ഒരു കൂനന്‍ തിമിംഗിലം (ഹംപ്ബാക്ക് വെയില്‍) 24 വയസ്സുള്ള ഒരു കയാക്കറെ ഏറെക്കുറേ വിഴുങ്ങുകയും അപ്പോള്‍ത്തന്നെ അയാളെ പരിക്കേല്‍പ്പിക്കാതെ പുറത്തു കളയുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ, കഴിഞ്ഞ ഫെബ്രുവരിയില്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെക്കന്‍ ചിലിയില്‍ പിതാവ് ഡെല്ലിനൊപ്പം കയാക്കിങ് നടത്തുകയായിരുന്നു അഡ്രിയാന്‍ സിമാന്‍കാസ് എന്ന യുവാവ്. പെട്ടെന്ന് വെള്ളത്തിന് മുകളിലേക്ക് വന്ന തിമിംഗിലം കയാക്കിനൊപ്പം അഡ്രിയാനേയും വിഴുങ്ങി. തിമിംഗിലത്തിന്റെ വായയിലേക്ക് മകന്‍ അപ്രത്യക്ഷമാവുന്നത് കണ്ട് പിതാവ് അലറിവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. മെഗല്ലന്‍ കടലിടുക്കിലെ സാന്‍ ഇസിഡ്രോ ലൈറ്റ്ഹൗസിന് സമീപമായിരുന്നു സംഭവം.
ജലോപരിതലത്തിലൂടെ വായ തുറന്നുപിടിച്ച് ഇരതേടിയ തിമിംഗിലത്തിന്റെ വായയുടെ നേര്‍ക്ക് കയാക്കര്‍ ചെന്നുപെട്ടതാവും എന്നാണ് ഇതേപ്പറ്റി സമുദ്രശാസ്ത്രജ്ഞരുടെ അഭിപ്രായം. മാത്രമല്ല, ഇടുങ്ങിയ തൊണ്ടയായതിനാല്‍ മനുഷ്യരെ ഭക്ഷണമാക്കാന്‍ തിമിംഗിലങ്ങള്‍ ശ്രമിക്കാറുമില്ലത്രെ! അടുത്തിടെ കൂനന്‍ തിമിംഗിലങ്ങളുടെ കാഴ്ചശക്തിയെക്കുറിച്ച് വന്ന പുതിയൊരു പഠനം ഈ സംഭവത്തോട് ചേര്‍ത്ത് വായിക്കുമ്പോള്‍ അത് മറ്റൊരു വ്യാഖ്യാനത്തിനുകൂടി സാധ്യത തുറന്നിടുകയാണ്. കൂനന്‍ തിമിംഗിലങ്ങള്‍ക്ക് ചെറിയ വസ്തുക്കളോ ദൂരെ നിന്ന് ഗ്രഹിക്കാന്‍ കഴിയില്ലത്രെ! ഒരുപക്ഷെ ഇക്കാരണത്താലാവാം, അഡ്രിയാനെ തിമിംഗിലം വിഴുങ്ങിപ്പോയതും കാര്യം മനസ്സിലാക്കിയ ഉടനെ കയാക്കറെ പുറത്തേക്ക് വിട്ടതും.

കണ്ണിന്റെ വലുപ്പവും കാഴ്ചശക്തിയും
വലിയ കണ്ണുകള്‍ ആവുമ്പോള്‍ നല്ല കാഴ്ചയുണ്ടാവുമെന്ന് നാം കണക്കുകൂട്ടും. എന്നാല്‍, ഭൂമിയിലെ ഏറ്റവും വലിയ ജീവികളില്‍ ഒന്നായ കൂനന്‍ തിമിംഗിലത്തിന്റെ വലിയ കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറവാണെന്ന് പ്രൊസീഡിങ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി: ബയോളജിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. കണ്ണുകള്‍ക്ക് വലിപ്പത്തിന് ആനുപാതികമായ വികസിച്ച കാഴ്ചശക്തിയില്ല. ചെറുബോട്ടുകളിലും സര്‍ഫിങ്ങ് വിദഗ്ദ്ധരുടെ ദേഹത്തും കൂനന്‍ തിമിംഗിലങ്ങള്‍ വന്നിടിച്ചതായ നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ അവയുടെ കുറഞ്ഞ കാഴ്ചശക്തി തന്നെ പ്രധാന വില്ലന്‍! തിമിംഗിലങ്ങള്‍ക്ക് വലിയ വസ്തുക്കളെ ദൂരെ നിന്ന് നന്നായി കാണാന്‍ കഴിയും. എന്നാല്‍ വസ്തുക്കളെ വിശദമായി മനസ്സിലാക്കാന്‍ അവ വളരെ അടുത്തായിരിക്കേണ്ടതുണ്ട്. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെയും നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് പ്രസ്തുത പഠനം നടത്തിയത്.
