
ഹോങ്കോങ് വിട്ട് ജാക്കി ചാന്‍ പശ്ചിമഘട്ടത്തില്‍ വന്നോ? ജാക്കി ചാന്‍ വന്നില്ല, പക്ഷേ, അദ്ദേഹത്തിന്റെ പേരിലെ ആദ്യഭാഗം വന്നു. പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ പല്ലിക്കാണ് 2021-ല്‍ ഗവേഷകര്‍ ജാക്കി ചാനിന്റെ പേര് കൊടുത്തത്. മുഴുവന്‍ പേര് നെമാസ്പിസ് ജാക്കി (Cnemaspis jackieii). പല്ലിക്ക് അങ്ങനെയൊരു പേരുകൊടുക്കാന്‍ എന്തായിരിക്കും കാരണം? അത് പറയും മുന്‍പ് ഇത്തിരി പല്ലിവിശേഷങ്ങളാവാം. പല്ലികള്‍ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് രാത്രികാലങ്ങളില്‍ നമ്മുടെ വീടുകളിലെ ചുമരുകളില്‍ പതിഞ്ഞിരുന്ന്, വെളിച്ചത്തിലേക്ക് പറന്നുവരുന്ന പ്രാണികളെ നാവുവീട്ടി അകത്താക്കുന്ന ആ കൊച്ചു ഉരഗങ്ങളെ ആയിരിക്കുമല്ലോ. ഒരു പക്ഷേ, മനുഷ്യര്‍ ജീവിതത്തില്‍ ആദ്യമായി പരിചയപ്പെടുന്ന ജീവികള്‍ പല്ലികളായിരിക്കും.
ഈ ചിരപരിചിതത്വമായിരിക്കാം പല്ലികളുമായി ബന്ധപ്പെട്ട് അനേകം വിശ്വാസങ്ങളും ചൊല്ലുകളും ഉണ്ടാകാന്‍ കാരണം. ബൈബിളില്‍ പോലും പല്ലികളെ കുറിച്ച് പറയുന്നുണ്ട്. സദൃശ്യവാക്യങ്ങള്‍ 30:28-ല്‍ ഇങ്ങനെ പറയുന്നു:
Also Read
'പല്ലിയെ കൈകൊണ്ടു പിടിക്കാം
എങ്കിലും അത് രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു'
ആള്‍ ചെറുതാണെങ്കിലും ചില്ലറക്കാരനല്ല എന്നര്‍ത്ഥം...
പല്ലിയുമായി ബന്ധപ്പെട്ട് ഗൗളീശാസ്ത്രം എന്ന ഒരു ഭാവി പ്രവചനരീതി പോലും ഉണ്ടല്ലോ. പല്ലിയുടെ ചിലയ്ക്കല്‍, വീഴ്ച തുടങ്ങിയവ ശുഭസൂചനയോ ദുസ്സൂചനയോ നല്‍കുന്നു എന്നാണ് വിശ്വാസം. തലയില്‍ പല്ലി വീണാല്‍ തര്‍ക്കത്തിനുള്ള സാധ്യത, ഉച്ചിയില്‍ വീണാല്‍ മരണഭയം, മുഖത്ത് വീണാല്‍ അപ്രതീക്ഷിത സമ്പത്ത് ലഭിക്കാനുള്ള സാധ്യത, ഇടത് കണ്ണില്‍ പല്ലി വീണാല്‍ നല്ല വാര്‍ത്തകള്‍ക്കുള്ള സാധ്യത, വലത് കണ്ണിലാണെങ്കില്‍ ഏറ്റെടുത്ത പദ്ധതികളില്‍ പരാജയത്തിനുള്ള സാധ്യത, നെറ്റിയിലാണെങ്കില്‍ പങ്കാളിയുമായി അകന്നു കഴിയേണ്ടിവരാനുള്ള സാധ്യത, വലത്തെ കവിളില്‍ വീണാല്‍ മോശം വാര്‍ത്തകള്‍ക്ക് സാധ്യത. അങ്ങനെയങ്ങനെ പോകുന്നു വിശ്വാസങ്ങള്‍.
ബൈബിളിലും ഗൗളീശാസ്ത്രത്തിലും പ്രതിപാദിക്കുന്ന പല്ലി ആദ്യം പറഞ്ഞ വീട്ടുപല്ലിയാണ്. ഹെമിഡാക്റ്റയിലസ് (Hemidactylus) ജീനസിന് കീഴില്‍ വരുന്ന പല്ലികളാണ് വീട്ടുപല്ലികള്‍. കേരളത്തില്‍ സാധാരണ കണ്ടുവരുന്ന വീട്ടുപല്ലിയാണ് ഹെമിഡാക്റ്റയിലസ് ഫ്രെനേറ്റസ് (Hemidactylus frenatus). കേരളത്തില്‍ കാണുന്ന മറ്റൊരു സ്പീഷീസ് 'പുള്ളിക്കാരന്‍ വീട്ടുപല്ലിയാണ്' (spotted house gecko). ഹെമിഡാക്റ്റയിലസ് പാര്‍വിമാക്കുലേറ്റസ് (Hemidactylus parvimaculatus) എന്നാണ് അതിന്റെ ശാസ്ത്രീയ നാമം. ഇങ്ങനെ അനേകമനേകം വീട്ടുപല്ലികളുണ്ട് ഭൂമിയില്‍. എന്നാല്‍ എല്ലാ പല്ലികളും വീട്ടിനുള്ളില്‍ ജീവിക്കുന്നവയല്ല. വീടിന് പുറത്ത് ജീവിക്കുന്ന ആയിരക്കണക്കിന് പല്ലി സ്പീഷീസുകളുണ്ട്.
പല്ലികളിലെ വൈവിധ്യം
ആഗോളതലത്തില്‍ രണ്ടായിരത്തോളം പല്ലികളുണ്ട്. ഓരോ വര്‍ഷവും പുതിയ സ്പീഷീസുകള്‍ കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. രൂപത്തിലും വലുപ്പത്തിലും നിറത്തിലും ജീവിതരീതികളിലും അതിവിപുലമായ വൈവിധ്യം പുലര്‍ത്തുന്ന, ഗെക്കോട്ട വിഭാഗത്തില്‍ (Gekkota clade) പെട്ട ഉരഗങ്ങളാണ് പല്ലികള്‍. പല്ലികളുടെ ഏറ്റവും പുരാതനമായ ഫോസിലുകള്‍ക്ക് 10-11.2 കോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഭൂമിയിലെ അവയുടെ ആവിര്‍ഭാവം 15 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പെങ്കിലും ആയിരിക്കുമെന്നാണ് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

വലിയ തലയും വലിയ കണ്ണുകളുമാണ് പല്ലികളുടെ പൊതുസ്വഭാവം. ഭൂരിപക്ഷം പല്ലികളുടേയും കണ്‍പോളകള്‍ക്ക് ചലനശേഷിയില്ല. എന്നാല്‍ ചലനശേഷിയുള്ള കണ്‍പോളകളുള്ള പല്ലികളുമുണ്ട്. മിക്ക പല്ലികള്‍ക്കും ചുമരിലും മറ്റ് പ്രതലങ്ങളിലും അള്ളിപ്പിടിച്ച് നില്‍ക്കാന്‍ കഴിവുള്ള വിരലുകളുണ്ട്. ആ കഴിവ് നഷ്ടപ്പെട്ട പല്ലികളുമുണ്ട്. നാല്‍പ്പത് ശതമാനം പല്ലികളുടേയും വിരലുകള്‍ക്കടിവശത്ത് ഇങ്ങനെ ഒട്ടിപ്പിടിക്കാന്‍ സഹായിക്കുന്ന പാഡുകളില്ല (adhesive toepads). പല്ലികളുടെ പ്രശസ്തമായ മറ്റ് രണ്ട് പ്രത്യേകതകളാണ് വാലറ്റം സ്വയം മുറിച്ചിടാനുള്ള കഴിവും ശബ്ദമുണ്ടാക്കാനുള്ള കഴിവും. ഈ രണ്ട് കഴിവുകളും ഇല്ലാത്ത പല്ലികളുമുണ്ട്.
പക്ഷികളെ പോലെ കാല്‍ഷ്യം കാര്‍ബണേറ്റ് കൊണ്ട് നിര്‍മ്മിതമായ കാല്‍ക്കേരിയസ് (calcareous) മുട്ടകളിടുന്നവയും മറ്റ് ഉരഗങ്ങളെ പോലെ തുകല്‍പോലെയുള്ള തോടുകളുള്ള (parchment-shelled) മുട്ടകള്‍ ഇടുന്നവയുമുണ്ട്. വളരെ അപൂര്‍വമായി കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പല്ലികളുമുണ്ട്. നമ്മുടെ വീട്ടുപല്ലികളെ പോലെ എല്ലാ പല്ലികളും രാത്രി ഇരപിടിക്കുന്നവയല്ല (Nocturnal). പകല്‍ ഇരപിടിക്കുന്ന (diurnal) പല്ലികളും ധാരാളമുണ്ട്. അത്തരമൊരു പല്ലിയാണ് നെമാസ്പിസ് ജാക്കി.
നെമാസ്പിസ് പല്ലികള്‍
നൂറോളം സ്പീഷീസുകളുള്ള ഒരു വലിയ 'പല്ലി ജീനസാണ്' നെമാസ്പിസ് (Cnemaspis). ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇവയെ കണ്ടുവരുന്നത്. ഏഷ്യയില്‍ തന്നെ ദക്ഷിണേഷ്യയിലും ദക്ഷിണപൂര്‍വ്വേഷ്യയിലും. നെമാസ്പിസ് സ്പീഷീസുകള്‍ അധികം വലുപ്പമില്ലാത്തവയും വൃത്താകൃതിയുള്ള കണ്ണുകള്‍ ഉള്ളവയുമാണ്. കൂടുതലും കാടുകളിലാണ് കാണപ്പെടുന്നത്. ഭൂരിപക്ഷം നെമാസ്പിസ് പല്ലികളും പകല്‍ ഇരപിടിക്കുന്നവയാണെങ്കിലും രാത്രി ഇരപിടിക്കുന്നവയുമുണ്ട്. എങ്കിലും സാധാരണയായി അവയെ 'പകല്‍പ്പല്ലികള്‍' (day geckos) എന്നാണ് വിളിക്കുന്നത്. അവയുടെ സഞ്ചാര പരിധി പരിമിതമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉദാഹരണത്തിന് പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പല സ്പീഷീസുകളും വളരെ ചെറിയ ഭൂപരിധിക്കുള്ളില്‍ മാത്രം ജീവിക്കുന്നവയാണത്രേ. നെമാസ്പിസ് പല്ലികളുടെ ഏറ്റവും വലിയ ജൈവവവൈധ്യം കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ്. സൌനക്ക് പാല്‍ (ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി), സീഷന്‍ മിര്‍സ (നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ബാംഗളൂര്‍), പ്രിന്‍സിയ ഡിസൂസ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗളൂര്‍), കാര്‍ത്തിക്ക് ശങ്കര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗളൂര്‍) എന്നീ ഗവേഷകര്‍ 2021-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഒറ്റയടിക്ക് 12 പുതിയ സ്പീഷീസുകളെയാണ് കണ്ടെത്തിയത്. അതില്‍പ്പെട്ടതാണ് നെമാസ്പിസ് ജാക്കി.
നെമാസ്പിസ് ജാക്കിയുടെ പ്രത്യേകതകള്‍...
വാല്‍ ഒഴികെയുള്ള നീളത്തെ അടിസ്ഥാനപ്പെടുത്തി മേല്‍പറഞ്ഞ ഗവേഷകര്‍ നെമാസ്പിസ് പല്ലികളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ചെറിയ ശരീരമുള്ളവ (35 മില്ലീമീറ്ററില്‍ കുറവ്), ഇടത്തരം ശരീരമുള്ളവ (3545 മില്ലീമീറ്റര്‍) വലിയ ശരീരമുള്ളവ (45 മില്ലീമീറ്ററില്‍ കൂടുതല്‍). അതേപോലെ ശാരീരിക പ്രത്യേകതകളും ജീവിക്കുന്ന ഭൂപ്രദേശങ്ങളും അടിസ്ഥാനമാക്കി മേല്‍പ്പറഞ്ഞ ഗവേഷകര്‍ നെമാസ്പിസ് സ്പീഷീസുകളെ 10 വിഭാഗങ്ങളാക്കി (clade) തിരിച്ചിട്ടുണ്ട്. ചെറിയ ശരീരമുള്ളവയും ഗ്രാസില്ലിസ് വിഭാഗത്തില്‍ (gracillis clade) പെട്ടതുമായ പല്ലിയാണ് നെമാസ്പിസ് ജാക്കി. ദക്ഷിണ പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചരിവിലുള്ള, തമിഴ്‌നാട്ടിലെ വൈരവന്‍കുളം നിക്ഷിപ്ത വനത്തില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്.

വീട്ടുപല്ലി (Hemidactylus frenatus)
ഇരപിടിക്കുന്നു
അരുവികളുടെ തീരത്തുള്ള പറക്കൂട്ടങ്ങളാണ് അവയുടെ വാസസ്ഥലം. ജനിതക പ്രത്യേകതകളും ബാഹ്യരൂപത്തിലെ പ്രത്യേകതകളും സംയോജിപ്പിച്ചുകൊണ്ടാണ് ഇതൊരു പുതിയ സ്പീഷീസ് ആണെന്ന് ഗവേഷകര്‍ തീരുമാനിച്ചത്. നെമാസ്പിസ് ജാക്കിയുടെ ശരാശരി വലുപ്പം 31.1 മില്ലീമീറ്ററാണ്. ചെറിയ കണ്ണുകള്‍ (രാത്രികാലത്ത് ഇരതേടുന്ന പല്ലികളുടെ കണ്ണുകള്‍ വലുതായിരിക്കും), വൃത്താകൃതിയിലുള്ള, കറുത്ത കൃഷ്ണമണികള്‍; അവയെ വലയം ചെയ്യുന്ന ഓറഞ്ച് നിറമുള്ള മിഴിപടലം (irises), വൃത്താകൃതിയുള്ള നാസാദ്വാരങ്ങള്‍, മെലിഞ്ഞു നീണ്ട ശരീരം, ചെറിയ മുന്‍കാലുകള്‍, നീളമുള്ള പിന്‍കാലുകള്‍, നീണ്ടുമെലിഞ്ഞ വിരലുകള്‍, വളഞ്ഞ നഖങ്ങള്‍, ശരീരത്തേക്കാള്‍ നീളമുള്ള വാല്‍ തുടങ്ങിയവയാണ് ശാരീരിക പ്രത്യേകതകള്‍.
ആണ്‍പല്ലികളും പെണ്‍പല്ലികളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ആണ്‍പല്ലികളുടെ മുകള്‍ ഭാഗം ചുവപ്പ് രാശികലര്‍ന്നതാണ്. അതില്‍ തവിട്ട് നിറമുള്ള ആറ് പുള്ളികളുമുണ്ട്. മഞ്ഞനിറം പുരണ്ടവയാണ് കൈകാലുകള്‍. വാലില്‍ ഒന്നിടവിട്ട് കറുപ്പും വെളുപ്പും നിറമുള്ള വീതിയുള്ള ഏഴ് വരകളുണ്ട് (bands). ശരീരത്തിന്റെ അടിഭാഗം മഞ്ഞയാണ്. പെണ്‍പല്ലികളുടെ മുകള്‍ ഭാഗം മങ്ങിയ ചാരനിറമോ തവിട്ട് നിറമോ ആയിരിക്കും. പുള്ളികള്‍ക്ക് ഇരുണ്ട തവിട്ട് നിറമാണ്. വാലിലെ വരകള്‍ക്ക് ഇരുണ്ട തവിട്ട് നിറവും മഞ്ഞയും തവിട്ടും കലര്‍ന്ന ഇളം നിറവുമാണ് (buff-coloured).
ജാക്കിയുടെ ബന്ധുക്കള്‍...
മുംബൈയിലെ താക്കറെ വൈല്‍ഡ് ലൈഫ് ഫൌണ്ടേഷനിലെ ഗവേഷകരായ ഇഷാന്‍ അഗര്‍വാള്‍, തേജസ്സ് താക്കറെ, അക്ഷയ് ഖണ്ഡേക്കര്‍ എന്നിവര്‍ 2022-ല്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലായി തമിഴ്‌നാട്ടില്‍ നിന്ന് ഗ്രാസില്ലിസ് വിഭാഗത്തില്‍ പെട്ട ആറ് പുതിയ സ്പീഷീസുകളെ കണ്ടെത്തി. സ്പീഷീസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ പഠനങ്ങളിലൊന്നില്‍ നെമാസ്പിസ് ജാക്കിയെ കുറിച്ചും പറയുന്നുണ്ട്. അവര്‍ കണ്ടെത്തിയ പുതിയ സ്പീഷീസുകളുമായി താരതമ്യം ചെയ്യുന്ന വിവരണങ്ങളില്‍ നിന്നും നെമാസ്പിസ് ജാക്കിയുടെ മറ്റുചില ശാരീരിക പ്രത്യേകതകള്‍ കൂടി മനസ്സിലാക്കാം.
അവയിലൊന്നാണ് നട്ടെല്ലിന് സമീപമുള്ള മുഴകള്‍ (paravertebral tubercles). ഇത്തരത്തിലുള്ള 11-12 മുഴകളാണ് നെമാസ്പിസ് ജാക്കിക്കുള്ളത്. മറ്റ് സ്പീഷീസുകളില്‍ ഇത് ഏറിയും കുറഞ്ഞുമിരിക്കും. ഇതുപോലെ തന്നെ ശരീരമധ്യത്തിലുള്ള മുഴനിരകളുടെ (dorsal tubercles at mid-body) എണ്ണത്തിലും വ്യത്യാസമുണ്ട്. ജാക്കിയില്‍ ഇത്തരത്തിലുള്ള 8-9 നിരകളാണുള്ളത്. മറ്റ് ചില സ്പീഷീസുകളെ പോലെ ഇവയ്ക്ക് ശരീരത്തിന്റെ വശങ്ങളില്‍ മുള്ളുകള്‍ പോലെയുള്ള മുഴകളില്ല.
പേര് വന്ന വഴി...
2021-ല്‍ സുവോളജിക്കല്‍ റിസര്‍ച്ച് (Zoological Research) എന്ന ഗവേഷണ പ്രസിദ്ധീകരണത്തില്‍ എഴുതിയ ശാസ്ത്രലേഖനത്തില്‍ നെമാസ്പിസ് ജാക്കിയുടെ പേര് വന്ന വഴിയെക്കുറിച്ച് ഗവേഷകര്‍ ഒന്നും പറയുന്നില്ല. സാധാരണയായി പുതിയ സ്പീഷീസിന് പേരിടുമ്പോള്‍ പേരിന്റെ ഉല്‍പ്പത്തി (etymology) സൂചിപ്പിക്കുന്നതാണ് കീഴ്‌വഴക്കം. ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേരിന് പിന്നിലുള്ള രഹസ്യം ഗവേഷകര്‍ വെളിവാക്കിയത്.
സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ ജാക്കി ചാന്‍ പ്രകടിപ്പിക്കുന്ന അസാമാന്യമായ മെയ് വഴക്കവും ചടുലതയും പ്രസിദ്ധമാണല്ലോ. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മിന്നല്‍ വേഗത്തില്‍ സഞ്ചരിക്കുകയും ആരെയെങ്കിലും കണ്ടാല്‍ ശരവേഗത്തില്‍ ചെറിയ മാളങ്ങളില്‍ നുഴഞ്ഞുകയറി രക്ഷപ്പെടുകയും ചെയ്യുന്ന ഈ കൊച്ചു പല്ലികളെ കണ്ടപ്പോള്‍ അവര്‍ക്ക് ജാക്കി ചാനെയാണത്രെ ഓര്‍മ്മ വന്നത്! അങ്ങനെയാണ് പശ്ചിമഘട്ടത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു പല്ലി പിറക്കുന്നത്. ഇതുവല്ലതുമറിയുന്നുണ്ടോ ജാക്കി ചാന്‍?
അധിക വായനയ്ക്ക്:
- Agarwal I, Thackeray T, Khandekar A (2022). A multitude of spots! Five new microendemic species of the Cnemaspis gracilis group (Squamata: Gekkonidae) from massifs in the Shevaroy landscape, Tamil Nadu, India. Vertebrate Zoology 72: 1137-1186.
- Deshpande A (2021). Newly discovered species of gecko named after Jackie Chan. The Hindu, October 1.
- Khandekar A, Thackeray T, Agarwal I (2022). Three more novel species of South Asian Cnemaspis Strauch, 1887 (Squamata, Gekkonidae) from Kalakad, Mundanthurai Tiger Reserve, Tamil Nadu, India. Vertebrate Zoology 72: 385-422
- Lajmi A, Bansal R, Giri V, Karanth P (2019). Phylogeny and biogeography of the endemic Hemidactylus geckos of the Indian subregion suggest multiple dispersals from Peninsular India to Sri Lanka. Zoological Journal of the Linnean Society. 186: 286-301.
- Meiri S (2019). What geckos are - an ecological-biogeographic perspective. Israel Journal of Ecology & Evolution. http://dx.doi.org/10.1163/22244662-20191075
- Pal S, Mirza ZA, Dsouza P, Shanker K (2021). Diversifying on the Ark: multiple new endemic lineages of dwarf geckos from the Western Ghats provide insights into the systematics and biogeography of South Asian Cnemaspis (Reptilia: Squamata). Zoological Research. 42(6): 675691
- Uetz P, Slavenko A, Meiri S, Heinicke M (2020). Gecko diversity: a history of global discovery. Israel Journal of Ecology and Evolution, 66(3-4): 117-125.
Content Highlights: cnemaspis jackieii specialities creature chronicles hemidactylus frenatus
Published: 27 Aug 2024, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented