
ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനത്തിനൊപ്പം (ജൂണ്‍ 5 - വിഷയം 'ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം') ലോകമെങ്ങുമുള്ള ആവാസവ്യവസ്ഥകളുടെ നാശം തടയുന്നതിനും ആവാസവ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ പരിശ്രമങ്ങളും തുടങ്ങുന്നു. കോവിഡ് വ്യാപനം ആവാസവ്യവസ്ഥയെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ കൂടുതല്‍ വിശാലമാക്കി. ആവാസവ്യവസ്ഥയുടെ ക്ഷേമമെന്നാല്‍ മനുഷ്യരുടെ ക്ഷേമം മാത്രമല്ലെന്നും മറ്റു ജീവജാലങ്ങളുടെ ക്ഷേമം കൂടിയാണെന്നുമുള്ള തിരിച്ചറിവിലേക്ക് ലോകം എത്തി. മൃഗങ്ങളും പക്ഷികളും സസ്യങ്ങളുമടക്കമുള്ള ജീവലോകത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നു. പഠനങ്ങള്‍ പുതിയ അറിവുകളിലേക്ക് നയിക്കുന്നു. ഇനി, ഇതുവരെ കണ്ട കണ്ണുകള്‍ കൊണ്ടല്ല ചുറ്റും നോക്കേണ്ടതെന്ന് ശാസ്ത്രം പറയുന്നു. മനുഷ്യനും ചുറ്റുപാടും തമ്മില്‍, മനുഷ്യനും എണ്ണമറ്റ ജീവികളും തമ്മില്‍ ഉള്ള ബന്ധം എങ്ങനെയൊക്കെ ഏറ്റവും നീതിപൂര്‍ണ്ണമാക്കാം എന്നാണ് ആധുനികശാസ്ത്രത്തിന്റെ ആലോചന.
മറ്റു ജീവികള്‍ക്ക് മനുഷ്യനുള്ളതുപോലുള്ള വികാരങ്ങളുണ്ടെന്ന് ഇത്രയും കാലം ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായും സമ്മതിച്ചിരുന്നില്ല. വലിയ ജീവികള്‍ക്ക് (സസ്തനികള്‍ക്കും പ്രൈമേറ്റുകള്‍ക്കും) ഉള്ളത്ര സംവേദനശക്തി പോലും മത്സ്യങ്ങള്‍ക്കില്ലെന്നായിരുന്നു ധാരണ. മത്സ്യങ്ങളുടെ സങ്കീര്‍ണ്ണമായ സാമൂഹിക, ബൗദ്ധിക നിലകളെക്കെുറിച്ച് വന്ന പുതിയ അറിവുകള്‍ അതെല്ലാം തിരുത്തിക്കുറിക്കുന്നു. മത്സ്യത്തിന് മറ്റൊരു മത്സ്യത്തിനുള്ള ഭയം മനസ്സിലാവുന്നുണ്ടെന്നും ആ ഭയം പങ്കിടുന്നുണ്ടെന്നും അടുത്തിടെ 'ജേണല്‍ സയന്‍സില്‍' പ്രസിദ്ധീകരിച്ച പുതിയ പഠനം തെളിയിച്ചു. മത്സ്യങ്ങളുടെ തലച്ചോറിലെ ഓക്‌സിടോസിന്‍ എന്ന രാസവസ്തുവാണ് ഇതിന് അവയെ സഹായിക്കുന്നത്. ഇതേ ഓക്‌സിടോസിന്‍ ആണ് മനുഷ്യരില്‍ അനുതാപവും സഹജീവിസ്‌നേഹവും ഉണ്ടാക്കുന്നതും! ''

"പരീക്ഷണശാലയില്‍, സീബ്ര ഫിഷ് എന്നയിനം മത്സ്യത്തിന്റെ തലച്ചോറില്‍നിന്നു ഓക്‌സിടോസിന്‍ എടുത്തുമാറ്റിയപ്പോള്‍ ഒപ്പമുള്ള മത്സ്യങ്ങളിലെ ഉത്കണ്ഠ തിരിച്ചറിയാത്തവയായി (ആന്റി സോഷ്യല്‍) അവ മാറി! ഓക്‌സിടോസിന്‍ നീക്കം ചെയ്യപ്പെട്ട ചില മത്സ്യങ്ങളില്‍ അത് വീണ്ടും കുത്തിവെച്ചപ്പോള്‍ അവ സ്വാഭാവികമായി സാമൂഹിക ഉത്കണ്ഠ പങ്കിട്ടു!'' റിസര്‍ച്ച് ടീമിലെ ഗവേഷകനും കാനഡയിലെ കാള്‍ഗാരി സര്‍വകലാശാലയിലെ ന്യൂറോ സയന്റിസ്റ്റുമായ ഇബുകുന്‍ അകിന്റ്രിനേഡ് പറയുന്നു. മറ്റൊരാളെ അനുതാപത്തോടെ പരിഗണിക്കാനുള്ള നമ്മുടെ കഴിവിന്( care) ചരിത്രാതീത കാലത്തോളം പഴക്കമുണ്ടത്രെ. മനുഷ്യനും സസ്തനികളും മത്സ്യങ്ങളും ഉത്ഭവിക്കുന്നതിനും മുന്‍പുള്ള കാലത്തെ ആദിമജീവികളില്‍ത്തന്നെ( പൊതുപൂര്‍വികരില്‍) ഇത്തരം കഴിവുകള്‍ രൂപപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

വളര്‍ത്തുമത്സ്യങ്ങളുടെ ആവാസവ്യഥകള്‍
സാധാരണ പുഴയിലെ കടലിലോ കാണുന്ന മത്സ്യങ്ങളുടെ സാഹചര്യമല്ല ഫിഷ് ഫാമിലോ റിസര്‍ച്ച് ലാബിലെ ഫിഷ് ടാങ്കിലോ കാണുന്ന മീനുകളുടേത്. ഇലക്ട്രിക് വെളിച്ചം അസഹ്യമാണ്. മിനുത്ത കണ്ണാടിച്ചുമരുകള്‍ അരോചകമാണ്. വെള്ളത്തില്‍ സ്വാഭാവികമായ ധാതുക്കളോ ലവണങ്ങളോ ഇല്ല. ഇത്തരം കൃത്രിമ സാഹചര്യങ്ങളിലെ ജീവിതത്തില്‍ മത്സ്യങ്ങള്‍ സ്‌ട്രെസ്സ് അനുഭവിക്കുന്നുണ്ടത്രെ. മത്സ്യങ്ങളുടെ വികാരം വേദന മാത്രമല്ല. ചില സ്പീഷിസുകള്‍ പുതുമയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നതായും കൂട്ട് ലഭിക്കാനുള്ള വാഞ്ഛ പ്രകടിപ്പിക്കുന്നതായും കണ്ടു. ടാങ്കിലെ മത്സ്യങ്ങള്‍ക്ക് ഭക്ഷണവും ശുദ്ധജലവും പോലെ പ്രധാനമാണ് ആവാസവ്യവസ്ഥയുമെന്ന് ഈ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ടാങ്കില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്കായി പൊതുവായൊരു മാതൃകാ ആവാസവ്യവസ്ഥ ഉണ്ടാക്കുന്നതും അത്ര എളുപ്പമല്ല. കാരണം, ഓരോ സ്പീഷിസ് മത്സ്യത്തിനും ആവശ്യമായ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മാത്രമല്ല. ഒരു മത്സ്യത്തിന് തന്നെ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ സാഹചര്യങ്ങളാണ് വേണ്ടത്. ഈല്‍ മത്സ്യം കുഞ്ഞായിരിക്കുമ്പോള്‍ പുഴമണ്ണിലൊളിക്കുന്ന സ്വഭാവം പ്രകടിപ്പിക്കും. വലുതായാല്‍ ഈ പെരുമാറ്റം ഇല്ലാതാവുന്നു.
ലാബില്‍ സൂക്ഷിക്കുന്ന ജീവികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി ഗവേഷകര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം എഴുന്നൂറോളം പഠനങ്ങള്‍ 2007-ല്‍ ശാസ്ത്രജ്ഞന്മാര്‍ റിവ്യു ചെയ്യുകയുണ്ടായി. (ഇക്കൂട്ടത്തില്‍ മത്സ്യങ്ങളെക്കുറിച്ച് നടന്ന പഠനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു). ലാബുകളിലെ ടാങ്കുകളില്‍ ദീര്‍ഘകാലം വിരസജീവിതം നയിക്കുന്ന മത്സ്യങ്ങളുടെ പ്രതികരണശേഷിയും മറ്റും ഉദാസീനമായിരിക്കും. ഇത്തരം മത്സ്യങ്ങളെ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഗവേഷണ ഡേറ്റ എങ്ങനെ ആധികാരികമാവും എന്നാണ് സംശയം.
പുഴയില്‍ സാല്‍മണുകളുടെ എണ്ണം കുറഞ്ഞത് പരിഹരിക്കാന്‍ ഹാച്ചറിയില്‍ വളര്‍ത്തിയ സാല്‍മണുകളെ പുഴയിലേക്ക് തുറന്നുവിട്ടു. പക്ഷെ, അവ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ അതിജീവിച്ചില്ല. അതേസമയം, സ്വാഭാവിക ആവാസവ്യവസ്ഥയുടെ മാതൃകയില്‍ നിര്‍മ്മിച്ച ഹാച്ചറികളിലെ സാല്‍മണുകള്‍ പകുതിയിലേറെയ്ക്കും പുഴയില്‍ ജീവിതം തുടരാനായി. ചെടികളും ഒളിയിടങ്ങളും ഉള്ള ഫിഷ് ടാങ്കിലെ സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് പ്രജനനശേഷി കൂടുതലാണെന്ന് കണ്ടു. അതുവരെ ശൂന്യമായിരുന്നൊരു ഫിഷ്ടാങ്കിലേക്ക് വെറുതെ കുറച്ച് കല്ലുകള്‍ നിക്ഷേപിച്ചപ്പോള്‍ അതിലെ സാല്‍മണ്‍ കുഞ്ഞുങ്ങളുടെ തലച്ചോര്‍ വളര്‍ച്ച ത്വരിതഗതിയിലായി. പുഴകളിലെ പാറക്കല്ലുകളും ട്യൂബുകളും ടാങ്കിലിട്ടപ്പോള്‍ സാല്‍മണ്‍ കുഞ്ഞുങ്ങളില്‍ സ്‌ട്രെസ്സ് കുറയുന്നതായി ഒരു പഠനം കണ്ടെത്തി. ചെറുകല്ലുകളും മരച്ചില്ലകളും വെച്ചപ്പോള്‍ മത്സ്യങ്ങളില്‍ ബാക്ടീരിയ ബാധ കുറഞ്ഞതായി കണ്ടു. മികച്ച സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നത് വളര്‍ത്തുമത്സ്യങ്ങളുടെ ആരോഗ്യം നിലനിര്‍ത്തും. ഇത് വഴി മത്സ്യങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലും വ്യാപാര ആവശ്യങ്ങളിലും കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്നും പ്രസ്തുത പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
എന്താണ് സ്പീഷിസിസം?
മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ തങ്ങളേക്കാള്‍ താണ നിലവാരത്തിലുള്ളവയാണെന്ന മനുഷ്യര്‍ക്കിടയിലെ വിശ്വാസത്തെയാണ് സ്പീഷിസിസം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തമായി ആഗ്രഹങ്ങളും ആവശ്യങ്ങളും സങ്കീര്‍ണ്ണമായ ജീവിതവുമുള്ള മറ്റുജീവികളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളവയായി മനുഷ്യന്‍ കണക്കാക്കുന്നു. നമുക്കുവേണ്ടി ജീവികളുടെ സ്വാതന്ത്ര്യവും ആത്മാഭിമാനവും നിഷേധിക്കുന്നു. ഈ ചിന്താഗതിയുള്ളതുകൊണ്ടാണ് പല തരം ജീവികളെ പല തരം വിവേചനത്തോടെ കാണാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതും. ചില ജീവികളെ വാത്സല്യത്തോടെ പരിപാലിക്കുന്നു. ചിലവയെ നിഷ്‌ക്കരുണം കൊല്ലുന്നു. മത്സ്യങ്ങളും സ്പീഷിസിസത്തിന്റെ ഇരകളാണ്. വര്‍ണ്ണവെറി പോലെയോ ലിംഗവിവേചനം പോലെയോ എതിര്‍ക്കപ്പെടേണ്ട ഒരു നിലപാടാണ് സ്പീഷിസിസവും.
Content Highlights: nature future column,fishes and their emotional pain,speciesism, environment
Published: 17 May 2023, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented