തുര്‍ക്കിയുടെ ഭാഗമായുള്ള അനറ്റോളിയ മുതല്‍, കിഴക്കന്‍ ഇറാന്‍ പ്രദേശങ്ങളിലെവിടെയോ അവിടത്തെ ഒരു  മൃഗമായ ഔറൊക്‌സിനെ (Aurochs - Bos primigenius) മനുഷ്യര്‍ മെരുക്കിയാണ് ലോകത്ത് ആദ്യമായി പശുക്കള്‍ ഉണ്ടായതെന്നാണ്‌ കരുതപ്പെടുന്നത്. 10,500 വര്‍ഷം മുമ്പ് ഇത് സംഭവിച്ചിട്ടുണ്ടാവാം. അവയെ Bos taurus എന്നാണ് വിളിക്കുന്നത്. അതുപോലെ  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായുള്ള മെഹ്രഗാര്‍ഹില്‍ 7000-6000 വര്‍ഷം മുമ്പ് മെരുക്കപ്പെട്ട്‌ ഉണ്ടായതാണ് മുതുകില്‍ പൂഞ്ഞയുള്ള സെബു എന്ന വിഭാഗം പശുക്കളെന്നും കരുതപ്പെടുന്നു. അവയെ Bos taurus indicus എന്നാണ് വര്‍ഗീകരിച്ചിട്ടുള്ളത്. സെബുവിന്റെ പൂര്‍വികരായി കാട്ടില്‍ ജീവിച്ചിരുന്ന - മെരുക്കാന്‍ ഉപയോഗിച്ചിരുന്ന  വന്യജീവിയായ ഇന്ത്യന്‍ ഔറൊക്‌സ് (Indian aurochs) സിന്ധുനദീതട സംസ്‌കാരകാലത്ത് തന്നെ  പല കാരണങ്ങളാല്‍ വംശനാശം വന്നുവെന്നു കരുതപ്പെടുന്നു.

To advertise here,
ബൊവിനെ(Bovinae) എന്ന ഉപകുടുംബത്തില്‍ ഉള്‍പ്പെടുന്നവരാണ് ബോസ് (Bos ) ജനുസില്‍ പെട്ട ലോകത്തിലെ പശുക്കളും കാളകളും.

ഉഷ്ണമേഖലയില്‍ ജീവിക്കാന്‍ പറ്റും വിധം പരിണമിച്ചുണ്ടായവരാണ് സെബു പശുക്കള്‍.  ഇന്ത്യ, പാക്കിസ്ഥാന്‍ , നേപ്പാള്‍ , ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലൊക്കെ ഇവയുടെ പല ബ്രീഡുകള്‍ ആണ് കൂടുതലായി ഉള്ളത്. കൂടെതന്നെ ടൗറിന്‍സ് വിഭാഗക്കാരുമായും ഇണചേര്‍ത്ത് പലതരം ഇനങ്ങള്‍ ആഫ്രിക്കയിലും  ഉണ്ട്. അതല്ല ആഫ്രിക്കയിലാണ്‌ ആദ്യം പശുക്കളെ മെരുക്കി സെബുവിനോട് സമാനമായ  സംഘ ഇനങ്ങള്‍ ഉണ്ടായതെന്നും കരുതുന്നവരുണ്ട്. എന്തായാലും ലോകത്തെങ്ങുമായി 94 കോടി പശുക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. (കാളയും പശുവിന്റെ കണക്കില്‍ പെടും). ചില രാജ്യങ്ങളിൽ മനുഷ്യരുടെ എണ്ണത്തേക്കാൾ കൂടുതല്‍ പശുക്കള്‍ ഉണ്ട്. യൂറോപ്പില്‍ ധാരാളമായി കാണുന്നതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണുന്നതുമായ ഈ  രണ്ടു വിഭാഗത്തില്‍ നിന്നുമായി  ലോകത്തെങ്ങുമെത്തി പടര്‍ന്ന് ഇപ്പോള്‍ ആയിരത്തിലധികം ബ്രീഡുകള്‍ ഉണ്ട്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

"മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം'' എന്നൊരു പ്രയോഗത്തില്‍ പറയുന്നത് ഒട്ടും ചിന്തിക്കാതെ പിന്തുടരുന്ന ആളുകള്‍ എന്നാണെങ്കിലും പശുവിന്റെ ഈ സ്വഭാവം ഒരു അതിജീവന തന്ത്രമാണ്‌, മണ്ടത്തരമല്ല. പരിചിതരായ മുതിര്‍ന്ന പശുവാണ് മുന്നില്‍ നടക്കുക. വഴികള്‍, തീറ്റ കിട്ടുന്ന ഇടം, അപകടസ്ഥലങ്ങള്‍ ഒക്കെ അറിയുന്ന ആള്‍ - ശരിക്കും മുന്നേ നടക്കേണ്ട ആള്‍ തന്നെ. കൂട്ടമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന മൃഗങ്ങളാണിവ. അപകട മുന്നറിയിപ്പുകള്‍ നല്‍കാന്‍, കുട്ടികളെ കൂട്ടത്തിനു നടുവിലാക്കി ഇരപിടിയന്മാരിൽനിന്നു  രക്ഷിക്കാനൊക്കെ ഈ കൂട്ടുജീവിതം ഇവരെ സഹായിക്കും.

placeholder
പശുവിന്റെ കണ്ണ്. 330 ഡിഗ്രി കാഴ്ച സാധ്യമാണ് പശുക്കൾക്ക് | Getty images

പച്ചപ്പുല്ലിന്റെ പച്ച കാണില്ല, വർണ്ണാന്ധരാണ് പശുക്കൾ

കാഴ്ചയാണ് ഇവരുടെ ഏറ്റവും പ്രധാന സഹായ ഇന്ദ്രിയം. ചുറ്റുമുള്ള  വിവരങ്ങളുടെ പകുതിയും അറിയുന്നത് കാഴ്ചയിലൂടെയാണ്. ഏത് സമയത്തും ഏതു ഭാഗത്തുനിന്നും ഇരപിടിയന്മാര്‍ എത്താമെന്നതിനാല്‍ നാലുഭാഗത്തേക്കും കണ്ണ് വേണമല്ലോ ഇവര്‍ക്ക്. അതിനാലാണ് തലയുടെ മുന്‍ഭാഗത്തിനു പകരം അരികുകളില്‍ കണ്ണുകള്‍ പരിണമിച്ചുണ്ടായത്. അതിനാല്‍ തന്നെ 330 ഡിഗ്രി കാഴ്ച ഇവര്‍ക്ക് സാദ്ധ്യമാണ്. പിറകിലുള്ളത് കാണാനായി നടക്കുമ്പോള്‍  ഇടക്കിടെ തല രണ്ടുഭാഗത്തേക്കും ചെരിച്ചു കൊണ്ടായിരിക്കും പലപ്പോഴും നടക്കുക. പക്ഷെ, ബൈനോക്കുലര്‍ കാഴ്ചശക്തി കുറവാണ്‌. അതായത് ദൃശ്യങ്ങളിലെ വസ്തുക്കളിലേക്കുള്ള ദൂരം - ആഴം മനസിലാക്കാന്‍ കഴിവ് കുറവാണ്. നല്ല  രാത്രിക്കാഴ്ച ഇവര്‍ക്കുണ്ടെങ്കിലും കളര്‍ ബ്ലൈന്‍ഡ് ആണെന്ന് വേണമെങ്കില്‍ പറയാം.   ഇവര്‍ക്ക് കണ്ണില്‍ രണ്ടിനം ഫോട്ടോറിസപ്റ്റര്‍ - കോണ്‍ കോശങ്ങള്‍ മാത്രമേ ഉള്ളു. അതിനാല്‍ തന്നെ രണ്ട് പ്രാഥമിക വര്‍ണങ്ങളുടെ മിശ്രണമായി  മാത്രമേ ഇവര്‍ക്ക്  നിറങ്ങള്‍ കാണാന്‍ കഴിയു. ചുവപ്പും പച്ചയും കൃത്യമായി വേര്‍തിരിച്ചറിയാനുള്ള കഴിവില്ല. അവ ബ്രൗണിന്റെ ടോണുകളായാണ് മനസിലാക്കുക. അതായത് നമ്മള്‍ കൊണ്ടിട്ട പച്ചപ്പുല്ലിന്റെ പച്ചയല്ല പശു കാണുന്ന പച്ച.

ചെവി പല ഭാഗത്തേക്ക് തിരിച്ച് ഇരപിടിയര്‍ വരുന്നുണ്ടോ എന്നറിയാന്‍ കഴിയും - കൂടെ കൂട്ടം വിട്ടുപോയ കുട്ടികളുടെ കരച്ചില്‍ ശബ്ദം ദൂരെനിന്ന് തിരിച്ചറിയാനും ചെവി തിരിക്കല്‍ കൊണ്ട് പറ്റും. എങ്കിലും നായകളെപ്പോലെ ശക്തമായ കേള്‍വിയൊന്നും ഇവര്‍ക്കില്ല. മേൽക്കൈ നേടാനുള്ള ശ്രമങ്ങള്‍ ഇവ കൂട്ടമായുള്ളപ്പോള്‍ നടത്തും.  അതിനായി ശക്തി പരീക്ഷിക്കുന്നത് പോലെ ഇടക്ക് മോക് ടെസ്റ്റായി പോര് നടത്തും. വെറുതേ തലകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുത്തിനീക്കിയുള്ള കളി. സീരിയസായ പരിക്കേല്‍പ്പിക്കുന്ന കുത്ത് അല്ല. മേൽക്കൈ അംഗീകരിച്ചവരെ  നക്കിയുണക്കുന്നത് കാണാം. അധികാരവും മേൽക്കൈയ്യും സ്ഥാപിക്കാനായിട്ടല്ലെങ്കിലും ദേഹത്ത് ഇണചേരാനെന്നപോലെ കയറിക്കളിക്കുന്നതും സാധാരണമാണ്. കാളകള്‍ തമ്മിലും പശുക്കള്‍ തമ്മിലും ഇങ്ങനെ ചെയ്യാറുണ്ട്. വളരെ  വലിയ  കൊമ്പുകള്‍ ഉള്ളവ തമ്മില്‍ അത്ര അടുത്ത് നില്‍ക്കാന്‍ പറ്റില്ലല്ലോ.  അതിനാല്‍ തന്നെ കൊമ്പില്ലാത്തവ തമ്മിലുള്ളത്ര ശാരീരിക സമ്പര്‍ക്കവും വൈകാരിക അടുപ്പവും കൊമ്പുള്ളവര്‍ തമ്മില്‍ ഉണ്ടാവാറില്ല. 

കുതിരകളെപ്പോലെ  നിന്നുറങ്ങാന്‍ കഴിയില്ലെങ്കിലും ഊര്‍ജ്ജ നഷ്ടം ഇല്ലാതെ ഏറെ നേരം നില്‍ക്കാനുള്ള കഴിവ് ഇവര്‍ക്ക് ഉണ്ട്. ഒരു ദിവസം ശരാശരി നാലു മണിക്കൂര്‍ മാത്രമാണ് പശു ഉറങ്ങുന്നത്. ആ തീവ്ര ഉറക്കം കിടന്നുകൊണ്ട് തന്നെ ആണ്. 

കൂട്ടം തെറ്റിയാലും ഒറ്റക്കായാലും പശുക്കള്‍ വൈകാരിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി മനസിലാക്കിയിട്ടുണ്ട്. ചെവിയുയര്‍ത്തി നില്‍ക്കുന്നത്  വൈകാരിക അവസ്ഥയുടെ  സൂചകമാകാറുണ്ട്. ഹൃദയനിരക്ക് കൂടുന്നതും രക്ത പ്ലാസ്മയില്‍ കോര്‍ട്ടിസോള്‍ അളവ് കൂടുന്നതും ഇത്തരം ഘട്ടങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റ് പശുക്കള്‍ സമ്മര്‍ദ്ദത്തിലാണോ എന്ന് അവയുടെ മൂത്രഗന്ധത്തിലെ രാസഘടകങ്ങളാല്‍  ഇവയ്ക്ക് തിരിച്ചറിയാന്‍ കഴിയും.  ഒറ്റപ്പെടുമ്പോഴും വൈകാരിക സമ്മര്‍ദ്ദത്തില്‍ ആയാലും ഇവ ഉറക്കെ നിര്‍ത്താതെ കരയുകയാണ് പ്രധാനമായും ചെയ്യുക. ചിലപ്പോള്‍ അനങ്ങാതെ നില്‍ക്കുകയും ചെയ്യും.

placeholder
പച്ചപ്പുല്ല് തിന്നുന്ന വെച്ചൂർ പശുക്കൾ | ഫോട്ടോ : കെ. കെ നജീബ്

ആളൊരു 'പച്ച പശു'വല്ല, അയവിറക്കൽ ഒരു രസത്തിനുമല്ല

ആളൊരു 'പച്ച പശു' ആണ് എന്ന്  പറഞ്ഞാല്‍ പരമ സാധുവും ശുദ്ധനും എന്നൊക്കെയാണല്ലോ ധ്വനി. പോ 'പുല്ലേ'! എന്നോ 'വെറും പിണ്ണാക്ക്' എന്നോ ഒക്കെപറയുമ്പോള്‍ മനസില്‍ ഒന്നിനും കൊള്ളാത്തവ എന്നൊരു ധാരണ ഉണ്ടാകുകയും ചെയ്യും. എന്നാല്‍ പശുവും പുല്ലും പിണ്ണാക്കും ഒക്കെ തമ്മിലുള്ള ബന്ധം ഒന്നും അത്ര നിസാരക്കാര്യമല്ല. പുല്ല്  പച്ചയായാലും ഉണങ്ങിപ്പഴകിയ വൈക്കോലായാലും, എന്തും  പശു തിന്നും. മരത്തൊലി ആയാലും പിണ്ണാക്കായാലും ഏതു രൂപത്തിലും കോലത്തിലും ഉള്ള സെല്ലുലോസും പശുവിന്റെ ഉള്ളില്‍ എത്തിയാല്‍ ദഹിച്ചോളും. പുല്ലിലെ സങ്കീര്‍ണ്ണ രൂപഘടനയുള്ള സെല്ലുലോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് പോളിമര്‍  ദഹിപ്പിക്കാന്‍ അയവെട്ടുകാരല്ലാത്ത മറ്റ് മൃഗങ്ങളില്‍ പലതിനും കഴിയില്ല , നമുക്കും  കഴിയില്ല.

റൂമിനെന്റുകള്‍ എന്നു വിളിക്കുന്ന മേഞ്ഞുതിന്നു ജീവിക്കുന്ന ഇരട്ടക്കുളമ്പുള്ളവയില്‍ പെട്ട, അയവെട്ടുന്ന ജീവികളില്‍ പ്രധാനപ്പെട്ടതാണ് പശുക്കളടക്കമുള്ള പോത്തും എരുമയും ഒക്കെ. മാനുകള്‍, ജിറാഫുകള്‍, ഹിപ്പൊപൊട്ടാമാസ് തുടങ്ങിയവയും ഇവയില്‍ പെടും. നമ്മള്‍ 'ഓര്‍മകള്‍ അയവിറക്കുക' എന്നൊക്കെ പറയുന്നതുപോലെ  ഇവരുടെ അയവിറക്കല്‍ ഒരു രസത്തിന് ചെയ്യുന്ന കാര്യമല്ല. അവരുടെ ദഹനം ഒരു വല്ലാത്ത ദഹനം ആണ്.  

ഒരു ആമാശയമല്ല പശുവിന്, സങ്കീർണ്ണമാണതിന്റെ ദഹനം

നമുക്ക് ഒരു ധാരണയുണ്ട്, എല്ലാ മൃഗങ്ങളും നമ്മളെപ്പോലെ തന്നെയാണ് ദഹനകാര്യത്തില്‍ എന്ന്. തിന്നുന്നു, ആമാശയത്തില്‍ എത്തുന്നു , അവിടെ ആമാശയ ഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന എന്‍സൈമുകള്‍ അതിനെ ദഹിപ്പിക്കുന്നു, സിമ്പിള്‍. അതിലെ ഗ്ലൂക്കോസ് രക്തത്തിലേക്ക് ആഗിരണം ചെയ്ത് ഊര്‍ജ്ജം  ഉണ്ടാക്കുന്നു. എല്ലാ മൃഗങ്ങള്‍ക്കും രുചിയും നമ്മളെപ്പോലെയൊക്കെ ആകും എന്ന തെറ്റിദ്ധാരണയും ചിലര്‍ക്ക് ഉണ്ട്.  അതുകൊണ്ടാണ്,  മധുരം തിരിച്ചറിയാന്‍ പോലും ആകാത്ത പ്രിയപ്പെട്ട പൂച്ചയ്ക്  പഞ്ചാരപ്പായസം വെച്ച് കൊടുക്കുന്നത്. (കുട്ടിക്കഥകളിലൊക്കെ കാക്കയും പൂച്ചയും പായസം വെച്ച കഥ ഉറപ്പാണല്ലോ). അതെ, നമ്മുടെ ദഹനം സിമ്പിളും പവര്‍ഫുളും ആണ്.  നമ്മള്‍ തിന്നുന്നത് നേരെ ആമാശയ സഞ്ചിയിലാണല്ലോ എത്തുക. അതിനുമുമ്പേ തന്നെ ഉമിനീരിലടക്കം ഉള്ള അമൈലേസ് പോലുള്ള എന്‍സൈമുകള്‍, നമ്മൾ കഴിച്ച  ചോറ് പോലുള്ള ഭക്ഷണത്തിലെ  സ്റ്റാര്‍ച്ചിനേയും മറ്റും രക്തത്തില്‍ അലിഞ്ഞ് ചേരും വിധമുള്ള  ഗ്ലൂക്കോസാക്കി മാറ്റാനുള്ള പണി തുടങ്ങും. ഭക്ഷണത്തിലെ വിവിധ തരം  കാര്‍ബോ ഹൈഡ്രേറ്റുകളില്‍, വെള്ളത്തില്‍ ലയിക്കുന്ന പഞ്ചസാരകളല്ലാത്തതും ഉണ്ടാകുമല്ലൊ. കുടിച്ച പാലിലെ ലാക്‌റ്റോസ് അടക്കം. അവയെല്ലാം  ലളിതപഞ്ചസാരകളാക്കി മാറ്റിയാണ് രക്തത്തിലേക്ക് ആഗിരണം ചെയ്യിക്കുന്നത്. ആമാശയത്തിലെ ഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡും ദഹനരസങ്ങളും ആയി ചേര്‍ന്നാണ് ദഹനം നടക്കുന്നത്. ചെറുകുടലിലൂടെ കടന്നുപോകുമ്പോള്‍ ഈ ഗ്ലൂക്കോസ്  ആഗിരണം ചെയ്യപ്പെടും, എന്നിട്ട് ശരീരത്തിലെ ഓരോ കോശങ്ങളിലും എത്തും.  ശ്വസനത്തിലൂടെ നമ്മള്‍ അകത്തെടുക്കുന്ന ഓക്‌സിജനും കോശങ്ങളിലെത്തി, അതിന്റെ സഹായത്തോടെ  പഞ്ചസാര  കത്തിച്ചാണ് ഊര്‍ജ്ജം ഉണ്ടാക്കുന്നത്. ആ ഗ്ലൂക്കോസാണ് കോശങ്ങളില്‍ എത്തി നമുക്ക് വേണ്ട ഊര്‍ജ്ജമായി മാറുന്നത്. അധികമുള്ളത് കൊഴുപ്പാക്കി ശേഖരിക്കുന്നത്. 

എന്നാല്‍, പശുവിനെപ്പോലുള്ളവയുടെ ദഹനം ഇതുപോലെ അല്ല. തിന്ന സസ്യഭാഗങ്ങളെ ഗ്ലൂക്കോസാക്കി മാറ്റിയല്ല ഊര്‍ജ്ജം ഉണ്ടാക്കുന്നത്. വൈക്കോലിലും മറ്റുമുള്ള സെല്ലുലോസ് പോലുള്ള പോളിസാക്കറൈഡുകളെ  ഗ്ലൂക്കോസാക്കാന്‍ പറ്റുന്ന ദഹനരസങ്ങള്‍ ഒന്നും പശുവിന്റെ ആമാശയത്തിലും ഇല്ല. വയറിനകത്തുള്ള നിരവധി ഇനം സൂക്ഷ്മ ജീവികളാണ് സെല്ലുലോസ് അല്ലെങ്കില്‍ പുല്ല് തിന്നുന്നത് എന്ന് വേണമെങ്കില്‍ പറയാം. അവയുടെ ഭാഗമായി പുളിക്കല്‍  അഥവാ ഫെര്‍മെന്റ്റേഷന്‍ നടക്കും. സൂക്ഷ്മജീവികള്‍ പെറ്റ് പെരുകും. അതാണ് പശുവിന്റെ ശരിക്കുമുള്ള ഊര്‍ജ്ജ സ്രോതസ്.

പശു എന്ന മീഥേൻ സ്രോതസ്സ്

പുളിക്കലിന്റെ ഭാഗമായി വലിയ അളവില്‍ മീഥേന്‍ വാതകവും വൊളറ്റൈല്‍  ഫാറ്റി ആസിഡുകളും (VFA) ഉണ്ടാകും. മീഥേനും മറ്റ് വാതകങ്ങളും പശു വായിലൂടെ ഇടക്കിടെ പുറത്തേക്ക് കളയും. മണിക്കൂറില്‍ 30-40 ലിറ്റര്‍ വാതകം ഇത്തരത്തില്‍ പശു ഉത്പാദിപ്പിക്കുന്നുണ്ട്. അത് വയറില്‍ നിറയുമ്പോഴാണ് വാപൊളിച്ച് എക്കിളാക്കി പുറത്തേക്ക് കളയുന്നത്.  നമ്മള്‍ കോട്ടുവായിടും പോലെ അത്യപൂര്‍വ്വമായി, ഉറക്കം വരുമ്പോള്‍ മാത്രമുള്ളതല്ല പശുവിന്റെ എക്കിളും കോട്ടുവായിടലും. അത് മാരക കോട്ടുവായാണ്. ആഗോളതാപന കാരണക്കാരില്‍ പെട്ട ഒരു ഗ്രീന്‍ ഹൗസ് വാതകമാണത്. പശുക്കള്‍ ഇങ്ങനെ സദാസമയവും മീഥേന്‍ വാതകം  പുറപ്പെടുവിക്കുന്നുണ്ട്.. ഒരു വര്‍ഷം ഒരു പശു 100 കിലോഗ്രാം മീഥേന്‍ പുറത്ത് വിടുന്നതുകൂടാതെ ചാണകത്തില്‍ നിന്നുണ്ടാകുന്ന മീഥേന്‍  വേറെയും ഉണ്ട്. (ഹരിത ഗൃഹവാതകം,ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം  എന്നൊക്കെ കേള്‍ക്കുമ്പോള്‍ മൊത്തം കുറ്റം മനുഷ്യരില്‍ മാത്രം ചാരേണ്ടകാര്യമില്ല. നമ്മുടെ വളര്‍ത്തുപശുക്കളും ഇതില്‍ കക്ഷികളാണെന്ന് സാരം. ആഗോള താപനത്തിനു കാരണമായ ഹരിത ഗൃഹവാതകങ്ങളുടെ  7% ഉണ്ടാക്കുന്നത് ഇവരാണ്).  ഫെര്‍മെന്റേഷന്‍ വഴി ഉണ്ടാകുന്ന ഫാറ്റി ആസിഡിനെ ആണ് രക്തത്തിലേക്ക് വലിച്ചെടുത്ത് ഊര്‍ജ്ജാവശ്യം പശു  നിറവേറ്റുന്നത്. 

വൈക്കോലും കാടിയുമൊന്നും പശുവനുള്ളതല്ല, വയറ്റിനുള്ളിലെ സൂക്ഷജീവിക്കുള്ളത്

പശുവിനെപ്പോലുള്ളവയുടെ ദഹനവ്യവസ്ഥയില്‍ ഒരു ആമാശയമല്ല ഉള്ളത്.  ഭക്ഷണമാക്കുന്ന പച്ചപ്പുല്ലും വൈക്കോലും മറ്റെല്ലാം തന്നെ നേരെ പോകുന്നത് റുമന്‍ എന്ന വമ്പന്‍ അറയിലേക്കാണ്. പണ്ടം എന്നു മലയാളത്തില്‍ പറയാറുണ്ട്.  റുമന്‍, റെറ്റിക്കുലം, ഒമാസം, അബൊമാസം എന്നിങ്ങനെ പേരുള്ള നാല് ആമാശയ അറകള്‍ ഇവര്‍ക്ക്  ഉണ്ട്. ഇടതുവശത്തായി വലിയ സഞ്ചിപോലെയുള്ള ഭാഗമാണ് റൂമന്‍. ഇത് ഓരോരോ പശുവിനങ്ങളുടെയും ബ്രീഡും  വലിപ്പവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. 50 ലിറ്ററിലധികം  കൊള്ളും ചിലയിനങ്ങളുടെ റൂമനില്‍.  ഇതില്‍ ധാരാളം പാളി അറകളുണ്ടാകും. റുമെന്‍ നിരവധിയിനം ബാക്റ്റീരിയകളുടെയും സൂക്ഷ്മജീവികളുടെയും കേദാരമാണ്. ആരോഗ്യമുള്ള ഒരു പശുവിന്റെ റൂമനില്‍  നിന്നുള്ള ഒരു മില്ലി ലിറ്റര്‍ ദ്രാവകത്തില്‍ തന്നെ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തു ലക്ഷത്തിലധികം പ്രോട്ടോസോവകളും  ഉണ്ടാകും.

പശുവിന്റെ റൂമനിലെ ഒരു മില്ലി ലിറ്റര്‍ ദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം ബാക്ടീരിയയും പത്തു ലക്ഷത്തിലധികം പ്രോട്ടോസോവകളും  ഉണ്ടാകും.

തിന്ന പച്ചപ്പുല്ലിലും വൈക്കോലിലും പിണ്ണാക്കിലും ഉള്ള സസ്യകോശ ഭിത്തിയായ സെല്ലുലോസ് ദഹിപ്പിക്കാന്‍ ചെറിയ പണിയല്ല ഉള്ളത്. നമ്മുടെ വയറ്റില്‍ അത്തരം സഹായം ചെയ്യാന്‍ പറ്റുന്ന സൂക്ഷ്മജീവികള്‍ ഇല്ല. അതിനാലാണ് ഗതികെട്ടാലും പുല്ല് തിന്ന് നമുക്ക് ജീവിക്കാനാവാത്തത്. റൂമന്‍ നിറയെ സൂക്ഷ്മാണുക്കളാണ് എന്ന് പറഞ്ഞല്ലോ. അവര്‍ക്ക് ജീവിക്കാനും പെറ്റുപെരുകാനും അനുകൂല പരിസ്ഥിതിയാണ് റുമന്റെ അകവശം. സത്യത്തില്‍ പുല്ലും വൈക്കോലും പിണ്ണാക്കും  കാടിയും ഒന്നും  പശുവിനുള്ളതല്ല എന്നും പറയാം. വയറിലെ കോടാനുകോടി പലതരം ജീവികള്‍ക്ക് തിന്നാനാണ് അത് വയറ്റില്‍ എത്തിച്ച് കൊടുക്കുന്നത്.  എപ്പഴാ പുലി പിടിക്കുക എന്ന പേടി മൂലമാണ് പശുവും മാനും അടക്കമുള്ള  പല കുളമ്പുജീവികളും കിട്ടിയ സമയം കൊണ്ട് പരമാവധി എന്ന വിധത്തില്‍ തീറ്റ അകത്താക്കുന്നത്. വിസ്തരിച്ച് ചവച്ച് അരച്ച് തിന്നാന്‍ പോയാല്‍ സ്വന്തം ശരീരം വേറെ മൃഗങ്ങള്‍ കീറി മുറിച്ച് ചവച്ചരച്ച് തിന്നാനുള്ള സാദ്ധ്യത കൂടുതലാണല്ലോ. പരിണാമപരമായുള്ള  അനുകൂലനമായാണ് പല അറകളുള്ള ഈ സ്റ്റോറേജ് . അതില്‍ ആദ്യം നിറച്ച് പിന്നീട്, സുരക്ഷിത സ്ഥാനത്ത് വിശ്രമിച്ച് , ഈ അറയില്‍നിന്നു നേരത്തെ അകത്താക്കിയ തീറ്റ കുറേശെയായി ഉരുട്ടി ഉണ്ടയാക്കി, തികട്ടി വായില്‍ കൊണ്ടൂവന്ന് വിശദമായി ഉമിനീരും കൂട്ടി ചവച്ചരച്ച് ഇറക്കലാണ്  അയവെട്ടല്‍ എന്ന പരിപാടി. 

placeholder
പശുവിന്റെ വയറിനുള്ളിലെ വിവിധ അറകൾ | By Pearson Scott Foresman -
Public Domain, https://commons.wikimedia.org/w/index.php?curid=3541895

റുമെന്‍ വെറും സ്റ്റോക്ക് റൂം മാത്രമല്ല. അത് വലിയൊരു ഫെര്‍മെന്റേഷന്‍ ചേംബര്‍ കൂടിയാണ്. പഴയ നാടന്‍വാറ്റുകാര്‍ കശുമാങ്ങാനീരും വെല്ലവും നവസാരവും എല്ലാം ചേര്‍ത്ത് ഫെര്‍മെന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വാഷിന്‍ പാത്രം പോലൊന്ന്. അവിടെ നമ്മുടെ ആമാശയത്തിലേതുപോലെ ആസിഡും എന്‍സൈമുക്കളും ഉണ്ടാക്കുന്ന ഒരുതരം ഗ്രന്ഥികളും ഇല്ല. ശരിക്കും ഒരു പാത്രം മാത്രം. റൂമന്‍ എന്ന അത്ഭുത സഞ്ചിക്കകത്ത് ഉള്ള അനേകലക്ഷം സൂക്ഷ്മാണുക്കളുടെ ജീവ ലോകം ആണ് സെല്ലുലോസ് ദഹിപ്പിക്കാന്‍ ഇവരെ സഹായിക്കുന്നത് എന്ന് പറഞ്ഞല്ലോ. അവിടെ പലതരം ബാക്റ്റീരിയകള്‍ മാത്രമല്ല, ഫങ്കസുകള്‍, പ്രോട്ടോസോവകള്‍ എല്ലാരും കൂടിയുള്ള പരസ്പരസഹായ പരിപാടിയാണ് നടക്കുക.

ബാക്റ്റീരിയകളില്‍  ഫൈബ്രോ ബാക്റ്റര്‍ സക്‌സിനോജനീസ് (Fibrobacter succinogenes) , റുമിനോ കോക്കസ് ഫ്‌ലവെഫാസിയെന്‍സ് (Ruminococcus flavefaciens) , റുമിനോകോക്കസ് ആല്‍ബസ് (Ruminococcus albus ) എന്നിവയൊക്കെയാണ് പ്രധാനികള്‍. സെല്ലൂലോലിറ്റിക് ഫംഗസുകളില്‍ നിയോകാല്ലിമാസ്റ്റിക്‌സ് ( Neocallimastix) വിഭാഗക്കാരാണ് കൂടുതലായുള്ളത്.  പ്രോട്ടോസോവകളില്‍ സിലിയകളുള്ള വിഭാഗത്തിലെ യൂഡിപ്ലോഡിനിയം മാഗി (Eudiplodinium maggie) ഓസ്റ്റ്രാകോഡിനിയം ആല്‍ബം  (Ostracodinium album) എന്നീ ഇനങ്ങള്‍ കാര്യമായുണ്ടാകും. പശുവിന്റെ ഭക്ഷണത്തിലെ ഘടകങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ പലതര ജീവഘടകങ്ങളുടെ എണ്ണം സ്വഭാവം എന്നിവയില്‍ മാറ്റമുണ്ടാകും. ഇവ പെട്ടെന്ന് മാറുന്നത് പശുവിന് വലിയ പ്രശ്‌നം ആകും. പതുക്കെ ഭക്ഷണത്തില്‍ മാറ്റമുണ്ടായാല്‍ അതുമായി യോജിക്കാന്‍ പറ്റും വിധം സൂക്ഷ്മജീവികളുടെ എണ്ണം മാറുകയും ചെയ്യും. അതിനാല്‍ ഭക്ഷണത്തിന്റെ സ്വഭാവം പെട്ടെന്ന് വലിയ അളവില്‍ മാറാന്‍ പാടില്ല.

ഏതെങ്കിലും ഇനം മാത്രം ബാക്റ്റീരിയകളുടെ എണ്ണം കൂടുകയും സൂക്ഷ്മാണുക്കള്‍ തമ്മിലുള്ള ബാലന്‍സ് മാറുകയും ചെയ്താല്‍ ഫെര്‍മെന്റേഷനു പകരം പുളിപ്പിക്കല്‍ ആണ് സംഭവിക്കുക. അതിന്റെ ഫലമായി  ലാക്റ്റിക് ആസിഡ് കൂടുതലായുണ്ടാകും. അങ്ങിനെ ആസിഡ് അളവ് കൂടിയാല്‍ സൂക്ഷ്മാണുക്കള്‍ പലതും അതിജീവിക്കില്ല.  അസിഡോസിസ് എന്ന അവസ്ഥയിലേക്ക് പോകും . മീഥേന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകങ്ങള്‍ കൂടുതലായി ഉണ്ടായി വയര്‍ നിറഞ്ഞ്  ശ്വാസം കഴിക്കാനാവാത്ത അവസ്ഥയിലേക്ക് പോകും . രക്തത്തിലും ആസിഡ് അളവ് കൂടും. അതിന്റെ ഭാഗമായി രക്തത്തിലെ ജലാംശം തിരിച്ച് റുമനിലേക്ക് വരുന്ന അവസ്ഥയും അങ്ങിനെ നിര്‍ജലീകരണം സംഭവിച്ച് പശു ചത്തു പോകുകയും ചെയ്യും. 

പൊറോട്ട കൊടുത്തതിനാല്‍ ഒരു ഫാമിലെ പശുക്കള്‍ ചത്തുപോയി എന്ന വിധത്തില്‍ അടുത്ത ദിവസം വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ. പൊറോട്ട മോശം ആയതുകൊണ്ടല്ല അങ്ങിനെ ചത്തുപോകുന്നത്. മുന്‍പ് കൊടുത്തിരുന്നതിലും കൂടുതലായി ഒരു ദിവസം ഇത്തരത്തില്‍ ഏത് അന്നജം കൂടിയ ഭക്ഷണം കൊടുത്താലും ചിലപ്പോള്‍ പശുവിന്റെ റുമനില്‍ പ്രശ്‌നം ഉണ്ടാവാം. അതു ചോറായാലും മതി. കിഴങ്ങോ ചക്കയോ മാങ്ങയോ എന്തും കൂടിയ അളവില്‍ ഒരു ദിവസം പെട്ടെന്ന് പശുക്കള്‍ക്ക് കൊടുക്കരുത്. അന്നജം അപ്പോള്‍ പുളിച്ച് ആസിഡായി മാറുകയാണ് ചെയ്യുക. നമ്മുടെ വയറ്റിലും ചിലപ്പോള്‍ പയറുവര്‍ഗ്ഗങ്ങള്‍ കൂടുതലായി കഴിച്ചാല്‍ ചെറിയതോതില്‍ ഗ്യാസുണ്ടാകുന്നത് ഇത്തരത്തില്‍ ദഹിക്കാതെ പുളിക്കുന്നതുകൊണ്ടാണല്ലോ.   

പശുവിന്റെ റൂമനില്‍,  സൂക്ഷ്മാണുക്കള്‍ സസ്യകോശങ്ങളില്‍ പ്രവര്‍ത്തിച്ച്  ഉണ്ടാകുന്നത്  ഗ്ലൂക്കോസല്ല, വോളറ്റൈല്‍ ഫാറ്റി ആസിഡുകള്‍ ആണെന്നു പറഞ്ഞല്ലോ. അസിറ്റേറ്റ് , പ്രൊപ്യോണേറ്റ്, ബൂറ്റിയിറേറ്റ്  എന്നീ മൂന്നു തരം വൊളറ്റൈല്‍ ഫാറ്റി ആസിഡുകള്‍ - volatile fatty acids (VFAs) ആണ് പ്രധാനമായും ഉണ്ടാകുന്നത്. ഈ മൂന്നിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുക  അസിറ്റേറ്റ് VFA ആണ്. Butyrivibrio fibrisolvens , Acetobacterium woodii എന്നിങ്ങനെയുള്ള ബാക്റ്റീരിയകള്‍ ആണ് അസീറ്റേറ്റ് നിര്‍മ്മാണ  പ്രവര്‍ത്തനങ്ങള്‍ക്ക്  സഹായിക്കുന്നത് .  കാര്‍ബണ്‍ ഡയോക്‌സൈഡും ഹൈഡ്രജനും ഉപയോഗിച്ച് Wood-Ljungdahl pathway എന്നു വിളിക്കുന്ന ബയോകെമിക്കല്‍ രാസപ്രവര്‍ത്തനം ആണ് അവിടെ സംഭവിക്കുന്നത്. Succinimonas amylolytica ,  Selenomonas ruminantium എന്നിങ്ങനെയുള്ള ബാക്റ്റീരിയകളാണ് ഗ്ലൂക്കോസും മറ്റ് പഞ്ചസാര  ഭാഗങ്ങളെയും  പ്രൊപ്യോണേറ്റ് ആക്കി മാറ്റുന്നത്. Butyrivibrio fibrisolvens എന്ന ഇനം ബാക്റ്റീരിയകള്‍ ആണ് ബൂറ്റിയിറേറ്റ് നിര്‍മ്മിക്കുന്നത്.

പുല്ലു പോലുള്ളവയാണ് കൂടുതലായി പശു കഴിക്കുന്നതെങ്കില്‍ 60-70% അസെറ്റിക് ആസിഡാണ് ഉണ്ടാകുക. കൂടെ 15-20% പ്രൊപ്പിയോണിക് ആസിഡും 5-15 % ബ്യൂട്ടിറിക് ആസിഡും. എന്നാല്‍ ധാന്യങ്ങളും പിണ്ണാക്കും നന്നായി പൊടിച്ച കാലിത്തീറ്റയും ഒക്കെ കൂടുതലുള്ള ഭക്ഷണം ആണെങ്കില്‍ അസിറ്റിക് ആസിഡ് 40% ലേക്ക് ചുരുങ്ങുകയും പ്രൊപ്പിയോണിക് ആസിഡ് 40 % ആയി കൂടുകയും ചെയ്യും. സെല്ലുലോസ് ഹെമിസെല്ലുലോസ് തുടങ്ങിയ ഫൈബര്‍ ഘടകങ്ങളെ 30-40 % മാത്രമേ റുമനിലെ സൂക്ഷ്മാണുക്കള്‍ക്ക് വിഘടിപ്പിക്കാനാകു. ബാക്കി ചാണകമായി പുറത്തേക്ക് വരികയാണ് ചെയ്യുക. എന്നാല്‍ ഭക്ഷണത്തിലെ 60% അന്നജം വിഘടിക്കപ്പെടും. മറ്റ് പഞ്ചസാരകള്‍ ഒക്കെയും പൂര്‍ണ്ണമായും തന്നെ റൂമനില്‍ ദഹിപ്പിക്കപ്പെടും. റുമെന്‍ ചുമരുകളിലെ കുഞ്ഞ് വിരലുരൂപ പാപ്പിലെകള്‍ മൊത്തം  വിസ്താരം കൂട്ടുകയും  വേഗത്തില്‍ ഇവയെ രക്തത്തിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കുകയും  ചെയ്യും. ഇതാണ് കോശങ്ങളില്‍ എത്തി ഊര്‍ജ്ജമായി മാറ്റുന്നത്. അകിടുകളിലെത്തി പാലായി മാറുന്നത്. കഴിച്ച ഭക്ഷണത്തിലെ പ്രോട്ടീന്‍ മുഴുവനായും റുമന്‍ അറയില്‍ വെച്ച് ഫെര്‍മെന്റേഷന്‍ വഴി വിഘടിക്കപ്പെടുന്നില്ല . ഫെര്‍മെന്റേഷന്‍ മൂലം പ്രോട്ടീന്‍ അമോണിയ, ഓര്‍ഗാനിക് ആസിഡുകള്‍, അമിനോ ആസിഡുകള്‍ ഒക്കെ ആയാണ് മാറ്റപ്പെടുക. 40-70% ഇങ്ങനെ ദഹിക്കും. 

ഏറ്റവും രസകരമായ കാര്യം , റുമനിലെ ഒരുവിധം എല്ലാ സൂക്ഷ്മാണുക്കള്‍ക്കും ഈ അമോണിയ ആവശ്യമാണ്. അതുപയോഗിച്ചാണ് അവ പ്രോട്ടീന്‍ നിര്‍മ്മിച്ച് വളരുന്നത്. അമോണിയയും ഓര്‍ഗാനിക്ക് ആസിഡുകളും ഈ സൂക്ഷ്മാണുക്കള്‍ അവര്‍ക്ക് വേണ്ട പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള  അമിനോ ആസിഡുകളാക്കിമാറ്റുകയാണ് ചെയ്യുന്നത്. അധികമായുള്ള അമോണിയ റൂമന്‍ ഭിത്തികള്‍ തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യും. പശുതിന്ന ഭക്ഷണത്തിലെ പ്രോട്ടീനും ധാരാളമായുണ്ടായ സൂക്ഷ്മാണുക്കളെ ദഹിപ്പിച്ച് ഉണ്ടായ പ്രോട്ടീനും അബോമാസത്തില്‍ വെച്ചും ചെറുകുടലില്‍ വെച്ചും  രക്തത്തിലേക്ക് വലിച്ചെടുക്കും.  റുമനിലെ മൈക്രോബുകള്‍ പശുവിനാവശ്യമായ വൈറ്റമിന്‍ K, വൈറ്റമിന്‍ B എന്നിവ ഉത്പാദിപ്പിക്കും. അതിനാല്‍ തന്നെ ആരോഗ്യമുള്ള ഒരു പശുവിന് വേറെ വൈറ്റമിന്‍ ബിയും കേയും ഒന്നും ആവശ്യമില്ല. 

ആമാശയത്തിന്റെ ഭാഗമായുള്ള റെറ്റിക്കുലം എന്ന കുഞ്ഞുഭാഗം ശരീരത്തിന്റെ മുന്നോട്ട് ഹൃദയത്തിന് അടുത്താണ് ഉള്ളത്. തേനടകളിലെ അറകളുടെ രൂപത്തിലുള്ള ഘടനയാണിതിനുള്ളത്. അയവെട്ടലിന് ഒരോരോ ഉണ്ടകളാക്കി വായിലേക്ക് അയക്കലൊക്കെ നടത്താന്‍ സഹായിക്കുന്നത് റെറ്റിക്കുലം ആണ്. കൂടാതെ ഭക്ഷണത്തില്‍ അബദ്ധത്തില്‍ കുടുങ്ങുന്ന ഇരുമ്പാണി പോലുള്ളവയൊക്കെ ഇവിടെ കുടുങ്ങിക്കിടക്കും. അതിനാല്‍ ഈ ഭാഗത്ത് ഇത്തരം ആണികളും മറ്റും കുടുങ്ങിയുണ്ടാകുന്ന രോഗത്തിന് ഹാര്‍ഡ്വേര്‍ഡ് ഡിസീസ് എന്നാണ് പറയുക. അടുത്ത അറയാണ് അമാസം. ഉള്ളില്‍ പുസ്തകത്താളുകള്‍ പോലെ ധാരാളം പാളികളുള്ളതാണ് ഗ്ലോബ് പോലുള്ള ഈ ഭാഗം. ഇവിടെയാണ് വെള്ളവും മറ്റ് പോഷകങ്ങളും രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നത്.അവസാനത്തെ അറയാണ് ഒബോമാസം. അത് അയവെട്ടാത്ത ജീവികളുടെ ആമാശയത്തിന് സമാനമായതാണ്. ഈ അറയുടെ ഭിത്തികളില്‍ നിന്നും ഗ്രന്ഥികളിലൂടെ ആസിഡും മറ്റു ദഹന രസങ്ങളും സ്രവിപ്പിക്കും. 

പശു പൂരിത കൊഴുപ്പുകളെ കൂടുതലായി ആഗിരണം ചെയ്യാന്‍ കഴിയുന്നവരാണ്. റൂമനിലെ മൈക്രോബുകള്‍ അപൂരിത ഫാറ്റി ആസിഡുകളില്‍ പ്രവര്‍ത്തിച്ച് ഒരു ഹൈഡ്രജന്‍ ആറ്റം അതിനോട് ചേര്‍ത്ത് പൂരിത , അഥവാ സാച്വറേറ്റഡ് ഫാറ്റി ആസിഡാക്കി മാറ്റുന്നതിനാലാണ് ഇത് സാധ്യമാക്കുന്നത്. അതിനാല്‍ തന്നെ അപൂരിത കൊഴുപ്പുകള്‍ അധികം ചേര്‍ന്ന ഭക്ഷണം കൂടുതലായി കൊടുത്താല്‍ , സൂക്ഷ്മാണുക്കള്‍ക്ക് അപകടകരമായി ടോക്‌സിക്കാകുകയും അവ  നശിക്കുകയും  ഇവയുടെ വയറിനുള്ളിലെ ഫൈബര്‍ ദഹനം പതുക്കെയാക്കപ്പെടുകയും ചെയ്യും.  

പറഞ്ഞുവരുന്നത്  പശു പുല്ല്  തിന്നുന്നത് - വയറ്റിനുള്ളിലെ  സൂക്ഷ്മജീവികള്‍ക്ക് തിന്നാനാണ്. അവയ്ക്ക് ശരീരമുണ്ടാക്കാനുള്ള പ്രോട്ടീന്‍ ഇതില്‍നിന്നും കിട്ടും. അങ്ങിനെ വളരുന്ന സൂക്ഷ്മ ജീവി കോളനികളും കൂടിയാണ് പശുവിന്റെ ഭക്ഷണം. ആ ജീവികളെയാണ് ദഹിപ്പിച്ച് പശു കാര്യം നേടുന്നത്.  അതായതുത്തമാ, പശു ആള് വെജിറ്റേറിയനാണോ എന്ന് ചോദിച്ചാല്‍, ഒരര്‍ത്ഥത്തില്‍ അല്ല എന്ന് പറയാനാവും. ജീവികളെ തിന്നുന്നവരെ പൂര്‍ണ്ണ  വെജിറ്റേറിയന്‍എന്നു പറയാമോ