സ്ട്രേലിയയിലെ പ്രശസ്തനായ കീടശാസ്ത്രജ്ഞനും ശാസ്ത്രലേഖകനും ബാലസാഹിത്യകാരനുമാണ് ബ്രയന്‍ ലെസ്സാര്‍ഡ് (Bryan D Lessard). ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബ്രയന്‍ സ്വയം വിശേഷിപ്പിക്കുന്നത് 'ബ്രൈ ദ ഫ്ളൈ ഗയ്' (Bry the Fly Guy) എന്നാണ്. മലയാളത്തില്‍ 'ബ്രൈ എന്ന ഈച്ച മനുഷ്യന്‍' എന്ന് പരിഭാഷപ്പെടുത്താം. അദ്ദേഹത്തിന്റെ ഇഷ്ടകീടങ്ങള്‍ ഈച്ചകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബിരുദ പഠനകാലത്തുതന്നെ തുടങ്ങിയതാണ് കീടങ്ങളോടുള്ള പ്രണയം.

To advertise here,

2011-ല്‍ കാന്‍ബറയിലെ പ്രശസ്തമായ കോമണ്‍വെല്‍ത്ത് ശാസ്ത്ര വ്യാവസായിക ഗവേഷണ സംഘടനയില്‍ (Commonwealth Scientific and Industrial Research Organization-CSIRO) പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി ഗവേഷണം നടത്തുകയായിരുന്നു ബ്രയന്‍. അതിന്റെ ഭാഗമായി അവിടെ സൂക്ഷിച്ചിരുന്ന ഓസ്ട്രേലിയന്‍ ദേശീയ കീടശേഖരത്തിലെ (Australian National Insect Collection) പുതിയതെന്ന് സംശയിക്കപ്പെട്ട അഞ്ച് കുതിരയീച്ചകളെ സൂക്ഷ്മദര്‍ശിനിയിലൂടെ വിശദമായ പഠനത്തിന് വിധേയമാക്കുകയായിരുന്നു അദ്ദേഹം.

അവയില്‍ അഞ്ചും സ്‌കാപ്പ്റ്റിയ (Scaptia) ജനുസ്സില്‍ പെട്ട കുതിരയീച്ചകളായിരുന്നു. അതിലൊരെണ്ണത്തിനെ നോക്കിയതും യുവാവായ ബ്രയന്‍ ആവേശഭരിതനായി വിളിച്ചുപറഞ്ഞു: 'ബൂട്ടിലീഷ്യസ്!' (Bootylicious). എന്താണീ ബൂട്ടിലീഷ്യസ്? ബ്രയന്റെ വായില്‍ നിന്നും അങ്ങനെയൊരു വാക്ക് പുറത്തുചാടിയത് എന്തുകൊണ്ടായിരിക്കും?

ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവിലെ പുതിയ വാക്ക്

1990-കളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ഇടയില്‍ പ്രചരിച്ച് തുടങ്ങിയ ഒരു വാക്കാണ് ബൂട്ടിലീഷ്യസ്. ബൂട്ടി (Booty), ഡിലീഷ്യസ് (delicious) എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്നാണ് ബൂട്ടിലീഷ്യസ് ഉണ്ടായത്. ആദ്യത്തെ വാക്കിന്റെ അര്‍ത്ഥം 'നിതംബം' എന്നും രണ്ടാമത്തേതിന്റേത് 'ആസ്വാദ്യകരം' എന്നും. ആകര്‍ഷണീയമായ നിതംബമുള്ളവള്‍ എന്ന അര്‍ത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരുന്നത്. 2004-ലാണ് ബൂട്ടിലീഷ്യസ് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഔദ്യോഗികമായി ഇടം നേടിയത്. അതിന് കാരണമായത് അതേ പേരില്‍ 2001-ല്‍ പുറത്തിറങ്ങിയ ഒരു തട്ടുപൊളിപ്പന്‍ പാട്ടും.

പാട്ടിന്റെ വരികളെഴുതുകയും പാടുകയും ചെയ്തവരിലൊരാള്‍ സുപ്രസിദ്ധ പോപ്പ് ഗായിക ബിയോണ്‍സെ ആയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ബൂട്ടിലീഷ്യസിന്റെ അര്‍ത്ഥം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്: 'Sexually attractive, especially with shapely buttocks.' പ്രത്യേകിച്ചും സ്ത്രീകളെ വിശേഷിപ്പിക്കാനാണ് ബൂട്ടിലീഷ്യസ് ഉപയോഗിക്കപ്പെടുന്നത്.

ബൂട്ടിലീഷ്യസ് കുതിരയീച്ച

ബ്രയന്റെ ശ്രദ്ധയാകര്‍ഷിച്ചത് പുതിയ കുതിരയീച്ചയുടെ ഉദരഭാഗത്തിന്റെ അഗ്രഭാഗത്തുള്ള സ്വര്‍ണ്ണനിറമുള്ള രോമരാജിയായിരുന്നു. ആകെക്കൂടെ ബൂട്ടിലീഷ്യസ് ആയ ഒരു കുതിരയീച്ച! അതോടൊപ്പം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ബിയോണ്‍സെയുടെ മുഖമായിരുന്നു.'ബൂട്ടിലീഷ്യസായ' കുതിരയീച്ചയ്ക്ക് ബിയോണ്‍സെയുടെ പേര് തന്നെ കൊടുക്കാമെന്ന് ബ്രയന്‍ അപ്പോള്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ശാസ്ത്രലോകത്ത് സ്‌കാപ്പ്റ്റിയ ബിയോണ്‍സെയേ (Scaptia beyonceae) എന്ന ഒരു പുതിയ കുതിരയീച്ച പിറന്നു വീണു.

placeholder
Bryan D Lessard | photo: special arrangement
ബ്രയന്‍ ലെസ്സാര്‍ഡ് പഠനകാലത്ത്

മാത്രമല്ല, ബ്രയന്‍ അതിനെ ഈച്ചകളുടെ എക്കാലത്തേയും 'ദിവ' (all-time diva of flies) എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ക്വീന്‍സ്‌ലാന്‍ഡിലെ മൌണ്ട് ഹൈഗില്‍ നിന്നും ഡി.എച്ച്. കോലസ് (D.H. Colless) എന്നയാള്‍ 1981-ലാണ് ബ്രയന്‍ പരിശോധിച്ച പെണ്‍കുതിരയീച്ചയെ പിടികൂടിയത്. ബിയോണ്‍സെ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ബിയോണ്‍സെ ഗിസെല്‍ നോള്‍സ് (Beyonce Giselle Knowles) അമേരിക്കയിലെ ഹൂസ്റ്റണില്‍ ജനിച്ചതും 1981-ലായിരുന്നു!

കുതിരയീച്ചകള്‍

രക്തപാനികളായ ഈച്ചകളാണ് കുതിരയീച്ചകള്‍ (horse flies). കൊതുകുകളെ പോലെ തന്നെ പെണ്ണീച്ചകള്‍ മാത്രമേ ചോര കുടിക്കുകയുള്ളൂ. ആണീച്ചകള്‍ പൂന്തേന്‍ കുടിയന്മാരാണ്. മിക്ക പെണ്ണീച്ചകളും ചോരയ്ക്ക് പുറമേ പൂന്തേനും കുടിക്കും. വലുപ്പത്തില്‍ കൊതുകുകളേക്കാള്‍ ഏറെ മുന്‍പിലാണ് കുതിരയീച്ചകള്‍. കൊതുകുകളെ പോലെ തുമ്പിക്കൈ തൊലിയില്‍ കുത്തിയിറക്കുന്നതിന് പകരം ചെറിയ മുറിവുണ്ടാക്കി ചോര കുടിക്കുകയാണ് ചെയ്യുന്നത്. ഭൂരിപക്ഷം കൊതുകുകളും രാത്രി കടിക്കുന്നവയാണെങ്കില്‍ കുതിരയീച്ചകള്‍ പകല്‍ സമയത്ത് കടിക്കുന്നവയാണ്.

ടബാനിഡേ (Tabanidae) കുടുംബത്തിലെ അംഗങ്ങളാണ് കുതിരയീച്ചകള്‍. നാലായിരത്തി അറുനൂറിലധികം സ്പീസുകളുള്ള വലിയൊരു കുടുംബമാണ് ടബാനിഡേ. രക്തപാനികളായ കീടങ്ങളുടെ ഏറ്റവും വലിയ കുടുംബവും ഇതുതന്നെയാണ്. (കൊതുകുകളുടെ കുടുംബമായ ക്യുലിസിഡേ(Culicidae)യില്‍ 3570 സ്പീഷീസുകളേയുള്ളൂ). ടബാനിഡേ കുടുംബത്തിലെ ചെറിയ ഈച്ചകളെ മാനീച്ചകളെന്നാണ് (deer flies) വിളിക്കുന്നത്. കുതിരയീച്ചകള്‍ 10-30 മില്ലീമീറ്ററും മാനീച്ചകള്‍ 6-11 മില്ലീമീറ്ററും നീളമുള്ളവയാണ്.

ആന്റിനയുടെ നീളത്തിലും അവ തമ്മില്‍ വ്യത്യാസമുണ്ട്. കുതിരയീച്ചകള്‍ക്ക് ചെറിയ ആന്റിനയും മാനീച്ചകള്‍ക്ക് വലിയ ആന്റിനയുമാണ്. പേരില്‍ കുതിരയും മാനുമുണ്ടെങ്കിലും ചോര കുടിക്കാന്‍  വരുമ്പോള്‍ അതൊന്നും നോക്കാറില്ല. മനുഷ്യരടക്കമുള്ള പല സസ്തനികളേയും യാതൊരു ദയയുമില്ലാതെ കടിച്ചു കീറി ചോരകുടിക്കാന്‍ അവയ്ക്ക് യാതൊരു മടിയുമില്ല. കൂട്ടത്തില്‍ മാനീച്ചകളാണ് മനുഷ്യരെ കടിക്കുന്നതില്‍ മുന്‍പന്തിയില്‍.

മഞ്ഞുറഞ്ഞ ധ്രുവപ്രദേശങ്ങളൊഴിച്ച് ഭൂമിയിലെല്ലായിടത്തും കുതിരയീച്ചകളെ കാണാം. കുതിരകളുടെയും കന്നുകാലികളുടെയും കടുത്ത ശല്ല്യക്കാരായതിനാലാണ് പതിനാലാം നൂറ്റാണ്ടില്‍ അവയ്ക്ക് കുതിരയീച്ചകള്‍ എന്ന് പേര് കിട്ടിയത്. ചോര കുടിക്കുന്നതിന് പുറമേ കുതിരയീച്ചകള്‍ മനുഷ്യരിലും മൃഗങ്ങളിലും മുപ്പതിലധികം രോഗാണുക്കളെ പരത്താന്‍ കഴിവുള്ളവയാണ്. പ്രധാനപ്പെട്ട മനുഷ്യരോഗങ്ങള്‍ ലോയാസിസും (loiasis) ടുലാറീമിയയുമാണ് (tularemia).

കണ്ണുകളേയും ത്വക്കിനേയും ബാധിക്കുന്ന ഒരു രോഗമാണ് ലോയാസിസ്. മന്തുരോഗമുണ്ടാക്കുന്ന വിരകളോട് സാദൃശ്യമുള്ള ലോയ ലോയ (Loa loa ) വിരകളാണ് രോഗകാരണം. ഇത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഒരു രോഗമാണ്. ഫ്രാന്‍സിസെല്ല ടുലാറെന്‍സിസ് (Francisella tularensis) എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗമാണ് ടുലാറീമിയ. പ്രധാനമായും ത്വക്കിനേയും ലിംഫ് നോഡുകളെയുമാണ് രോഗം ബാധിക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നീ വന്‍കരകളിലാണ് ടുലാറീമിയ കണ്ടുവരുന്നത്.

placeholder
Bryan D Lessard | photo: special arrangement
ഈച്ചകളെപ്പറ്റിയുള്ള പഠത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രയന്‍ ലെസ്സാര്‍ഡ്

മേല്‍പ്പറഞ്ഞ രണ്ടും അതീവ ഗുരുതരമായ രോഗങ്ങളല്ല. എന്നാല്‍ അപൂര്‍വ്വമായി ഒരു മാരക രോഗമായ ആന്ത്രാക്‌സും ചില കുതിരയീച്ചകള്‍ പരത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രോഗങ്ങള്‍ പരത്തുന്നതിന് പുറമെ വളര്‍ത്തു മൃഗങ്ങളുടെയും തൊഴിലാളികളുടെയും ഉത്പാദനക്ഷമത കുറയ്ക്കുന്നതിലും അവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാരണം കുതിരയീച്ചകളുടെ കടി കടുത്തവേദന ഉണ്ടാക്കുന്നതാണ്. മാത്രമല്ല തൊലി മുറിഞ്ഞ് വ്രണമാവുകയും ചെയ്യും. പ്രത്യേകിച്ചും അവയെ ആട്ടിയകറ്റാന്‍ കഴിയാത്ത മൃഗങ്ങളില്‍. അതിന് പുറമേ  ചോരകുടിയും.

കടിശല്യം വിനോദ സഞ്ചാരത്തേയും കാര്യമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇവര്‍ മൊത്തത്തില്‍ ശല്ല്യക്കാരാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും. മിക്ക കുതിരയീച്ചകളും പ്രത്യേകിച്ച്  രക്തപാനികളല്ലാത്ത ആണീച്ചകള്‍, പല സസ്യങ്ങളുടേയും പ്രധാന പരാഗവാഹകരാണ് (pollinators).

ജീവിതചക്രം

കുതിരയീച്ചകള്‍ മുട്ടയിടുന്നത് കൂട്ടമായാണ്. ഒരു കൂട്ടത്തില്‍ 100-800 മുട്ടകളുണ്ടാകും. ഒരു മുട്ടയുടെ നീളം 1-3 മില്ലീമീറ്റര്‍. പുഴുക്കള്‍ (larva) വളരുന്നത് ജലത്തിലോ, ജലാശയങ്ങള്‍ക്കടുത്തോ, നനവുള്ള പ്രദേശങ്ങളിലോ ആണ്. ഇലകളിലും തണ്ടിലും മരത്തൊലിയിലും മറ്റുമാണ് മുട്ടയിടുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് മുട്ടകള്‍ വിരിഞ്ഞ് പുഴുക്കള്‍ പുറത്തുവരും. അവ മാംസാഹാരികളാണ്. മറ്റ് കീടങ്ങളുടെ പുഴുക്കള്‍, മണ്ണിര തുടങ്ങിയവയാണ് ഭക്ഷണം. ചിലപ്പോള്‍ സ്വന്തം സഹോദരങ്ങളേയും അകത്താക്കിയേക്കാം.

പുഴുക്കളുടെ ജീവിതദൈര്‍ഘ്യം ഓരോ പ്രദേശത്തേയും ഊഷ്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശൈത്യമേഖലകളില്‍ 1-3 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും. എന്നാല്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് ഏതാനും ആഴ്ചകള്‍ മാത്രമാണ്. പ്യൂപ്പയില്‍ നിന്ന് ഈച്ച പുറത്ത് വരാന്‍ 4-21 ദിവസമെടുക്കും. ഈച്ചകളുടെ ആയുസ്സ് 30-60 ദിവസവും.

ബിയോണ്‍സെ ഈച്ചകളുടെ വിശേഷങ്ങള്‍

ശരീരമാസകലം കുഞ്ഞുരോമങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടവയാണ് സ്‌കാപ്റ്റിയ ജീനസില്‍ പെട്ട കുതിരയീച്ചകള്‍. ദക്ഷിണാര്‍ദ്ധഗോളത്തില്‍ മാത്രമേ അവയെ കാണാന്‍ കഴിയൂ. പ്രത്യേകിച്ചും ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, പാപ്പുവ ന്യൂ ഗിനി, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍. ബിയോണ്‍സെ ഈച്ചകളെ ഇതുവരെയായി ഓസ്ട്രേലിയയില്‍ മാത്രമാണ് കണ്ടെത്തിയത്. ശരാശരി ഒമ്പത് മില്ലീമീറ്റര്‍ നീളമുള്ള തവിട്ട് നിറമുള്ള കുതിരയീച്ചകളാണ് ബിയോണ്‍സെ ഈച്ചകള്‍. നേരത്തെ പറഞ്ഞപോലെ ഉദരത്തിന്റെ അഗ്രഭാഗം സ്വര്‍ണ്ണനിറമുള്ള കുഞ്ഞുരോമങ്ങളാല്‍ ആവൃതമാണ്. ചിറകുകള്‍ക്ക്  തവിട്ട് കലര്‍ന്ന ചാരനിറമാണ്. രൂപപ്രത്യേകതകളൊഴികെ ബിയോണ്‍സെ ഈച്ചകളുടെ മറ്റ് ജൈവരഹസ്യങ്ങളൊന്നും ഇനിയും വെളിവായിട്ടില്ല.

placeholder
beyonce | photo: kevin mazur, getty images
ബിയോണ്‍സെ | photo: kevin mazur, getty images

ബിയോണ്‍സെ അറിഞ്ഞുവോ?

തന്റെ പേരിലൊരു ജീവിയുണ്ടെന്ന് ബിയോണ്‍സെ അറിഞ്ഞിട്ടുണ്ടാകുമോ? സി.എസ്.ഐ.ആര്‍.ഓ. പറയുന്നത് അവര്‍ ബിയോണ്‍സെയെ ഇക്കാര്യം അറിയിച്ചെന്നും അവരുടെ അഭിപ്രായം തേടിയെന്നുമാണ്. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. ബിയോണ്‍സെയ്ക്ക് ആദ്യത്തെ കണ്മണി പിറന്ന കാലമായിരുന്നു അത്. ഒന്നുകില്‍ അവര്‍ക്ക് സന്ദേശം കിട്ടിയിട്ടുണ്ടാവില്ല, അല്ലെങ്കില്‍ മറുപടി അയയ്ക്കാനുള്ള സമയം കിട്ടിക്കാണില്ല.


References
Krolow TK,  Carmo DDD, Oliveira LP, Henriques AL (2024). The Tabanidae (Diptera) in Brazil: Historical aspects, diversity and distribution. Zoologica. 41: e23074.
Lessard B, Yeates D (2011). 'New species of the Australian horse fly subgenus Scaptia (Plinthina) Walker 1850 (Diptera: Tabanidae), including species descriptions and a revised key'. Australian Journal of Entomology. 50 (3): 241-252.
Mullen GR, Durden LA (2019). Medical and Veterinary Entomology. Third Edition. Academic Press.