black backed woodpecker ( Allaboutbirds.org).jpg
കാട്ടുതീയിലമര്‍ന്ന കാലിഫോര്‍ണിയന്‍ കാടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഗവേഷകര്‍ക്ക് ഏറ്റവും സഹായം ഒരു കൊച്ചുപക്ഷിയായാണ്. 'ബ്ളാക്ക് ബാക്ഡ് വുഡ്‌പെക്കര്‍', എന്ന കറുപ്പന്‍ മരംകൊത്തി. കറുപ്പന്‍ മരംകൊത്തികള്‍ക്ക് കാട്ടുതീയുമായുള്ള പ്രത്യേക ബന്ധമാണ് ഇതുസംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളിലേക്ക് ഗവേഷകരെ നയിച്ചത്. കറുപ്പന്‍ മരംകൊത്തികള്‍ക്ക് ഏറ്റവും ഗുണകരമായ ചില കാര്യങ്ങള്‍ കാട്ടുതീ എരിച്ച കാടിന്റെ പുനരുജ്ജീവനത്തില്‍ ഫലപ്രദമാണെന്ന് അവര്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു ഓണ്‍ലൈന്‍ ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കയാണ് ശാസ്ത്രജ്ഞര്‍. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷനില്‍ ഉപയോഗിക്കാനുള്ള ഈ പുതിയ ടൂളിനെക്കുറിച്ചാണ് 'ഇക്കോളജിക്കല്‍ അപ്ളിക്കേഷൻ' - ല്‍ പ്രസിദ്ധീകരിച്ച പഠനം വിവരിക്കുന്നത്.
കരിഞ്ഞ കാടും കറുപ്പന്‍ മരംകൊത്തിയും
സാധാരണ കാട്ടുതീക്കു ശേഷം കരിഞ്ഞ മരങ്ങള്‍ മുറിച്ചുകളയുന്നതാണ് പോസ്റ്റ്-ഫയര്‍ മാനേജ്‌മെന്റ് നയം. പക്ഷെ, ഓരോ തവണയും കരിഞ്ഞ മരം വെട്ടുമ്പോള്‍ കാട്ടിലെങ്ങും ഭ്രാന്ത് പിടിച്ചതുപോലെ കറുപ്പന്‍ മരംകൊത്തികള്‍ പറക്കുന്നത് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു! തീ പിടിച്ച മരം മുറിയ്ക്കുന്നത് കറുപ്പന്‍ മരംകൊത്തികളെ അസ്വസ്ഥരാക്കുമെന്ന് നിരീക്ഷണത്തില്‍ സുവ്യക്തമായി.'പൈറോഡൈവേഴ്‌സ്' ആയ കാടകങ്ങളാണ് കറുപ്പന്‍ മരംകൊത്തിക്ക് പ്രിയം (പൈറോഡൈവേഴ്‌സിറ്റി : ഒരു ഭൂപ്രദേശത്തെ കാട്ടുതീ ഇനങ്ങളിലുള്ള വ്യതിയാനങ്ങള്‍). കാട് മുഴുവനായും കത്തിയിട്ടില്ല. കരിഞ്ഞ കാടുകള്‍ക്കിടയില്‍ അവിടവിടെ ചില പച്ചത്തുരുത്തുകള്‍ ബാക്കിയായിട്ടുണ്ട്. എല്ലാ മരങ്ങളും മുഴുവനായും കരിഞ്ഞുപോയിട്ടില്ല. അടുത്ത മഴയില്‍ അവ തളിര്‍ക്കുമെന്നുറപ്പാണ്. കാട്ടുതീ അമര്‍ന്ന ഇത്തരം കാടകങ്ങളിലേക്ക് കറുപ്പന്‍ മരംകൊത്തികള്‍ കൂട്ടത്തോടെ പറന്നെത്തുന്നു! അപ്പോഴേക്കും കരിഞ്ഞ മരങ്ങളില്‍ ഒരു തരം വണ്ടുകളുടെ ലാര്‍വകള്‍ എണ്ണമറ്റ് പെരുകിയിട്ടുണ്ടാവും. മരംകൊത്തികളുടെ പ്രിയ ആഹാരമത്രെ ഈ ലാര്‍വകള്‍. ചൂടാറിയ കാട്ടിലെ പുതുതായി കരിഞ്ഞ മരപ്പൊത്തുകളില്‍ കറുപ്പന്‍ മരംകൊത്തികള്‍ കൂടുപണി തുടങ്ങും. കാട്ടിലെ അധികം കത്തിയമരാത്ത ഭാഗങ്ങള്‍ അവ പ്രത്യേകം തിരഞ്ഞെടുക്കും. കാരണം, മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ശത്രുക്കളില്‍നിന്നും ഒളിക്കാന്‍ മരത്തലപ്പുകളുടെ മറകള്‍ വേണമല്ലോ!
.jpg?$p=cb2615b&&q=0.8)
''പതിനായിരം കഷ്ണങ്ങളുള്ള ഒരു 'ജിഗ്‌സൊ പസില്‍' പോലെയാണ് കാട്ടുതീ. കാലാവസ്ഥാമാറ്റങ്ങള്‍ ആ കഷ്ണങ്ങളെ പല വിധേന ചേര്‍ത്തുവെച്ചുകൊണ്ടിരിക്കുന്നു,'' കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍, പഠനടീമിലെ പ്രധാന രചയിതാവ് ആന്‍ഡ്ര്യു സ്റ്റില്‍മാന്‍ പറയുന്നു. '' അതിരൂക്ഷമായ കാട്ടുതീ ബാധകള്‍ കാലിഫോര്‍ണിയന്‍ കാടുകളുടെ 'ന്യൂ നോര്‍മല്‍' ആയിത്തീര്‍ന്നിരിക്കുന്നു. ഇടതിങ്ങിയ കാടുകളുടെ സ്വഭാവവും വരള്‍ച്ചയും കാട്ടുതീയുടെ ദൈര്‍ഘ്യം കൂടുന്നതുമാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍, 'പൈറോഡൈവേഴ്‌സ്' ആയ ആവാസവ്യവസ്ഥയിലെ, കൂടിയും കുറഞ്ഞും കാട്ടുതീ പടര്‍ന്ന പ്രദേശങ്ങളിലെ, പക്ഷികള്‍ പൊതുവെ കുഴപ്പമില്ലാതെ കഴിയുന്നതായി കണ്ടു.''
ഓരോ കാട്ടുതീയ്ക്ക് ശേഷവും കാടിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമാന്തരമായി ആളുകളുടേയും ജൈവവൈവിധ്യത്തിന്റേയും താല്‍പ്പര്യങ്ങളെക്കൂടി സംരക്ഷിക്കുക എന്നത് ഫോറസ്റ്റ് മാനേജ്‌മെന്റിന് പലപ്പോഴും കടുത്ത വെല്ലുവിളിയാണ്. തീയുണ്ടായ കാടുകളിലെ വന്യജീവിതം സര്‍വേ ചെയ്യാന്‍ പോലും സമയമുണ്ടാവില്ല. എന്ത് ചെയ്യണം, ഏത് ആദ്യം ചെയ്യണം എന്നീ കാര്യങ്ങളില്‍ പെട്ടെന്നൊരു തീരുമാനമെടുക്കുക പ്രയാസം. ഈ വിഷമസന്ധിയിലാണ്, കാട്ടുതീക്കു ശേഷം കറുപ്പന്‍ മരംകൊത്തികളുടെ സാന്നിധ്യമുള്ള പ്രദേശം സംരക്ഷിക്കാനുള്ള സാധ്യത തെളിയുന്നത്.
.jpg?$p=6c9ca30&&q=0.8)
പുതിയ ഓണ്‍ലൈന്‍ ടൂളിന് കറുപ്പന്‍ മരംകൊത്തികളുടെ സാന്നിധ്യം പ്രവചിക്കാനാവും. കാടിനെ രക്ഷിക്കാനുള്ള ശ്രമങ്ങളിലെ സമയവ്യയം കുറയ്ക്കാന്‍ പുതിയ ടൂള്‍ ഫലവത്താണ്. മുന്‍പ് നടത്തിയ പതിനൊന്ന് വര്‍ഷത്തെ സര്‍വേകളിൽനിന്നുള്ള ഡേറ്റയാണ് ഓണ്‍ലൈന്‍ ടൂളിന് ആശ്രയം. കാട്ടുതീ അണഞ്ഞ് മാസങ്ങള്‍ക്ക് ശേഷമുള്ള ഡേറ്റയും പരിഗണിക്കപ്പെടുന്നു. 'ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേഡ് പോപ്പുലേഷന്‍സ് ഇന്‍ പാര്‍ട്‌നര്‍ഷിപ്പ് വിത് യു.എസ്.ഡി.എ. ഫോറസ്റ്റ് സര്‍വീസ്'ആണ് ടൂളിന്റെ പ്രായോഗികര്‍. ലോകത്തിലെങ്ങുമുള്ള കാടുകളുടെ പുനരുജ്ജീവനത്തിന് ടൂള്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.
'' കരിഞ്ഞ മരങ്ങള്‍, കറുത്ത മണ്ണ്; കാട്ടുതീ പിടിച്ച കാട് കാണുമ്പോള്‍ എല്ലാം കഴിഞ്ഞെന്ന് നാം വിചാരിക്കും. പക്ഷെ, കാട്ടിനുള്ളിലേക്ക് നടക്കുമ്പോള്‍, പുതുജീവിതത്തിന്റെ തളിരണിയല്‍ കാണാം. കാട്ടുതീയില്‍ കരിഞ്ഞ കാട് അവിശ്വസനീയമായൊരു ആവാസവ്യവസ്ഥയാണ്. അത് സങ്കീര്‍ണ്ണമാണ്. കത്തിയ കാടിന്റെ ഓരോ തുണ്ടിലും പുതിയ ജീവിതം നിറഞ്ഞുതുളുമ്പുന്നുണ്ടാവും. ആ പ്രദേശം ജീവിച്ചിരിപ്പുണ്ട്! അത് മരിച്ചിട്ടില്ല. ഒന്ന് മാറിയിട്ടേ ഉള്ളൂ!'' ആന്‍ഡ്ര്യു സ്റ്റില്‍മാന്റെ വാക്കുകള്‍.
