വളകൾ തിന്നു തീർത്ത പ്രാണികൾക്കും അവയുടെ ലാർവപ്പുഴുക്കൾക്കും കണക്കുണ്ടാകില്ല. വാ തുറക്കുക നാവു നീട്ടുക വായിലാക്കുക വിഴുങ്ങുക ഇതാണല്ലോ ലളിതമായ മോഡ് ഓഫ് ഓപറാണ്ടി. ഇത്തരം ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാൻ പലതരം അനുകൂലനങ്ങൾ ആർജിച്ചവരാണ്  പല പ്രാണികളും. തിന്നാതെ രക്ഷപ്പെടാനായി ശരീരത്തിൽ ചിലപ്പോൾ അരുചിയുള്ളതോ വിഷകരമോ ആയ  രാസഘടകങ്ങൾ ഉണ്ടാവും. തവളകളെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതോ ഭയപ്പെടുത്തുന്നതോ ആയ കൺപൊട്ടടയാളങ്ങൾ ശലഭച്ചിറകുകളിലുണ്ടാകും. ചിലതരം ലാർവകളുടെ രൂപവും വ്യാജ കണ്ണടയാളങ്ങളും പാമ്പെന്ന് തെറ്റിദ്ധരിപ്പിക്കും. ഇതൊക്കെയുണ്ടെങ്കിലും തവളയുടെ വായിൽ പോകാനാണ് പലപ്പോഴും പ്രാണികളുടെ പൊതുവായ വിധി. എന്നാൽ സ്വാഭാവികമായ ഈ ഇര-ഇരപിടിയൻ സമവാക്യം തിരുത്തി തിരിച്ചടിക്കുന്ന അതിജീവനതന്ത്രം പയറ്റാനുള്ള കഴിവ് പരിണാമപരമായി ആർജിച്ച ചില പ്രാണികളുണ്ട്. എപ്പോമിസ് (Epomis) വിഭാഗത്തിൽ പെട്ട മൺ വണ്ടും അതിന്റെ ലാർവകളും അത്തരത്തിലുള്ളതാണ്. 
 
‘തവള പാമ്പിനെ വിഴുങ്ങി’ യെന്നത്  വാർത്തയാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം. വളരെ ചെറിയ പാമ്പുകളെ വലിയ പോക്കാച്ചി തവള വിഴുങ്ങുന്നതിൽ വലിയ അത്ഭുതമൊന്നും ഇല്ലെങ്കിലും അതൊക്കെ അസ്വാഭാവികവും അസാധാരണവും  ആണല്ലോ. കടുവയെ കിടുവ പിടിച്ചു എന്ന് പറഞ്ഞപോലെയാണ് Chlaenius ജനുസിലെ ഉപജനുസായ എപോമിസിലെ വളരെ കുഞ്ഞന്മാരായ  ഗ്രൗണ്ട് ബീറ്റിലുകളും അവയുടെ മക്കൾ പുഴുക്കളും തവളകളെ ആക്രമിച്ച്  പിടിച്ച് കൊന്നുതിന്നുന്നത്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
എപ്പോമിസിന്റെ ലാർവ തവളയെ ആ​ഹാരമാക്കുന്നു | Photo: Wiki/By Gil Wizen - http://journals.plos.org/plosone/article?id=10.1371/journal.pone.0025161, CC BY 4.0, https://commons.wikimedia.org/w/index.php?curid=67005089

ലോഹത്തിളക്കമാർന്ന പച്ചയോ നീലയോ നിറമുള്ള കുഞ്ഞ് വണ്ടുകളാണിവ. അവയുടെ ഉറപ്പാർന്ന മേൽച്ചിറകായ എലിട്രയുടെ അരികുകൾ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലാണുണ്ടാകുക. കാലുകളും ആൻ്റിനയും മഞ്ഞ നിറത്തിലും. മൂന്നു സെൻ്റീമീറ്ററിൽ കുറവ് വലിപ്പം മാത്രമുള്ള ഇത്തരം കുഞ്ഞൻ വണ്ടുകളുടെ  മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവപ്പുഴുക്കളുടെ  വെളുപ്പോ മഞ്ഞയോ നിറമുള്ള ദേഹത്ത്  കറുപ്പും ഓറഞ്ചും അടയാളങ്ങളുണ്ടാവും. ഇവയ്ക്ക് രണ്ട് സെൻ്റീമീറ്ററോളം മാത്രമാണ് നീളമുണ്ടാകുക. ഇരട്ടക്കൊളുത്തുള്ള വദനഭാഗമാണ് ഈ പുഴുക്കളുടെ ആയുധം. 

ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗിൽ വിസണും അവിതൽ  ഗസിതും ചേർന്ന് നടത്തിയ പഠനങ്ങൾ കൗതുകകരമായ വിവരങ്ങളാണ് നൽകിയത്. ഇത്തിരിക്കുഞ്ഞൻ പുഴുക്കൾ തവളകളെ മോഹിപ്പിക്കും വിധം പെരുമാറി ചതിവിൽ കുടുക്കുന്നത് കണ്ടെത്തി. ആൻ്റിനകളും വദനഭാഗത്തെ കൊളുത്തുകളും ഇടക്കിടെ ഇവ ചലിപ്പിച്ച്കൊണ്ട് നിൽക്കും. ചലിക്കുന്ന ചെറുജീവികളെയാണ് തവളകൾ ഇരയായി വേഗം തിരഞ്ഞെടുക്കുക. തവളയുടെ കാഴ്ചയിൽ പെട്ട് ശ്രദ്ധനേടാനാണ് ഇങ്ങനെ  മണ്ണിൽ ശരീരം അനക്കി പിടച്ച് കളിക്കുന്നത്   ‘തിന്ന് , തിന്ന്, തിന്ന്’ എന്നു തവളയെ പ്രലോഭിപ്പിക്കുന്നത്. സെക്കൻഡിൻ്റെ പത്തിലൊന്നു സമയം കൊണ്ട് തവള നാവുനീട്ടി അകത്താക്കും. അതിലും വേഗത്തിലാണ് പുഴുവിൻ്റെ പ്രതികരണം.  ഓതിരം മറിഞ്ഞ് തവള മുഖത്ത് ചാടിപ്പിടിക്കും. എന്നിട്ട് കൂടുതൽ മികച്ച ഇടം കണ്ടെത്തും. തൊണ്ടയിലോ വായുടെ അടിഭാഗത്തോ  ഇറുക്കി കടിച്ച് പിടിച്ച് കിടക്കും. പിന്നെ തവളയ്ക്ക് രക്ഷയില്ല. ബാഹ്യപരാദങ്ങളായ ചെള്ളുകളും മറ്റും കടിച്ച് തൂങ്ങുന്നതുപോലെ അവിടെതന്നെ പറ്റിനിൽക്കും. ഇറുക്കുവായകൊണ്ട് ജീവനോടെ  തവളയെ കുറേശെയായി തിന്നുതുടങ്ങും. 

തവളകളെ മാത്രമാണിവർ ഭക്ഷണമായി തിരഞ്ഞെടുക്കുന്നത്. അതിനാൽ തവളകൾ കാണാൻ സാധ്യതയുള്ള - ഈർപ്പവും നനവും ഉള്ള മണ്ണിൽ ഇവർ കാത്ത് നിൽക്കും. ഇവയുടെ ആക്രമണം നടന്നുകഴിഞ്ഞാൽ രക്ഷപ്പെടൽ അസാധ്യമാണ്. നൂറു ശതമാനം വിജയം ഉറപ്പാണ്. നാനൂറ് നേരിട്ടുള്ള ആക്രമണങ്ങൾ നിരീക്ഷിച്ചപ്പോൾ ഏഴുപ്രാവശ്യം മാത്രമാണ് തവളയുടെ വായിൽ പുഴു എത്തിയത്. ബാക്കി അവസരങ്ങളിലെല്ലാം നാവ് നീട്ടലിനിടയിൽ തന്നെ ലാർവ തവളയുടെ മുഖത്ത് പിടികൂടീട്ടുണ്ടായിരുന്നു. തവള വായിലാക്കിയപ്പോഴും ഇവ വെറുതെ കീഴടങ്ങിയില്ല. അതിനെകൊണ്ട് തുപ്പിക്കും. ഉടനെ  വീണ്ടും മുഖത്ത് കടിച്ച് പിടിക്കും. നിരീക്ഷണത്തിൽ ഒരു തവണ തവളയ്ക്ക്  വിഴുങ്ങാൻ കഴിഞ്ഞെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ  പുഴുവിനെ ശർദ്ദിച്ചു. ചാവാത്ത ആ ലാർവ വീണ്ടും ദേഹത്ത് കടിച്ച് പിടിച്ച് തീറ്റതുടങ്ങി. പഴങ്കഥകളിലെ യക്ഷിയായ  കള്ളിയങ്കാട്ട് നീലിയെപ്പോലെയാണ്. ഇവർ  തവളയുടെ എല്ലു മാത്രമേ ബാക്കിവെക്കുകയുള്ളു. 

placeholder
പ്രായപൂർത്തിയായ എപ്പോമിസ് വണ്ടുകൾ വിവിധ ഉഭയജീവികളെ ആഹാരമാക്കുന്നു | Photo: Wiki/By Wizen G, Gasith A (2011) - Wizen G, Gasith A (2011) Predation of amphibians by carabid beetles of the genus Epomis found in the central coastal plain of Israel. ZooKeys 100: 181-191. doi:10.3897/zookeys.100.1526, CC BY 3.0, https://commons.wikimedia.org/w/index.php?curid=22428717

മുതിർന്ന വണ്ടുകൾ മറ്റ് പലതും തിന്നുമെങ്കിലും നേരിട്ട് തവളകളെ കണ്ട്പിടിച്ച്  ആക്രമിക്കുന്നവരും കൂടിയാണ്. പുലികൾ ഇരപിടിക്കും പോലെ ചാടി  കയറി ഇടുപ്പിൽ കടിച്ച് പിടിക്കും. തവള കുടഞ്ഞ് കളയാൻ ശ്രമിച്ചാലൊന്നും പിടിവിടില്ല. ഇടുപ്പിൽ ഒരു സർജിക്കൽ കീറുണ്ടാക്കും. അതോടെ കാലിലേക്കുള്ള  മസിലുകൾ മുറിഞ്ഞ് തവള ചാടാൻ കഴിയാത്ത, പരാലിസിസ് അവസ്ഥയിലാകും.  ചാടി നീങ്ങാനാകാതെ നിന്ന നിൽപ്പിലാകുന്ന തവളയെ സ്വസ്ഥമായിരുന്ന് പതിയെ വണ്ട് തിന്നുതുടങ്ങും. വലിയ തവളകളാണെങ്കിൽ ഹയനക്കൂട്ടങ്ങളെപ്പോലെ കുറേ വണ്ടുകൾ ഒന്നിച്ചാവും ആക്രമണവും തീറ്റയും.

ഉഭയ ജീവികളെകൊണ്ടുള്ള   വലിയ തോതിലുള്ള ഇരപിടി ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായി പലതരം അനുകൂലങ്ങൾ പരിണാമദശകളിൽ പല പ്രാണികളും ആർജ്ജിച്ചിട്ടുണ്ടല്ലൊ. ഉദയജീവികളെ കൊണ്ട് ഗതികെട്ട അത്തരത്തിൽ ഏതോ അവസരത്തിൽ  ഈ വണ്ടുകൾ തിരിച്ചടിച്ച് പ്രതിരോധിച്ച് നോക്കിയത് വിജയിച്ചതാവാം. അത് കാലക്രമത്തിൽ ഇരപിടി സമവാക്യം തിരിച്ചിട്ടു.   Epomis circumscriptus, Epomis dejeani തുടങ്ങിയ ഇനം വണ്ടുകൾ  തവളകളെ മാത്രമല്ല സലമാണ്ടർ പോലുള്ള മറ്റ് ഉഭയജീവികളേയും ഇരതേടുന്നവയാണ്.