മനുഷ്യര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ പക്ഷികളെ എങ്ങനെ ബാധിക്കുന്നു എന്നതിനേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ നമുക്കുള്ളൂ. 2022 ഫെബ്രുവരി 24 ന് റഷ്യ യുക്രൈനില്‍ സൈനികാധിനിവേശം നടത്തി. യുക്രൈന്‍ ജനത മാത്രമായിരുന്നില്ല യുദ്ധക്കെടുതികള്‍ ഏറ്റുവാങ്ങിയത്. വംശനാശം നേരിട്ടുകൊണ്ടിരുന്ന അസംഖ്യം പക്ഷിയിനങ്ങള്‍ അടക്കമുള്ള യുക്രൈന്‍ ജൈവ വൈവിധ്യവും തുല്യവിനാശത്തിന് ഇരയായി. യുദ്ധത്തിലെ ഉടനടിയുള്ള നാശങ്ങളും സംഘര്‍ഷവും ആവാസ വ്യവസ്ഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. പ്രകൃതിവിഭവങ്ങള്‍ ഇല്ലാതാവുന്നു. പരിസ്ഥിതി മലിനമാവുന്നു. പക്ഷികളോ, അവയും പലരീതികളില്‍ ജീവിതം മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിക്കുന്നു. 

To advertise here,

യുക്രൈനിലെ പക്ഷികള്‍

സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ഒഴിവാക്കാന്‍, യുക്രൈനിലൂടെയുള്ള തങ്ങളുടെ സ്ഥിരം ദേശാടനപാത തന്നെ ചിലയിനം കഴുകന്മാര്‍ മാറ്റിയത് കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. റഷ്യന്‍ ആക്രമണം ആരംഭിച്ചശേഷം 'വലിയ പുള്ളിക്കഴുകന്മാര്‍' (Greater spotted eagles) വഴിമാറി സഞ്ചരിച്ചു. വിശ്രമിക്കാനും ഇടയ്ക്ക് വയര്‍ നിറയ്ക്കാനുമുള്ള പതിവ്  'പിറ്റ്സ്റ്റോപ്പുകള്‍' പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്തു. താരതമ്യേന ദുര്‍ബലരായ ചിലയിനം ഇരപിടിയന്‍ പക്ഷികള്‍ക്ക് പ്രജനന കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. ''ഇടയ്ക്ക് ദാഹം തീര്‍ക്കാന്‍ സാഹചര്യമില്ലാതെ മാരത്തണ്‍ ഓടുന്ന അത്‌ലെറ്റിനോട്, ഏഴോ എട്ടോ മൈല്‍ കൂടി ഓടാന്‍ ആവശ്യപ്പെടുന്നത് പോലെയാണിത്,'' വിഷയത്തേക്കുറിച്ച് പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്‌ളിയയിലെ ഡോ. ചാര്‍ളി റസ്സല്‍ പറഞ്ഞു. വഴിമാറിയുള്ള ദീര്‍ഘയാത്രയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുത്താന്‍ വലിയ പുള്ളിക്കഴുകന്മാര്‍ കൂടുതല്‍ സമയമെടുത്തു. ഇത് അവയുടെ കുഞ്ഞുങ്ങളുടെ അതിജീവനസാധ്യതയെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.  യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷമാണ് പഠനം നടത്തിയത്. യുക്രൈനിലൂടെ തെക്കന്‍ ബെലാറസിലെ പ്രജനന കേന്ദ്രങ്ങളിലേക്ക് പറന്ന 19 വലിയ പുള്ളിക്കഴു കന്മാരുടെ ദേശാടനപാതകള്‍ പഠനം വിശകലനം ചെയ്തു. ഗ്രീസിലെ അതിശൈത്യ പ്രദേശങ്ങളില്‍ നിന്നാണ് പെണ്‍പക്ഷികള്‍ യാത്ര ചെയ്തതെങ്കില്‍, കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്നായിരുന്നു ആണ്‍പക്ഷികളുടെ യാത്ര.

placeholder
ഷെല്ലാക്രമണത്തിൽ പരിക്കേറ്റ കാക്ക, ക്വീവിൽ നിന്നുള്ള ദൃശ്യം

സമാനസ്വഭാവമുള്ള 20 പക്ഷികളുടെ, 2018-21-ല്‍ നടന്ന 65 ദേശാടനങ്ങളുമായി ഈ പാതകളെ താരതമ്യം ചെയ്തു. യുക്രൈന്‍ ആക്രമണത്തിനുശേഷം കഴുകന്മാര്‍ ശരാശരി 85 കിലോമീറ്റര്‍ അധികം സഞ്ചരിച്ചു. ഒരു കഴുകന്‍ പതിവ് തെറ്റിച്ച് 155 മൈല്‍ അധികം പറന്നു. പൊതുവില്‍ സംഘര്‍ഷത്തിന് ശേഷമുള്ള ദേശാടനത്തിന് പക്ഷികള്‍ ശരാശരി 55 മണിക്കൂര്‍ കൂടുതല്‍ എടുത്തു. സംഘര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് ആണ്‍പക്ഷികള്‍ അത്തവണ പറന്നത്. സംഘര്‍ഷത്തിന് മുമ്പ് 90% കഴുകന്മാര്‍ക്കും യുക്രൈനില്‍ സ്റ്റോപ്പ് ഓവറുകള്‍ ഉണ്ടായിരുന്നു. ആക്രമണശേഷം 32% കഴുകന്മാര്‍ മാത്രമേ യുക്രൈനില്‍ തങ്ങിയുള്ളു. യുക്രൈനിലെ അവരുടെ ചില സ്വാഭാവിക താവളങ്ങള്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കി, പ്രത്യേകിച്ചും സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതലുള്ളിടങ്ങളെ.

വഴിയിലെ അപകട മുന്നറിയിപ്പുകളൊന്നും മനുഷ്യരെപ്പോലെ പക്ഷികള്‍ക്ക് ലഭ്യമല്ലല്ലോ! കഴുകന്മാരെ സംഘര്‍ഷങ്ങള്‍ ബാധിച്ചത് പല രീതിയിലായിരുന്നു. ബോറോവെറ്റ്‌സ് എന്ന് വിളിപ്പേരുള്ള ഒരു കഴുകന്‍, തീവ്രമായ പോരാട്ടത്തിനിടയിലും കീവ് വഴി പറക്കുന്നത് തുടര്‍ന്നു. ഡെനിസ എന്ന് പേരിട്ട മറ്റൊരു കഴുകനാവട്ടെ, നഗരത്തില്‍, സ്‌ഫോടനങ്ങളുടെയും യുദ്ധങ്ങളുടെയും ഒരു കിലോമീറ്ററിനുള്ളില്‍ പറന്നശേഷം തന്റെ പാത മാറ്റി. ഇടയ്ക്കിടെ ഉണ്ടാകുന്ന ബോംബുസ്‌ഫോടനങ്ങളില്‍ ഭയന്ന് പെട്ടെന്ന് സ്വയം വഴിതിരിച്ചുവിട്ടതാവാം..

'നമുക്ക് ഇപ്പോള്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ, മനുഷ്യനുമേല്‍ മാത്രമല്ല, മറ്റു ജീവിവര്‍ഗങ്ങളുടെ മേലും യുദ്ധങ്ങളുടെ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് മനസ്സിലാക്കുക പ്രധാനമാണ്. യുദ്ധമൊഴിയുന്ന സാഹചര്യത്തില്‍ ആവാസവ്യവസ്ഥയെ മൊത്തത്തില്‍ വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്,'' പഠനം നിര്‍ദ്ദേശിക്കുന്നു.

അന്താരാഷ്ട്രതലത്തില്‍, കാട്ടുപക്ഷികളെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മേഖലയാണ് യുക്രൈന്‍. ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്ന 18 പക്ഷികള്‍, യൂറോപ്യന്‍ ജനസംഖ്യയുടെ 15 ശതമാനത്തിലധികം എണ്ണം വരുന്ന 19 ഇനങ്ങള്‍ എന്നിങ്ങനെ 434 ഇനം പക്ഷികള്‍ യുക്രൈന് സ്വന്തമാണ്. കൂടാതെ 2.5 ദശലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള 141 പ്രധാന പക്ഷി മേഖലകളും. ഇവയെല്ലാം സൈനിക നടപടികളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള ഭീഷണിയിലാണിന്ന്. 

placeholder
യുക്രൈനിലെ ഗോതമ്പ് പാടത്തിന് മുകളിലൂടെ പറക്കുന്ന വൈറ്റ് സ്റ്റോർക് പക്ഷി 

ഷെല്ലുകള്‍ 'വിളയുന്ന' വയലുകള്‍

യുക്രൈനിലെ വിശാലമായ കൃഷിസ്ഥലങ്ങള്‍ രാജ്യത്തിന്റെ ദേശീയപക്ഷിയായ വെള്ളക്കൊക്കുകളുടെ പരമ്പരാഗത പ്രജനനസ്ഥലങ്ങളായിരുന്നു. ഇന്നവ മിക്കവാറും, ബോംബുകള്‍, മിസൈലുകള്‍, പീരങ്കി ഷെല്ലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും സൈന്യത്തിന്റെ ആവശ്യത്തിനായി കുഴിച്ച ചാലുകളും കൊണ്ട് മൂടപ്പെട്ടതാണെന്ന് നേച്ചര്‍ മാഗസിനില്‍ വന്ന, ആര്‍എസ്ആര്‍ ഫിറ്ററുടെ 'ഇഫക്റ്റ് ഓഫ് ദി വാര്‍ ഓണ്‍ ബേഡ് ലൈഫ്' എന്ന പഠനം പറയുന്നു. (https://www.nature.com/articles/148059a0). ഗ്രേ പാര്‍ട്രിഡ്ജ്, സ്‌കൈലാര്‍ക്ക്, ഷോര്‍ട്ട്-ഇയേര്‍ഡ് ഔള്‍, മോണ്ടേഗസ് ഹാരിയര്‍ തുടങ്ങിയ പക്ഷികളുടെ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെട്ടു. ഡാമുകളില്‍ ബോംബിട്ടപ്പോള്‍ അത് ദെസ്‌ന നദീതടത്തില്‍ പ്രജനനം നടത്തിവന്ന പക്ഷികുലങ്ങളെ (ഗ്രേറ്റ് വൈറ്റ് ബിറ്റേണ്‍, സ്പൂണ്‍ബില്‍, ഗ്ലോസി ഐബിസ്, പര്‍പ്പിള്‍ ഹെറോണ്‍, ഷോവലര്‍, ഗഡ്വാള്‍, പോച്ചാഡ് തുടങ്ങിയ) ബാധിച്ചു. റോക്കറ്റ് ആക്രമണങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടര്‍ന്നു. അതും ജൈവവൈവിധ്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചു. നിരന്തരമായ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നുള്ള തീ കരിങ്കടല്‍ മേഖലയായ അസോവിലെ പുല്‍ക്കാടുകളെ എരിച്ചില്ലാതാക്കി. കരിങ്കൊക്ക്, ഷോര്‍ട്ട്-ടോഡ് ഈഗിള്‍, ലെസ്സര്‍ സ്‌പോട്ടഡ്, ബ്ലാക്ക് ഗ്രൗസ്, കഴുകന്‍ മൂങ്ങ, ഗ്രേറ്റ് ഗ്രേ, കോമണ്‍ ക്രെയിന്‍ തുടങ്ങിയ കാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥ അവിടങ്ങളില്‍ തകര്‍ക്കപ്പെട്ടു.

പ്രാദേശികമായ ജീവിവര്‍ഗ്ഗങ്ങളെ ഇല്ലാതാക്കാന്‍ യുദ്ധത്തിനെളുപ്പമാണ്. ഇന്ന് ബോംബാക്രമണത്തിലൂടെയും ഷെല്ലാക്രമണത്തിലൂടെയും പൂര്‍ണ്ണമായും നശിച്ചുകാണുന്ന യുക്രൈനിലെ ജനവാസകേന്ദ്രങ്ങള്‍, കാലങ്ങളായി വെള്ളക്കൊക്കുകള്‍ കൂടുകൂട്ടിയിരുന്ന താവളങ്ങളായിരുന്നു. ഫാമുകള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായപ്പോള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വൈകി. ഇത് കൃഷിഭൂമി ആവാസകേന്ദ്രമാക്കിയ 'ലിറ്റില്‍ ഔള്‍' എന്ന മൂങ്ങവര്‍ഗ്ഗത്തെ സാരമായി ബാധിച്ചുവെന്നാണ് ആര്‍എസ്ആര്‍ ഫിറ്റര്‍ പറയുന്നത്.  

placeholder
യുക്രൈനിലെ ഖാർകിവ് മേഖലയിൽ നിന്നുള്ള ദൃശ്യം

കശ്മീരിലെത്താതെപോയ പക്ഷികള്‍

യുക്രൈന്‍ യുദ്ധത്തിന്റെ ആഘാതം കശ്മീരില്‍ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളേയും ബാധിച്ചതായി പ്രാദേശിക പക്ഷിനിരീക്ഷകരുടെ റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍, കശ്മീരില്‍ ദേശാടനപ്പക്ഷികളുടെ കണക്കെടുപ്പ് നടക്കാറുണ്ട്. യുദ്ധം തുടങ്ങിയശേഷം യൂറോപ്പില്‍ നിന്ന് കശ്മീര്‍ താഴ്വരയിലെ തണ്ണീര്‍ത്തടങ്ങളിലേക്ക് എല്ലാ ശൈത്യകാലത്തും എത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ കുറവുവന്നതായി കണ്ടു. ആവാസവ്യവസ്ഥയെ യുദ്ധം ബാധിക്കുന്നത് അതിസങ്കീര്‍ണ്ണമായാണ്. വൈദ്യുതി ഇല്ലാതാവുമ്പോള്‍ തീക്കൂട്ടി തണുപ്പാറ്റാന്‍ ആളുകള്‍ കാട്ടുമരങ്ങള്‍ വെട്ടും. ഭക്ഷ്യക്ഷാമം ഉയരുമ്പോള്‍ മനുഷ്യര്‍ വേട്ടയാടും. ഇതും കാട്ടുപക്ഷികളുടെ വംശനാശത്തിനരങ്ങൊരുക്കുകയാണ്. യുദ്ധോപകരണങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ പക്ഷികളുടെ ഭക്ഷണസ്രോതസ്സുകളെ വിഷമയമാക്കിയതായി 'ബേഡ്‌ലൈഫി ഇന്റര്‍നാഷണല്‍' കണ്ടെത്തിയിട്ടുണ്ട്.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം 26 വര്‍ഷം നീണ്ടു. 1983-ല്‍ തുടങ്ങി 2009-ല്‍ അവസാനിച്ച യുദ്ധത്തെ പക്ഷേ രാജ്യത്തെ പക്ഷികള്‍ മറന്നിട്ടില്ല! നേരത്തെ യുദ്ധമേഖലകളായിരുന്ന പ്രദേശങ്ങളിലെ കാട്ടുപക്ഷികള്‍ ഇപ്പോഴും മനുഷ്യരെ കാണുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ ബര്‍വുഡിലുള്ള ഡീക്കിന്‍ സര്‍വകലാശാലയിലെ ജോനാഥന്‍ ജ്ഞാനപ്രകാശവും സഹപ്രവര്‍ത്തകരും കണ്ടെത്തി. യുദ്ധം ബാധിക്കാത്ത പ്രദേശങ്ങളില്‍ പക്ഷികളുടെ മനുഷ്യരോടുള്ള പെരുമാറ്റത്തില്‍ അസ്വഭാവികതയൊന്നും കാണപ്പെട്ടിരുന്നില്ല.