.jpg?$p=c4b605e&&q=0.8)
കാടും കാട്ടുതീയും സമരസപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഓരോ കാട്ടുതീക്കു ശേഷവും കാട് കൂടുതല്‍ കരുത്തോടെ വളരുന്നു. കാട്ടുതീയെ അതിജീവിക്കാനുള്ള അതിശയകരമായ കഴിവ് ചിലയിനം മരങ്ങളുടെ ഉള്ളില്‍ത്തന്നെയുണ്ട്. കാട്ടുതീയില്‍ അമര്‍ന്ന കാട്ടില്‍ ആദ്യം പച്ച പിടിക്കാറുള്ള മരങ്ങളിലൊന്നാണ് 'ലോഡ്ജ് പൈന്‍' എന്ന മരം. ഏത് കാലാവസ്ഥയിലും ലോഡ്ജ് പൈനിന് അസാധാരണമായ അതിജീവനശേഷിയാണ്. ലോഡ്ജ് പൈനിന്റെ ചെറുകായകള്‍ അടച്ചിട്ട കൊച്ചുമുറികളെപ്പോലെയിരിക്കും. അകം നിറയെ ആയിരക്കണക്കിന് വിത്തുകളുണ്ടാവും. റെസിന്‍ കൊണ്ട് പ്രകൃത്യാ സീല്‍ ചെയ്ത പോലെയാണ് പൈന്‍കായകള്‍. ഈ കായകള്‍ തുറക്കണമെങ്കില്‍ കാട്ടുതീജ്വാലകളില്‍ നിന്നുള്ള ഉയര്‍ന്ന ചൂട് തന്നെ വേണമെന്നതാണ് അതിലേറെ വിസ്മയകരം! തീച്ചൂട് ലഭിച്ചില്ലെങ്കില്‍ ഈ കായകള്‍ വര്‍ഷങ്ങളോളം മണ്ണില്‍ത്തന്നെ മുള പൊട്ടാതെ കിടക്കുമത്രെ! പോണ്ടറോസ പൈന്‍ പോലുള്ള ചില മരങ്ങള്‍ അവയുടെ കാഠിന്യമെറിയ തൊലി കൊണ്ട് ചെറിയ കാട്ടുതീകളെ അതിജീവിക്കുന്നു.
.jpg?$p=56ef7c9&&q=0.8)
കാട്ടുതീയും കാലാവസ്ഥാമാറ്റവും
കാലാവസ്ഥാമാറ്റങ്ങള്‍ ലോകമെങ്ങും കാട്ടുതീ പ്രതിഭാസങ്ങളുടെ തീവ്രത ഏറ്റുകയാണ്. താപനില കൂടിയ, നീണ്ടുനില്‍ക്കുന്ന കാട്ടുതീ കാടുകളുടെ സ്വാഭാവികമായ പുനര്‍ജനിയെ തടസ്സപ്പെടുത്തുന്നു. മണ്ണില്‍ ആഴത്തിലേല്‍ക്കുന്ന വരള്‍ച്ച കൂടുതലെണ്ണം വിത്തുകളെ നശിപ്പിക്കുന്നു. തീ ഒടുങ്ങുമ്പോള്‍ മണ്ണില്‍ ബാക്കിയാവുന്ന വിത്തുകളുടെ എണ്ണം താരതമ്യേന കുറവാണെന്നാണ് നിരീക്ഷണം. 2022-ല്‍ ബ്രസീല്‍ ആമസോണ്‍ കാട്ടുതീ മുന്‍പെങ്ങുമില്ലാത്തവണ്ണം കഠിനമായിരുന്നു. 2022-ല്‍, കാട്ടുതീ മൂലമുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം യൂറോപ്പിലും യു.കെയിലും മൂര്‍ദ്ധന്യത്തിലെത്തി. നാസയുടെ ഫയര്‍ ഇന്‍ഫോമേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സൈറ്റ് പ്രകാരം, ഇന്ത്യയില്‍ ഫെബ്രുവരി 13 നും 20-നും ഇടയ്ക്ക് മാത്രം ഏകദേശം 1156 കാട്ടുതീ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാട് കാലാവസ്ഥാമാറ്റങ്ങളുടെ കാരുണ്യത്തിലാണ്.
Content Highlights: black backed woodpecker and deforestation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..