കൂനന്‍ തിമിംഗിലങ്ങളുടെ നേത്രഗോളത്തിന്റെ പിന്‍ഭാഗം വളരെ കട്ടിയുള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഇത് കാരണം റെറ്റിനയ്ക്കും ലെന്‍സിനും ഇടയിലുള്ള ദൂരം- കണ്ണിന്റെ ഫോക്കല്‍ ലെങ്ത്- വളരെ കുറവായിരുന്നു. അവയുടെ കണ്ണിലെ റെറ്റിനല്‍ ഗാംഗ്ലിയന്‍ കോശങ്ങളുടെ (തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന ന്യൂറോണുകള്‍) എണ്ണവും പരിമിതമായിരുന്നു. മനുഷ്യന്റെ കണ്ണില്‍ ഒരു ചതുരശ്ര മില്ലിമീറ്ററില്‍ ഏകദേശം 40,000 റെറ്റിനല്‍ ഗാംഗ്ലിയന്‍ കോശങ്ങള്‍ ഉണ്ട്. കൂനന്‍ തിമിംഗിലത്തിന്റെ കണ്ണിലെ റെറ്റിനല്‍ ഗാംഗ്ലിയന്‍ കോശങ്ങളുടെ എണ്ണം വെറും 180 മാത്രമാണ്. പരിണാമപരമായി, അധികം ശത്രുക്കളില്ലാത്ത, കടലിലെ ഭീമാകാരജീവികളായ തിമിംഗിലങ്ങളെ സംബന്ധിച്ച് കുറഞ്ഞ ഫോക്കല്‍ ലെങ്ത് വലിയ പ്രശ്നമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ചെറുവസ്തുക്കളെ ദൂരെ നിന്ന് ഗ്രഹിക്കുന്നതിലുള്ള കഴിവുകേട് പലപ്പോഴും ഇവയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നുമുണ്ട്. മനുഷ്യന്റെ വേട്ടയാടലുകള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും എളുപ്പം ഇരപ്പെടാനിടയാകുന്നു. വലിയ വലക്കയറുകള്‍ തൊട്ടടുത്തെത്തിയാലേ അവയ്ക്ക് കാണാന്‍ പറ്റുകയുള്ളൂ. ഈയൊരു സാഹചര്യത്തിലാണ് തിമിംഗിലങ്ങളുടെ കാഴ്ചശക്തിയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്ക് പ്രസക്തിയും! മത്സ്യബന്ധന ഉപകരണങ്ങളില്‍ കുടുങ്ങിപ്പോകല്‍, കപ്പലുകളുമായി കൂട്ടിയിടിക്കല്‍, പാരിസ്ഥിതിക മാറ്റങ്ങള്‍ തുടങ്ങിയ നിരവധി ഭീഷണികളും ഇവ നേരിടുന്നുണ്ട്. കൂനന്‍ തിമിംഗിലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നു. തിമിംഗിലങ്ങള്‍ സുരക്ഷിതമാണെന്നതിന്റെ അര്‍ത്ഥം, സമുദ്രത്തിന്റെ ആരോഗ്യം മെച്ചമാണ് എന്നത്രെ!

തിമിംഗിലങ്ങളുടെ സുരക്ഷ
നോര്‍ത്ത് കരോലിനയിലെ തോറോഫെയര്‍ ബേയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു തിമിംഗിലത്തില്‍ നിന്നും ശേഖരിച്ച ഇടത് കണ്ണാണ് പഠനത്തിന് ഉപയോഗിച്ചത്. ഒരു ദശാബ്ദക്കാലമായി ഈ തിമിംഗിലക്കണ്ണുകള്‍ ആര്‍ക്കൈവില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. തിമിംഗില കാഴ്ചയെക്കുറിച്ചുള്ള തന്റെ ഗവേഷണപ്രബന്ധത്തിനായി ജേക്കബ് ബോളിന്‍ എന്ന ഗവേഷകനാണ് ഇവ ആദ്യമായി ഉപയോഗപ്പെടുത്തിയത്. മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍, തിമിംഗിലങ്ങള്‍ക്ക് ഉപദ്രവമേല്‍പ്പിക്കാത്ത തരം മത്സ്യബന്ധന ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് കമ്പനികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗപ്പെടുത്താമെന്ന് ഗവേഷകര്‍ പറയുന്നു.
സമുദ്രജീവികളില്‍ വെച്ച് കാഴ്ചയ്ക്ക് ഏറ്റവും വലുതും ഗംഭീരവുമായ സസ്തനികളില്‍ ഒന്നാണ് കൂനന്‍ തിമിംഗിലം (മെഗാപ്‌റ്റെറ നോവെംഗ്ലെിയെ). പുറം ഭാഗത്ത് ഉയര്‍ന്ന് കാണുന്ന ഒറ്റക്കൊമ്പും നീളമുള്ള പെക്‌റ്റൊറല്‍ ഫിന്നുകളും ഇവയെ മറ്റു തിംഗലങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു. ജലോപരിതലത്തില്‍ വാലുകള്‍ അടിച്ചു മുന്നേറുന്നതുള്‍പ്പെടെയുള്ള അക്രോബാറ്റിക് ഡിസ്‌പ്ലേകള്‍ കൂനന്‍ തിമിംഗിലങ്ങളുടെ ക്രെഡിറ്റിലുണ്ട്. കൂനന്‍ തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദങ്ങളും ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ആശയവിനിമയം മുതല്‍ പങ്കാളിയില്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ വരെ ഈ ശബ്ദങ്ങള്‍ക്ക് പങ്കുണ്ടത്രെ. മുതിര്‍ന്ന കൂനന്‍ തിമിംഗിലങ്ങള്‍ക്ക് 50 അടി വരെ നീളവും 40 ടണ്‍ വരെ ഭാരവും ഉണ്ടാകും. ചെറിയ മത്സ്യങ്ങളും ക്രില്ലുമാണ് മുഖ്യ ആഹാരം.
ഭക്ഷണത്തിനും പ്രജനനത്തിനുമായി കാലാനുസൃതമായി സമുദ്രങ്ങളിലൂടെ ദേശാടനം നടത്തുക കൂനന്‍ തിമിംഗിലങ്ങളുടെ ജീവിതശൈലിയാണ്. ഈ ജൂണില്‍ ആയിരക്കണക്കിന് കൂനന്‍ തിമിംഗിലങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ദേശാടനം ആരംഭിച്ചുകഴിഞ്ഞു. സിഡ്‌നി തുറമുഖത്ത് കൂനന്‍ തിമിംഗിലങ്ങളുടെ ഒരു വലിയ സംഘം പ്രത്യക്ഷപ്പെട്ടതിനേത്തുടര്‍ന്ന് സിഡ്‌നി തുറമുഖ അധികൃതര്‍ തങ്ങളുടെ ഫെറി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. വാര്‍ഷിക കുടിയേറ്റത്തിന്റെ ഭാഗമായി അന്റാര്‍ട്ടിക്കയിലെ തണുത്ത തീറ്റ പ്രദേശങ്ങളില്‍ നിന്ന് ക്വീന്‍സ്ലാന്‍ഡിലേക്കും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്കുമായി, പ്രജനനത്തിന് യോജിച്ച, തണുപ്പ് കുറഞ്ഞ സമുദ്രമേഖലകള്‍ തേടി കൂനന്‍ തിമിംഗിലങ്ങള്‍ നീന്തുന്നു. ഈ ഭാഗത്തെ ദേശാടനത്തിമിംഗിലങ്ങളുടെ എണ്ണം 40,000-ത്തോളം ആണെന്ന് കണക്കാക്കിയിട്ടുണ്ട്. 'ഹമ്പ് ബാക്ക് ഹൈവേ' എന്നറിയപ്പെടുന്ന വടക്കോട്ടുള്ള ദേശാടനത്തിന് ഏകദേശം 10,000 കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു സസ്തനി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനങ്ങളില്‍ ഒന്നാണിത്. ദേശാടന സമയത്ത് തിമിംഗിലങ്ങള്‍ കരയോടടുത്ത് നീന്തും. ഈ കാഴ്ച ആസ്വദിക്കാന്‍ കാത്തിരിക്കുന്ന വിനോദസഞ്ചാരികളും ഏറെ!
Content Highlights: Humpback Whales Poor Vision:Viral Video and New Study
Published: 06 Jun 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented