
മലയാളികളെപ്പോലെ മത്തിപ്രിയരാണ് നോര്‍വീജിയക്കാരും. മത്തിയും മത്തിമുട്ടയും ഉപയോഗിച്ചുള്ള ധാരാളം വിഭവങ്ങള്‍ നോര്‍വീജിയക്കാരുടെ മെനുവിലുണ്ട്. വടക്കന്‍ പസഫിക് സമുദ്രത്തില്‍ നിന്നും ദേശാടനം നടത്തിയെത്തുന്ന മത്തിക്കൂട്ടങ്ങളെയാണ് (നോര്‍വീജിയന്‍ സ്പ്രിംഗ്-സ്‌പോണിംഗ് ഹെറിങ്-Clupea harengus) നോര്‍വേ വലയിലാക്കുന്നത്. വര്‍ഷം തോറും, തെക്കന്‍ നോര്‍വേയുടെ തീരങ്ങളിലേക്ക് പ്രജനനത്തിനായി മത്തിക്കൂട്ടങ്ങളെത്തുന്നു. 2021 ; ആ വര്‍ഷവും മത്സ്യബന്ധന കപ്പലുകള്‍ ചാകര കാത്തിരുന്നു. പക്ഷെ മത്തി മനുഷ്യരെ കൈവിട്ടു! അത്തവണ പ്രതീക്ഷിച്ച മത്സ്യസമൃദ്ധി ഉണ്ടായില്ല. ഒഴിഞ്ഞ വലകളും തകര്‍ന്ന ഹൃദയവുമായി മത്സ്യത്തൊഴിലാളികള്‍ മടങ്ങി. ജപ്പാനിലേക്ക് കോടികളുടെ മത്സ്യക്കയറ്റുമതിക്ക് ഓര്‍ഡര്‍ എടുത്ത കൂറ്റന്‍ മത്സ്യബന്ധന കപ്പലുകളും വെറുകയ്യോടെ തിരിച്ചുപോയി.
മത്തിലഭ്യത പെട്ടെന്ന് കുറഞ്ഞത് സാധാരണക്കാരുടെ ജീവിതത്തേയും വാണിജ്യ മേഖലകളേയും ബാധിച്ചു. എന്തുകൊണ്ടാവും നോര്‍വേയുടെ കടലില്‍ നിന്നും മത്തി അപ്രത്യക്ഷമായത്! കാലാകാലമായുള്ള തങ്ങളുടെ ദേശാടനപാത അവ ഉപേക്ഷിച്ചോ! സമുദ്രശാസ്ത്ര ഗവേഷകര്‍ പ്രതിസന്ധിയുടെ ചുരുളഴിക്കാനുള്ള തത്രപ്പാടിലായി. നോര്‍വേയിലെ ബെര്‍ഗനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ പഠനം നടന്നു.
പതിവിന് വിരുദ്ധമായി, മോറെയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള ലോഫോട്ടെനിലേക്ക് മത്തിക്കൂട്ടങ്ങള്‍ പ്രജനനത്തിന് പോയെന്ന് നിരീക്ഷിക്കപ്പെട്ടു. പിന്നീടുള്ള വര്‍ഷങ്ങളിലും മുട്ടയിടാനായി അവ ലോഫോട്ടെനിലെത്തുന്നത് തുടര്‍ന്നു. 2021-2024 കാലയളവില്‍ നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ റിസര്‍ച്ചിന്റെ പഠനത്തില്‍ വെളിപ്പെട്ട ആശങ്കാജനകമായ കണ്ടെത്തലുകള്‍ 'നേച്ചറില്‍' (https://www.nature.com/articles/s41586-025-08983-3 ) പ്രസിദ്ധീകരിച്ചുവന്നിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ മത്തിക്കൂട്ടങ്ങള്‍ക്ക് വഴി തെറ്റുകയായിരുന്നത്രെ. നോര്‍വേയിലെ അമിത മത്സ്യബന്ധനമാണ് മത്സ്യങ്ങളുടെ റൂട്ട് തെറ്റാന്‍ പ്രധാന കാരണമെന്ന് പുതിയ പഠനം പറയുന്നു.
നൂതനസാങ്കേതികതവിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായതോടെ പിടിക്കുന്ന മത്സ്യസമ്പത്തിന്റെ അളവ് ഭീമമായി വര്‍ദ്ധിച്ചു. വളര്‍ച്ച മുറ്റിയ മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ ഡിമാന്റ്. അവ ഏതാണ്ട് പൂര്‍ണ്ണമായും പിടിക്കപ്പെട്ടു. നോര്‍വീജിയന്‍ വസന്തകാലത്ത് മുട്ടയിടാനെത്തുന്ന മത്തിക്കൂട്ടങ്ങള്‍ അമിതമായ മത്സ്യബന്ധനത്തിന് വിധേയമായി. ഇത് അവശേഷിച്ച മത്സ്യങ്ങളുടെ അതിജീവനത്തെ ബാധിച്ചു. വടക്കുകിഴക്കന്‍ അറ്റ്‌ലാന്റിക് സമുദ്രമാണ് നോര്‍വീജിയന്‍ മത്തിക്കൂട്ടങ്ങളുടെ ദേശാടനമേഖല. പ്രജനനത്തിന് അനുയോജ്യമായ നോര്‍വീജിയന്‍ തീരങ്ങള്‍ക്കും ഭക്ഷണത്തിന് യോജിച്ച കടല്‍ മേഖലകള്‍ക്കും ഇടയിലാണ് ദേശാടനം. ശൈത്യകാലത്തിന്റെ അവസാനം (ഫെബ്രുവരി-മാര്‍ച്ച്), മത്തിക്കൂട്ടങ്ങള്‍ നോര്‍വേയുടെ തെക്കുപടിഞ്ഞാറന്‍ തീരമണയും. പ്രജനനമാണ് ലക്ഷ്യം. ശേഷം, വസന്തകാലത്ത് (ഏപ്രില്‍-ഓഗസ്റ്റ്), തീറ്റ തേടി വീണ്ടും മറ്റു കടല്‍ മേഖലകളിലേക്ക്. സെപ്റ്റംബര്‍ മുതല്‍ വടക്കന്‍ നോര്‍വീജിയന്‍ ജലാശയങ്ങളിലെ ശൈത്യകാല പ്രദേശങ്ങളിലേക്കും.

''പ്രജനന പ്രദേശത്ത് എത്തിച്ചേരാനുള്ള ദിശാബോധവും ഓര്‍മ്മയും മീന്‍കൂട്ടങ്ങളിലെ മുതിര്‍ന്ന മത്സ്യങ്ങളിലാണ് വ്യക്തതയോടെ ഉണ്ടാവുക. മത്തിക്കൂട്ടങ്ങളില്‍ നിന്നും മുതിര്‍ന്ന മത്തികള്‍ അപ്രത്യക്ഷമാവുമ്പോള്‍, എവിടെയ്ക്കാണ് മുട്ടയിടാന്‍ പോവേണ്ടതെന്ന അറിവും അവയ്ക്കൊപ്പം ഇല്ലാതാവുന്നതായി ഞങ്ങളുടെ കണ്ടെത്തലുകള്‍ തെളിയിച്ചു. വഴികാട്ടാന്‍ പരിചയസമ്പന്നരായ മുതിര്‍ന്നവര്‍ ഇല്ലാതായപ്പോള്‍, മത്തിക്കൂട്ടങ്ങളിലെ ചെറുമീനുകള്‍ തങ്ങള്‍ ഉള്ള സ്ഥലത്ത് തന്നെ മുട്ടയിടാന്‍ തുടങ്ങി,' പഠനത്തിന്റെ നേതൃത്വം നല്‍കിയ സമുദ്ര ശാസ്ത്രജ്ഞന്‍ അരില്‍ സ്ലോട്ട് പറയുന്നു. 1995-2024 കാലയളവില്‍ ലഭ്യമായ വിപുലമായ അക്കൗസ്റ്റിക്-ട്രോള്‍ സര്‍വേക ഡാറ്റ, ടാഗിംഗ് ഡാറ്റ, മീന്‍പിടിത്ത റിപ്പോര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പഠനം.
വിവിധ മത്സ്യബന്ധന രാജ്യങ്ങള്‍ക്ക് നോര്‍വീജിയന്‍ കടലില്‍ നിന്ന് എത്ര ശതമാനം മത്തി പിടിക്കാമെന്ന ശാസ്ത്രീയ ഉപദേശം നല്‍കുന്നത് 'ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദി എക്‌സ്‌പ്ലോറേഷന്‍ ഓഫ് ദി സീ' ആണ്. മത്തിസ്റ്റോക്കിന്റെ സുസ്ഥിരത ഉറപ്പാക്കുകയാണ് ശാസ്ത്രീയോപദേശത്തിന്റെ ലക്ഷ്യം. എന്നാല്‍, 2017-2022 കാലത്ത് മത്സ്യബന്ധന രാജ്യങ്ങള്‍ ശാസ്ത്രീയ ശതമാനത്തെ പലപ്പോഴായി മറികടന്നു. 2023-ല്‍ മുട്ടയിടുന്ന മത്തിയുടെ മൊത്തം അളവ് ( ബയോമാസ് ) 68 ശതമാനമായി കുറഞ്ഞു.
മത്സ്യങ്ങളുടെ 'കൂട്ടായ ഓര്‍മ്മ'
'കൂട്ടായ ഓര്‍മ്മ'യെ (കലക്ടീവ് മെമ്മറി) ആശ്രയിച്ചാണ് മത്തിക്കൂട്ടങ്ങളുടെ അതിജീവനം. മുതിര്‍ന്ന മത്സ്യങ്ങള്‍ ഇല്ലാതാവുമ്പോള്‍, ഇളയ മത്സ്യങ്ങള്‍ക്ക് വഴി കാട്ടാന്‍ ആളില്ല! മത്തികള്‍ അവയുടെ തലമുറകളിലൂടെ കൈമാറിവന്ന 'സാംസ്‌കാരിക അറിവ്' ഇല്ലാതാക്കിയത് അമിതമായ മത്തിക്കൊയ്ത്താണ്. പരമ്പരാഗത മുട്ടയിടല്‍ കേന്ദ്രങ്ങളിലേക്കുള്ള മത്തികളുടെ യാത്ര വഴിമാറുമ്പോള്‍ അത് പാരിസ്ഥിതിക ആഘാതവുമുണ്ടാക്കുന്നു. പതിവ് യാത്രാവഴികളിലാണ് പക്ഷിക്കോളനികളുണ്ടാവുക. മത്തിക്കൂട്ടങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്‌ക്കൊപ്പമുള്ള മുട്ട വിരിഞ്ഞ ചെറുമീനുകളെ കടല്‍പ്പക്ഷികള്‍ ഭക്ഷണമാക്കുന്നു. മത്തിയുടെ വഴിമാറ്റത്തിലൂടെ പക്ഷിയുടെ അന്നവും മുടങ്ങുന്നു. മുതിര്‍ന്ന മത്തികളെ മാത്രം പിടികൂടുന്നതിന്മേല്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 'സമുദ്രത്തില്‍ ഒരു മുതിര്‍ന്ന മത്സ്യത്തിനുള്ള മൂല്യം, കരയിലുള്ള അതിന്റെ വിപണിമൂല്യത്തേക്കാള്‍ വളരെ കൂടുതലാണ്,' ബെര്‍ഗന്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ജാള്‍ ഗിസ്‌കെ പറയുന്നു.
പ്രധാനമായും ഭക്ഷണ ലഭ്യതയും കടല്‍ജലത്തിന്റെ താപമാറ്റങ്ങളുമാണ് മത്തിക്കൂട്ടങ്ങളുടെ ദേശാടനപാത നിര്‍ണ്ണയിക്കുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, മത്സ്യങ്ങളുടെ സാമൂഹ്യശാസ്ത്രവും തുല്യപ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വാണിജ്യപരമായി പ്രാധാന്യമുള്ള ഈ മത്സ്യസമ്പത്തിന്റെ ഫലപ്രദമായ പരിപാലനത്തിന് ഈ അറിവുകള്‍ അത്യന്താപേക്ഷിതമാണ്.
അലാസ്‌കയുടെ അതിഥികള്‍
നോര്‍വേയില്‍ നിന്ന് ആറായിരം കിലോമീറ്റര്‍ അകലെ അലാസ്‌കയിലും മത്തികുലത്തെ രക്ഷിക്കാന്‍ കഠിനശ്രമം നടക്കുന്നുണ്ട്. മത്തിയും മത്തിമുട്ടകളുമാണ് അലാസ്‌കയിലെ തദ്ദേശീയ ഗോത്രങ്ങളുടെ പ്രധാന ഭക്ഷ്യശ്രോതസ്സ്. അന്ധമായ വാണിജ്യ മത്സ്യബന്ധനവും ആവാസവ്യവസ്ഥയുടെ നാശവും അലാസ്‌കന്‍ മത്തിയുടെ ലഭ്യത കുറച്ചു. 2018-ല്‍, മത്തിമുട്ടകളുടെ വിളവെടുപ്പ് നന്നേ മോശമായി. അലാസ്‌കയിലെ സിറ്റ്ക ഗോത്രം മത്സ്യക്ഷേമവകുപ്പിനും അലാസ്‌ക സ്‌റ്റേറ്റ് ബോര്‍ഡിനും എതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മുട്ടയിടുന്നതിന് മുന്നെ മത്തിക്കൂട്ടങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്നായിരുന്നു ആവശ്യം. കടല്‍വിഭവത്തിന്റെ ഉപയോഗവും പരിപാലനവും ഉറപ്പാക്കുന്ന ഭരണഘടനാപരമായ ഉത്തരവ് സംസ്ഥാന മാനേജ്‌മെന്റ് ലംഘിച്ചുവെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഗോത്രസമൂഹം ആവശ്യപ്പെട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു! നിയമനടപടികള്‍ കൈക്കൊണ്ടും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചും ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചും മത്തിവംശത്തെ സംരക്ഷിക്കാനുള്ള അലാസ്‌കന്‍ ജനതയുടെ പ്രതിരോധം തുടരുന്നു.
അലാസ്‌കയിലെ ക്‌ളിങ്കെറ്റ് വംശക്കാര്‍ക്ക് മത്തിയുടെ വരവെന്നാല്‍ അത് വസന്തത്തിന്റെ വരവാണ്! അലാസ്‌കയില്‍ വസന്തം തുടങ്ങുമ്പോഴാണ് ഉള്‍ക്കടലുകളില്‍ മുട്ടയിടാനായി മത്തിക്കൂട്ടങ്ങള്‍ (പെസഫിക് ഹെറിങ് - Clupea pallasi)) എത്തുക. മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രില്‍ ആദ്യം. മത്തിക്കൂട്ടങ്ങളുടെ വരവോടെ കടലോരം മാറും; മത്തി തിന്നാനെത്തുന്ന കടല്‍പ്പക്ഷികളും സീലുകളും തിമിംഗിലങ്ങളും സാല്‍മണുകളും കടലില്‍ പുളയ്ക്കും.
മത്തിക്ക് ക്‌ളിങ്കെറ്റ് ഗോത്രക്കാര്‍ 'യാവ്' എന്നാണ് പറയുക. ക്‌ളിങ്കെറ്റ് ഗോത്രക്കാരെ സംബന്ധിച്ച് മത്തി വെറുമൊരു ഭക്ഷ്യവസ്തുവല്ല. വെള്ളിനിറത്തില്‍ തിളങ്ങുന്ന നീളന്‍ ചെറുമത്സ്യം അവരുടെ സാംസ്‌കാരികമുദ്ര കൂടിയാണ്. അതവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ആഘോഷങ്ങളിലുമുണ്ട്. കലാരൂപങ്ങളിലും കൈമാറിവന്ന നാടോടിക്കഥകളിലുമുണ്ട്. പരമ്പരാഗത വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം മത്തിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തുകാണാം.
അലാസ്‌കയിലെ സിറ്റ്ക സൗണ്ട് എന്ന ആഴം കുറഞ്ഞ കടല്‍ത്തീരം മത്തിക്കൂട്ടങ്ങളുടെ പ്രധാന പ്രജനനകേന്ദ്രമാണ്. കടല്‍ത്തീരത്തെ ചെടികളിലും പായലുകളിലുമാണ് മത്തിക്കൂട്ടങ്ങള്‍ മുട്ടയിടുക. തങ്ങളുടെ പ്രിയ ആഹാരമായ മത്തിമുട്ടകള്‍ ശേഖരിക്കാന്‍ ക്‌ളിങ്കെറ്റ് ഗോത്രക്കാരുടെ കൈവശം തലമുറകള്‍ കൈമാറിവന്ന വിദ്യകളുണ്ട്. പ്രകൃതിക്ക് തെല്ലും പോറലേല്‍പ്പിക്കാത്ത വിദ്യകള്‍. മത്തിവരവ് ആരംഭിക്കുന്നതിന് മുന്നേ, ഹെംലോക്ക് മരച്ചില്ലകള്‍ പാറകളോട് ചേര്‍ന്ന് കടല്‍വെള്ളത്തിലാഴ്ത്തിവെക്കും. മത്തിക്കൂട്ടങ്ങള്‍ ചില്ലകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ടകളുള്ള ചില്ലകള്‍ ശേഖരിച്ച് ഉപയോഗിക്കുന്നു.
അലാസ്്കന്‍ നിയമമനുസരിച്ച്, പരമ്പരാഗത ഉപജീവനമാര്‍ഗ്ഗമായ മത്തി മുട്ടകള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. അവ പങ്കിടാനോ സമ്മാനമായി നല്‍കാനോ കൈമാറ്റം ചെയ്യാനോ മാത്രമേ കഴിയൂ. പ്രകൃതിപ്രതിഭാസങ്ങളെ ആരാധിക്കുന്നതിനാലും പരമ്പരാഗത രീതികള്‍ പിന്തുടരുന്നതിനാലുമാവാം, മിക്ക പ്രാദേശിക ഗോത്രങ്ങളുടെ മീന്‍പിടുത്തരീതികളും പരിസ്ഥിതിസൗഹാര്‍ദ്ദപരമാണ്.

നമ്മുടെ മത്തി; അവരുടെ മത്തി
കേരളത്തിന്റെ തീരങ്ങളിലും മത്തിയുടെ (ചാള) ലഭ്യത ഏറിയും കുറഞ്ഞും കാണാറുണ്ട്. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോള്‍ വലുപ്പം കൂടിവരാറുള്ള മത്തിക്ക് ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരേ വലുപ്പമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. കേരളതീരത്തെ മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുകയുണ്ടായി. 2023-2024 വര്‍ഷങ്ങള്‍ കേരളത്തെ സംബന്ധിച്ച് ചൂടേറിയ കാലഘട്ടമായിരുന്നു. കാലാവസ്ഥാമാറ്റവും അശാസ്ത്രീയ മീന്‍പിടിത്തവും ഒരുപോലെ മത്തിയുടെ പ്രജനനത്തെ ബാധിച്ചിരിക്കാമെന്നാണ് നിഗമനം. ഇന്ത്യന്‍ മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്. ആറുമാസമായി 12 സെന്റിമീറ്ററില്‍ കൂടുതലുള്ള മത്തി കേരളതീരത്തുനിന്ന് കിട്ടുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, സമുദ്രജലത്തിലും ശുദ്ധജലത്തിലും, ഉപ്പുവെള്ളത്തിലും മത്തിവര്‍ഗ്ഗങ്ങള്‍ ജീവിക്കുന്നു. ഇന്ത്യന്‍ നെയ്മത്തിയും പെസഫിക്-അറ്റ്‌ലാന്റിക് സമുദ്രങ്ങളിലെ മത്തിവര്‍ഗ്ഗങ്ങളും (ഹെറിങുകള്‍) പൊതുവായ മത്തി കുടുംബത്തിലെ (ക്ലൂപീഡൈ) അംഗങ്ങളാണ്. ഇന്ത്യന്‍ നെയ്മത്തി 23 സെന്റീമീറ്ററൊക്കെ വലുപ്പം വെയ്ക്കും. യൂറോപ്യന്‍ ഹെറിങുകളുടെ വലുപ്പം 30 സെന്റീമീറ്റര്‍ വരെ കാണുന്നു.
Content Highlights: nature future column on sardines
Published: 14 Jul 2025, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented