു. ഏതാണ്ട് നൂറ്റിമുപ്പതോളം താകഹെ പക്ഷികളെ അന്നവിടെ കാണാനായി!

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

താകഹെ പക്ഷികളുടെ ലോകത്തിലവശേഷിച്ച ഈ ഏക കോളനിയിലേക്ക് ഇന്ന് ഗവേഷകര്‍ക്കും കണ്‍സര്‍വേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനമുള്ളു. ഏതാനും താകഹെകളില്‍ സൂക്ഷ്മമായ ഘടിച്ചിച്ചിട്ടുള്ള 'ബാക്പാക്ക് ട്രാന്‍സ്മിറ്ററുകള്‍' വഴി പക്ഷികളുടെ തത് സ്ഥിതികൾ ശാസ്ത്രജ്ഞന്മാര്‍ക്ക് മനസ്സിലാക്കാം.

placeholder
https://commons.wikimedia.org/wiki/File:TakaheMaunga.jpg

ഒരു നൂറ്റാണ്ടിനിപ്പുറം ആ പുല്‍മേട്ടിലേക്ക് വീണ്ടും

സാധാരണഗതിയില്‍, താകഹെ പക്ഷികള്‍ക്ക് വന്യജീവിതത്തോട് പൊരുത്തപ്പെടാനാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. താകഹെ സംരക്ഷണ പ്രൊജക്റ്റിന്റെ ഭാഗമായി ഇക്കോ സാങ്ച്വറികളില്‍ കൃത്രിമമാര്‍ഗ്ഗത്തിലൂടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്തു.  താകഹെയുടെ അതേ വലിയ ചുവന്ന കൊക്കുകളുള്ള പാവകളുടെ വേഷമിട്ടാണ് സംരക്ഷണ പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളെ പരിപാലിച്ചത്. പ്രായപൂര്‍ത്തിയായ പക്ഷികളെ സാങ്ച്വറികളില്‍ നിന്നും ബര്‍വുഡ് താകഹെ സെന്റിലേക്ക് മാറ്റുന്നു. സെന്ററിലെ സംരക്ഷിത-സ്വാഭാവിക വനങ്ങളില്‍ വളരുന്ന ഇവ കാട്ടില്‍ ജീവിക്കാനുള്ള പരിശീലനം സ്വായത്തമാക്കുന്നു. പരിശീലനം നേടിയ താകഹെകളെ തീര്‍ത്തും വന്യമായ ജീവിതത്തിലേക്ക് സ്വതന്ത്രരാക്കുന്നു.

മര്‍ക്കിസണ്‍ മലനിരകള്‍ക്ക് 600 കിലോ മീറ്റർ വടക്കുള്ള കാഹുരംഗി നാഷണല്‍ പാര്‍ക്കിലെ പുല്‍മേടുകള്‍ താകഹെകള്‍ക്ക് അനുയോജ്യമായ താവളമാവുമെന്ന് താകഹെ റിക്കവറി ടീം കണ്ടെത്തി. പുല്‍മേടുകളില്‍ സുലഭമായ പലതരം പുല്‍വിത്തുകള്‍ പക്ഷികള്‍ക്കൊരു മികച്ച ഭക്ഷ്യസ്രോതസ്സാണ്. 2018-ല്‍ താകഹെകളെ പുല്‍മേടുകളിലേക്ക് മാറ്റാനാരംഭിച്ചു. താകഹെകള്‍ അവരുടെ ആദിമവനങ്ങളിലേക്കെത്തിച്ചേര്‍ന്നു. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാദ്യമായി കാഹുരംഗിയിലെ പുല്‍മേട് ഒരു താകഹെ പക്ഷിയുടെ ചിറകനക്കം കേട്ടു! വംശനാശം വന്ന ഒരു പക്ഷിവര്‍ഗ്ഗത്തെ ആല്‍പ്‌സ് ചെരിവുകളിലേക്ക് തിരിച്ചെത്തിച്ചത് ന്യൂസിലാന്‍ഡില്‍ നടക്കുന്ന ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ ഗംഭീരമായൊരു ചുവടുവെപ്പായിരുന്നു. ഇന്ന് സംരക്ഷിത താകഹെകളുടെ എണ്ണം 500 ആണ്. 

placeholder
Takahe | Photo: Judi Lapsley Miller, CC BY 4.0 <https://creativecommons.org/licenses/by/4.0>, via Wikimedia Commons

ആദിമജീവിവര്‍ഗ്ഗങ്ങളുടെ അതിജീവനം

താകഹെകളുടെ ഒടുവിലത്തെ ബാച്ചിനെ തുറന്നുവിട്ടത് ന്യൂസിലാന്‍ഡിലെ ആദിമജനതയായ നഗായി താഹു(മവോരി) ഗോത്രക്കാരുടെ കൈവശമുള്ള 'ലേക്ക് വാക്കാതിപു വായിമാ' താഴ്‌വരയിലേക്കാണ്. ന്യൂസിലാന്‍ഡ് സര്‍ക്കാരുമായുള്ള നഗായി താഹുഗോത്രക്കാരുടെ നിയമപോരാട്ടവും അതിന്റെ പരിസമാപ്തിയും സമീപകാല സംഭവങ്ങളാണ്. സര്‍ക്കാരുമായുള്ള വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന്നൊടുവിലാണ് നഗായി താഹു ജനത അവരുടെ സ്വന്തം ഭൂമിയും അവകാശങ്ങളും തിരിച്ചുപിടിച്ചത്. ഈ രണ്ടു സംഭവങ്ങളേയും ചേര്‍ത്ത് വായിക്കാം. ഒരേ ഭൂമിയില്‍ നൂറ്റാണ്ടുകളായി വേരിറക്കി വളര്‍ന്ന് ശീലിച്ച രണ്ട് ആദിമജീവിവര്‍ഗ്ഗങ്ങള്‍; ഒന്ന് ഒരു ഗോത്രജനത; രണ്ടാമത്തേത് വംശനാശത്തിന്റെ വക്കിലെത്തിയ ഒരു പക്ഷികുലം. മുന്‍കാലത്തെ ചൂഷണബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യരുടെ അതിക്രമങ്ങളാണ് മവോരികളേയും താകഹെ പക്ഷികളേയും പ്രതിസന്ധിയിലാഴ്ത്തിയത്. പില്‍ക്കാലത്ത് മനുഷ്യരുടെ ചിന്താഗതികള്‍ നീതിബദ്ധമായപ്പോള്‍ അത് ഇരയാക്കപ്പെട്ടവരുടെ അതിജീവനത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്തു!