ജര്‍മ്മനിയിലെ പാടങ്ങള്‍ക്കും നദികള്‍ക്കും കുന്നുകള്‍ക്കും മുകളിലൂടെ, 2023 ആഗസ്തിലെ ഇളംചൂടുള്ള ഒരു പ്രഭാതത്തില്‍ നിരനിരയായി പറന്നുപോവുന്ന 35 കറുത്ത കൊക്കുകള്‍. അവയെ നയിച്ച് മുന്നേ പറക്കുന്നത് ഭാരം കുറഞ്ഞ രണ്ട് എയര്‍ക്രാഫ്ടുകളും! ആ കാഴ്ചയില്‍ അമ്പരന്നവര്‍ക്ക് മുന്നില്‍ അന്നത്തെ പത്രത്തലക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടു: വംശനാശ ഭീഷണി നേരിട്ട സന്യാസി കൊക്കുകളെ ദേശാടനം നടത്താന്‍ പഠിപ്പിച്ച ജോഹാനസ് ഫ്രിറ്റ്‌സ് എന്ന ഓസ്ട്രിയന്‍ ശാസ്ത്രജ്ഞന്റെ അസാധാരണ പരിശ്രമത്തേക്കുറിച്ചായിരുന്നു വാര്‍ത്ത! സുരക്ഷിതമായ ദേശാടനപ്പാത കണ്ടെത്താന്‍ പക്ഷികളെ സഹായിക്കുന്ന, ഓസ്ട്രിയയിലെ വാള്‍ഡ്രാപ്പ്ടീം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു പരീക്ഷണം.

To advertise here,

ലോകത്തിലെ അപൂര്‍വമായ ദേശാടനപ്പക്ഷികളിലൊന്നാണ് സന്യാസി കൊക്ക് (Hermit Ibis or Northern Bald Ibis). ഇവ 'ക്രിറ്റിക്കലി എന്‍ഡെയിഞ്ചേഡ്'വിഭാഗത്തില്‍ പെടുന്നു. താറാവിനോളം വലുപ്പം. കറുത്ത് മിന്നുന്ന ശരീരം. അറ്റം വളഞ്ഞ ചുവന്ന വലിയ കൊക്ക്. തൂവലുകളില്ലാത്ത ചുവന്ന തലയ്ക്ക് ചുറ്റും വിടര്‍ന്ന് നില്‍ക്കുന്ന പീലികള്‍. യൂറോപ്പില്‍ ഇവയെ പ്രാദേശികമായി 'വാള്‍ഡ്രാപ്്' എന്നും വിളിക്കുന്നു. മലഞ്ചെരിവുകളില്‍ നീര്‍ച്ചാലുകള്‍ക്കരികെ കഴിയുന്ന ഇവയ്ക്ക് പ്രാണികളും മറ്റുചെറു ജീവികളുമാണ് ഭക്ഷണം. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്പില്‍ ഇവ തീര്‍ത്തും ഇല്ലാതായി! പരിധിവിട്ട വേട്ടയാടലുകളായിരുന്നു പ്രധാന കാരണം. ഏഷ്യ, ആഫ്രിക്ക വന്‍കരകളിലെ സ്വാഭാവിക വനങ്ങളില്‍ ഇവ ഇപ്പോഴും അവശേഷിക്കുന്നുണ്ട്, അതും ആയിരത്തോടടുത്ത് എണ്ണം മാത്രം. 

സന്യാസി കൊക്കുകളെ യൂറോപ്പിലേക്ക് തിരിച്ചെത്തിക്കാനുള്ള ജോഹാനസ് ഫ്രിറ്റ്‌സിന്റെ പ്രയത്‌നങ്ങള്‍ 1990-തൊട്ട് തുടങ്ങി. സംരക്ഷിത കേന്ദ്രങ്ങള്‍ നല്‍കിയ മുട്ടകള്‍ വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തും. പിന്നീടവയെ സ്വാഭാവിക വനങ്ങളിലേക്ക് ജീവിക്കാന്‍ വിടും. ഫ്രിറ്റ്‌സിന്റെ പദ്ധതികള്‍ വിജയം കണ്ടു. ഒരു സന്യാസി കൊക്ക് പോലും ഇല്ലാതിരുന്ന ഓസ്ട്രിയന്‍ കാടുകളില്‍ അവയുടെ എണ്ണം 200-ല്‍ അധികമായി.

ദേശാടനവും കാലാവസ്ഥാമാറ്റവും

ഒരിക്കല്‍ സന്യാസി കൊക്കുകളുടെ വംശനാശത്തിന് നിമിത്തമായത് മനുഷ്യരായിരുന്നെങ്കില്‍ ഇപ്പോഴത് കാലാവസ്ഥാമാറ്റമാണ്. വടക്കന്‍ യൂറോപ്പിലെ ശൈത്യകാലത്തെ അതിജീവിക്കാന്‍ തെക്കന്‍ യൂറോപ്പിലേക്ക് ദേശാടനം നടത്തുകയാണ് സന്യാസി കൊക്കുകളുടെ ശീലം. അതും, മഞ്ഞുറച്ച് ആല്‍പ്‌സ് പര്‍വതം ദുര്‍ഘടമാവും മുന്നേ കുറുകെ കടക്കുകയും വേണം. കാലാവസ്ഥാവ്യതിയാനം കൊക്കുകളുടെ ഈ ദേശാടനത്തെയാണ് ബാധിച്ചത്. അപ്രതീക്ഷിതമായി ശൈത്യം നേരത്തെയെത്തി! പതിവുപോലെ ആല്‍പ്‌സ് കടക്കാനെത്തിയ സന്യാസി കൊക്കുകള്‍ക്ക് ശീതക്കാറ്റില്‍ നിലതെറ്റി. ഐസ്പാളികളില്‍ കുടുങ്ങി അന്ത്യം. തുടര്‍ന്ന്, മൂന്ന് വര്‍ഷം കൊണ്ട് അവ യൂറോപ്പിലെ കാടുകളില്‍ നിന്നും ഒരിക്കല്‍ കൂടി തീര്‍ത്തും അപ്രത്യക്ഷമായി. 

കൊക്കുകള്‍ക്ക് സുരക്ഷിതമായ ഒരു പുതിയ ദേശാടനപഥം കാണിച്ചുകൊടുക്കണം, അവയെ ഒരിക്കല്‍ക്കൂടി തിരിച്ചുകൊണ്ടുവരാന്‍ അതേയുള്ളൂ മാര്‍ഗ്ഗം; ഫ്രിറ്റ്‌സ് പദ്ധതിയിട്ടു. അക്കാലത്ത്, ഒരു എയര്‍ക്രാഫ്റ്റില്‍ പറന്ന്, വാത്തുകളെ ദേശാടനത്തിന് സഹായിച്ച ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ഫ്‌ളൈ എവേ ഹോം' എന്ന ഹോളിവുഡ് സിനിമ ശാസ്ത്രജ്ഞര്‍ക്കിടയില്‍ പ്രീതി നേടിയിരുന്നു. 'ഫ്‌ളൈ എവേ ഹോം' തന്നേയും സ്വാധീനിച്ചതായി ഫ്രിറ്റ്‌സ് പറയുന്നുണ്ട്. ഭാരം നന്നേക്കുറഞ്ഞ ഒരു കൊച്ചു എയര്‍ക്രാഫ്റ്റില്‍ കൊക്കുകളെ പിന്നാലെ പറത്തി യാത്ര ചെയ്യുന്ന പലതരം പരീക്ഷണങ്ങള്‍ അദ്ദേഹവും നടത്തിയിരുന്നു. 

placeholder
Photo Courtesy: Waldrappteam

സമാനമനസ്‌കരായ ശാസ്ത്രജ്ഞരെ ഒപ്പം കൂട്ടി ഫ്രിറ്റ്‌സ് 'വാള്‍ഡ്രാപ്ടീം കമ്പനി' രൂപീകരിച്ചു. കോണ്‍സ്റ്റാന്‍സ് തടാകക്കരയിലെ കേമ്പ് സൈറ്റില്‍ പുതിയ സെറ്റ് സന്യാസി കൊക്ക് കുഞ്ഞുങ്ങള്‍ വളര്‍ന്നു. അവ ഫ്രിറ്റ്‌സിനേയും ടീമിനേയും അവരുടെ എയര്‍ക്രാഫ്റ്റിനേയും പരിചയപ്പെട്ടു. അമ്മ ഇല്ലാതെ വളരുന്ന പക്ഷിക്കുഞ്ഞുങ്ങളെ ഊട്ടിയും ഓമനിച്ചും വളര്‍ത്തുന്നവരെ അവര്‍ അമ്മറോളിലെടുക്കുമെന്ന് (foster mother) ശാസ്ത്രജ്ഞര്‍ പറയുന്നു. വളര്‍ത്തുന്നവരെ തങ്ങളുടെ ഏറ്റവും അടുപ്പമുള്ള ആളായി പക്ഷിക്കുഞ്ഞുങ്ങള്‍ സ്വീകരിക്കുന്നതിനെ 'ഇംപ്രിന്റിങ്' എന്ന് പറയുന്നു. ദേശാടനം നടത്തുമ്പോള്‍ മനുഷ്യരെ പിന്തുടരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇംപ്രിന്റിങ് എന്ന ഘടകമത്രെ! ഫ്രിറ്റ്‌സിന്റെ കൊക്ക് കുഞ്ഞുങ്ങളും ടീമിനെ ഏത് ദിക്കിലേക്കും പറന്ന് പിന്തുടരാന്‍ പാകപ്പെട്ടു. 

2004-ല്‍ ഓസ്ട്രിയന്‍ ശൈത്യത്തില്‍ നിന്നും, ആല്‍പ്‌സ് മുറിച്ചുകടന്ന് ഇറ്റലിയിലെ ചൂടിലേക്ക് പക്ഷികളുമായി ആദ്യത്തെ പറക്കല്‍. ശേഷം വാള്‍ഡ്രാപ്ടീമിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഇതേ റൂട്ടിലൂടെ 15 പറക്കലുകള്‍ കൂടി. ഇത്രയും കാലത്തിനുള്ളില്‍ 277-ഓളം സന്യാസി കൊക്കുകളെ വന്യജീവിതത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും പുതിയ ദേശാടനപ്പാത പഠിപ്പിക്കാനും ഫ്രിറ്റ്‌സിനും ടീമിനും സാധിച്ചു. ശേഷം, മുതിര്‍ന്ന പക്ഷികള്‍, കുഞ്ഞുങ്ങളേയും കൂട്ടി പുതിയ ആകാശപാതയിലൂടെ, കാലാനുസൃതമായി, സ്വന്തമായും ദേശാടനം തുടര്‍ന്നു. 

കാലാവസ്ഥയുടെ മലക്കംമറിയല്‍

കാലാവസ്ഥ വീണ്ടും കണക്കുതെറ്റിച്ചു. 2022-ല്‍ ഓസ്ട്രിയയില്‍ താപനില പെട്ടെന്ന് കൂടി. ശൈത്യം വരാന്‍ വൈകി. സെപ്റ്റംബര്‍ അവസാനം ദേശാടനം നടത്തുന്ന സന്യാസി കൊക്കുകള്‍ ഒക്ടോബര്‍ അവസാനമാണ് യാത്ര ആരംഭിച്ചത്. അപ്പോഴേക്കും കൊക്കുകള്‍ക്ക് പഠിപ്പിച്ചുകൊടുത്ത പുതിയ പാത അപകടം നിറഞ്ഞതായി മാറിയിരുന്നു. ചിറകുകളില്‍ ഐസ് പരലുകള്‍ പിടിച്ചും മഞ്ഞുമൂടിയ മണ്ണില്‍ നിന്നും ഇര കിട്ടാതെയും പക്ഷികള്‍ക്ക് ദേശാടനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത് ഫ്രിറ്റ്‌സ് നിരീക്ഷിച്ചു. 

ആല്‍പ്‌സ് മുറിച്ചുകടന്ന് ശൈത്യകാല താവളമായ ഇറ്റലിയിലെ ടസ്‌കനി എത്തുന്നതിന് പകരം  സ്‌പെയിനിന്റെ തെക്കേ അറ്റ്‌ലാന്റിക് തീരം ലക്ഷ്യമാക്കാന്‍ തീരുമാനിച്ചു. ആല്‍പ്‌സിനെ ഒഴിവാക്കി ഒരു പുതിയ ദീര്‍ഘദൂര ആകാശ പാത! പഴയ പാത കടക്കാന്‍ രണ്ടാഴ്ച എടുത്തിരുന്നെങ്കില്‍, 2500 മൈല്‍ അകലെയുള്ള പുതിയ പാത കടക്കാന്‍ ആറാഴ്ച വേണം. 2023 ആഗസ്തില്‍, ഓസ്ട്രിയയിലെ കോണ്‍സ്റ്റാന്‍സ് കേമ്പ് സൈറ്റില്‍ നിന്നും ടീം ദേശാടനം തുടങ്ങി. പക്ഷികളുടെ 'വളര്‍ത്തമ്മമാരായ' ശാസ്ത്രജ്ഞര്‍ സ്റ്റയിനിങ്ങറും വെയിനറും എയര്‍ക്രാഫ്റ്റിന്റെ പുറകിലെ സീറ്റില്‍; മുന്നില്‍ ഫ്രിറ്റ്‌സും പയലറ്റും. എയര്‍ക്രാഫ്റ്റ് ടേക്കോഫ് ചെയ്തു. തൊട്ടുപിറകെ 35 പക്ഷികളും. 

placeholder
Photo Courtesy: Waldrappteam

ഫ്രാന്‍സ് കടന്ന് മെഡിറ്ററേനിയന്‍ തീരത്തിന് മുകളിലൂടെ സ്‌പെയിനിലെ ചൂടുള്ള പ്രദേശമായ ആന്‍ഡലൂഷ്യയിലേക്ക്. ആ യാത്രയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫ്രിറ്റ്‌സ് പറഞ്ഞു,''  യാത്രയ്ക്ക് 43 ദിവസങ്ങള്‍ എടുത്തു. കടുത്ത വെല്ലുവിളികളുണ്ടായി. ചിലപ്പോള്‍ കൊടുങ്കാറ്റുകള്‍ വന്നുപോയി. പരുന്തുകളുടെ അക്രമണങ്ങള്‍. അതീക്ഷിതമായി ലാന്‍ഡിങ്ങുകള്‍ വേണ്ടിവന്നു...എന്നാല്‍ ഈ ദേശാടനത്തിന് ശേഷം 35 സന്യാസി കൊക്കുകളും പുതിയ റൂട്ട് പഠിച്ചു. ഇനി വര്‍ഷങ്ങളോളം അവര്‍ സ്വന്തമായി ഇതേ റൂട്ട് ഉപയോഗിക്കും...'' 

ഒരിക്കല്‍ മനുഷ്യനാല്‍ നയിക്കപ്പെടുന്ന ദേശാടനപ്പക്ഷികള്‍ പിന്നീട് സ്വതന്ത്രമായി പാതകളെ മനസ്സിലാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജര്‍മ്മനിയില്‍ നിന്നും ഇറ്റലിയിലേക്കുള്ള പറക്കലില്‍ ഫ്‌ളൈറ്റ് നിയന്ത്രണങ്ങള്‍ കാരണം സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒഴിവാക്കിയായിരുന്നു ഫ്രിറ്റ്‌സ് പക്ഷികളെ നയിച്ചത്. എന്നാല്‍ മനുഷ്യരേക്കൂടാതെയുള്ള തിരിച്ചുപറക്കലില്‍ പക്ഷികള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നേരെ മുറിച്ചുകടന്ന് മടങ്ങിയെത്തി. അന്തരീക്ഷമര്‍ദ്ദം ഒഴിവാക്കാനും അതുവഴി ഊര്‍ജ്ജനഷ്ടം കുറയ്ക്കാനും വേണ്ടി 'വി' ആകൃതിയില്‍ ( inverted V) പറന്നുപോവുന്നത് പക്ഷിക്കൂട്ടങ്ങളുടെ പ്രത്യേകതയാണ്. മനുഷ്യരാല്‍ നയിക്കപ്പെട്ട പക്ഷിക്കുഞ്ഞുങ്ങളും, ഒരു ഘട്ടത്തില്‍ ജന്മസിദ്ധമായ വാസനയാല്‍, 'വി' ആകൃതിയില്‍ പറക്കുന്നതായി കണ്ടുവത്രെ! കൂടുകളില്‍ വളരുന്ന പക്ഷികളില്‍ ഭൂമിശാസ്ത്രപരമായ അറിവുകള്‍ കുറയുമെങ്കിലും ദേശാടനത്തിനുള്ള 'ഡ്രൈവ്' നഷ്ടപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.

വാള്‍ഡ്രാപ്പ്ടീം നയിക്കുന്ന സന്യാസി കൊക്കുകളുടെ അടുത്ത ദേശാടനം ഇനി 2024 ആഗസ്തിലാണ്. ഫ്രിറ്റ്‌സിന്റെ കേമ്പിലെ പുതിയ പക്ഷിക്കുഞ്ഞുങ്ങള്‍ ആന്‍ഡലൂഷ്യയിലേക്കുള്ള തയ്യാറെടുപ്പിലാണ്.

ഹ്യുമെന്‍-ലെഡ് ബേഡ് മൈഗ്രേഷന്‍: മനുഷ്യര്‍ നയിക്കുന്ന പക്ഷികളുടെ ആദ്യത്തെ ദേശാടനം 1993-ല്‍ ആണ് നടന്നതെന്ന് ഗിന്നസ് ബുക് ഓഫ് വേള്‍ റെക്കോഡ്‌സ് രേഖപ്പെടുത്തുന്നു. വില്യം ലിഷ്മാന്‍, ജോസഫ് ഡഫ് എന്നീ നാച്വറാലിസ്റ്റുകളാണ് അന്നതിന് നേതൃത്വം നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഭാരം കുറഞ്ഞ ഒരു എയര്‍ക്രാഫറ്റില്‍, 18 കനഡ താറാവുകളെ 644 കി.മി ദൂരത്തേക്ക്, കനഡയിലെ ഒണ്ടാറിയോയില്‍ നിന്ന് യുഎസിലെ വിര്‍ജീനിയയിലേക്ക്, കൂടെ പറത്തിക്കൊണ്ടുപോയി.