വലത്ത് വശത്ത് വൈറ്റ് ട്രഫിൾ , ഇടത് നായ തേടിയെടുത്ത വൈറ്റ് ട്രഫിൾ പരിശോധന ഉറപ്പുവരുത്തുന്ന ഇറ്റലിയിലെ ട്രഫിൾ വേട്ടക്കാരി
ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ഫംഗസ് ആണ് വൈറ്റ് ട്രഫിള്‍. തെക്കന്‍ യൂറോപ്പില്‍ ആണ് ഇതു കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയതും ഡിമാന്റ് ഉള്ളതുമായ പാചക ചേരുവകളില്‍ ഒന്നായ വൈറ്റ് ട്രഫിള്‍ അതിന്റെ രൂക്ഷമായ മണത്തിനും തീവ്രമായ രുചിക്കും പേരുകേട്ടതാണ്. ട്യുബറേസീ എന്ന ഫംഗികുടുംബത്തിലെ ട്യൂബര്‍ മഗ്‌നാറ്റം എന്ന സ്പീഷിസ് ആണ് വൈറ്റ് ട്രഫിള്‍ എന്ന് അറിയപ്പെടുന്നത്. അഞ്ച് ഇഞ്ചുവരെ വണ്ണം വയ്ക്കുന്ന ഇവയ്ക്ക് അരക്കിലോഗ്രാം വരെ ഭാരവുമുണ്ടാവും. 2009 ല്‍ ഒരു കിലോഗ്രാമിന് പത്തുലക്ഷത്തിലേറെ രൂപയായിരുന്നു ഇതിന്റെ വില. 1.9 കിലോയോളം ഭാരം വരുന്ന വൈറ്റ് ട്രഫിള്‍ 2021ല്‍ ന്യൂയോര്‍ക്കില്‍ ലേലത്തില്‍ പോയത് 50.68 ലക്ഷം രൂപയ്ക്കാണ്. റെക്കോഡ് തൂക്കത്തിന്റെ റെക്കോഡ് വില്‍പനയായിരുന്നു അത്.
മണ്ണിന് ഏതാനും ഇഞ്ചുതാഴെ മുതല്‍ അരമീറ്ററോളം ആഴത്തില്‍ വരെ വളരുന്ന ഇത് കണ്ടെത്താന്‍ വളരെ പ്രയാസമാണ്. വൈറ്റ് ട്രഫിളുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏതാനും മാസങ്ങള്‍ മാത്രമാണ് കാടുകളില്‍ നിന്നും ശേഖരിക്കാന്‍ കഴിയുന്നത്. ഓക്ക്, ഹസല്‍നട്ട്, പോപ്ലര്‍ തുടങ്ങിയ ചില മരങ്ങളുടെ ചുവട്ടില്‍ വേരുകളില്‍ നിന്നും പോഷകം സ്വീകരിച്ച് ഭൂമിക്കടിയില്‍ വളരുന്ന ഇവയ്ക്ക് ഏതുമരത്തിന്റെ ചുവട്ടിലാണോ വളരുന്നത് അതനുസരിച്ച് ഗന്ധവും ഗുണവും വ്യത്യാസപ്പെട്ടിരിക്കും.
ട്രഫിളിന്റെ സവിശേഷ ഗന്ധം മണത്തറിയാന്‍ കഴിയുന്ന പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയാണ് ട്രഫിള്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്നത്. അതിനായി നായകള്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ പരിശീലനം നല്‍കുന്നു. പരിശീലനത്തിനായി നായ്ക്കുട്ടി പാലുകുടിച്ചുതുടങ്ങുമ്പോള്‍ത്തന്നെ അമ്മയുടെ മുലയില്‍ ട്രഫിള്‍ പുരട്ടിക്കൊടുത്ത് അതിന്റെ ഗന്ധം പഠിപ്പിക്കുന്നു. പണ്ട് ഇതു തിരയാന്‍ പന്നികളെയും ഉപയോഗിച്ചിരുന്നു. ട്രഫിള്‍ കിട്ടിയാല്‍ അവ തിന്നാതിരിക്കാന്‍ പന്നിയുടെ മൂക്കിനുചുറ്റും ഒരു റിങ്ങ് ഇടേണ്ടതുണ്ടായിരുന്നു. തങ്ങള്‍ക്ക് ട്രഫിള്‍ കിട്ടുന്ന സ്ഥലങ്ങള്‍ ഓരോരുത്തരും പരമരഹസ്യമായി സൂക്ഷിക്കുന്നു. അപൂര്‍വമായതും കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഏതാനും ചിലമാസങ്ങളില്‍ മാത്രം ലഭ്യമാവുന്നതും വലിയ ആവശ്യകതയും ഇതിനെ അമൂല്യമാക്കുന്നു.

ഇറ്റലിയിലെ അക്വാലഗ്‌ന എന്ന സ്ഥലത്ത് വര്‍ഷം തോറും മൂന്നുതവണ ട്രഫിള്‍ ഉത്സവങ്ങള്‍ നടത്തുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ട്രഫിളിന്റെ മൂന്നില്‍ രണ്ടും ഇവിടെനിന്നാണ് ശേഖരിക്കുന്നത്. ഇവിടെ നിന്നും അവ ജര്‍മനി, ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതി ചെയ്യുന്നു. വര്‍ഷം തോറും നടക്കുന്ന നാഷണല്‍ വൈറ്റ് ട്രഫിള്‍ ഫെയറില്‍ നിരവധിയായ ട്രഫിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കിട്ടും അതോടൊപ്പം ഇറ്റലിയിലെ പ്രമുഖരായ ഷെഫുകള്‍ നടത്തുന്ന ഷോ കുക്കിങ്ങ് കാണാനും കഴിയും. ഇത് ഇറ്റലിയിലെ തന്നെ പ്രധാനപ്പെട്ട ഒരു വാര്‍ഷിക ഉത്സവമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി പ്രത്യേകിച്ചും ഫ്രാന്‍സിലും ഇറ്റലിയിലുമെല്ലാം പാചകത്തില്‍ ഉപയോഗിക്കുന്ന വൈറ്റ് ട്രഫിള്‍ റോമന്‍ കാലഘട്ടത്തില്‍പ്പോലും പ്രമുഖര്‍ക്ക് പ്രിയപ്പെട്ടതായിരുന്നെന്ന് പ്ലിനിയുടെ നാച്ചുറാലിസ് ഹിസ്റ്റോറിക്ക എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരത് പുരസ്‌കാരങ്ങളായി നല്‍കിയിരുന്നത്രേ. മധ്യകാലഘട്ടത്തില്‍ പോപ്പില്‍ നിന്നും ഭരണാധികാരികളില്‍നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി മുനിസിപ്പാലിറ്റികള്‍ അവര്‍ക്ക് വൈറ്റ് ട്രഫിള്‍ നല്‍കിയിരുന്നു.

പാസ്ത, റിസോട്ടോ, മുട്ട, മാംസം തുടങ്ങിയ വിഭവങ്ങള്‍ക്ക് സമൃദ്ധമായ രുചി ലഭിക്കാന്‍ ട്രഫിള്‍ സാധാരണയായി ചെറിയ അളവില്‍ ഉപയോഗിക്കുന്നു. അവയുടെ പാചക ഉപയോഗത്തിന് പുറമേ, വൈറ്റ് ട്രഫിള്‍ അതിന്റെ ഔഷധഗുണങ്ങളാലും മൂല്യമേറിയതാണ്. ട്രഫിളിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ടെന്നും ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ധാരാളം വെള്ളവും ധാതുക്കളും മാംസ്യവും നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിനു സഹായിക്കുന്ന വൈറ്റ് ട്രഫിളിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. പാചകം ചെയ്തതിനുശേഷം വിളമ്പുന്നതിനുമുന്‍പ് ചുരണ്ടി ഇടുന്ന ഇത് വേവിക്കേണ്ടതില്ല. ശേഖരിച്ചശേഷം ഉടന്‍തന്നെ വിപണിയിലും ആവശ്യക്കാരിലും എത്തിക്കേണ്ടതുണ്ട്, അധികകാലം ഇത് സൂക്ഷിച്ചുവയ്ക്കാന്‍ ആവില്ല.

ഉറപ്പു വരുത്തുന്ന ഇറ്റാലിയൻ ട്രഫിൾ വേട്ടക്കാരി | Getty images
എങ്ങനെയാണ് വൈറ്റ് ട്രഫിള്‍ ഉണ്ടാകുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്ന പുരാതന ഗ്രീക്കുകാര്‍ സിയൂസ് ദേവന്‍ അതിശക്തമായ മിന്നലുകള്‍ ഭൂമിക്കടിയിലേക്ക് അയക്കുമ്പോഴാണ് ഇതുണ്ടാകുന്നതെന്നു വിശ്വസിച്ചിരുന്നു. സമീപകാലത്ത് ബോസ്‌നിയ ഹെര്‍സഗോവിന പ്രദേശത്ത് ധാരാളമായി വൈറ്റ് ട്രഫിള്‍ കണ്ടെത്തുകയുണ്ടായി. ഇതിനായുള്ള തെരച്ചില്‍ നല്ല ജനകീയമായ ഒരു പരിപാടിയായി മാറുകയും ചെയ്തു. ഇതിനിടയില്‍ കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ വൈറ്റ് ട്രഫിള്‍ കൃഷി ചെയ്യാനുള്ള പരിപാടി വിജയത്തിലെത്തി എന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഒരു കര്‍ഷകന്‍ ഫ്രാന്‍സിലെ കൃഷിവകുപ്പിന്റെ സഹായത്തോടെ ട്രഫിളിന്റെ സ്‌പോറുകള്‍ അടങ്ങിയ തൈകള്‍ വില്‍പ്പനയ്ക്കുവച്ചു. ട്രഫിള്‍ ഉണ്ടാകുമെന്ന് പൂര്‍ണ്ണമായും ഉറപ്പൊന്നുമില്ലെങ്കിലും കഴിഞ്ഞരണ്ടുവര്‍ഷങ്ങളിലായി ഏതാനും പേരുടെ കൃഷി വിജയത്തില്‍ എത്തിയെന്നാണ് സൂചന.

സ്വര്‍ണ്ണത്തിന്റെ പകുതിയോളം വിലയുള്ള മണ്ണിനടിയില്‍ നായകള്‍ക്കുമാത്രം കണ്ടുപിടിക്കാന്‍ കഴിയുന്ന ഈ വിശിഷ്ടവിഭവം പലതരത്തില്‍ ഉള്ള അക്രമങ്ങള്‍ക്കും കൊള്ളകള്‍ക്കും കാരണമാകുന്നുണ്ട്. പരിശീലനം ലഭിച്ച നായകളെ തട്ടിയെടുക്കാനും വിഷം നല്‍കി കൊല്ലാനും സാധ്യത ഏറെയാണ്. അതുകൊണ്ട് അവയേയും അതീവ സുരക്ഷിതമായി സംരക്ഷിക്കേണ്ടതുണ്ട്. ട്രഫിള്‍ തിരഞ്ഞുകണ്ടുപിടിക്കുക എന്നത് വളരെ പരിശീലനം ആവശ്യമുള്ള ഒരു ജോലിയായതിനാല്‍ ആ അറിവുകള്‍ തലമുറ കൈമാറി സൂക്ഷിച്ചുവരുന്നു. അത് കുട്ടിക്കാലം മുതല്‍ തന്നെ സ്വായത്തമാക്കേണ്ട ഒരു സിദ്ധികൂടിയാണ്. വൈറ്റ് ട്രഫിള്‍ കണ്ടെത്താനുള്ള സാധ്യതയുടെ മൂന്നിലൊന്ന് കഴിവ് നായയുടെയും മൂന്നിലൊന്ന് തിരയുന്ന ആളുടെയും മൂന്നിലൊന്ന് പ്രദേശത്തിന്റെയും കഴിവാണത്രേ
Content Highlights: Eco story column on the fungus, white truffles, tuber magnatum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..