
വേഴാമ്പലിന്റെ 'മഴ കാത്തിരിപ്പ്' എന്നത് വാത്മീകി മുതലേയുള്ള കവിഭാവനകളെ തെറ്റിദ്ധരിപ്പിച്ച ഒന്നാണ്. മറ്റ് പക്ഷികള്‍ക്കൊന്നും ഇല്ലാത്ത പ്രത്യേകമായ വിരഹപ്രണയനായകസങ്കല്‍പ്പസ്ഥാനം കൂടി ഈ ഇല്ലാത്ത മാരക കാത്തിരിപ്പ് ഇവര്‍ക്ക് സാഹിത്യത്തില്‍ സമ്മാനിച്ചിട്ടുണ്ട്. എന്ത് മായിക നൃത്തം വെച്ചാലും മയിലിനൊന്നും ആ നിലയിലേക്കുയരാനായിട്ടില്ല. അരയന്നങ്ങള്‍ പോലും വെറും പ്രണയ ദൃക്‌സാക്ഷികള്‍ മാത്രമായിരുന്നു കവിതകളില്‍.
തൊണ്ടയ്‌ക്കൊരു ദ്വാരമുള്ളതിനാല്‍ വേഴാമ്പലിന് വെള്ളം നേരിട്ട് കുടിക്കാനാവില്ല എന്ന ഒരു തെറ്റിദ്ധാരണപ്പുറത്താണ് ഇതുമായി ബന്ധപ്പെട്ട് കാത്തിരിപ്പ് കഥയുണ്ടാക്കുന്നത്.എങ്ങിനെ വെള്ളം കുടിക്കാന്‍ നോക്കിയാലും തലയുയര്‍ത്തുമ്പോള്‍ കൊക്കിലെ വെള്ളം കഴുത്തിലൂടെ ഒഴുകി പുറത്തുപോകുമത്രെ. എന്തൊരു കഷ്ടമാണത്!
Also Read
കൊക്കുകള്‍ പിളര്‍ത്തി മുകളിലേക്ക് തുറന്ന് പിടിച്ച്, വീഴുന്ന മഴവെള്ളം കഴുത്ത് കടത്തി തൊണ്ടയില്‍ നേരിട്ട് വീഴ്തി വേണം ദാഹം മാറ്റാന്‍. മഴവരുവോളം കാലം ദാഹിച്ച് അലയുക തന്നെ. അപ്പോള്‍ വേഴാമ്പലിന് മഴമേഘങ്ങളെ കാണുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സന്തോഷം എത്രയായിരിക്കും എന്ന് സങ്കല്‍പ്പിക്കാമല്ലൊ. ഇതാണ് വിരഹ, പ്രണയ സങ്കല്‍പ്പത്തിന്റെ കാമ്പ്. ജലപ്രിയം, വാപീഹം, സാരംഗം, ദിഹേകസ്സ്, മാതംഗജം, ചാതകം എന്നൊക്കെ ഇവരെ സൂചിപ്പിക്കാന്‍ പേരുകള്‍ പണ്ടേ ഉപയോഗിച്ചിരുന്നത് ഈ മഴമേഘപ്രണയ ബോധത്താല്‍ തന്നെയാവും.
'വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ' എന്ന് വിരഹിണിയായ പ്രണയിനിയെ സദൃശ്യപ്പെടുത്തുന്നുതും, 'മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്' എന്ന് സങ്കടം പറയുന്നതും ഒക്കെ മലയാളത്തില്‍ സിനിമാപ്പാട്ടുകളായി നമ്മള്‍ കേള്‍ക്കുന്നതും അതിനാലാണ്.

സത്യത്തില്‍ ഇഷ്ടം പോലെ മൃദുലപ്പഴങ്ങള്‍ കഴിക്കുന്നതിനാല്‍ പലപക്ഷികള്‍ക്കും നമ്മളെപ്പോലെ വെള്ളം കുടിക്കേണ്ട ആവശ്യവും വെള്ളത്തിനായുള്ള പ്രത്യേക ദാഹവും ഉണ്ടാവാറില്ല. അതിനാല്‍ തന്നെ വേഴാമ്പലുകള്‍ താഴെ ഇറങ്ങി വെള്ളം കുടിക്കുന്നത് ഒരിക്കലും കാണാത്തതിനാല്‍ ആര്‍ക്കോ തോന്നിയ ഒരു ഭാവന മാത്രമാണ് പാവം ദാഹിച്ച് വലഞ്ഞ് മഴമേഘങ്ങളെ കാത്തിരിക്കുകയാണ് എന്നത്.
കാട്ടോടൻ ചാത്തൻ എന്ന പേര് വന്ന വഴി
മലമുഴക്കി വേഴാമ്പല്‍ നമ്മുടെ നാട്ടിലെ മറ്റേതൊരു പക്ഷിക്കും ഇല്ലാത്ത അമ്പരപ്പിക്കുന്ന രൂപമുള്ള പക്ഷിയാണ്. അതുപോലെ വലിപ്പവും. ശബ്ദവും. ഇത്രയധികം മിത്തുകള്‍ കൂടെയുള്ള പക്ഷിയായി ചെമ്പോത്തെന്ന ഉപ്പനും മറ്റും മാത്രമേ ഉള്ളു ഇവര്‍ക്ക് കൂട്ടായി.
മലമുഴക്കി വേഴാമ്പലിന്റെ തലയ്ക്ക് മുകളില്‍ ഉള്ള ഒരു മകുടം എന്താണെന്നതിനും കഥയുണ്ട്. പൈക്കളെ നോക്കുന്ന ചാത്തനെന്നയാള്‍ കന്നുകള്‍ക്ക് വെള്ളം കൊടുക്കാതെ കഷ്ടപ്പെടുത്തിയിരുന്നത്രെ. ആയാളാണ് ഗോശാപത്താല്‍ വേഴാമ്പലായി മാറിയത്. പശുക്കളെ വെള്ളം കുടിപ്പിക്കാന്‍ വെക്കുന്ന മരംകൊണ്ടുള്ള വെള്ളത്തൊട്ടി - കാട്ടോടം എപ്പോഴും തലയില്‍ ചുമന്ന്, വെള്ളം കിട്ടാതെ ദാഹിച്ച് നരകിച്ച് ജീവിക്കാനായിരുന്നത്രെ ശാപം. മഴവെള്ളം തലയിലെ പാത്തിയില്‍ വീണ് അതിലൂടെ തൊണ്ടയില്‍ എത്തിവേണം ദാഹം മാറ്റാന്‍. അതിനാല്‍ വേഴാമ്പലിന് കാട്ടോടന്‍ ചാത്തന്‍ എന്നൊരു പേരും ഉണ്ട്.
പശ്ചിമഘട്ടത്തിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉള്ള ഈ പ്രത്യേക പക്ഷിയെ അതിനാല്‍ തന്നെ സംസ്ഥാന പക്ഷിയാക്കുന്നതില്‍ കേരളത്തിനും അരുണാചല്‍ പ്രദേശിനും സംശയം ഒന്നും ഇല്ല. പലതരം വേഴാമ്പലുകള്‍ ഉണ്ടെങ്കിലും അവരില്‍ ഏറെ പ്രത്യേകതയും ഭംഗിയും വലിപ്പവും ഉള്ളവരാണ് മലമുഴക്കി വേഴാമ്പലുകള്‍.
വല്ലാത്ത തലയും ശരീരവും ഒക്കെ കൂടി വന്മരങ്ങളില്‍ നിന്നും പറക്കാന്‍ ചിറകു വീശുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമാണിവര്‍ക്ക് മലമുഴക്കി എന്ന പേര് നല്‍കിയത്.

വേഴാമ്പലുകളുടെ പ്രജനന രീതികളാണ് ഏറ്റവും പ്രത്യേകതയുള്ളത്. വന്മരങ്ങളിലെ സ്വാഭാവിക പൊത്തുകളില്‍ മാത്രമാണ് വേഴാമ്പലുകള്‍ മുട്ടയിടാനായി കൂടൊരുക്കുക. വലിയ പൊത്തുകള്‍ ഉണ്ടാകണമെങ്കില്‍ പഴക്കമുള്ള വന്മരങ്ങള്‍ വേണമല്ലോ. ഒരേ പൊത്ത് തന്നെ പിന്നെയും അവര്‍ ഉപയോഗിക്കും. ഇണചേരല്‍ കാലത്ത് പെണ്‍ വേഴാമ്പല്‍ അനുയോജ്യമായ മരപ്പൊത്ത് കണ്ടെത്തി അതിനുള്ളില്‍ കയറി പൊത്തിന്റെ മുന്‍ഭാഗം അടയ്ക്കും. സ്വന്തം കാഷ്ടവും ചളിയും പഴങ്ങളുടെ അവശിഷ്ടവും ഒക്കെ ചേര്‍ത്ത് കുഴച്ച് കൊക്കുകൊണ്ട്, മേസന്മാര്‍ സിമന്റ് കത്തികൊണ്ട് തേച്ചുറപ്പിക്കും പോലെ മൊത്തമായും ചുമര്‍ പോലെ കെട്ടി അടക്കുകയാണ് ചെയ്യുക. ഈ മൂടിയുടെ നടുക്ക് നീളത്തില്‍ ഒരു കുഞ്ഞ് വിള്ളലും ഇട്ടിട്ടുണ്ടാകും. കാഷ്ടക്കുഴമ്പ് ഉണങ്ങിക്കഴിയുമ്പോഴേക്കും നല്ല ഉറപ്പുള്ള പൊത്തിന് അടപ്പായിക്കഴിയും. മരത്തിന്റെ അതേ നിറം ആയതിനാല്‍ത്തന്നെ കാഴ്ചയില്‍ അങ്ങിനെ ഒരു പൊത്ത് അവിടെ ഉള്ളതായി മറ്റാര്‍ക്കും തോന്നുകയും ഇല്ല.
കൂട്ടിലകപ്പെടുന്ന തള്ളയും കുഞ്ഞും, ഭക്ഷണമെത്തിക്കുന്നത് ആൺപക്ഷി
ഇനിയാണ് മുട്ടയിടല്‍. ആ വലിയ പക്ഷി സ്വയം ഇരുളടഞ്ഞ ആ പൊത്തിനുള്ളിലാവും പുറംലോകം കാണാതെ, കുഞ്ഞുങ്ങള്‍ പറക്കമുറ്റും വരെ കഴിയുക. ശരിക്കും ഇരുള്‍ കാരാഗൃഹവാസം. ഓരോ ഇനങ്ങള്‍ക്കനുസരിച്ച് ആറാഴ്ച മുതല്‍ പന്ത്രണ്ടാഴ്ചവരെ നീളും ഈ ഒളിവുജീവിതം. മാസങ്ങളോളം പെണ്‍പക്ഷിക്കും വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കേണ്ടത് ആണ്‍പക്ഷിയാണ്. പിള്ളേര്‍ വലിപ്പം വെച്ചാല്‍ അമ്മ പുറത്തിറങ്ങും. വീണ്ടും പഴയതുപോലെ ഒരു കീറ് ദ്വാരം മാത്രം ബാക്കിവെച്ച് അടക്കും. എന്നിട്ട് രണ്ട് പേരും ചേര്‍ന്നാകും പിന്നെ ഭക്ഷണം പിള്ളേര്‍ക്ക് എത്തിച്ച് കൊടുക്കല്‍.
മുട്ടകളേയും കുഞ്ഞുങ്ങളേയും തട്ടിയെടുക്കാനെത്തുന്ന ഇരപിടിയന്മാരായ കുരങ്ങന്മാര്‍ക്കും പാമ്പുകള്‍ക്കും മറ്റ് പക്ഷികള്‍ക്കും സംശയവും സ്ഥലസൂചനയും നല്‍കാതെ വേണം രഹസ്യമായി തീറ്റയെത്തിക്കുന്നതും മറ്റും. കൊത്തിയകത്താക്കി ശേഖരിച്ച് കൊണ്ട് വന്ന പഴങ്ങള്‍ ഒരോന്നായി കക്കി പുറത്തേക്ക്, കൊക്കിലേക്ക് എത്തിച്ച് അത് കൂടിന്റെ വിള്ളിലൂടെ അകത്തെ പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും പലതവണയായി നല്‍കുക എന്നത് വലിയ അധ്വാനമുള്ള പണിയാണ്.
ഭക്ഷണവുമായി പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും പറന്ന് ശരീരം മെലിഞ്ഞ്, നാശകോശമാകും ആണ്‍ വേഴാമ്പലിന്റെ ആരോഗ്യം. എന്നാല്‍ കൂട്ടിനുള്ളിലെ പെണ്‍ വേഴാമ്പല്‍, അനങ്ങാതെ തിന്നുകൊഴുത്ത് ഉഷാറായിട്ടുണ്ടാകും. ഇരുള്‍കൂടിനുള്ളിലായതിനാല്‍ പ്രത്യേകമായ ഹോര്‍മോണ്‍ ഉത്പാദനം മൂലം ഇതിനിടയില്‍ തൂവലുകള്‍ മൊത്തം പൊഴിച്ച്കളഞ്ഞ് - മോള്‍ട്ടിങ്ങ് നടത്തി- പുതുതൂവലുകളുമായി കൂടുതല്‍ ഭംഗിവെച്ചിട്ടും ഉണ്ടാകും.
മാസങ്ങള്‍ ഈ കൊച്ചു പൊത്തിനുള്ളില്‍ അമ്മയും കുഞ്ഞുങ്ങളും തിന്നുന്നതൊക്കെയും അതിനുള്ളില്‍തന്നെ കാഷ്ടിച്ച് വെച്ച്കളഞ്ഞിരുന്നെങ്കില്‍ അതൊരു നാറിപ്പുളിച്ച വൃത്തിക്കെട്ട കൂടാകുമായിരുന്നു. എന്നാല്‍ ഇവരുടെ കൂട് നാറ്റമൊന്നും ഇല്ലാതെ സംരക്ഷിക്കുന്നത് ഇവരുടെ വൃത്തിബോധം തന്നെയാണ്. അമ്മയും കുഞ്ഞുങ്ങളും കാഷ്ടിക്കുന്നത് മുഴുവന്‍ തീറ്റ ഉള്ളിലേക്ക് നല്‍കുന്ന ചെറുവിള്ളലിലൂടെ കൃത്യതയോടെ പുറത്തേക്കാണ്.

കൂട്ടിനുള്ളില്‍ മുട്ടവിരിയുന്ന സമയത്ത്, പെണ്‍ വേഴാമ്പല്‍ തൂവല്‍ പൊഴിച്ച് കഴിയുന്ന സമയം എന്തെങ്കിലും അപകടം പറ്റി ആണ്‍ വേഴാമ്പലിന് കൂട്ടിലേക്ക് ഭക്ഷണവുമായി വരാന്‍ പറ്റിയില്ലെങ്കില്‍ കാര്യം മൊത്തം താറുമാറാകും. അമ്മയും മക്കളും പട്ടിണികിടന്ന് ചത്തുപോകുകതന്നെ ചെയ്യും. ഈ വിധത്തിലുള്ള പ്രജനന രീതിയുള്ള ഈ പക്ഷികള്‍ക്ക് സുദൃഡമായ മോണോഗമസ് ബന്ധം ഇല്ലായിരുന്നെങ്കില്‍ ഇവ എന്നോ കുലംകുത്തിപ്പോകുമായിരുന്നു.
ഒരിണ മാത്രമായി ജീവിക്കുന്ന വേറെയും പക്ഷികളും മൃഗങ്ങളും ഒക്കെ ധാരാളം ഉണ്ട്. കുഞ്ഞുങ്ങളുടെ അതി ജീവനത്തിന് മോണോഗമസ് ആയില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ തന്നെ പരിണാമപരമായ ഈ സ്വഭാവം തിരഞ്ഞെടുക്കപ്പെട്ടതാവും പലതിനും. വലിയ മരപ്പൊത്തുകളില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ പാമ്പും കൂമന്മാരും കുരങ്ങന്മാരും പോലുള്ളവരുടെ കൈയ്യില്‍ പെടാതെ സംരക്ഷിക്കാനായി ഇണകളില്‍ ഒരാള്‍ കാവലിരിക്കേണ്ടിയും ഒളിവിലെ കൂടും കുഞ്ഞുങ്ങളേയും സൂക്ഷിക്കേണ്ടതും അവര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടതും ആയ അവസ്ഥയുള്ളതിനാലാവും ഈ ഏക ഇണ സ്വഭാവം ഉരുത്തിരിഞ്ഞത്.
'ടെറെ-അഡിലി'യിലേക്കുള്ള ലോങ് മാർച്ച്
ഇതുപോലെ അത്ഭുതകരമായ ഇണജീവിതമുള്ളവരാണ് അന്റാര്‍ട്ടിക്കയിലെ എമ്പറര്‍ പെന്‍ഗ്വിന്‍ emperor penguin (Aptenodytes forsteri) എന്ന പക്ഷികളും. അന്തരീക്ഷ ഊഷ്മാവ് -72 വരെ എത്തുന്ന കൊടും തണുപ്പും മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഹിമക്കാറ്റുമുള്ള ദുര്‍ഘടം പിടിച്ച ധ്രുവ കാലാവസ്ഥയില്‍ പ്രത്യുത്പാദനം ഈ സാധു പക്ഷിക്ക് വലിയൊരു വെല്ലുവിളിയാണ്.
ഇണചേരല്‍ കാലത്ത് ആയിരക്കണക്കിന് പെന്‍ഗ്വിനുകള്‍ ഘോഷയാത്രയായി സുരക്ഷിത ഇടം തേടി യാത്ര ആരംഭിക്കും. നൂറ്റാണ്ടുകളായി അവരുടെ തലമുറകള്‍ ഇണചേരാനും അടയിരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും ഉപയോഗിക്കുന്ന 'ടെറെ-അഡിലി' എന്ന അന്റാര്‍ട്ടിക്കന്‍ ഭൂപ്രദേശത്തേക്കാണ് ഈ ലോങ്ങ് മാര്‍ച്ച്. ഉറച്ച ഭൂമിയും, അതിശൈത്യകാറ്റില്‍ നിന്ന് ഇത്തിരി മറയും, ശത്രുക്കളായ കടല്‍പ്പക്ഷികളില്‍ നിന്ന് രക്ഷയും ലഭിക്കുന്ന ഇടം അതുമാത്രമാണ്.

കടലില്‍നിന്ന് നൂറിലധികം കിലോമീറ്ററുകള്‍ നടക്കണം പറക്കാപ്പക്ഷിയായ ഇവര്‍ക്ക് ഇവിടെയെത്താന്‍. കുഞ്ഞുകാലുകളിഴച്ച് വെച്ച് പതിയെ ഒരു കോളനിയിലെ മുഴുവന്‍ പെന്‍ഗ്വിനുകളും തങ്ങളുടെ യാത്ര ആരംഭിക്കും. ദിവസങ്ങള്‍ നീളുന്ന യാത്ര. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ പിന്നെ സന്തോഷത്തിന്റെ ആരവങ്ങളാവും. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന ശീലമുള്ളവരാണിവരും. മധുവിധുകാലം കഴിഞ്ഞ് ഒരു മുട്ടമാത്രമിടുന്നു. ദിവസങ്ങള്‍ നീണ്ടയാത്രയിലും തുടര്‍ന്നും ഭക്ഷണമില്ല. ഭാരം മൂന്നിലൊന്നായി കുറഞ്ഞ പെണ്‍ പെന്‍ഗ്വിന്‍ മുട്ട ഭര്‍ത്താവിനെ ഏല്‍പ്പിച്ച് ഭക്ഷണം തേടി തിരിച്ച് കടലിലേക്ക് യാത്ര ആരംഭിക്കുന്നു. അതി ശൈത്യത്തില്‍ മുട്ട മരവിച്ച് പോവാന്‍ സാധ്യത ഏറെയാണ്. തണുത്തുറഞ്ഞ ഐസില്‍ തട്ടാതെ തന്റെ കാലുകള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിച്ച് വയറുകൊണ്ട് പൊത്തി, ആണ്‍ പെന്‍ഗ്വിനുകള്‍ 'അട നില്‍ക്കും'. രണ്ടുമാസത്തിലധികം കാലം അതേ നില്‍പ്പുതന്നെ. ഇര തേടിപ്പോയ ഭാര്യപെന്‍ഗ്വിന്‍ അപ്പോഴും തിരിച്ചെത്തിയിട്ടുണ്ടാകില്ല. ചിലരെല്ലാം യാത്രയ്ക്കിടയില്‍ പട്ടിണികൊണ്ട് മരിച്ചുപോയിട്ടുണ്ടാകും.
മുട്ടയില്‍ നിന്ന് കുഞ്ഞ് വിരിഞ്ഞ് പുറത്തേക്ക് വന്നാല്‍ തന്റെ തൊണ്ടയില്‍ ബാക്കിയുള്ള കൊഴുപ്പ് നല്‍കിയ ശേഷം, അവശനായ ആണ്‍ പെന്‍ഗ്വിന്‍ ഭക്ഷണം തേടി കടലിലേക്ക് നടക്കുന്നു. അമ്മ പെന്‍ഗ്വിന്‍ തിരിച്ചെത്തി - പ്രത്യേകതരം ശബ്ദമുണ്ടാക്കി ആയിരക്കണക്കിന് മറ്റുകുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്നും തന്റെ കുഞ്ഞിനെ തിരിച്ചറിയുന്നു. ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത തന്റെ കുഞ്ഞിനെ കൃത്യതയോടെ! ആണ്‍ പെന്‍ഗ്വിനിന്റെ പരിചയക്കുറവോ അശ്രദ്ധയോ മുട്ടയെ ചിലപ്പോള്‍ നശിപ്പിച്ചിട്ടുണ്ടാകും. വിരിഞ്ഞിറങ്ങിയ കുറേ കുഞ്ഞുങ്ങളെ ഇര പിടിയന്‍ കടല്‍ പക്ഷികള്‍ റാഞ്ചികൊണ്ടുപോയിട്ടുണ്ടാകും. ബാക്കിയാവുന്ന കുഞ്ഞുങ്ങള്‍ കുറവായിരിക്കും. തിരിച്ചെത്തിയ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയില്ലെങ്കില്‍ വേറെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കും. ഇത് വലിയ കലഹങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നാലു മാസത്തോളം കുഞ്ഞിനെ പോറ്റാനുള്ള തത്രപ്പാടിലാവും അമ്മമാര്‍. അതിനും വേണം തീറ്റ തേടിയുള്ള കടലിലേക്കുള്ള ദീര്‍ഘയാത്രകള്‍. തണുപ്പുകാലം തീരുന്നതോടെ കടലിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞു വരും. കടലിനു മുകളിലെ ഐസു പാളികള്‍ അലിഞ്ഞു തുടങ്ങുന്നതിനാല്‍ വെള്ളത്തിലെത്താന്‍ കുറച്ച് നടന്നാല്‍ മതിയാകും. അപകടം നിറഞ്ഞ ഈ യാത്രകളുടെ അവസാനം. കടലിലേക്ക് കൂപ്പുകുത്തുന്ന കുഞ്ഞിനെ നോക്കികൊണ്ട്, പുതിയൊരു ജീവിത ചക്രം ആരംഭിക്കാനായി സ്വന്തം ഇണയോടൊപ്പം വീണ്ടും യാത്രപുറപ്പെടും.

വമ്പൻ ചുണ്ടുള്ള തല താങ്ങി നിർത്തുന്നതെങ്ങനെ?
ഇവരിലും ഇത്തരം ഒരു ബന്ധം ഇല്ലായിരുന്നെങ്കില്‍ തലമുറകള്‍ ബാക്കിയാകില്ലായിരുന്നു. ഹോണ്‍ ബില്‍ എന്നാണല്ലോ വേഴാമ്പലിന് ഇംഗ്ലീഷിലുള്ള പേര്. Bucerotidae കുടുംബത്തില്‍ പെട്ട ഈ പക്ഷികളുടെ തിളക്കമുള്ള വര്‍ണ്ണക്കൊക്ക് നീണ്ട് താഴോട്ട് വളഞ്ഞതും ചിലതിന് മേല്‍ക്കൊക്കിന് മുകളില്‍ ഒരു മകുടം ഉള്ളതും ആവും.
കഴുത്തിലെ ഒന്നും രണ്ടും കശേരുക്കള്‍, അറ്റ്‌ലസും ആക്‌സിസും ഒന്നിച്ച് ചേര്‍ന്ന അവസ്ഥയില്‍ ഉള്ള ഏക പക്ഷിയാണ് ഇവര്‍. അതിനാലാണ് ഇവരുടെ കഴുത്തിന് വമ്പന്‍ ചുണ്ടുള്ള തലയെ ഇങ്ങനെ നന്നായി താങ്ങി നിര്‍ത്താനാകുന്നത്. ഈ വലിപ്പം കൂടിയ ചുണ്ടുകള്‍ ആണിവരുടെ പറക്കലിന് ബാലന്‍സ് നല്‍കുന്നത്. തൂവല്‍ വൃത്തിയാക്കലിനും കൂടൊരുക്കുന്നതിനും ഭക്ഷണം ശേഖരിക്കുന്നതിനും ഇരപിടിക്കാനും കൂട്ടിലുള്ളവര്‍ക്ക് നല്‍കുന്നതിനും ഒക്കെ ഈ വമ്പന്‍ കൊക്കാണ് സഹായിക്കുന്നത്. ചുണ്ടിനുമുകളിലെ മകുടം ചിലയിനങ്ങളില്‍ പ്രത്യേകിച്ച് ഉപകാരം ഒന്നും ചെയ്യാതെ ചുണ്ടിനെ കരുത്ത് നല്‍കല്‍ മാത്രമേ ഉള്ളൂ എന്നു കരുതപ്പെടുന്നു. എന്നാല്‍ ചില ഇനങ്ങളില്‍ അസ്ഥികൊണ്ട് പണിത് ഉറപ്പ് കൂട്ടിയ ഈ മകുടത്തിലെ ദ്വാരങ്ങള്‍, ശബ്ദം കൂടുതല്‍ അനുരണനം ചെയ്യാന്‍ സഹായിക്കുന്നു എന്ന് കരുതുന്നു. കൗതുകകരമായ കാര്യം ഇവരുടെ കണ്ണുകള്‍ക്ക് സണ്‍ഷേഡായി പ്രവര്‍ത്തിക്കുന്ന ഇമ (Eyelashes) ഉണ്ടാകും. ഇവയുടെ കാലുകളില്‍ മുന്നോട്ട് ചൂണ്ടിനില്‍ക്കുന്ന മൂന്നു വിരലുകളും നെടുനീളത്തില്‍ പരസ്പരം ഒട്ടിച്ചേര്‍ന്നപോലെ ഉള്ളതിനാല്‍ പാദം നമ്മുടേതുപോലെ പരന്നതാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 10 സ്പീഷിസ് വേഴാമ്പലുകള്‍ ഉണ്ട്. അതില്‍ ഒന്‍പതിനങ്ങളും ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്. എന്നാല്‍ ശ്രീലങ്കന്‍ ചാരവേഴാമ്പല്‍ Sri Lanka grey hornbill (Ocyceros gingalensis) അവിടെ മാത്രം ഉള്ളതാണ്. മിശ്രഭോജികളായ വേഴാമ്പലുകള്‍ പഴങ്ങള്‍, പ്രാണികള്‍, ചെറുസസ്തനികള്‍, ഗൗളിവര്‍ഗ്ഗക്കാര്‍ എന്നിവയെ ഒക്കെ ഭക്ഷണമാക്കും. എന്നാല്‍ ഇവരുടെ വളരെ കുഞ്ഞന്‍ നാവുകൊണ്ട് ഈ വമ്പന്‍ ചുണ്ടിലെ ഭക്ഷണം വിഴുങ്ങാന്‍ കാര്യമായ സഹായം ഒന്നും ചെയ്യാനാവില്ല. അതിനാല്‍ തന്നെ ഭക്ഷണം കൊക്കിലേടുത്ത പഴവും പല്ലിയേയും ഒക്കെ മുകളിലേക്ക് എറിഞ്ഞ് തൊണ്ടയിലേക്ക് നേരിട്ട് വീഴ്ത്തി കുലുക്കി അകത്താക്കുകയാണ് ചെയ്യുക. അതൊരു കാഴ്ചതന്നെയാണ്.
കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന് concave-casqued hornbill, great Indian hornbill, great pied hornbill എന്നൊക്കെ പേരുണ്ട്. ഈ സുന്ദരപക്ഷിയുടെ ശാസ്ത്രനാമം ബുസെറൊസ് ബൈകൊര്‍ണിസ് (Buceros bicornis) എന്നാണ്. കഴുകനോളം വലിപ്പമുള്ള ഈ പക്ഷിയുടെ കൊക്കും പാത്തിയും മൊത്തമായും മഞ്ഞനിറമുള്ളതാകും. നീണ്ട കഴുത്തും വാലും വെളുപ്പ് നിറത്തിലാണുണ്ടാകുക. മുഖം, മാറിടം, പുറം, ചിറകുകള്‍ എല്ലാം നല്ല കരിംകറുപ്പും. കറുത്ത ചിറകുകളില്‍ രണ്ട് വെള്ള പട്ടകളുണ്ടാകും. അതുപോലെ വെളുത്ത വാലില്‍ വീതിയില്‍ ഒരു കറുത്തപട്ടയും. ഇവരില്‍ ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ മേല്‍ചുണ്ടിനു മുകളിലെ പാത്തിമകുടം നോക്കിയാല്‍ മതി. ആണിന്റെ മകുടത്തിന്റെ മുന്നിലും പിറകിലും കറുപ്പ് നിറമാണുണ്ടാകുക. എന്നാല്‍ പെണ്ണിന്റെ പാത്തിയുടെ പിന്നില്‍ ചുകപ്പ് നിറമാണുണ്ടാകുക. ആണ്‍ പക്ഷികളേക്കാള്‍ അല്‍പ്പം ചെറുതാണ് പെണ്‍പക്ഷികള്‍. ഇവരിലെ ആണിന് ചുവപ്പ് നിറമുള്ള കണ്ണുകളാണെങ്കില്‍ പെണ്ണിനുള്ളത് നീലിമ കലര്‍ന്ന വെള്ള കണ്ണുകളാണ്. അന്‍പത് വര്‍ഷത്തോളം ആയുസുള്ള ഈ പക്ഷികള്‍ ഇപ്പോള്‍ IUCN റെഡ് ലിസ്റ്റില്‍ വള്‍നറബില്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ഞയും കറുപ്പും നിറമുള്ള മേല്‍ ചുണ്ടിന് മുകളിലെ ഉള്ള് പൊള്ളയായ മകുടമാണിവരെ പെട്ടന്ന് ശ്രദ്ധയില്‍ കൊണ്ട് വരുക. ഈ മകുടവലിപ്പമാണ് ഇണചേരല്‍ തിരഞ്ഞെടുപ്പില്‍ പെണ്‍ വേഴാമ്പലുകള്‍ പരിഗണിക്കുന്നത് എന്ന് കരുതപ്പെടുന്നു. കൂടാതെ ആണ്‍ വേഴാമ്പലുകള്‍ തമ്മിലുള്ള ഇണക്കായുള്ള പോരില്‍ ഇവ ചേര്‍ത്ത് തലകൊണ്ട് വായുവില്‍ അടി നടത്താറുണ്ട്.
മലമുഴക്കിയുടെ പറക്കല്‍ കണ്ടാല്‍ കഷ്ടം തോന്നും. കഷ്ടപ്പെട്ട്, ബാലന്‍സ് കിട്ടാത്തതുപോലെ അഞ്ചാറ് തവണ പതുക്കെ ചിറകടിച്ച് പിന്നെ ഒന്ന് ഒഴുകി നീങ്ങി വീണ്ടും കഷ്ടപ്പെട്ടെന്നപോലെ ചിറകടിച്ചാണിവരുടെ പറക്കല്‍. ഈ ചിറകടികള്‍ മുറം വീശുമ്പോലെ ശബ്ദം ഉണ്ടാക്കും.

മലമുഴക്കിവേഴാമ്പലിനേക്കാള്‍ അല്‍പ്പം വലിപ്പം കുറഞ്ഞവരാണ് പാണ്ടല്‍ വേഴാമ്പല്‍ Malabar Pied Hornbill (anthracoceros coronatus) മലമുഴക്കിയുടെ കഴുത്ത് വെളുപ്പ് നിറത്തിലാണല്ലോ ഉണ്ടാകുക, എന്നാല്‍ ഇവരുടെ കഴുത്ത് കറുപ്പ് നിറത്തിലാണുണ്ടാകുക. അടിഭാഗം മൊത്തം വെളുപ്പും. അതിനാല്‍ തന്നെ മലമുഴക്കിയേയും ഇവരേയും തിരിച്ചറിയാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല. വാലിലെ നടുക്കുള്ള രണ്ട് തൂവലുകള്‍ കറുപ്പും മറ്റുള്ളവയെല്ലാം വെള്ളയും ആകും. ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ കാര്യമായ അലങ്കാര വ്യത്യാസങ്ങള്‍ ഒന്നും ഇല്ലതാനും. പാണ്ടന്‍ വേഴാമ്പലിന്റെ ശിരോമകുടപ്പാത്തി മലമുഴക്കിയുടേതില്‍ നിന്നും രൂപത്തില്‍ ചില മാറ്റങ്ങള്‍ ഉള്ളതാണ്. പാണ്ടന്റെ പാത്തി പരന്നതും മുന്‍ വശം കൂര്‍ത്തതും ആണ്.

വലിപ്പമുള്ള ഈ രണ്ടിനങ്ങള്‍ കൂടാതെ നമ്മുടെ നാട്ടില്‍ ഉള്ള വേറൊരിനം വേഴാമ്പലാണ് നാട്ടുവേഴാമ്പല്‍ (Common Grey Hornbill: Ocyceros birostris). ദേഹം ചെറിയതാണെങ്കിലും കൊക്കിനും കഴുത്തിനും വാലിനും ഒക്കെ നല്ല നീളമുള്ളതിനാല്‍ ആകെ രണ്ടടിയോളം നീളമുണ്ടാകും. ആകപ്പാടെ തവിട്ട്കലര്‍ന്ന ചാറനിരമാണ് മേല്‍ഭാഗം. നെറ്റിയില്‍ തുടങ്ങി മേല്‍ചുണ്ടില്‍ ചേര്‍ന്നുകിടക്കുന്ന, പേനക്കത്തിയുടെ അലകുപോലുള്ള ചെറിയ മകുടം മാത്രമാണിവര്‍ക്കുള്ളത്.

നാട്ടുവേഴാമ്പലിലും ചെറുതാണ് കോഴിവേഴാമ്പല്‍ (Malabar Grey Hornbill, Ocyceros griseus). എന്നാല്‍ നാട്ടുവേഴാമ്പലിന്റെ ആകൃതിയും രൂപവും ഒക്കെതന്നെയാണുതാനും. എന്നാല്‍ വേഴാമ്പലുകളുടെ പൊതു ചിഹ്നമായി കണക്കാക്കുന്ന ആ മകുടം ഇവര്‍ക്കില്ല. ദേഹം ആകപ്പാടെ കടുത്ത തവിട്ട് നിറമാണുണ്ടാകുക. ആണ്‍ പക്ഷിയുടെ കൊക്ക് ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറവും പെണ്ണിന്റെ കൊക്ക് മഞ്ഞയും നിറമുള്ളതാണ്.
ഈ നാലിനം വേഴാമ്പലുകളാണ് നമ്മുടെ കേരളത്തില്‍ ഉള്ളത്. ഇവരുടെ മരപ്പൊത്തുകളില്‍ മാത്രമായുള്ള കൂട് പണിയലും പ്രജനന പ്രത്യേകതയും ഇവര്‍ക്ക് വലിയ വെല്ലുവിളി ആകുന്നുണ്ട്. വന്മരങ്ങളില്‍ മാത്രമേ ഇവര്‍ക്ക് അനുയോജ്യമായ പൊത്തുകള്‍ ഉണ്ടാകുകയുള്ളു. അവ കുറഞ്ഞാല്‍ സ്വാഭാവികമായും ഇവരുടെ പ്രജനനം പ്രശ്‌നത്തില്‍ ആകും. നിസഹായരായി കൂട്ടില്‍ മാസങ്ങള്‍ കഴിയുമ്പോള്‍ അമ്മയേയും കുഞ്ഞിനേയും വേട്ടക്കാര്‍ക്ക് എളുപ്പത്തില്‍ പിടിക്കാന്‍ കഴിയും എന്നതും വലിയ പ്രതിസന്ധി തന്നെയാണ്. നമ്മുടെ കാടുകളില്‍ പ്രകമ്പനം കൊള്ളിക്കുന്ന ഇവയുടെ ചിറകടി മുഴക്കം ഇനിയും ഏറെക്കാലം നിലനില്‍ക്കണം.
Content Highlights: Unveiling the truth behind hornbills and their unique breeding habits
Published: 01 Nov 2024, 03:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented