ഡൊണാള്‍ഡ് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങി. ഈ വര്‍ഷം നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 2017 ജനുവരി ഇരുപതിനാണ് കഴിഞ്ഞ തവണ അദ്ദേഹം പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തത്. അതിന് കൃത്യം മൂന്ന് ദിവസം മുന്‍പ് 'സൂ കീസ്' (Zoo Keys) എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെ അമേരിക്കയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും കണ്ടെത്തിയ ഒരു പുതിയ നിശാശലഭം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു. ആള്‍ കുഞ്ഞനാണെങ്കിലും പേര് വലുതാണ്. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരാണ് അതിന്റെ സ്രഷ്ടാവായ വാസ്‌റിക്ക് നാസറി (Vazrick Nazari) അതിന് ചാര്‍ത്തിക്കൊടുത്തത്: നിയോപാല്‍പ്പാ ഡൊണാള്‍ഡ് ട്രംപി (Neopalpa donaldtrumpi). ജീവികളുടെ പേരിടുമ്പോള്‍ പുരുഷനാമമാണെങ്കില്‍ അവസാനത്തെ ശബ്ദം 'ഇ' ആയിരിക്കണമെന്നാണ് നിയമം. അങ്ങനെയാണ് 'ട്രംപ്' 'ട്രംപി' ആയത്. അമേരിക്കയിലെ ദക്ഷിണ കാലിഫോര്‍ണിയയിലും മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയയിലും മാത്രമേ ഇവയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ചിറകുവിരിച്ചാല്‍ രണ്ടറ്റങ്ങള്‍ക്കുമിടയിലെ  നീളം ഒരു സെന്റീമീറ്ററില്‍ കുറവായിരിക്കും. തലയിലെ സ്വര്‍ണനിറമുള്ള ശല്‍ക്കങ്ങളും മുന്‍ ചിറകുകളുടെ മേല്‍ഭാഗത്തെ ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറവുമാണ് പ്രത്യേകതകള്‍. ഭക്ഷണമെന്തെന്നും ജീവിതചക്രം എങ്ങനെയെന്നും ഇപ്പോഴും അറിയില്ല. നിയോപാല്‍പ്പ ജനുസ്സില്‍ കൂട്ടിന് മറ്റൊരു സ്പീഷീസ് കൂടിയുണ്ട്- നിയോപാല്‍പ്പാ നിയോനേറ്റ (Neopalpa neonata).    

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അപ്രശസ്തനായ കസിന്‍

ട്രംപിന്റെ പേരിലൂടെ പ്രശസ്തമാകും മുന്‍പ് നിയോപാല്‍പ്പാ എന്ന നിശാശലഭ ജനുസ്സ് അജ്ഞാത വാസത്തിലായിരുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ. 1998ല്‍ ചെക്ക് കീടശാസ്ത്രജ്ഞനായ ഡാലിബോര്‍ പൊവോള്‍നി (Dalibor Povolný) കാലിഫോര്‍ണിയയിലെ സാന്താ കാറ്റലിന ദ്വീപില്‍ നിന്ന് പിടിച്ച രണ്ട് ആണ്‍ നിശാശലഭങ്ങളെ ആധാരമാക്കിയാണ് നിയോപാല്‍പ്പാ ജനുസ്സ് സൃഷ്ടിച്ചത്. സ്പീഷീസ് നാമമായി നിയോപാല്‍പ്പാ നിയോനേറ്റ എന്ന പേരും കൊടുത്തു. അവയുടെ പെണ്‍ശലഭത്തെ ലഭിക്കുന്നത് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രമാണ്. തന്റെ പ്രശസ്തനായ കസിനെ പോലെ വര്‍ണപ്പൊലിമയില്ല നിയോപാല്‍പ്പാ നിയോനേറ്റയ്ക്ക്. ഏതായാലും കസിന്‍ പ്രശസ്തനായതോടെ നിയോനേറ്റയും വെള്ളിവെളിച്ചത്തിലെത്തി.    

placeholder
നിയോപാൾപ ഡൊണാൾഡ് ട്രംപി | By Vazrick Nazari - Nazari, Vazrick (2017). "Review of Neopalpa Povolný,
1998 with description of a new species from California and Baja California, Mexico (Lepidoptera, Gelechiidae)".
ZooKeys 646: 79–94. DOI:10.3897/zookeys.646.11411., CC BY 4.0, https://commons.wikimedia.org/w/index.php?curid=55209830

പേരിന് പിന്നില്‍

എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പേര്? കാരണം പേരിട്ട  നാസറി തന്നെ പറയും: ''ഈ പുതിയ സ്പീഷീസിന് പേരിട്ടിരിക്കുന്നത് 2017 ജനുവരി 20ന് നാല്‍പ്പത്തി അഞ്ചാമത് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദരസൂചകമായാണ്. ഇനിയും കണ്ടെത്തി പേര് നല്‍കിയിട്ടില്ലാത്ത അനേകമനേകം ജീവികള്‍ അധിവസിക്കുന്ന അമേരിക്കയിലെ ദുര്‍ബല ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അമേരിക്കന്‍ ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് പേരിന്റെ പിന്നിലെ പ്രധാന ഉദ്ദേശ്യം. ട്രംപിന്റെ മുടിയെ അനുസ്മരിപ്പിക്കുന്നതാണ് ഈ നിശാശലഭത്തിന്റെ നെറ്റിയിലുള്ള (തലയുടെ മുന്‍ഭാഗം) സ്വര്‍ണനിറമുള്ള ശല്‍ക്കങ്ങള്‍. അതുകൊണ്ടാണ് ഈ പേര് തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.'' പേരിന് പിന്നിലുള്ള സുപ്രധാന കാരണം ആദ്യത്തേതോ രണ്ടാമത്തേതോ എന്ന കാര്യത്തില്‍ വിദഗ്ധരുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ആദ്യത്തേതാകാമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. കാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ തന്റെ പരിസ്ഥിതി നയങ്ങള്‍ ഏത് ദിശയിലായിരിക്കുമെന്നുള്ളതിന്റെ സൂചനകള്‍ ട്രംപും സംഘവും നല്‍കുന്നുണ്ടായിരുന്നു. അത് ഒബാമ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക്  കടകവിരുദ്ധമായിരുന്നു. ഭൂമിയുടെ ശോഭനമായ ഭാവിക്ക് പകരം അമേരിക്കയുടെ വര്‍ത്തമാന സമൃദ്ധിക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരിസ്ഥിതി നയങ്ങള്‍. വാസ്‌റിക്ക് നാസറി സൂചിപ്പിച്ച ദുര്‍ബല ആവാസവ്യവസ്ഥകളൊന്നും അദ്ദേഹത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകാന്‍ അത് കാരണവുമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുണ്ടായ ചില പരാമര്‍ശങ്ങള്‍ ഈ ആശങ്കകള്‍ സാധൂകരിക്കുന്നവയായിരുന്നു. ഉദാഹരണത്തിന് ആഗോളതാപനം ഒരു തട്ടിപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുപോലെ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയായ പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹമത് പാലിക്കുകയും ചെയ്തു.    

placeholder
കുരുടി |By Marius Burger - https://www.inaturalist.org/photos/81151958, CC0, https://commons.wikimedia.org/w/index.php?curid=105785824

മറ്റൊരു ജീവിക്ക് കൂടി ട്രംപിന്റെ പേരോ?  

വംശനാശം നേരിടുന്ന ജീവികളുടെ സംരക്ഷണം ലക്ഷ്യമിടുന്ന അമേരിക്ക ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയാണ് റെയിന്‍ഫോറസ്റ്റ് ട്രസ്റ്റ്. പുതുമയുള്ള പല രീതികളിലൂടെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ പണം കണ്ടെത്തുന്നത്. അതിലൊന്നാണ് പുതിയ സ്പീഷീസുകള്‍ക്ക് പേരിടാനുള്ള അവകാശം ലേലം ചെയ്യുന്നത്. 2018ല്‍ പാനമയില്‍ കണ്ടെത്തിയ ഒരു കുരുടിയെ (Caecilian- പാമ്പുകളെ പോലെയുള്ള ഉഭയജീവികള്‍) ഇതുപോലെ ലേലം ചെയ്തപ്പോള്‍ യു.കെ. ആസ്ഥാനമായുള്ള പ്രകൃതി സൗഹൃദ കെട്ടിട നിര്‍മാണ കമ്പനിയായ എന്‍വിറോബില്‍ഡ് (EnviroBuild) ഇരുപത്തി അയ്യായിരം ഡോളറിന് കുരുടിക്ക് പേര് കൊടുക്കാനുള്ള അവകാശം നേടിയെടുത്തു. കുരുടിക്ക് നല്‍കാന്‍ അവര്‍ തിരഞ്ഞെടുത്ത പേര് ഡേര്‍മോഫിസ് ഡൊണാള്‍ഡ്ട്രംപി (Dermophis donaldtrumpi) എന്നും. ട്രംപിന്റെ പല നയങ്ങള്‍ക്കും എതിരെയുള്ള പരിഹാസത്തില്‍ പൊതിഞ്ഞ പ്രതിഷേധമെന്ന നിലയ്ക്കാണ് ഈ പേര് തിരഞ്ഞെടുത്തതത്രേ. മുതിര്‍ന്ന പെണ്‍ കുരുടികളുടെ ശരീരത്തില്‍  തൊലിയുടെ രണ്ട് പാളികളുണ്ടാവും. അതിലൊരെണ്ണം മുട്ടവിരിഞ്ഞു വരുന്ന കുഞ്ഞുങ്ങള്‍ ഭക്ഷണമാക്കും. ഇത് ട്രംപിന്റെ സ്വജനപക്ഷപാതവുമായി താരതമ്യം ചെയ്യാമെന്നാണ് എന്‍വിറോബില്‍ഡ് പറയുന്നത് (ഓവല്‍ ഓഫീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ട്രംപ് അദ്ദേഹത്തിന്റെ മക്കളെ നിയമിച്ചിരുന്നല്ലോ). അത് പോലെ കണ്ണ് കാണാത്ത ജീവികളാണ് കുരുടികള്‍. കാലാവസ്ഥാ വ്യതിയാനത്തോടുള്ള അദ്ദേഹത്തിന്റെ അന്ധമായ സമീപനവുമായി ഇതിനെ താരതമ്യം ചെയ്യാമെന്നും എന്‍വിറോബില്‍ഡ് അഭിപ്രായപ്പെടുന്നു. ലേലം കഴിഞ്ഞെങ്കിലും ഈ പേര് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ കഴിഞ്ഞ മാസം ഈ ലേഖകന്‍ എന്‍വിറോബില്‍ഡിനെ  ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: ''ഒടുവില്‍ ആ പേര് തിരസ്‌കരിക്കപ്പെട്ടു. എങ്കിലും ഞങ്ങള്‍ 25000 ഡോളര്‍ കൊടുക്കുക തന്നെ ചെയ്തു. അത് ഞങ്ങളുടെ പ്രതിബദ്ധതയായിരുന്നു.'' വരുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടാവാനും  ആകാതിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലൊരു കുരുടി ഉടനെയുണ്ടാവില്ല.

അധിക വായനയ്ക്ക് 

Nazari V (2017). Review of Neopalpa Povolný, 1998 with description 
of a new species from California and Baja California, 
Mexico (Lepidoptera, Gelechiidae). ZooKeys 646: 79-94