
വണ്ടുകളുടെ ഒരു കുടുംബമാണ് കരാബിഡേ (Carabidae). നിലവണ്ടുകൾ (Ground beetles) എന്നാണ് ഈ കുടുംബക്കാരുടെ വിളിപ്പേര്. പേരങ്ങനെയാണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും നിലത്തിറങ്ങാത്ത ചില കൂട്ടരുമുണ്ട് ഈ കുടുംബത്തിൽ. മരങ്ങളുടെ മേലേത്തട്ടാണ് (Canopy) ഇവയുടെ മേച്ചിൽപ്പുറം. നമുക്കവയെ സൗകര്യത്തിന് മരവണ്ട് എന്ന് വിളിക്കാം. മരവണ്ടുകളിലെ ഒരു പ്രമുഖ ജനുസ്സാണ് ആഗ്ര. ഇന്ത്യയിലെ ആഗ്ര നഗരവുമായി ഇവയ്ക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ല. മാത്രമല്ല ഈ വണ്ടുകളെ ഇന്ത്യയിൽ കണികാണാൻ പോലും കിട്ടുകയുമില്ല. തെക്കേ അമേരിക്കയിലെ മഴക്കാടുകളാണ് അവയുടെ വിഹാരരംഗം. അപൂർവമായി വടക്കേ അമേരിക്കയുടെ തെക്കേ അറ്റത്തും കാണാറുണ്ട്. 1801 ൽ പ്രശസ്ത ജന്തുശാസ്ത്രജ്ഞനും വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് കാൾ ലിനയസിന്റെ ശിഷ്യനുമായ ക്രിസ്ത്യൻ ഫബ്രീഷിയസ് (Christian Fabricius) ആണ് അദ്ദേഹം കണ്ടെത്തിയ പുതിയ വണ്ടിന് ആഗ്ര എന്ന പേരിടുന്നത്. ആഗ്ര ജനുസ്സിന് കീഴിൽ ഇതുവരെ അറുനൂറോളം സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്.
ഇനിയും പഠനവിധേയമാകാത്ത ആയിരക്കണക്കിന് ആഗ്ര വണ്ടുകൾ മ്യൂസിയങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ടത്രേ. മൊത്തത്തിൽ രണ്ടായിരം സ്പീഷീസുകളെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടൽ. മാനം മുട്ടുന്ന വൃക്ഷത്തലപ്പുകളിൽ താമസമാക്കുന്നതിനാൽ അവയെക്കുറിച്ച് പഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നുകിൽ പുകയടിച്ച് മയക്കി വീഴ്ത്തുകയോ അല്ലെങ്കിൽ വെളിച്ചക്കെണി വെച്ച് ആകർഷിക്കുകയോ ചെയ്യേണ്ടിവരും. ജീവിതചക്രം പഠിക്കണമെങ്കിൽ മരം കയറാതെ നിവൃത്തിയില്ല. ഇത്തരം വെല്ലുവിളികളെല്ലാം നേരിട്ട് ആഗ്ര വണ്ടുകളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞനാണ് അമേരിക്കയിലെ വാഷിങ്ടണിലുള്ള നാഷണൽ മ്യൂസിയത്തിന്റെ (National Museum of Natural History) ഭാഗമായ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ക്യൂറേറ്റർ ആയിരുന്ന ടെറി എൽവിൻ (Terry Elwin). കോസ്റ്ററിക്കയിലെ മരക്കാടുകളിൽ നിന്ന് ആയിരക്കണക്കിന് മരവണ്ടുകളെയാണ് അദ്ദേഹം ശേഖരിച്ചത്. വലിയ ക്രെയിനുകളുപയോഗിച്ചാണ് അദ്ദേഹവും സംഘവും വൃക്ഷത്തലപ്പുകളിൽ പുകയടിച്ച് മരവണ്ടുകളെ ശേഖരിച്ചത്. അവയിൽ നല്ലൊരു പങ്കും ആഗ്ര ജനുസ്സിൽപ്പെട്ട പുതിയ സ്പീഷീസുകളായിരുന്നു.

ഇരുപത്തിയൊമ്പത് സ്പീഷീസുകൾ
കോസ്റ്ററിക്കയിൽ നിന്ന് ശേഖരിച്ച പതിനായിരക്കണക്കിന് ആഗ്ര വണ്ടുകളിൽ ആയിരത്തി ഒരുനൂറെണ്ണം പരിശോധിച്ചപ്പോൾ അവയിൽ 29 പുതിയ സ്പീഷീസുകൾ ഉണ്ടായിരുന്നു. ഓരോന്നോരോന്നായി വിശദമായി പരിശോധിച്ച് പേരുകളിടാൻ തുടങ്ങി. പെൺവണ്ടുകൾ തമ്മിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ആൺവണ്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആഗ്രയുടെ പുതിയ സ്പീഷീസുകളെ കണ്ടെത്തുന്നത്. ഈ 29 സ്പീഷീസുകളിൽ തികച്ചും വ്യത്യസ്തനായ ഒരു ആൺവണ്ട് എൽവിന്റെ ശ്രദ്ധയാകർഷിച്ചു. ഏറെ പ്രത്യേകതയുള്ള കാലുകളുള്ള ഒരു വണ്ട്. പ്രത്യേകിച്ചും നടുവിലെ കാലുകൾ (കീടങ്ങൾക്ക് മൂന്ന് ജോഡി കാലുകളുണ്ട്). കാലിന്റെ തുടഭാഗം (Femur) വീർപ്പിച്ച മാംസപേശി പോലെ തോന്നിച്ചു. പെട്ടെന്ന് അദ്ദേഹത്തിന് ഓർമ്മ വന്നത് പ്രശസ്ത ഹോളിവുഡ് നടൻ അർനോൾഡ് ഷ്വാസ്‌നെഗറിനെയാണ്. കൈകളിലെ മാംസപേശികൾ വീർപ്പിച്ച് ലോകസൗന്ദര്യ മൽസരത്തിൽ വിജയശ്രീലാളിതനായി നിൽക്കുന്ന ആർനോൾഡ് ഷ്വാസ്നെഗർ. ശരീര സൗന്ദര്യ മൽസരങ്ങളിൽ ഇരുപതാം വയസ്സിൽ മിസ്റ്റർ യൂണിവേഴ്സും തുടർന്ന് ഏഴ് തവണ മിസ്റ്റർ ഒളിമ്പിയയും ആയിട്ടുള്ള അർനോൾഡ് ഷ്വാസ്നെഗർ.
ആഗ്ര ഷ്വാസെനിഗെറി
ചുരുക്കിപ്പറഞ്ഞാൽ കോസ്റ്ററിക്കയിലെ ഏതോ മരത്തിന്റെ ഏതോ ഇലയിൽ ഒളിച്ചിരുന്ന ഒരു കൊച്ചു വണ്ടിന് ആ ലോകപ്രശസ്ത താരത്തിന്റെ പേര് കിട്ടി- ആഗ്ര ഷ്വാസെനിഗെറി (Agra schwarzeneggeri). 14-17 മില്ലിമീറ്റർ നീളവും 4.6- 5.16 മില്ലിമീറ്റർ വീതിയുമുള്ള ഈ കൊച്ചുവണ്ടുകൾക്ക് കറുത്ത നിറമാണ്. നേരത്തെ പറഞ്ഞ പോലെ ഇവയെ വൃക്ഷങ്ങളിൽ മാത്രമേ കാണുകയുള്ളൂ. ഇലകളിലൂടെ, താഴെ വീഴാതെ ഓടിനടക്കാൻ സഹായിക്കുന്ന തരത്തിലുള്ള കാലുകൾ ഇവയുടെ പ്രത്യേകതയാണ്. പകൽ സമയങ്ങളിൽ ഇലകളുടെ അടിയിൽ ഒളിച്ചിരിക്കും. രാത്രിയായാൽ ആഹാരം തേടി പുറത്തിറങ്ങും. മറ്റു കീടങ്ങളും ചെറുജീവികളുമാണ് ഭക്ഷണം. കൂടാതെ മരങ്ങളുടെ ഇളം തണ്ടിൽ നിന്നും ഊറിവരുന്ന സ്രവവും ഇഷ്ടമാണ്. വെളിച്ചം കണ്ടാൽ അങ്ങോട്ട് പറക്കും.
ലാർവകൾ ഉണങ്ങിയ മരത്തൊലിക്കടിയിലാണ് ജീവിക്കുന്നത്. വണ്ടുകളെ പോലെ അവയും മാംസഭുക്കുകളാണെന്ന് കരുതപ്പെടുന്നു. വാസ്തവത്തിൽ ലാർവകളെ കുറിച്ച് കൂടുതലൊന്നും അറിയില്ല. 2002 ലാണ് എൽവിൻ തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. 2003 ൽ ഷ്വാസ്നെഗർ കാലിഫോർണിയയുടെ ഗവർണറായി സ്ഥാനമേൽക്കുകയും ചെയ്തു! എൽവിന്റെ വിദ്യാർഥികൾ ആഗ്ര ഷ്വാസെനിഗെറിയുടെ ഒരു ഫോട്ടോ അദ്ദേഹത്തിനയച്ചുകൊടുത്തു. അതിൽ ഒപ്പുചാർത്തി ഉടൻ തന്നെ അദ്ദേഹം ഫോട്ടോ തിരിച്ചയച്ചു. കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു: “എന്നെ ഓർത്തത്തിന് നന്ദി. അർനോൾഡ്.”
പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

മറ്റ് താരങ്ങൾ
ഷ്വാസ്നെഗറിന് പുറമെ മറ്റ് ചില താരങ്ങളുടെ പേരുകളും ആഗ്ര സ്പീഷീസുകൾക്ക് നല്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്ത ടൈറ്റാനിക്ക് താരം കേറ്റ് വിൻസ്ലെറ്റ് (Kate Winslet) തന്നെ. ആഗ്ര കേറ്റ് വിൻസ്ലെറ്റേ (Agra katewinsletae) എന്നാണ് ഒരു ആഗ്ര സ്പീഷീസിന്റെ പേര്. സ്പീഷീസിന് സ്ത്രീകളുടെ പേര് കൊടുക്കുകയാണെങ്കിൽ ‘ഏ’ എന്ന ശബ്ദത്തിൽ അവസാനിക്കണമെന്നാണ് നിയമം. ആർമഗെഡൺ താരം ലിവ് ടൈലർ (Liv Tyler), ജാഗ് താരം കാതറീൻ ബെൽ (Catherine Bell) എന്നിവരും ആഗ്ര വണ്ടുകൾക്ക് പേരുകളായി. ടൈറ്റാനിക്കും ആർമഗെഡണും ആപത്തിന്റെ കഥകൾ പറയുന്ന സിനിമകളാണല്ലോ. ആദ്യത്തേത് കപ്പൽ മുങ്ങുന്നതിന്റേയും രണ്ടാമത്തേത് ലോകാവസാനത്തിന്റേയും. വനനശീകരണം എന്ന മഹാവിപത്തിലേക്ക് വിരൽ ചൂണ്ടുക എന്ന ഉദ്ദേശത്തോടെയാണ് ഈ രണ്ട് സിനിമളിലെ നായികമാരുടെ പേരുകൾ കാടുകളിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഈ വണ്ടുകൾക്ക് നല്കിയത് എന്നാണ് ഒരു മുഖാമുഖത്തിൽ ടെറി എൽവിൻ വിശദീകരിച്ചത്. അദ്ദേഹം പറയുന്നത് കേൾക്കൂ: “ടൈറ്റാനിക്കിൽ കേറ്റ് വിൻസ്ലെറ്റ് രക്ഷപ്പെട്ടു. പക്ഷേ മഴക്കാടുകൾ നശിക്കുകയാണെങ്കിൽ ആഗ്ര കേറ്റ് വിൻസ്ലെറ്റേയുടെ ഗതി അതായിരിക്കില്ല.” മുകളിൽ പറഞ്ഞ മൂന്ന് താരങ്ങളും സ്ത്രീകളാണല്ലോ. ആഗ്ര സ്പീഷീസുകളുടെ പേരായി ഉപയോഗിക്കപ്പെട്ട ഒരേയൊരു പുരുഷ താരം ഷ്വാസെനിഗറാണ്. രൂപസാദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ആഗ്ര ജനുസ്സിൽ നാമകരണം ചെയ്യപ്പെട്ട ഏക സ്പീഷീസ് ആഗ്ര ഷ്വാസെനിഗെറി മാത്രമാണ്.
References:
- Erwin TL (2002). The Beetle Family Carabidae of Costa Rica: Twenty-nine new species of Agra Fabricius 1801. Zootaxa. 119: 1-68.
- (Coleoptera: Carabidae, Lebiini, Agrina)
- Rice ME (2015). Terry L. Erwin: She had a black eye and in her arm she held a skunk. American Entomologist. 61 (1): 9-15.
Content Highlights: creature chronicles on insect which resembles arnold schwarzenegger
Published: 23 Feb 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented