
അതിവേഗതയിൽ അവരുടെ അടുത്തെത്തിക്കൊണ്ടിരുന്ന ആ വണ്ടിക്കകത്ത്, നല്ല ഉറക്കത്തിലായിരുന്ന രണ്ട് സ്റ്റാഫും ഞാനുൾപ്പെടെ മൂന്നുപേരാണുണ്ടായിരുന്നത്. ഞങ്ങൾ വിചാരിച്ചാൽ ആ രണ്ട് അതികായരെ എളുപ്പത്തിൽ കീഴടക്കാനാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
സാഹചര്യങ്ങൾ കാൺകെ നടന്നത് വനസംബന്ധമായ കുറ്റകൃത്യം തന്നെയാണെന്നാണ് പെട്ടെന്ന് തോന്നിയത്. ന്യായമായും അവർ കാട്ടിനുള്ളിൽ നിന്ന് വല്ല മാനിനെയോ പന്നിയെയോ വെടിവച്ചതാകാനാണ് വഴി. തങ്ങളെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം മുൻകൂർ നിശ്ചയിച്ചത് പ്രകാരം ജീപ്പ് വരുന്നത് കാത്തുനിൽക്കുന്നതാകാം.
വണ്ടി ഓടി അവർക്കടുത്തെത്തുന്നതിന് മുൻപ് എന്തൊക്കെ ചിന്തകളാണ് എന്റെ മനസ്സിലൂടെ കടന്നുപോയതെന്ന് പറയാൻ വയ്യ. അതിവേഗതയിൽ ഓടിയിരുന്ന വണ്ടിയിലെ ഉറക്കത്തിലുള്ള രണ്ട് കൂട്ട് സ്റ്റാഫുമായി അവരുടെ അടുക്കൽ ചവിട്ടി നിർത്തിയാൽ എന്തായിരിക്കും സംഭവിക്കുന്നത്? ശരിക്കും സ്റ്റാഫുകളെ വിളിച്ചുണർത്താനോ അവരോട് വിവരം പറഞ്ഞ് ജാഗ്രത്താക്കാനോ സമയം തീരെയില്ല. എന്തിന്.. ചിന്തിക്കാൻ പോലും!
എന്തായാലും രണ്ടും കൽപിച്ച് ഞാൻ വണ്ടി അവരുടെ മുമ്പിലായി ചവിട്ടി നിർത്തുക തന്നെ ചെയ്തു. സർക്കാർ വണ്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ അവന്മാരുടെ അമ്പരപ്പ് മാറുന്നതിനുള്ള അവസരം കൊടുക്കാതെ ഒരലർച്ചയോടെ ചാടി വീണ് അതിലൊരാളെ കീഴടക്കി. എനിക്ക് എന്നോട് തന്നെ വല്ലാത്ത ബഹുമാനം തോന്നിയ നിമിഷങ്ങൾ!
അന്നേരത്തെ പിടിവലിയിൽ അയാളുമായി നിലത്ത് വീണുരുളവേ ഒച്ചയും ബഹളവും കേട്ട് ഞെട്ടിയുണർന്ന സ്റ്റാഫ് രണ്ടുപേരും ജീപ്പിൽ നിന്ന് ഝടുതിയിൽ ചാടിയിറങ്ങി. അപ്പോഴും വല്ലാത്ത ശബ്ദത്തിൽ റോഡിലുരഞ്ഞ് നിന്ന ജീപ്പിന്റെ ടയറുകൾ കരിഞ്ഞ മണം അന്തരീക്ഷത്തിലാകെ തളം കെട്ടിക്കിടന്നിരുന്നു.
അവരെക്കൂടി കണ്ടതോടെ എന്നോട് എതിരിട്ടുകൊണ്ടിരുന്ന രണ്ടാമൻ പിന്തിരിഞ്ഞ് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലായി. എന്നാൽ സ്റ്റാഫുണ്ടോ വിടുന്നു! ആ രാത്രിയിൽ വണ്ടിയുടെ വെളിച്ചത്തിൽ അവരവനെ ഓടിച്ചിട്ട് പിടിച്ചു. അതെ, എന്റെ ഊഹം ശരിയായിരുന്നു. പ്രതീക്ഷിച്ചത് പോലെ ഒരു പുള്ളിമാനെ തന്നെയാണ് അവന്മാർ വെടിവച്ചുകൊന്ന് ഇറച്ചിയാക്കിയിരിക്കുന്നത്!
ഇതൊക്കെയാണെങ്കിലും മതിയായ സ്റ്റാഫില്ലാതെ രണ്ട് പ്രതികളും തൊണ്ടിയുമായി തമിഴ്നാട്ടിലൂടെയുള്ള തുടർയാത്ര അപകടകരമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സമയം കളയാതെ തമ്മിൽ കൂടിയാലോചിച്ച് വണ്ടി തിരിച്ച് പ്രതികളുമായി ഉദുമൽപ്പേട്ട റെയ്ഞ്ചിലേക്ക് യാത്രയാരംഭിച്ചു. അവന്മാരെ തമിഴ്നാട് ഫോറസ്റ്റുകാരെ ഏൽപ്പിച്ച് കഴിഞ്ഞാൽ നമ്മുടെ പണി കഴിഞ്ഞു.
പറഞ്ഞ് വരുമ്പോൾ ഒരു അന്തർ സംസ്ഥാന വേട്ടസംഘത്തെയാണ് കേരള വനംവകുപ്പിന്റെ ഇത്തിരിപ്പോന്ന ഒരു പ്രൊബേഷണറി റെയ്ഞ്ച് ഓഫീസർ ജോലിയിൽ കയറിയ ഉടനെ ജീവൻ പോലും പണയം വച്ച് അതിസാഹസികമായി കീഴടക്കിയിരിക്കുന്നത്! ട്രെയിനിംഗ് കഴിഞ്ഞ് സർവീസിൽ കയറുമ്പോൾ എന്നെക്കാത്തിരിക്കുന്നതോ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലും!
കൂട്ടുസ്റ്റാഫുകൾക്കും എന്തെങ്കിലും കിട്ടാതിരിക്കില്ല. ഉറപ്പ്! അല്ലെങ്കിലും ഒരു പരിധി വരെ അവരും അത് അർഹിക്കുന്നതാണല്ലോ. പക്ഷേ, ശിക്കാരി ശംഭുവിന്റെ കാര്യം പറഞ്ഞത് മാതിരി അവർ തൊണ്ടിയുമായി ഇങ്ങോട്ട് വന്ന് ചാടുകയായിരുന്നില്ലേ എന്ന് ചോദിച്ചാൽ...! അതിലൊന്നും വലിയ കാര്യമൊന്നുമില്ല. ഇങ്ങനെയൊക്കെത്തന്നെയാണ് പോലീസും ഫോറസ്റ്റും എക്സൈസും മിക്ക കേസുകളും പിടിക്കുന്നത്. ഒന്നുകിൽ ഒറ്റ്, അല്ലെങ്കിൽ പ്രതികളുടെ പെരുമാറ്റത്തിൽ കാണുന്ന അസ്വാഭാവികത! അതൊക്കെ എല്ലാവർക്കും അറിയാവുന്നതുമാണല്ലോ. തിരികെ വണ്ടിയോടിക്കുമ്പോൾ എന്റെ മനസ്സിനെ മഥിച്ചിരുന്നത് അമ്മാതിരി ചിന്തകളാണ്.
ഇങ്ങനെയൊക്കെ പറഞ്ഞ് നിറുത്തി ഇവിടെ കഥനം അവസാനിപ്പിച്ചാൽ അതിലെ ശരിതെറ്റുകൾ ചികഞ്ഞ് കണ്ടെത്താൻ അനുവാചകരും ദോഷൈക ദൃക്കുകളും ‘ഇച്ചിരി’ കഷ്ടപ്പെടേണ്ടി വരുമെന്നുറപ്പാണ്. കാരണം ഒന്നാമതായി അത് ഇരുപത്താറ് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ നടന്ന സംഭവമാണ്. തന്നെയുമല്ല മറയൂരിന്റെയും മറ്റ് ജില്ലകളിലെ റെയ്ഞ്ചുകളുടേയും ചരിത്രത്തിൽ കേരള വനംവകുപ്പിന്റെ പുലിക്കുട്ടികൾ ഇതും ഇതിലപ്പുറവും ചെയ്തിട്ടുണ്ട് താനും! പിന്നെന്താണ് പ്രശ്നം എന്നല്ലേ...?
‘’സംഗതിയൊക്കെ ശരിയാണ്. പക്ഷേ അവരാരും ‘ജനാർദനൻ നായർ രാധാഭായി അമ്മ അനി എന്ന ഞാൻ.. ’ ആയിരുന്നില്ല എന്ന് മാത്രം!’’
സത്യത്തിൽ അന്ന് അത്തരമൊരു സാഹചര്യം നിനച്ചിരിക്കാതെ പെട്ടെന്ന് മുന്നിൽ ഉരുത്തിരിഞ്ഞപ്പോൾ സ്വതേ പേടിത്തൊണ്ടനായ ഞാൻ പേടിച്ച് വിറച്ചുപോകുകയാണ് ഉണ്ടായത്. വനംവകുപ്പിൽ ജോലിക്ക് കയറി നാളേറെ കഴിഞ്ഞിട്ടും എന്നിൽ ജന്മനായുള്ള ഭീരുത്വം കലർപ്പില്ലാതെ മറനീക്കി പുറത്ത് വരുന്നതാണ് പിന്നീട് കണ്ടത്. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ തെളിഞ്ഞ് കണ്ട ആ ഉരുക്കുമനുഷ്യരെ സമീപിക്കവേ കൂടെയുള്ളവരെ ഉണർത്താനോ എന്തിന് നേരേ ചൊവ്വേ ശ്വാസം വിടാനോ പോലും കഴിയാതെ ആക്സിലറേറ്ററിൽ ഞാൻ സർവശക്തിയുമെടുത്ത് അമർത്തിച്ചവിട്ടുകയായിരുന്നു!
‘തോമസുകുട്ടീ… വിട്ടോടാ...’ എന്ന് പറഞ്ഞത് പോലെ ‘നൂറേ.. നൂറിൽ’ കത്തിച്ചുവിട്ട വണ്ടി ചിന്നാറിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റെത്തിയിട്ടേ പിന്നെ നിർത്തിയുള്ളൂ എന്നതായിരുന്നു ശരിക്കുമുള്ള കഥയുടെ പരിണാമഗുപ്തി! അനുവാചകരുടെ പ്രതീക്ഷകൾ കുറച്ച് നേരത്തേയ്ക്കെങ്കിലും തകിടം മറിച്ചെങ്കിൽ ‘ഐ ആം ദ സോറി!’ എനിക്കപ്പോൾ അങ്ങനെയേ ചെയ്യാൻ കഴിഞ്ഞുള്ളൂ.
ദോഷം പറയരുതല്ലോ നാണക്കേട് കാരണവും ആൾക്കാർ കളിയാക്കുമെന്ന് പേടിച്ചും ആരോടും പറയാതെ ഏറെനാൾ ആ സംഭവം ഞാൻ മനസ്സിൽത്തന്നെ സൂക്ഷിച്ചു വച്ചിരുന്നു. എന്നാൽ ട്രെയിനിംഗ് കഴിഞ്ഞ് പോകുന്നതിന് മുൻപ് എന്നോടൊത്ത് കാന്തല്ലൂരിൽ ജോലി ചെയ്തിരുന്ന ഫോറസ്റ്റ് ഗാർഡും സുഹൃത്തും ആയിരുന്ന നൗഷാദിനോട് ഒരു സ്വകാര്യ സംഭാഷണത്തിൽ മടിച്ചുമടിച്ചാണെങ്കിലും അത് പറയുക തന്നെ ചെയ്തു.
‘ചാക്കിനകത്ത് മാനോ പന്നിയോ ആണെന്ന് ആ രാത്രി സാറെങ്ങനെയാണ് ഉറപ്പിച്ചത്? ഇനിയവർ വല്ലവരേയും കൊന്ന് കൊണ്ടുവന്നതാണെങ്കിലോ? തമിഴ്നാട്ടിലല്ലേ… ങ്ഹാ... എന്തായാലും ആ നട്ടപ്പാതിരായ്ക്ക് വണ്ടി നിറുത്താത്തത് നന്നായെന്നേ ഞാൻ പറയൂ.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഞാനതിന് മറുപടി ഒന്നും പറഞ്ഞില്ല. എന്നിരുന്നാലും മനസ്സിന് വല്ലാത്ത ഒരാശ്വാസമാണ് തോന്നിയത്. നൗഷാദിൽ നിന്നും കേട്ട കാതിനിമ്പം പകരുന്ന മറുപടിയിൽ എന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ആ ‘മഹാ ധൈര്യശാലി’ കണക്കറ്റ് ആഹ്ളാദിക്കുന്നതും അപ്പോൾ ഞാനറിഞ്ഞു.
ശരിയാണ്. ചോര കൊണ്ടെന്നോണം ആകെ നനഞ്ഞിരുന്ന ആ ചാക്കിനകത്ത് നൗഷാദ് പറയുന്നത് പോലെ എന്തും ആകാം! ഒരു വേള അത് മാനും പന്നിയും തന്നെ ആകണമെന്നില്ല. തന്നെയുമല്ല യൂണിഫോമിലല്ലാതെ പ്രൈവറ്റ് ജീപ്പിൽ മഫ്ടിയിൽ ഉടുമല പോയി വരികയായിരുന്ന ഞങ്ങളുടെ അധീശത്വം തമിഴ്നാട്ടിലെ എന്തിനും പോന്ന ആ ഗുണ്ടകൾ ഒരിക്കലും അംഗീകരിച്ച് തരികയും ഇല്ലായിരുന്നല്ലോ.
അത് പറയുമ്പോഴാണ് സർക്കാർ സംവിധാനങ്ങളുടെ വിലനിലവാരം മനസ്സിലാകുന്നത്. സാധാരണ യൂണിഫോമിന് ചെറിയ വിലയൊക്കെ ആളുകൾ നൽകാറുണ്ടെന്ന് ഒരു സത്യമാണ്. അത് ധരിച്ചിരുന്നത് കൊണ്ടുമാത്രം അടിയിൽ നിന്ന് രക്ഷപ്പെട്ട ഒരു കഥ ഞാൻ പിന്നാലെ പറയുന്നുണ്ട്.
മുൻപൊരിക്കൽ തിരുവനന്തപുരം ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഓ ആയിരിക്കെ ആനക്കൊമ്പ് റെയ്ഡുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കുറച്ച് സ്റ്റാഫുകളെ ചില തത്പരകക്ഷികൾ തടഞ്ഞ് വച്ച ഒരു സംഭവത്തിലേയ്ക്കാണ് ഇവിടത്തെ ഈ ‘ശ്രദ്ധക്ഷണിക്കൽ പ്രമേയം’.
തടഞ്ഞ് വച്ചിരിക്കുന്ന വനപാലകരെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലും നിയമവാഴ്ച പൂർണമായും പോലീസിൽ നിക്ഷിപ്തമാകയാലും ഞാനുൾപ്പടെയുള്ള സ്റ്റാഫുകൾ എനിക്ക് പരിചയം ഉണ്ടായിരുന്ന ഒരു ഡിവൈഎസ്പി വഴി മുൻകൂർ വിവരം അറിയിച്ചിട്ട് മൂന്ന് ജീപ്പുകളിലായി ‘സ്ഥലത്തെ’ പോലീസ് സ്റ്റേഷനിലെത്തുകയുണ്ടായി. അപ്പോൾ അവിടെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉണ്ടായിരുന്നില്ല. പക്ഷേ, അപ്പോഴേയ്ക്കും വിവരമറിഞ്ഞ കക്ഷി വനംവകുപ്പുകാരുടെ സഹായത്തിനായി പോകാനുള്ള നിർദേശം പോലീസുകാർക്ക് നൽകിക്കഴിഞ്ഞിരുന്നു.
സ്റ്റേഷനിലെത്തി പുറത്ത് വണ്ടിയിൽ ‘കാത്തിരുന്നിട്ടും’ ആരും പുറത്തിറങ്ങാത്തതിനാൽ ഞാൻ പതിയെ ഇറങ്ങി കെട്ടിടത്തിന് അകത്തേയ്ക്ക് ചെന്നു. അപ്പോൾ ഒരു ഗ്രേഡ് എസ്ഐ ഉൾപ്പെടെ തയ്യാറായി നിൽക്കുകയാണ്.
‘സാർ.. ഒരഞ്ച് മിനിറ്റ്. അപ്പോഴേയ്ക്കും ജീപ്പിങ്ങെത്തും. ഞങ്ങൾ റെഡിയാണ്.’ അദ്ദേഹം എന്നോടായി പറഞ്ഞു.
‘അവരെ കുറച്ച് നേരമായി തടഞ്ഞ് വച്ചിരിക്കുകയാണ്. ഞങ്ങൾക്ക് വണ്ടിയുണ്ട്. വേറെ പ്രശ്നമില്ലെങ്കിൽ അതിൽ കൂടെ വരാമല്ലോ.’ പുറത്ത് കാത്തുകിടക്കുന്ന മൂന്ന് ഔദ്യോഗിക വാഹനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
‘ഉള്ളത് പറയാമല്ലോ...’ പോലീസ്’ എന്നെഴുതിയ വണ്ടിക്കേ ആളുകളുടെ ഇടയിൽ വിലയുള്ളൂ അതുകൊണ്ടാണ് സാർ....! അതിലാണ് നമ്മൾ പിടിച്ചുനിൽക്കുന്നത് തന്നെ. അല്ലാതെ യൂണിഫോം കൊണ്ട് ചിലപ്പോൾ ഒരു പ്രയോജനവും കിട്ടില്ല...!’
എനിക്കത് പുത്തനറിവായിരുന്നു. ഫോറസ്റ്റും എക്സൈസുമായി താരതമ്യപ്പെടുത്തുമ്പോൾ ജനങ്ങൾക്കിടയിൽ പൊലീസിനുള്ള മേൽക്കോയ്മ എനിക്കും അറിയാവുന്നതാണ്. എന്നാൽ, അതിൽത്തന്നെ പോലീസ് എന്ന് പേരെഴുതിയ ജീപ്പിനുള്ള അപ്രമാദിത്വം അപ്പോഴാണ് എനിക്ക് ശരിക്കും വ്യക്തമായത്!
ഇത്രയും പറയാനിടയായ സ്ഥിതിക്ക് റെയ്ഞ്ചോഫീസർ ആയിരുന്നപ്പോൾ ഒരു പോലീസ് സ്റ്റേഷനിൽ കയറാനിടയായ എനിക്ക് പറ്റിയ പറ്റ് കൂടി പറഞ്ഞിട്ട് മറയൂരിലേക്ക് തിരികെപ്പോകാം.
അതിലേക്ക് കടക്കുന്നതിന് മുമ്പ് വനംവകുപ്പിലെ റെയ്ഞ്ച് ഓഫീസറന്മാർ എന്നത് ഗസറ്റഡ് ഓഫീസറന്മാരും തോളിൽ പതിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങളുടെ എണ്ണത്തിലും റാങ്കിലും ശമ്പളത്തിലുമൊക്കെ പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറന്മാർക്ക് തുല്യവും ആണെന്ന് ഓർക്കുമല്ലോ. അതേ സമയം സർക്കിൾ ഇൻസ്പെക്ടറന്മാർക്കില്ലാത്ത ഒരു ചെറിയ വ്യത്യാസം അവർക്കുള്ളത് റെയ്ഞ്ച് ഓഫീസറന്മാർ യൂണിഫോമിലാകുമ്പോൾ ചുമലിൽ നക്ഷത്രങ്ങളോട് ചേർന്ന് ഫോറസ്റ്റ് കോഡ് അനുശാസിക്കുന്ന പ്രകാരമുള്ള പച്ച നിറത്തിലെ റിബൺ വയ്ക്കുന്ന പതിവില്ല എന്നതും കേരള ഫോറസ്റ്റ് സർവീസ് എന്നതിന്റെ ചുരുക്കപ്പേരായി കെ എഫ് എസ് (KFS) എന്ന സ്റ്റീൽ അക്ഷരങ്ങൾ മാത്രമാണ് സ്റ്റാറിന് പുറമെ യൂണിഫോമിന്റെ ഭാഗമായി ധരിക്കുന്നത് എന്നതുമാണ്. പിന്നെ വനംവകുപ്പിലെ യൂണിഫോം ധരിക്കുന്ന സ്റ്റാഫുകൾക്ക് ഉള്ളത് പച്ച നിറത്തിലെ ‘വിസിൽകോഡാണ്’ (Whistle cord). (വനംവകുപ്പിൽ യൂണിഫോം ധരിക്കുന്നത് റെയ്ഞ്ച് ഓഫീസർ തസ്തിക വരെയുള്ള ഉദ്യോഗസ്ഥന്മാർ മാത്രമാണെന്ന് മുൻപൊരിക്കൽ പറഞ്ഞത് ഓർക്കുമല്ലോ.)
അതേ സമയം പൊലീസിലെ സംസ്ഥാനതല ഉദ്യോഗസ്ഥന്മാർ ചുമലിലെ സ്റ്റാറുകൾക്കൊപ്പം നീലയും ചുവപ്പും നിറത്തിലെ റിബണും കെ പി എസ് (KPS - കേരള പോലീസ് സർവീസ്) എന്ന മൂന്ന് അക്ഷരങ്ങളും ധരിക്കാറുമുണ്ട്. അവരുടെ ‘വിസിൽ കോഡാകട്ടെ’ നീല നിറത്തിലുള്ളതുമാണ്.
എന്നാൽ ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനാകുമ്പോൾ കെ പി എസ് എന്നീ അക്ഷരങ്ങൾക്ക് പുറമേ ചുമലിൽ വനംവകുപ്പിലെ റെയ്ഞ്ച് ഓഫീസറന്മാരെപ്പോലെ മൂന്ന് നക്ഷത്രങ്ങൾ മാത്രമാകും ധരിക്കുക. നീലയും ചുവപ്പുമുള്ള റിബൺ ധരിക്കാറുമില്ല. (സ്വന്തം പേരെഴുതിയ നെയിം ബോർഡിനെപ്പറ്റി ഇവിടെ വിവക്ഷയില്ല.)
പറഞ്ഞ് വരുന്നത് എന്തെന്നാൽ യൂണിഫോമിലുള്ള ഒരു റെയ്ഞ്ച് ഓഫീസറേയും ഡി വൈ എസ് പിയേയും തമ്മിൽ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗം ചുമലിലെ മൂന്ന് സ്റ്റാറുകളിലെ എണ്ണമല്ല മറിച്ച് വിസിൽ കോഡിന്റെ നീലനിറവും കെപിഎസ് എന്ന അക്ഷരങ്ങളുമാണ് എന്ന് സാരം! പക്ഷെ പെട്ടെന്ന് കാണുന്ന ഒരാൾ അങ്ങനെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. പിന്നെ അവരെത്തുന്ന സർക്കാർ വക വണ്ടിയാണ് എളുപ്പത്തിൽ ഐഡന്റിഫിക്കേഷനുള്ള മറ്റൊരു മാർഗ്ഗം!
അങ്ങനെ യൂണിഫോമിലായിരുന്ന ഞാൻ ഒരിക്കൽ പേപ്പാറയിലുണ്ടായ ഒരു ലോ ആൻറ് ഓർഡർ പ്രശ്നത്തെത്തുടർന്ന് വിതുര പോലീസ് സ്റ്റേഷനിലേക്ക് ചെന്നുകയറുന്നതാണ് രംഗം. കഷ്ടകാലത്തിന് അന്ന് വനംവകുപ്പും ഒരു ‘കശപിശയിൽ’ നേരിട്ട് അന്വേഷണം നടത്താനായി എത്തുന്ന ഡി വൈ എസ് പിയെ കാത്തിരിക്കുകയായിരുന്നു അവിടുള്ളവർ എന്ന് എനിക്ക് അറിയാതെ പോയി.
ജീപ്പ് വളപ്പിന് പുറത്തിട്ടതിന് ശേഷം സ്റ്റേഷനിലോട്ട് ഓടിക്കയറിയ അന്നത്തെ ചെറുപ്പക്കാരനായ എന്നെക്കണ്ട് പാറാവ് നിന്ന പോലീസുകാരൻ ബൂട്ടുപയോഗിച്ച് സർവശക്തിയും ഉപയോഗിച്ച് നിലത്ത് ചവിട്ടി ശബ്ദമുണ്ടാക്കിയും കൈയ്യിലിരുന്ന റൈഫിൾ ഉയർത്തിയും കമാൻഡ് ഉരുവിട്ടുമൊക്കെ ‘ബട്ട്സല്യൂട്ട്’ (Butt Salute- കൈയ്യിലേന്തുന്ന റൈഫിൾ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ആദരവ് പ്രകടിപ്പിക്കുനതിനായി നൽകുന്ന പ്രത്യേക തരം സല്യൂട്ട്) ചെയ്യുന്നത് കണ്ടപ്പോൾത്തന്നെ എനിക്ക് ഒരു ‘വശക്കേട്’ തോന്നിയിരുന്നു! സാധാരണ പോലീസ് സ്റ്റേഷനിൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽക്കൂടി ഏറെ ബുദ്ധിമുട്ടി വലത് കൈ ഒന്ന് ഉയർത്തി അഭിവാദനം ചെയ്തുവെന്ന് വരുത്തുന്നത് കണ്ടാണ് എനിക്ക് ശീലം! സല്യൂട്ട് ചെയ്യുന്ന വലത്തെ കൈയ്യ് ഉയർന്ന് തൊപ്പിയോളം പോലും എത്താറില്ല താനും!
ആ പാറാവുകാരന്റെ ബഹളവും ബട്ട്സല്യൂട്ടും കേട്ട് ഡി വൈ എസ് പി എത്തിയെന്നുറപ്പിച്ച് അവിടെ അതിനകം സന്നിഹിതരായിരുന്ന സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പക്ടറും ബാക്കി പോലീസുകാരും ഒക്കെ എണീറ്റ് നിന്ന് പടാപടാ ശബ്ദത്തിൽ എനിക്ക് സല്യൂട്ട് നൽകുന്നതാണ് തുടർന്ന് അവിടെ അരങ്ങേറിയ നാടകം! പോരേ പൂരം!
അതിനിടയിൽ സീറ്റിൽ നിന്നും എണീറ്റുനിന്ന സബ് ഇൻസ്പെക്ടർ എന്നെ ആദരവോടെ അദ്ദേഹത്തിന്റെ കസേരയിൽ ആസനസ്ഥനാകാനായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഞാനപ്പോൾ കണ്ടത് സിവിൽ വേഷത്തിൽ എനിക്ക് മുൻപ് അവിടെ എത്തിയിരുന്നതും സർവീസിൽ എന്റെ സീനിയറായിരുന്നതുമായ അന്നത്തെ പേപ്പാറ റെയ്ഞ്ച് ഓഫീസർ പോലും എണീറ്റ് ഭയഭക്തി ബഹുമാനത്തോടെ സല്യൂട്ട് ചെയ്ത് നിൽക്കുന്നതായിരുന്നു! അത്രനേരം അവിടെ ഒരു സ്റ്റൂളിൽ ഉപവിഷ്ടനായിരുന്ന അദ്ദേഹത്തിനും എന്നെ പിന്നീടാണ് മനസ്സിലായതെന്ന് വ്യക്തം!
സത്യത്തിൽ തൊലി ഉരിഞ്ഞ് നിലത്ത് വീഴുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്. വന്നത് അവരുടെ ഡിവൈഎസ് പി അല്ല പകരം വനംവകുപ്പിലെ ഒരു പുതിയ റെയ്ഞ്ച് ഓഫീസർ മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ പോലീസുകാരും തങ്ങളുടെ അപ്രമാദിത്വത്തിന് അറിയാതെ എറ്റുപോയ അടിയിൽ വിഷമിച്ചാണ് പിന്നീട് നിന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തിറങ്ങിപ്പോയാൽ മതിയെന്നാണ് എനിക്കപ്പോൾ തോന്നിയത്.
ഇത്തരത്തിൽ പോലീസ് സ്റ്റേഷനുകളിൽ യൂണിഫോമണിഞ്ഞ് എത്തുമ്പോൾ തെറ്റിദ്ധാരണയുടെ പേരിൽ കിട്ടിയ അമിത ആദരവിനെക്കുറിച്ച് ഒന്ന് രണ്ട് ഉദ്യോഗസ്ഥന്മാരിൽ നിന്നും ഞാൻ പിന്നീട് കേട്ടിട്ടുണ്ട്. വനംവകുപ്പിലെ തന്നെ കേരളത്തിന്റെ വടക്കുള്ള ഒരുദ്യോഗസ്ഥൻ ഒരിക്കൽ പറഞ്ഞത് അങ്ങനെ പോലീസ് സ്റ്റേഷനകത്തേയ്ക്ക് ആനയിക്കപ്പെട്ട് അദ്ദേഹം അവിടെയുണ്ടായിരുന്ന തന്റെ ചങ്ങാതിയായ സർക്കിളിന്റെ സഹായത്തോടെയാണ് ചമ്മലോടെ തിരികെ പുറത്തേക്കിറങ്ങിപ്പോയതെന്നാണ്. പക്ഷേ, എന്റെ കഥ അവിടം കൊണ്ടും തീരുന്നില്ല.
ഞാൻ എന്റെ സീനിയറായ ആ റെയ്ഞ്ച് ഓഫീസറോട് പേപ്പാറയിലെ സംഭവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അതിനകത്തുതന്നെ നിൽക്കുകയായിരുന്നു. സത്യത്തിൽ ചമ്മൽ ഒഴിവാക്കാനായി ഞാൻ സംഭാഷണം മനഃപൂർവ്വം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അപ്പോളതാ വാതിൽക്കൽ വീണ്ടും ഒരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം! ഇപ്പോൾ അവരുടെ ഡിവൈഎസ്പി അന്വേഷണാർത്ഥം എത്തിയത് തന്നെയാകണം.
അതെ, പ്രതീക്ഷ ശരിവച്ചുകൊണ്ട് വീണ്ടും ആ പാറാവുകാരന്റെ ചവിട്ടും ബട്ട്സല്യൂട്ടും ഉച്ചത്തിലെ കമാൻഡ് വിളിയും ഉയർന്ന് കേട്ടു. തുടർന്ന് ആ ഡിവൈഎസ്പി കടന്ന് വരുന്ന വഴിയിലെ ബാക്കിയുള്ളവരുടെ ചടപടായുള്ള സല്യൂട്ടുകളും. ആകെ ജഗപൊക!
പറഞ്ഞ് വരുമ്പോൾ പൊലീസിലെ ഡിവൈഎസ്പി വനംവകുപ്പിലെ റെയ്ഞ്ച് ഓഫീസറെക്കാൾ മുതിർന്ന ഉദ്യോഗസ്ഥനാണല്ലോ. അതിനാൽത്തന്നെ ഞാനും പെട്ടെന്ന് പോലീസുകാരോടൊപ്പം എഴുന്നേറ്റ് അകലെ നിന്നും നടന്നുവന്ന അദ്ദേഹത്തെ അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്തു. ഞാൻ മാത്രമല്ല അവിടെ നിന്നിരുന്ന സർക്കിളും എസ്ഐയും ഒക്കെ. ആകെ സല്യൂട്ട് മയം! അത് കാൺകെ അദ്ദേഹം തിരികെ കൈയ്യുർത്തി പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു.
എന്റെ പുതിയ ഷൂസ് നിലത്ത് ചവിട്ടി സല്യൂട്ട് ചെയ്തപ്പോൾ അത്രമേൽ ഒച്ചയുണ്ടാകുന്നത് സന്തോഷത്തോടെയാണ് ഞാനന്ന് ശ്രവിച്ചത്. കാരണം സല്യൂട്ടിന്റെ ഭാഗമായുള്ള അംഗവിക്ഷേപങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് യൂണിഫോമിന്റെ ഭാഗം തന്നെയായ ബൂട്ടിട്ട് നിലത്ത് ചവിട്ടിയുള്ള ചുവടുവയ്പുകളും. അത് കാൺകെ സീനിയറായ ആ റെയ്ഞ്ച് ഓഫീസറും അറ്റൻഷനായി ‘ഹീൽ അപ്പ്’ (Heel Up) ചെയ്ത് (യൂണിഫോമിൽ അല്ലാത്തതിനാൽ) കടന്നുവരുന്ന ഉദ്യോഗസ്ഥന് അഭിവാദ്യം അർപ്പിക്കുകയുണ്ടായി.
ശരിക്കും ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചുവെന്ന് പറയുന്നത് അതാണ്. അപ്പോൾ കടന്നുവന്നത് തൊട്ടടുത്ത സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു! ഉയർന്ന ഉദ്യോഗസ്ഥന്മാരൊക്കെ എത്തുമെന്ന് കരുതി മുഖം കാണിക്കാൻ എത്തിയതാണ് കക്ഷി. അദ്ദേഹത്തിന്റെ തോളിലെ രണ്ട് നക്ഷത്രങ്ങൾ തെളിഞ്ഞ് കണ്ടത് പുള്ളി ശരിക്കും അടുത്തെത്തിയപ്പോഴാണ്. അത്രയ്ക്കായിരുന്നു അരപ്പിരി ലൂസായ ആ പാറാവുകാരന്റെ വാതിൽക്കലുള്ള ആ ചവിട്ടും തൊഴിയും! സാധാരണ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം നൽകാറുള്ള ബട്ട്സല്യൂട്ടുൾപ്പടെ ആ പാറാവുകാരൻ വരുന്നവർക്കും പോകുന്നവർക്കും അഭിവാദ്യങ്ങൾ വാരിക്കോരി വിളമ്പുകയാണെന്ന് ഞാൻ മനസ്സിലാക്കിയപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. ചിലപ്പോൾ എന്നെപ്പോലെ പുതുതായി സർവീസിൽ കയറിയതായിരിക്കും ആ പാവവും!
എന്തായാലും അതോടെ ആകെ വശം കെട്ടുപോയ എനിക്ക് സീനിയർ റെയ്ഞ്ച് ഓഫീസറുടെ മുഖത്ത് നോക്കാനുള്ള ശേഷി പോലും അപ്പോൾ ബാക്കിയില്ലായിരുന്നു. ആ പാറാവുകാരന്റെ ഒടുക്കത്തെ വെപ്രാളം കണ്ട് അറിയാതെ ജൂനിയറിനെ സല്യൂട്ട് ചെയ്ത് പോയ സർക്കിളേമ്മാൻ പതിഞ്ഞ ശബ്ദത്തിൽ പാറാവുകാരനെ എന്തോ പുളിച്ച തെറി പറയുന്നതും കേട്ടു. അപ്പോൾ ഇളിഭ്യനായി മൂന്ന് നക്ഷത്രങ്ങൾ പേറുന്ന മഫ്ടിയിലായിരുന്ന ആ പഴയ റെയ്ഞ്ച് ഓഫീസറും എന്നെ നോക്കി ഒരു വിഡ്ഢിച്ചിരി ചിരി ചിരിച്ചു കാണിച്ചു. സത്യത്തിൽ ഞാനപ്പോൾ ചിരിക്കാതെ മുഖം തിരിച്ച് കളഞ്ഞു. കേട്ടോ.
ഇതൊക്കെ കണ്ടപ്പോൾ ഇനി അവിടെ നിൽക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതെന്ന് എനിക്ക് ഒരു ഉൾവിളിയുണ്ടായി. അതുകൊണ്ട് ‘പോയിട്ട് കുറച്ച് അത്യാവശ്യം ഉണ്ടെന്ന്’ സീനിയറിനോട് പറഞ്ഞ് പതിയെ സ്ഥലം കാലിയാക്കിയ ഞാൻ പിന്നീട് റെയ്ഞ്ച് ഓഫീസർ ആയിരിക്കെ യൂണിഫോമിട്ടോ അല്ലാതേയോ ഒരിക്കലും ഒരു പോലീസ് സ്റ്റേഷനിലും കാലെടുത്ത് കുത്തിയിട്ടില്ല എന്ന് പറഞ്ഞാൽ എന്റെ വായനക്കാർ അത് വിശ്വസിച്ചേ മതിയാകൂ.
സത്യത്തിൽ അതുകൊണ്ടാണ് ഈ കഥയിൽ ഡിഎഫ്ഓ ആയിട്ട് പോലും പോലീസ് സഹായത്തിനായി മുൻകൂർ അറിയിച്ചിട്ട് പോയപ്പോൾ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങാതിരുന്നത്. അല്ലാതെ തലക്കനം കൊണ്ടല്ലെന്ന് മനസ്സിലാക്കണം എന്നപേക്ഷ.
അതിനിടയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം കൂടി ഉണ്ട്. പോയിട്ട് അത്യാവശ്യം ഉണ്ടെന്ന് സഹറെയ്ഞ്ചറോട് കള്ളം പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ നിന്നും തടിയൂരിക്കൊണ്ടോടിയ ഞാൻ പുറത്തേയ്ക്ക് വരവേ കണ്ടത് അടുത്തതായി വരുന്നത് ഇനി ആരുതന്നെയായാലും ഇടംവലം നോക്കാതെ വീണ്ടും ബട്ട്സല്യൂട്ട് കൊടുക്കുന്നതിനായി റൈഫിൾ ശരിയാക്കി കോപ്പ് കൂട്ടിക്കൊണ്ടിരുന്ന ആ യുവതുർക്കിയെയാണ്! എന്നാലപ്പോൾ എന്നെ കണ്ട ഭാവം പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. ഒരു പക്ഷേ ഞാൻ വനംവകുപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞതാകാം കാരണം!
ഇക്കണക്കിന് പോയാൽ അടുത്തതായി സ്റ്റേഷൻ പരിസരം തൂത്ത് വൃത്തിയാക്കാനെത്തുന്ന പാർട്ട് ടൈം സ്വീപ്പർക്കും ‘ലവൻ’ ബട്ട് സല്യൂട്ട് തന്നെ കൊടുക്കും എന്നതിൽ സംശയത്തിന് വകയില്ല. അവന്റെ ബഹളവും കമാൻറും തുടർന്നുള്ള ആക്രോശങ്ങളും കേൾക്കുമ്പോൾ ശരിക്കുള്ള ആളെക്കാണുന്നതിന് മുൻപ് വെപ്രാളപ്പെട്ട് ചാടിയെണീറ്റ് സല്യൂട്ട് ചെയ്തുചെയ്ത് ആ എസ് ഐ മാരുടേയും സി ഐ യുടേയും എന്റെ സഹറെയ്ഞ്ചറുടേയുമൊക്കെ കാലിനും കൈയ്ക്കും നീരുവരും എന്നതും ഉറപ്പാണ്. പിന്നെ ആ സ്റ്റേഷനിലേക്ക് ഓടിക്കയറിയതിലും വേഗത്തിലാണ് കാത്തുകിടന്ന വനംവകുപ്പ് ജീപ്പിലേക്ക് ഞാൻ തിരികെ ഓടിയത്!
(അവസാനിക്കുന്നില്ല)
Content Highlights: An IFS officer shares a humorous and candid look back at his early career, recounting how a moment of panic in the forest turned into a narrow escape, and how uniform similarities between the forest department and police led to an embarrassing case of mistaken identity and accidental salutes at a local police station.
Published: 29 May 2026, 05:39 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented