
ശാസ്ത്രജ്ഞരും തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യും. ചിലര്‍ ഒരു ചുവടുകൂടി മുന്‍പോട്ട് പോയി തങ്ങളുടെ ഗവേഷണത്തില്‍ പോലും തമാശ കലര്‍ത്തിയെന്ന് വരും. അത്തരമൊരാളാന് പ്രശസ്ത അമേരിക്കന്‍ കീടശാസ്ത്രജ്ഞനായ ആര്‍ണോള്‍ഡ് മെന്‍കെ (Arnold Menke).
വര്‍ഷം 1976. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ യു. എസ്. നാഷണല്‍ മ്യൂസിയത്തിലായിരുന്നു അന്ന് അദ്ദേഹത്തിന് ജോലി. മറ്റൊരു ലോകപ്രശസ്ത കീടശാസ്ത്രജ്ഞനായിരുന്ന ഹവാര്‍ഡ് ഇവാന്‍സ് (Howard Evans) മെന്‍കെയുടെ അടുത്ത സുഹൃത്തായിരുന്നു. ഉലകം ചുറ്റി കടന്നലുകളെ ശേഖരിക്കുന്നതില്‍ പ്രസിദ്ധരായിരുന്നു ഇവാന്‍സും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ മാത്യൂസും. 1970 കളില്‍ അവര്‍ ഓസ്ട്രേലിയയിൽ നിന്നും ധാരാളം കടന്നലുകളെ ശേഖരിച്ചിരുന്നു. അവയില്‍ ചിലതിനെ അദ്ദേഹം വിശദ പഠനത്തിനായി മെന്‍കെയ്ക്ക് അയച്ചുകൊടുത്തു. കൂട്ടത്തില്‍ ഒരു കടന്നലിനെ കണ്ടപ്പോള്‍ തന്നെ അതൊരു പുതിയ ജീനസ്സായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
''ആഹാ, ഒരു പുതിയ ജീനസ്സ് (Aha, a new genus).' ആ സമയത്ത് തൊട്ടടുത്ത് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ എറിക്ക് ഗ്രിസ്സെല്‍ (Eric Grissel) നില്‍ക്കുന്നുണ്ടായിരുന്നു. മെന്‍കെ പറഞ്ഞത് വിശ്വാസമില്ലാത്തതുപോലെ ഗ്രിസ്സെല്‍ ഒരു ശബ്ദമുണ്ടാക്കി.
''ഹാ (Ha).' ഒറ്റ നോട്ടത്തില്‍ ഒരുപോലെ തോന്നിച്ച എട്ട് കടന്നലുകളുണ്ടായിരുന്നു. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ അവ ഒരേ ജീനസില്‍ പെട്ട രണ്ട് സ്പീഷീസുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.
പേരുകള്‍ പിറക്കുന്നു
പുതിയ ജീവികള്‍ക്ക് പേരിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുവരെ ഉപയോഗിക്കാത്ത പേരായിരിക്കണം. പല നിയമങ്ങളും പാലിക്കണം. തമാശക്കാരനായ മെന്‍കെയുടെ മനസ്സില്‍ ഒരു ആശയം മിന്നി. പുതിയ കടന്നലിനെ കണ്ടപ്പോള്‍ വായില്‍ നിന്ന് പുറത്ത് ചാടിയ ശബ്ദം തന്നെയാകട്ടെ അതിന്റെ പേര്! അങ്ങനെ പുതിയ കടന്നലുകളുടെ ജീനസ് നാമം 'ആഹാ' (Aha) എന്നായി. രണ്ട് സ്പീഷീസുകളുണ്ടെന്ന് പറഞ്ഞല്ലോ. ആദ്യം കണ്ട സ്പീഷീസിന് 'ഹാ' (ha) എന്നും പേരിട്ടു. അങ്ങനെ ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വിചിത്രമായ 'ആഹാ ഹാ' (Aha ha) എന്ന ശാസ്ത്രീയനാമം പിറന്നു. രണ്ടാമത്തെ സ്പീഷീസിന് അദ്ദേഹം തന്റെ സുഹൃത്തിന്റെ പേര് നല്കി. അങ്ങനെ അത് ആഹാ ഇവാന്‍സി (Aha evansi) ആയി. അതേ കുറിച്ച് മെന്‍കെ ഇങ്ങനെയെഴുതി:
''ഇവാന്‍സിന്റെ മദ്യം കഴിച്ചുവീര്‍ത്ത വലിയ അരക്കെട്ടാണ് അതിനെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത്.''

കുഴികുത്തിക്കടന്നലുകള്‍
ക്രാബ്രോണിഡേ (നേരത്തേ സ്‌ഫെസിഡേ) കുടുംബത്തിലെ (Family: Crabronidae) മിസ്‌കോഫിനി ഗോത്രത്തിലെ (Tribe: Miscophini) അംഗങ്ങളാണ് ആഹാ കടന്നലുകള്‍. മണ്ണില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് മിസ്‌കോഫിനികള്‍ മുട്ടയിടുന്നത്. അങ്ങനെയാണ് അവയ്ക്ക് കുഴികുത്തിക്കടന്നലുകള്‍ (digger wasps) എന്ന വിളിപ്പേര് ലഭിച്ചത്. മുട്ടയിടുന്നതിന് മുന്‍പ് പെണ്‍കടന്നലുകള്‍ കുഴിയില്‍ കുഞ്ഞുങ്ങള്‍ക്കായുള്ള ഭക്ഷണം ഒരുക്കിവയ്ക്കും. കാലുകളില്ലാത്ത പുഴുക്കളാണ് അവയുടെ കുഞ്ഞുങ്ങള്‍. പുല്‍ച്ചാടികള്‍ പോലുള്ള കീടങ്ങളും കൊച്ചു ചിലന്തികളും മറ്റുമാണ് കുഞ്ഞുങ്ങളുടെ ആഹാരം. ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള വിഷമുള്ളുകൊണ്ട് കുത്തി ബോധരഹിതരാക്കിയാണ് പെണ്‍കടന്നലുകള്‍ ഇരകളെ ജീവനോടെ കൂട്ടിലെത്തിക്കുന്നത്. മറ്റുള്ള ആണ്‍കടന്നലുകളേയും തേനീച്ചകളേയും പോലെ തന്നെ കുഴികുത്തിക്കടന്നലുകളുടെ പുരുഷന്മാര്‍ക്കും വിഷമുള്ളില്ല. ആണായാലും പെണ്ണായാലും മുതിര്‍ന്ന കടന്നലുകളുടെ ഭക്ഷണം പൂന്തേനും അതുപോലുള്ള മധുരദ്രാവകങ്ങളുമാണ്. 7.5 മില്ലീമീറ്റര്‍ മാത്രം നീളമുള്ള കൊച്ചു കടന്നലാണ് ആഹാ ഹാ. ശരീരത്തിന് കറുപ്പ് നിറമാണെങ്കിലും ചിറകുകള്‍ക്ക് സ്ഫടിക നിറമാണ്. തലയിലും ഉരസ്സിലും കാലുകളിലും നിറയെ വെള്ളിനിറമുള്ള കൊച്ചുരോമങ്ങളുണ്ട്. ആഹാ ഇവാന്‍സി ആഹാ ഹായേക്കാള്‍ വലിയ കടന്നലാണ്. നീളം 10 മില്ലീമീറ്ററുണ്ട്. ചിറകുകള്‍ ഇരുണ്ടതാണെന്ന പ്രത്യേകതയുമുണ്ട്.

കടുവയെ പിടിക്കാനൊരു കിടുവ
ക്രാബ്രോണിഡേ കുടുംബത്തിലെ മറ്റൊരു കടന്നലാണ് ബെംബിക്‌സ് (Bembix). മണല്‍ക്കടന്നലുകള്‍ (Sand wasps) എന്ന വിഭാഗത്തില്‍പ്പെടുന്ന സാമാന്യം വലിയ കടന്നലുകളാണ് ബെംബിക്‌സ്. അവയുടെ സ്വഭാവരീതികള്‍ മിസ്‌കോഫിനി കടന്നലുകളെ പോലെ തന്നെയാണ്. 1972 ല്‍ ഇവാന്‍സും മാത്യൂസും പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ കുനുനുറയില്‍ (Kununurra) അവിടെ മാത്രം കണ്ടുവരുന്ന ഒരു പുതിയ ബെംബിക്‌സ് കടന്നലിനെ കുറിച്ച് പഠിക്കുകയായിരുന്നു. പില്‍ക്കാലത്ത് അവര്‍ അതിന് ബെംബിക്‌സ് മോമ (Bembix moma) എന്ന് പേരിട്ടു. അന്നത്തെ പഠനാനുഭവത്തെ കുറിച്ച് 1983 ല്‍ ഇവാന്‍സ് ഇങ്ങനെയെഴുതി:
''ലിലി ക്രീക്കില്‍ നടന്ന ആ സംഭവം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അത് നടന്നത് 1972 സപ്തംബര്‍ 16 നായിരുന്നു. എ449 (A449) എന്നതായിരുന്നു കൂടിന്റെ നമ്പര്‍. കൂടിനുള്ളിലുള്ള വസ്തുക്കള്‍ മുഴുവന്‍ ഞാന്‍ ഒരു കടലാസ്സിലേക്ക് കൊട്ടിയിട്ടു. ഒട്ടേറെ ഈച്ചകളുടേയും തേനീച്ചകളുടേയും കടന്നലുകളുടേയും ഇടയില്‍ ഉച്ചവെയിലില്‍ തിളങ്ങുന്ന ഈ സുന്ദരന്മാരുമുണ്ടായിരുന്നു.'' ആ സുന്ദരന്മാര്‍ മറ്റാരുമല്ല നമ്മുടെ ആഹാ ഹാ തന്നെ. ഒരു ബെംബിക്‌സ് മോമ പെണ്‍കടന്നല്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി ബോധംകെടുത്തി കൊണ്ടുവന്നതായിരുന്നു ആ കടന്നലുകള്‍. ആകെ ഏഴ് കടന്നലുകളുണ്ടായിരുന്നു. എല്ലാം സുന്ദരന്മാര്‍. സുന്ദരികള്‍ ഒന്നുപോലുമില്ലായിരുന്നു! എന്തുകൊണ്ടായിരിക്കാം ആണുങ്ങളെ മാത്രം തിരഞ്ഞുപിടിച്ചത്? ഒരുപക്ഷേ ആണുങ്ങള്‍ക്ക് പ്രത്യാക്രമണം ചെയ്യാനുള്ള വിഷമുള്ളുകള്‍ ഇല്ലാത്തതുകൊണ്ടാകാം. പിന്നീട് ഇതുവരെ ഒരു പെണ്‍ ആഹാ ഹായെ ആരും പിടികൂടിയതായി അറിവില്ല. ആഹാ ഇവാനിയെ കിട്ടിയത് ആസ്‌ത്രേലിയയിലെ വിക്ടോറിയയില്‍ നിന്നാണ്. അതും ഒരു ആണ്‍കടന്നലായിരുന്നു. ആകെ ഒരെണ്ണം മാത്രം. എന്നാല്‍ ഇവാന്‍സും മാത്യൂസും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സുവോളജി മ്യൂസിയത്തിന് കൊടുത്ത കടന്നലുകളില്‍ ഒന്ന് ഒരു പെണ്‍ ആഹാ ഇവാന്‍സിയായിരുന്നു.
വീണ്ടും തമാശ

മെന്‍കെയുടെ തമാശ അവിടം കൊണ്ടും അവസാനിച്ചില്ല. അദ്ദേഹം തന്റെ കാറിന്റെ നമ്പര്‍ ആഹാ ഹാ (AHA HA) എന്നാക്കിമാറ്റി (അമേരിക്കയില്‍ പ്രത്യേക ഫീസ് കൊടുത്താല്‍ വാനിറ്റി നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാം). മാത്രമല്ല ആഹാ ഹാ യുമായി ബന്ധപ്പെട്ട ഒരു സുഹൃത്തിന്റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്രേ:
''ദൈവങ്ങള്‍ (ഇവാന്‍സുമാരും) ഇനിയും ഇതുപോലെ ഒരു അവസരം തരികയാണെങ്കില്‍ ആ ജീനസിന് ഞാന്‍ ഓനോ (Ohno) എന്ന് പേരിടും.'' ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അങ്ങനെയൊരു അവസരം അദ്ദേഹത്തിന് പിന്നീട് ലഭിച്ചിട്ടില്ല.
ഫോട്ടോയ്ക്ക് പിന്നാലെ
ആഹാ ഹായെക്കുറിച്ച് പില്‍ക്കാലത്ത് കൂടുതല്‍ പഠനങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ മുഴുകായ ഫോട്ടോയും ലഭ്യമല്ല. ആകെയുള്ളത് 1980 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ള ആഹാ ഇവാന്‍സിയുടെ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ഫോട്ടോ മാത്രമാണ്. നേരത്തേ സൂചിപ്പിച്ച ഇവാന്‍സിന്റെ 1983 ലെ ലേഖനത്തില്‍ ആഹാ ഹായുടെ ഒരു വര്‍ണ്ണചിത്രത്തെ കുറിച്ച് ഇങ്ങനെയൊരു സൂചനയുണ്ട്:
''ആഹാ ഹാ ഇപ്പോള്‍ സയന്‍സ് 82 ന്റെ താളുകളലങ്കരിച്ചിരിക്കുന്നു (അതും ഒട്ടും കുറയാതെ വര്‍ണ്ണത്തില്‍ തന്നെ). അങ്ങനെ നമ്മുടെ സ്വന്തം എഡിറ്റര്‍ ആര്‍ണോള്‍ഡ് മെന്‍കെ പ്രശസ്തിയിലേക്ക് വിക്ഷേപിക്കപ്പെട്ടിരിക്കുന്നു.'' ലോകപ്രശസ്ത ഗവേഷണ പ്രസിദ്ധീകരണമായ സയന്‍സിന്റെ (Science) മറ്റൊരു പ്രസിദ്ധീകരണമായിരുന്നു സയന്‍സ് 82. സയന്‍സില്‍ ശുദ്ധ ശാസ്ത്രമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ജനകീയശാസ്ത്രമായിരുന്നു സയന്‍സ് 82 ല്‍ പ്രസിദ്ധീകരിച്ചിരുന്നത് (ഓരോ വര്‍ഷവും അതിന്റെ പേര് മാറിയിരുന്നു). 1979 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഈ മാസിക 1986 ല്‍ പ്രസിദ്ധീകരണം നിര്‍ത്തുകയാണുണ്ടായത്. അവയില്‍ ഒരെണ്ണം പോലും ഓണ്‍ലൈന്‍ ലൈബ്രറികളില്‍ ലഭ്യമല്ല. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് കോണിഫാണ് (Richard Conniff) സയന്‍സ് 82 ലെ ലേഖനമെഴുതിയത്. ഏറെ പ്രതീക്ഷകളൊന്നുമില്ലെങ്കിലും ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ അദ്ദേഹത്തെ ബന്ധപ്പെട്ടു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മറുപടി വന്നു: ''അയ്യോ. അത് തിരഞ്ഞു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഞാനിപ്പോള്‍ യാത്രയിലാണ്. തിങ്കളാഴ്ച കഴിഞ്ഞ് എപ്പോഴെങ്കിലും എന്നെ ഓര്‍മ്മപ്പെടുത്താമോ?'' ഞാന്‍ ഓര്‍മ്മപ്പെടുത്തുകയും ഇ മെയില്‍ വഴി അദ്ദേഹം ലേഖനം അയച്ചുതരികയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ലേഖനത്തില്‍ ആഹാ ഹാ യുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ! പിന്നീട് സാക്ഷാല്‍ മെന്‍കെയെ തന്നെ ഈ മെയിലിലൂടെ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും വന്നില്ല.
അധിക വായനയ്ക്ക്
Conniff Richard (1982). The Name Game. Crosscurrents. Science 82. 3 (5): 66-67.
Evans HE (1983). Tales from the outback: The story of the discovery of Aha ha (Sphecidae: Miscophini). Sphecos. 7:14.
Lomholdt OC (1980). The female Aha evansi Menke, 1977 (Hymenoptera: Sphecidae: Larrinae). Ent. Scand. 11: 241-244.
Menke AS (1977). Aha, a new genus of Australian Sphecidae and a revised key to the world genera of the tribe Miscophini (Hymenaoptera: Larrinae). Bulletin Entomologique de Pologne. 47:671-681.
Content Highlights: Arnold Menke, wasp Aha ha, environment
Published: 22 Apr 2024, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented