സാഹിത്യലോകത്തില്‍ വില്ലന്മാരുടെ മുതുമുത്തശ്ശനാണ് ഇയാഗോ. വില്ല്യം ഷേക്‌സ്പിയറുടെ ഒഥല്ലോയിലെ കുപ്രസിദ്ധനായ ഈ പ്രതിനായകന്‍ ലോകസാഹിത്യത്തിലെ മറ്റ് പല കഥാപാത്രസൃഷ്ടികളേയും സ്വാധീനിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തില്‍ ലാല്‍ അവതരിപ്പിച്ച 'പനിയന്‍' പേര് മാറിയെത്തിയ സാക്ഷാല്‍ 'ഇയാഗോ' തന്നെയാണ്. കഥകളിലേയും ചലച്ചിത്രങ്ങളിലേയും കഥാപാത്രങ്ങളിലൊതുങ്ങിയില്ല ഇയാഗോയുടെ സ്വാധീനം. 1971 ല്‍, ആഴക്കടലില്‍ ജീവിക്കുന്ന ഒരു സ്രാവിന് പേരിടാനുള്ള രണ്ട് ശാസ്ത്രജ്ഞരുടെ ആലോചന ചെന്നെത്തിയത് ഇയാഗോയിലാണ്: ഇയാഗോ ഒമാനെന്‍സിസ് (Iago omanensis). ഒമാന്‍ സ്രാവ് (Oman shark ), പെരുങ്കണ്ണന്‍ വേട്ടസ്രാവ് (Bigeye hound shark) എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന ഈ കൊച്ചു സ്രാവുകള്‍ക്ക് എന്ത് വില്ലത്തരങ്ങളാണുള്ളത്? 
പേര് വന്ന വഴി 

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അതിപ്രശസ്തനായ ഒരു സമുദ്ര ജീവശാസ്ത്രജ്ഞനായിരുന്നു (Marine Biologist) സര്‍ ജോണ്‍ മറേ (Sir John Murray). അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അനേകം സമുദ്രപര്യവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ചലഞ്ചര്‍ പര്യവേഷണം. 1914 മാര്‍ച്ച് 16 ന് അദ്ദേഹം അന്തരിച്ചു. തന്റെ മരണാനന്തരം സമുദ്രപര്യവേഷണത്തിന് ധനസഹായം ചെയ്യാനായി അദ്ദേഹം ഒരു സംഖ്യ നീക്കിവെച്ചിരുന്നു. പ്രത്യേകിച്ചും ചലഞ്ചര്‍ പര്യവേഷണത്തിന്റെ തുടര്‍ച്ചയായി ചെയ്യുന്ന പര്യവേഷണങ്ങള്‍ക്ക്. ഇത്തരത്തില്‍ 1933-34 കാലഘട്ടത്തില്‍ നടന്ന  സമുദ്രപര്യവേഷണം ജോണ്‍ മറേ പര്യവേഷണം (John Murray expeditions) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടന്ന പ്രസ്തുത പര്യവേഷണത്തില്‍  വ്യത്യസ്ത തരം സമുദ്രജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നു. കൂട്ടത്തില്‍, മത്സ്യങ്ങളെ കുറിച്ച് പഠിച്ചത് ജെ. ആര്‍. നോര്‍മന്‍ (J.R. Norman) ആയിരുന്നു. ആഴക്കടല്‍ മത്സ്യങ്ങളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 

placeholder
ഇയാഗോയുടെ ചിറകുകൾ

ചെങ്കടല്‍, ഏഡന്‍ കടല്‍, ഒമാന്‍ കടല്‍ , അറബിക്കടല്‍, സാന്‍സിബാര്‍, മാലദ്വീപ് തുടങ്ങിയ കടലുകളില്‍ നിന്നായി അദ്ദേഹവും സംഘവും 276 സ്പീഷീസുകളില്‍ പെടുന്ന 2700 മത്സ്യങ്ങള്‍ ശേഖരിച്ചു. അവയില്‍ ഇരുപത്തെട്ടെണം പുതിയ സ്പീഷീസുകളായിരുന്നു. അതിലൊന്ന് ഒമാന്‍ കടലില്‍ നിന്ന് ലഭിച്ച, ഇരുപത്തിയെട്ട് സെന്റീമീറ്റര്‍ നീളമുള്ള ഒരു പെണ്‍ സ്രാവ് ആയിരുന്നു. ജലനിരപ്പില്‍ നിന്നും 210 മീറ്റര്‍ ആഴത്തിലായിരുന്നു ഈ സ്രാവ് ഉണ്ടായിരുന്നത്. സ്പീഷീസ് പുതിയതാണെങ്കിലും നേരത്തെ തന്നെ അറിയാമായിരുന്ന യൂഗാലിയസ് എന്ന ജനുസ്സില്‍ ഉള്‍പ്പെടുത്തി അദ്ദേഹം അതിന് യൂഗാലിയസ് ഒമാനെന്‍സിസ് (Eugaleus omanensis) എന്ന് പേരിട്ടു. അതുവരെ അറിയപ്പെട്ട മറ്റ് യൂഗാലിസുകളില്‍ നിന്നും പുതിയ സ്പീഷീസിന് ഒട്ടേറെ വ്യത്യാസങ്ങളുണ്ടായിരുന്നു. രണ്ട് പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന് പല്ലുകളായിരുന്നു. പുതിയ സ്പീഷീസില്‍ രണ്ട് താടിയെല്ലുകളിലേയും പല്ലുകള്‍ ഒരുപോലെയാണെങ്കില്‍ മറ്റ് സ്പീഷീസുകളില്‍ അങ്ങനെയല്ല. രണ്ടാമത്തെ വ്യത്യാസം വാല്‍ചിറകുമായി ബന്ധപ്പെട്ടതാണ്. യൂഗാലിയസ് ജനുസ്സിന് കീഴിലുള്ള സ്പീഷീസുകളില്‍ വാല്‍ച്ചിറക് (caudal fin) തുടങ്ങുന്ന സ്ഥലത്ത് ഒരു ചെറിയ കുഴിയുണ്ട്. ഒമാനെന്‍സിസിന് അങ്ങനെയൊരു കുഴിയില്ല. കൂടാതെ വാല്‍ച്ചിറകിന്റെ ആകൃതിക്കും വ്യത്യാസമുണ്ട്. അത് കൊണ്ടുതന്നെ അത് യൂഗാലിയസ് ജനുസ്സിന് കീഴിലുള്ള സ്പീഷീസല്ല എന്ന്  നോര്‍മന് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഒരു പുതിയ ജനുസ്സിന് രൂപം കൊടുക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായില്ല. അങ്ങനെ 1949 വരെ ആ ഒമാന്‍ സ്രാവ് യൂഗാലിയസ് ഒമാനെന്‍സിസ് എന്ന പേരില്‍ അറിയപ്പെട്ടു.       

placeholder
ജോൺ മറേ പര്യവേഷണം (John Murray expeditions) | Photo: nature.com/articles/131640a0

ഇയാഗോ എന്ന പേര്

1949 ല്‍ മിശ്രയും ആ കാര്യമറിയാതെ 1956 ല്‍ ഫൗളറും (Fowler) ഒമാനെന്‍സിസിനെ 'ഗാലിയോറൈനസ്' എന്ന ജനുസ്സിലേക്ക് മാറ്റി. അങ്ങനെ യൂഗാലിയസ് ഒമാനെന്‍സിസ് എന്ന പേര് മാറി  ഗാലിയോറൈനസ്  ഒമാനെന്‍സിസ്  (Galeorhinus omanensis) എന്ന പേര് കിട്ടി. പേര് മാറ്റം അവിടം കൊണ്ടും അവസാനിച്ചില്ല! 1963 ല്‍ ഒമാന്‍ കടലിനും മുംബെയ്ക്കും ഇടയിലുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 15 മുതല്‍ 375 മീറ്റര്‍ വരെ ആഴത്തില്‍ നടത്തിയ ഒരു പര്യവേഷണത്തില്‍ 16 ചെറിയ സ്രാവുകളെ ലഭിക്കുകയുണ്ടായി. അവയെ തിരിച്ചറിയാനായി അമേരിക്കന്‍ ശാസ്ത്രജ്ഞരായ ലിയൊണാര്‍ഡ് കോംപാന്യോയ്ക്കും (Leonard Compagno) സ്റ്റൂവര്‍ട്ട് സ്പ്രിങ്ങര്‍ക്കും (Stewart Springer) അയച്ചുകൊടുത്തു. അവരതിനെ താത്ക്കാലികമായി  ഗാലിയോറൈനസ് ഒമാനെന്‍സിസായി തിരിച്ചറിഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ ആ  തീരുമാനം മാറ്റി. കാരണം ഗാലിയോറൈനസ് ജനുസ്സിന് കീഴിലുള്ള മറ്റ് സ്പീഷീസുകളില്‍ നിന്നും ഒമാനെന്‍സിസ് വലിയ തോതില്‍ വ്യത്യസ്തരായിരുന്നു. അങ്ങനെ 1971 ല്‍ ഈ രണ്ട് ശാസ്ത്രജര്‍   ഇയാഗോ (Iago ) എന്ന പേരില്‍  ഒരു പുതിയ ജനുസ്സിന് രൂപം കൊടുത്തു. അതോടെ ഒമാന്‍ സ്രാവിന് മൂന്നാമത്തെ പേര് കിട്ടി: ഇയാഗോ ഒമാനെന്‍സിസ്! എന്തുകൊണ്ട് ഇയാഗോ? പേരിന്റെ സ്രഷ്ടാക്കള്‍ ഇങ്ങനെ പറയുന്നു: 'This shark, a namesake of the villain of Shakespeare's Othello, is a troublemaker for systematists and hence a kind of villain.' വര്‍ഗ്ഗീകരണ ശാസ്ത്രജ്ഞരെ വട്ടം കറക്കിയ ഈ  സ്രാവ് ഒരു തരം വില്ലനാണെന്ന്! അതുകൊണ്ട് ഷേക്‌സ്പിയറുടെ ഒഥല്ലോയിലെ വില്ലന്റെ പേര് കൊടുത്തു!  

വേട്ടസ്രാവുകള്‍

ഇയാഗോ ഉള്‍പ്പെടുന്ന സ്രാവുകളെ പൊതുവായി വേട്ടസ്രാവുകള്‍ (Hound sharks) എന്നാണ് വിളിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു പേര്. ചില വേട്ടസ്രാവുകള്‍ക്ക് പുള്ളിപ്പുലിയുടേത് പോലുള്ള പുള്ളികളുണ്ടാകും. വേട്ടസ്രാവുകള്‍ എന്ന് പേരിടാനുള്ള മറ്റൊരു കാരണം അതാണ്. എന്നാല്‍ ഇയാഗോയക്ക് അങ്ങനെയുള്ള പുള്ളികളില്ല. അവയുടെ മുകള്‍ഭാഗം ഇരുണ്ട തവിട്ട് നിറമോ ചാരനിറമോ ആയിരിക്കും. അടിവശം ഇളം നിറവും. ട്രയാക്കിഡേ (Triakidae) എന്ന മത്സ്യകുടുംബത്തിലെ അംഗങ്ങളാണ് വേട്ടസ്രാവുകള്‍. ഈ കുടുംബത്തില്‍ 9 ജനുസ്സുകളും 40 സ്പീഷീസുകളുമുണ്ട്. സുതാര്യമായ കണ്‍പോളയുള്ള (nictitating eyelid) അണ്ഡാകൃതിയിലുള്ള കണ്ണുകള്‍, മുള്ളുകളില്ലാത്ത രണ്ട് വലിയ മേല്‍ച്ചിറകുകള്‍ (spineless dorsal fins), വലിയ മലദ്വാരച്ചിറക് (anal fin) എന്നിവയാണ് വേട്ടസ്രാവുകളുടെ പൊതുവായ പ്രത്യേകതകള്‍. കടലിന്റെ അടിത്തട്ടുകളിലോ, അടിത്തട്ടിന് തൊട്ടുമുകളിലോ, വന്‍കരത്തട്ടുകളിലോ (Continental shelf) ആണ് ഇവയെ കാണുന്നത്. നീളം 37-220 സെന്റീമീറ്റര്‍. ഇയാഗോ ഒമാനെന്‍സിസിനും ഈ പ്രത്യേകതകളെല്ലാമുണ്ട്. സാമാന്യം വലിയ കണ്ണുകളുള്ളതിനാലാണ് ഇവയ്ക്ക് പെരുങ്കണ്ണന്‍ വേട്ടസ്രാവ് (Bigeye hound shark) എന്ന വിളിപ്പേര് കിട്ടിയത്. ചെങ്കടല്‍ മുതല്‍ ദക്ഷിണേന്ത്യ വരെയുള്ള ഇന്ത്യന്‍ മഹാസമുദ്രപ്രദേശങ്ങളില്‍ മാത്രമേ ഇതുവരെ അവയെ കണ്ടെത്തിയിട്ടുള്ളൂ. മറ്റ് സ്രാവുകളെ പോലെ ഇവയും കുട്ടികളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണം ചെറുമത്സ്യങ്ങള്‍, കൂന്തല്‍, ചെമ്മീന്‍, ഞണ്ട് തുടങ്ങിയവയാണ്. 

മലയാളി ശാസ്ത്രജ്ഞരുടെ  സംഭാവനകള്‍

ഇയാഗോ ഒമാനെന്‍സിസിനെ കുറിച്ച് പഠിച്ചവരില്‍ മൂന്ന് മലയാളി ശാസ്ത്രജ്ഞരുമുണ്ട്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ (Central Marine Fisheries Research Institute) ആര്‍.വി. നായര്‍, കെ.കെ. അപ്പുക്കുട്ടന്‍, ആര്‍.എസ്. ലാല്‍ മോഹന്‍ എന്നിവര്‍. 1973 ല്‍ ആര്‍.വി. നായരും ലാല്‍ മോഹനുമാണ് ഇന്ത്യയോട് ചേര്‍ന്നുള്ള കടലില്‍ ആദ്യമായി ഈ മത്സ്യങ്ങളെ കണ്ടെത്തിയത് (ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഗള്‍ഫ് ഓഫ് മന്നാറില്‍). അതേ വര്‍ഷം തന്നെ നായരും അപ്പുക്കുട്ടനും ഇയാഗോ ഒമാനെന്‍സിസിന്റെ ആമാശയത്തില്‍ നിന്നും വിവിധയിനം മത്സ്യങ്ങള്‍, ഞണ്ട്, കൂന്തല്‍, ഒച്ചുവര്‍ഗ്ഗത്തിലുള്ള ജീവികള്‍, ചിപ്പികള്‍ തുടങ്ങിയവയെ കണ്ടെത്തി. ഒമാന്‍ സ്രാവുകളുടെ  ഭക്ഷണരീതിയെ കുറിച്ചുള്ള ഒരു പ്രധാന പഠനമായിരുന്നു അത്.         

പേരിലെ നീതിനിഷേധം

ആഴക്കടലില്‍ ജീവിക്കുന്നവയായതുകൊണ്ട് ഒമാന്‍ സ്രാവുകളും മനുഷ്യരും തമ്മില്‍ കണ്ടുമുട്ടാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ മറ്റ് ചില സ്രാവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവ താരതമ്യേന ചെറുതുമാണ്. ഉദാഹരണത്തിന് വമ്പന്‍ വെള്ളസ്രാവുകള്‍ (Great white Shark) അഞ്ചുമീറ്ററില്‍ കൂടുതല്‍ വളരുന്നവയാണ്. ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഇയാഗോ സ്രാവിന് 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ നീളമുള്ളൂ. മാത്രമല്ല 'വമ്പന്‍ വെള്ളസ്രാവുകള്‍' മനുഷ്യരെ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവയാണ് (സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ (Steven Spielberg) 1975 ല്‍ പുറത്തിറങ്ങിയ ജോസിലെ (Jaws) കേന്ദ്ര കഥാപാത്രം ഒരു വമ്പന്‍ വെള്ളസ്രാവാണ്). അങ്ങനെ നോക്കുമ്പോള്‍ ഒരു തരത്തിലും വില്ലന്മാരല്ലെങ്കിലും ഒരു മഹാവില്ലന്റെ പേര് ചുമക്കേണ്ടി വരുന്ന പാവം സ്രാവുകളാണ് ഇയാഗോ ഒമാനെന്‍സിസ് എന്നുപറയാം.        

 അധിക വായനയ്ക്ക്:  
Compagno LJV and Springer S (1971). lago, a new genus of Carcharhinid sharks, with a redescription of I. omanensis.  Fishery Bulletin. 69(3): 615-626. 
Norman JR (1939). Fishes. John Murray Expedition of 1933-34, Sci. Rep. 7(1): 1-116. British Museum (Natural History), London.